x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​രു ചെമ്പ​നീ​ർ പൂ​വി​ന്‍റെ സു​ഗ​ന്ധം...

എ​സ്. മ​ഞ്ജു​ളാ​ദേ​വി
Published: April 16, 2026 02:09 PM IST | Updated: April 16, 2026 02:09 PM IST

ചു​വ​ന്ന റോ​സാ​പു​ഷ്പം നീ​ട്ടാ​തെ, അ​ക​മേ നി​റ​യു​ന്ന സ്നേ​ഹ​ത്തി​ന്‍റെ മാ​ധു​ര്യം ഒ​രു വാ​ക്കു കൊ​ണ്ട് പോ​ലും തൊ​ട്ടു ന​ൽ​കാ​തെ പ്ര​ണ​യ​ത്തി​ന്‍റെ ഉ​ദാ​ത്ത​മാ​യ അ​നു​ഭൂ​തി പ​ക​രു​ന്ന ഒ​രു ഗാ​ന​മു​ണ്ട്... അ​തെ, അ​തു ത​ന്നെ. ‘ഒ​രു ചെ​മ്പ​നീ​ർ പൂ​വി​റു​ത്ത് ഞാ​നോ​മ​ലേ ഒ​രു​വേ​ള നി​ൻ നേ​ർ​ക്ക് നീ​ട്ടി​യി​ല്ല...'

പ്ര​ശ​സ്ത ക​വി പ്ര​ഭാ​വ​ർ​മ ര​ചി​ച്ച്, അ​നു​ഗൃ​ഹീ​ത ഗാ​യ​ക​ൻ ഉ​ണ്ണി​മേ​നോ​ൻ സം​ഗീ​തം ന​ൽ​കി പാ​ടി​യ, സ്ഥി​തി എ​ന്ന സി​നി​മ​യി​ലെ മ​നോ​ഹ​ര​മാ​യ ഗാ​നം. 2003 ൽ ​പു​റ​ത്തി​റ​ങ്ങി​യ ആ​ർ. ശ​ര​ത്തി​ന്‍റെ ‘സ്ഥി​തി'​യി​ലെ ഈ ​ഗാ​ന​രം​ഗ​ത്ത് അ​ഭി​ന​യി​ക്കു​ന്ന​തും ഉ​ണ്ണി​മേ​നോ​ൻ ത​ന്നെ​യാ​ണ്.

ഭൂ​മി​യി​ൽ പ്ര​ണ​യം ഉ​ണ​ർ​ന്ന കാ​ലം മു​ത​ൽ നി​ല​നി​ൽ​ക്കു​ന്ന സ​ങ്ക​ൽ​പ്പ​ങ്ങ​ൾ​ക്കു​നേ​രെ എ​തി​ർ​ദി​ശ​യി​ലാ​ണ് ‘ശ്രീ '​രാ​ഗ​വും മ​ധ്യ​മാ​വ​തി​രാ​ഗ​വും ക​ല​രു​ന്ന ഈ ​ഗാ​നം ഒ​ഴു​കു​ന്ന​ത്! അ​താ​യ​ത് പ്ര​ണ​യ​ത്തി​ന്‍റെ ഒ​രു അ​ട​യാ​ള​വും പു​റ​മേ​യ്ക്കു കാ​ട്ടാ​തെ​യു​ള്ള പ്ര​ണ​യം. ഇ​വി​ടെ കാ​മു​ക​ന്‍റെ അ​ന്ത​രാ​ത്മാ​വി​ലെ പ്രേ​മം, പ്ര​ണ​യി​നി തി​രി​ച്ച​റി​യു​ന്നു എ​ന്ന​ത് പ്ര​ണ​യ സാ​ക്ഷാ​ത്കാ​ര​ത്തി​ന്‍റെ വേ​റി​ട്ട ചാ​രു​ത​യാ​വു​ന്നു. ‘എ​ങ്കി​ലും നീ​യ​റി​ഞ്ഞു.. എ​ൻ നി​ന​വെ​ന്നും നി​ൻ നി​ന​വ​റി​യു​ന്ന​താ​യ് നി​ന്നെ ത​ഴു​കു​ന്ന​താ​യ്...' പ്ര​ണ​യ​ത്തി​ന്‍റെ ഏ​റ്റ​വും ലോ​ല​മാ​യ ത​ന്ത്രി​യി​ൽ ഇ​ങ്ങ​നെ വി​ര​ൽ തൊ​ട്ട് എ​ഴു​തി​യ​തു​കൊ​ണ്ടു​ത​ന്നെ നീ​ണ്ട 23 വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷ​വും ഗാ​ന​ത്തി​ന് ചെ​മ്പ​നീ​ർ പൂ​വി​ന്‍റെ അ​തേ സു​ഗ​ന്ധം!

 

K-Rail Survey

കാ​ലാ​തി​വ​ർ​ത്തി​യാ​യ ഗാ​നം

ഈ ​പാ​ട്ട് ഇ​റ​ങ്ങു​ന്ന കാ​ല​ത്ത് ജ​നി​ച്ചി​ട്ടു പോ​ലും ഇ​ല്ലാ​ത്ത ത​ല​മു​റ​യും ഗാ​നം ഏ​റ്റെ​ടു​ത്തു ക​ഴി​ഞ്ഞു. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ചെ​മ്പ​നീ​ർ പൂ​വി​റു​ത്തു ഞാ​നോ​മ​ലേ... പ​ല ഭാ​വ​ത്തി​ൽ, പ​ശ്ചാ​ത്ത​ല​ത്തി​ൽ പാ​ട്ടാ​യും നൃ​ത്ത​മാ​യും നി​റ​യു​ന്നു​ണ്ട്. പാ​ട്ടി​ന്‍റെ പ​തി​നാ​യി​ര​ക്ക​ണ​ക്കി​നു റീ​ൽ​സ് വ​ന്നു ക​ഴി​ഞ്ഞു. വ്യൂ​വ​ർ​ഷി​പ്പും പ​ല കോ​ടി​ക​ളാ​യി. എ​ല്ലാ ടെ​ലി​വി​ഷ​ൻ ചാ​ന​ലു​ക​ളി​ലെ​യും റി​യാ​ലി​റ്റി ഷോ​ക​ളി​ലെ ഹി​റ്റ് ഗാ​ന​വു​മാ​ണ്. വ​യ​ലി​ൻ, വീ​ണ, ഗി​റ്റാ​ർ, പു​ല്ലാം​കു​ഴ​ൽ തു​ട​ങ്ങി​യ സം​ഗീ​ത വാ​ദ്യ​ങ്ങ​ളി​ലൂ​ടെ​യും ഗാ​നം പു​ന​ർ​സൃ​ഷ്ടി​ക്ക​പ്പെ​ട്ടു​കൊ​ണ്ടേ​യി​രി​ക്കു​ന്നു.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ വ്യ​ത്യ​സ്ത വേ​ർ​ഷ​നു​ക​ൾ

സി​നി​മ​യി​ൽ ദ​മ്പ​തി​ക​ളാ​യ വി​വേ​കി​ന്‍റെ​യും വാ​ണി​യു​ടെ​യും (ഉ​ണ്ണി​മേ​നോ​നും ബം​ഗാ​ളി ന​ടി ന​ന്ദി​നി ഘോ​സ​ലും ) ജീ​വി​ത വ്യ​ഗ്ര​ത​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഗാ​നം നി​റ​യു​ന്ന​ത്.

വി​വേ​കി​ന്‍റെ ഒ​രു കി​നാ​വ് പോ​ലെ​യും ഗാ​ന​ത്തെ കാ​ണാം. എ​ന്നാ​ൽ യൂ​ട്യൂ​ബി​ൽ തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​യ പ്ര​ണ​യ പ​ശ്ചാ​ത്ത​ല​മാ​ണ് യു​വ​ത​ല​മു​റ ഒ​രു​ക്കു​ന്ന​ത്. റോ​സാ​പ്പൂ​വി​ന്‍റെ ദ​ള​ങ്ങ​ളി​ലേ​ക്ക് ഇ​റ്റി​റ്റു വീ​ഴു​ന്ന മ​ഞ്ഞി​ൻ ക​ണ​ങ്ങ​ളും മ​ഴ​ത്തു​ള്ളി​ക​ളും ഗാ​ന​ത്തി​ന് അ​ക​മ്പ​ടി​യാ​കു​ന്നു​ണ്ട്. മൊ​ബൈ​ൽ ഫോ​ൺ റി​ങ്ടോ​ൺ ആ​യും വാ​ട്സ് ആ​പ്പ് സ്റ്റാ​റ്റ​സാ​യും ഗാ​നം മാ​റു​ന്നു​ണ്ട്. ഔ​ദ്യോ​ഗി​ക വീ​ഡി​യോ​ക​ളി​ലൂ​ടെ​യും അ​ല്ലാ​തെ​യും കോ​ടി​ക്ക​ണ​ക്കി​ന് ആ​സ്വാ​ദ​ക​ർ ഗാ​നം ആ​സ്വ​ദി​ച്ചി​ട്ടു​ണ്ട്.

പ്ര​ണ​യ മാ​ന്ത്രി​ക​ത, നി​ശ​ബ്ദ വി​നി​മ​യം

പ്ര​ണ​യ​ത്തി​ന്‍റെ മ​ർ​മ​മാ​ണ് എ​ന്നും ആ ​മ​ർ​മ​ത്തി​ൽ സ്പ​ർ​ശി​ച്ച​തു കൊ​ണ്ടാ​ണ് ഗാ​നം ഇ​ന്നും ഇ​ങ്ങ​നെ നി​ല​നി​ൽ​ക്കു​ന്ന​ത് എ​ന്നും പ്ര​ഭാ​വ​ർ​മ പ​റ​യു​ന്നു. ക​വി​യു​ടെ വാ​ക്കു​ക​ൾ കേ​ൾ​ക്കാം...

പ്ര​ണ​യ​ത്തി​ൽ ഒ​രു നി​ശ​ബ്ദ വി​നി​മ​യം ഉ​ണ്ട്, സൈ​ല​ന്‍റ് ക​മ്യൂ​ണി​ക്കേ​ഷ​ൻ. അ​തി​ന്‍റെ ആ​വി​ഷ്കാ​ര​മാ​ണ് ഗാ​ന​ത്തി​ൽ നി​റ​യു​ന്ന​ത്. 'ഐ ​ല​വ് യു '​എ​ന്ന് ഒ​രു ക​ട​ലാ​സി​ൽ എ​ഴു​തി​ക്കൊ​ടു​ത്തോ, ഉ​റ​ക്കെ പ്ര​ഖ്യാ​പി​ച്ചോ അ​ല്ല പ്ര​ണ​യം അ​റി​യി​ക്കേ​ണ്ട​ത്. ന​മ്മു​ടെ ഒ​രു നോ​ട്ട​ത്തി​ലൂ​ടെ; അ​ല്ലെ​ങ്കി​ൽ ഭാ​വ​ത്തി​ലൂ​ടെ ഉ​ള്ളി​ലെ സ്നേ​ഹം വി​നി​മ​യം ചെ​യ്യ​പ്പെ​ടും എ​ന്ന് വ്യ​ക്ത​മാ​ക്കി ത​രു​ന്ന​താ​ണ് ഈ ​പാ​ട്ട്.

വീ​ടി​ന്‍റെ മു​റ്റ​ത്ത് ഒ​രു മു​ല്ല പൂ​വി​ട്ടു​വെ​ങ്കി​ൽ അ​ത് മ​റ്റൊ​രാ​ൾ പ​റ​ഞ്ഞ​ല്ല ന​മ്മ​ൾ അ​റി​യു​ന്ന​ത്. മു​ല്ല​പ്പൂ​വി​ന്‍റെ സൗ​ര​ഭം ന​മ്മു​ടെ ഉ​ള്ളി​ൽ അ​റി​യാ​തെ അ​ലി​ഞ്ഞി​റ​ങ്ങു​ക​യാ​ണ്.​അ​തു പോ​ലെ നെ​ഞ്ചി​നു​ള്ളി​ലെ സൗ​ര​ഭം കൊ​ണ്ട് അ​റി​യി​ക്ക​പ്പെ​ടു​ന്ന പ്ര​ണ​യ​ത്തെ​ക്കു​റി​ച്ചു​ള്ള​താ​ണ് ഈ ​ഗാ​നം.

നേ​ര​ത്തെ ‘മു​ല്ല പൂ​ത്തു നാം ​കാ​ൺ​മ​തി​ല്ലെ​ങ്കി​ലും...' എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ ഞാ​ൻ ഒ​രു ക​വി​ത എ​ഴു​തി​യി​രു​ന്നു. സ​മാ​ന​മാ​യ ഒ​രു സ​ന്ദ​ർ​ഭം ‘സ്ഥി​തി’ എ​ന്ന സി​നി​മ​യി​ൽ വ​ന്ന​പ്പോ​ൾ അ​തി​നൊ​രു രൂ​പ​ഭാ​വം വ​രു​ത്തി ഒ​രു ചെ​മ്പ​നീ​ർ പൂ​വി​റു​ത്തു...​എ​ന്ന പാ​ട്ട് സൃ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു.

ഞാ​ൻ നി​ന്നെ പ്രേ​മി​ക്കു​ന്നു മാ​ൻ​കി​ടാ​വേ... എ​ന്ന രീ​തി​യി​ലെ പ്ര​ണ​യ പ്ര​ഖ്യാ​പ​ന ഗാ​ന​ങ്ങ​ളു​ടെ ബാ​ഹു​ല്യ​ത്തി​നി​ട​യി​ലാ​ണ് നി​ശ​ബ്‌​ദ വി​നി​മ​യ​ത്തി​ന്‍റെ ഈ ​ഗാ​നം പി​റ​ന്ന​ത്. ഈ ​വ്യ​ത്യ​സ്ത​ത കൊ​ണ്ടാ​വും ഗാ​നം ഇ​ത്ര​ത്തോ​ളം സ്വീ​ക​രി​ക്ക​പ്പെ​ട്ട​ത് എ​ന്നു ക​രു​തു​ന്നു.

ഗാ​ന റെ​ക്കോ​ർ​ഡിം​ഗ്

ഒ​രു സ്റ്റു​ഡി​യോ​യി​ലും ഗാ​ന​ര​ച​യി​താ​വാ​യ ഞാ​നും സം​ഗീ​ത സം​വി​ധാ​യ​ക​നും ഗാ​യ​ക​നു​മാ​യ ഉ​ണ്ണി​മേ​നോ​നും ഒ​ന്നി​ച്ചി​രു​ന്നി​ട്ടി​ല്ല. ലാ​ൻ​ഡ് ഫോ​ണി​ലൂ​ടെ ഞാ​ൻ വ​രി​ക​ൾ പ​റ​ഞ്ഞു കൊ​ടു​ത്തു. ഫോ​ണി​ലൂ​ടെ ത​ന്നെ ഉ​ണ്ണി​മേ​നോ​ൻ ട്യൂ​ൺ ചെ​യ്ത വ​രി​ക​ൾ കേ​ട്ടു. ഈ​ണ​ത്തി​ന​നു​സൃ​ത​മാ​യി പാ​ട്ടി​ൽ ഭേ​ദ​ഗ​തി​ക​ൾ വ​രു​ത്തി​യ​തും ഫോ​ണി​ലൂ​ടെ ത​ന്നെ. ന​ല്ല സി​നി​മ​ക​ളോ​ട് വ​ള​രെ അ​ർ​പ്പ​ണ​ബോ​ധ​മു​ള്ള ച​ല​ച്ചി​ത്ര നി​ർ​മ്മാ​താ​വ് ടി.​പി.​അ​ബ്ദു​ൾ ഖാ​ദ​റി​നെ​യും പ്ര​ത്യേ​കം ഓ​ർ​മി​ക്കു​ന്നു. സം​വി​ധാ​യ​ക​ൻ ആ​ർ.​ശ​ര​ത്തി​ന്‍റെ മു​ൻ​കൈ​യും മ​റ​ക്കു​വാ​ൻ ക​ഴി​യു​ന്ന​ത​ല്ല."

ഗാ​ന ചി​ത്രീ​ക​ര​ണം

"ഗാ​ന ചി​ത്രീ​ക​ര​ണ​വും വ​ള​രെ എ​ളു​പ്പ​മാ​യി​രു​ന്നു. സാ​ധാ​ര​ണ​യാ​യി വ​ള​രെ​യേ​റെ ദി​വ​സ​ങ്ങ​ൾ ഒ​രു ഗാ​ന ചി​ത്രീ​ക​ര​ണ​ത്തി​നാ​യി വേ​ണ്ടി​വ​രും. ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യും ചെ​ല​വാ​ക്കേ​ണ്ട​താ​യി വ​രും. എ​ന്നാ​ൽ ചെ​മ്പ​നീ​ർ പൂ​വി​റു​ത്തു... എ​ന്ന ഗാ​ന​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണ​ത്തി​നു പ​ണം ഒ​ന്നും ത​ന്നെ ചി​ല​വാ​ക്കേ​ണ്ടി വ​ന്നി​ല്ല. സി​നി​മ​യ്ക്കു​വേ​ണ്ടി നേ​ര​ത്തെ എ​ടു​ത്ത രം​ഗ​ങ്ങ​ൾ ക​ട്ട് ചെ​യ്ത് ഇ​ടു​ക​യാ​യി​രു​ന്നു.’

എ​ന്തു​കൊ​ണ്ട് പ​റ​യ​പ്പെ​ടാ​ത്ത സ്നേ​ഹം

"എ​ന്‍റെ കൗ​മാ​ര - യൗ​വ​ന കാ​ല​ത്ത് ആ​ൺ​കു​ട്ടി​ക​ളും പെ​ൺ​കു​ട്ടി​ക​ളും ഇ​ന്ന​ത്തെ പ്പോ​ലെ അ​ടു​ത്ത് ഇ​ട​പ​ഴ​കു​ന്ന ഒ​രു രീ​തി ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​ന്ന​ത്തെ സ​മൂ​ഹ​വും പ്ര​ണ​യ​ത്തി​നു തീ​രെ അ​നു​കൂ​ല​മാ​യി​രു​ന്നി​ല്ല എ​ന്നു പ​റ​യാം. അ​തു​കൊ​ണ്ടു ത​ന്നെ ആ​ൺ​കു​ട്ടി​ക​ളും പെ​ൺ​കു​ട്ടി​ക​ളും അ​ക​ന്നു​മാ​റി​യാ​ണ് ന​ട​ന്നി​രു​ന്ന​ത്. പ​ര​സ്പ​രം സം​സാ​രി​ക്കു​ന്ന​തു പോ​ലും വി​ല​ക്ക​പ്പെ​ട്ടി​രു​ന്നു. ഉ​ള്ളി​ൽ തോ​ന്നു​ന്ന ഇ​ഷ്ടം തു​റ​ന്നു പ​റ​യാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യം. അ​ക്കാ​ല​ത്ത് പ​റ​യ​പ്പെ​ടാ​ത്ത സ്നേ​ഹം ആ​ണ് പ​റ​യ​പ്പെ​ട്ട സ്നേ​ഹ​ത്തേ​ക്കാ​ൾ കൂ​ടു​ത​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ഏ​റെ പ്ര​തി​ബ​ന്ധ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പ​റ​യാ​തെ ത​ന്നെ പ്ര​ണ​യം വി​നി​മ​യം ചെ​യ്യ​പ്പെ​ട്ടി​രു​ന്നു എ​ന്ന​താ​ണു സ​ത്യം!’

പ്ര​ണ​യം ഏ​റെ വാ​ചാ​ല​മാ​വു​ന്ന, പ്ര​ണ​യം പ​ങ്കു​വ​യ്ക്കാ​ൻ ഏ​റെ സ​മൂ​ഹ​മാ​ധ്യ​മ സ​ങ്കേ​ത​ങ്ങ​ൾ ഉ​ള്ള കാ​ല​മാ​ണി​ത്. ഹൃ​ദ​യ​ത്തി​ൽ ഒ​രു 'സ്പാ​ർ​ക്ക്' ഉ​ണ്ടാ​യാ​ൽ, അ​ത് അ​പ്പോ​ൾ ത​ന്നെ ഇ​ൻ​സ്റ്റ​യി​ലൂ​ടെ​യും, മെ​സ​ഞ്ച​റി​ലൂ​ടെ​യും വാ​ട്സാ​പ്പി​ലൂ​ടെ​യും പ്ര​ണ​യി​ക്കു​ന്ന​വ​രെ അ​റി​യി​ക്കു​ന്ന കാ​ലം. ഈ 2026 ​ലും പ​റ​യാ​തെ പ​റ​യു​ന്ന പ്ര​ണ​യ​ത്തി​ന്‍റെ മു​ഗ്ദ്ധ​ഗാ​നം സ്വീ​ക​രി​ക്ക​പ്പെ​ടു​ന്നു എ​ന്ന​ത് അ​ദ്ഭു​ത​ക​രം.

ഇം​ഗ്ലീ​ഷി​ൽ ‘ഫാ​ളിം​ഗ് ഇ​ൻ ല​വ് 'എ​ന്നാ​ണ് പ​റ​യു​ക. പ്ര​ണ​യ​ത്തി​ൽ ഒ​രു താ​ഴ്ന്നു കൊ​ടു​ക്ക​ൽ ഉ​ണ്ട്.. വീ​ണു കൊ​ടു​ക്ക​ൽ.. ഈ​ഗോ എ​ന്ന് സാ​ധാ​ര​ണ​മാ​യി ന​മ്മ​ൾ പ​റ​യു​ന്ന ഈ ​അ​ഹം​ബോ​ധം ഇ​ല്ലാ​താ​യാ​ൽ മാ​ത്ര​മേ പ്ര​ണ​യം എ​ല്ലാ കാ​ല​വും നി​ല​നി​ൽ​ക്കു​ക​യു​ള്ളൂ. സ്വാ​ർ​ത്ഥ​ത ഇ​ല്ലാ​ത്ത പ്ര​ണ​യ​ത്തി​ന്‍റെ ഒ​രു ആ​ത്മ​സൗ​ന്ദ​ര്യം പ്ര​ഭാ​വ​ർ​മ​യു​ടെ ചെ​മ്പ​നീ​ർ പൂ​വി​റു​ത്ത്.. എ​ന്ന ഗാ​ന​ത്തി​ലു​ണ്ട്.

'നി​രു​പാ​ധി​ക​മാം സ്നേ​ഹം ബ​ല​മാ​യി വ​രും ക്ര​മാ​ൽ ഇ​താ​ണ​ഴ​ക്, ഇ​തേ സ​ത്യം;​ഇ​ത് ശീ​ലി​ക്ക ധ​ർ​മ​വും.. എ​ന്ന മ​ഹാ​ക​വി അ​ക്കി​ത്തം അ​ച്യു​ത​ൻ ന​മ്പൂ​തി​രി​യു​ടെ വ​രി​ക​ൾ വ​ള​രെ പ്രി​യ​പ്പെ​ട്ട​താ​യി കൊ​ണ്ടു​ന​ട​ക്കു​ന്ന ക​വി​യാ​ണ് പ്ര​ഭാ​വ​ർ​മ. അ​തു പോ​ലെ ‘വേ​ദ​നി​ക്കി​ലും വേ​ദ​നി​പ്പി​ക്കി​ലും വേ​ണ​മീ സ്നേ​ഹ​ബ​ന്ധ​ങ്ങ​ൾ ഊ​ഴി​യി​ൽ...' എ​ന്ന ഓ​എ​ൻ​വി ക​വി​ത​യും അ​ദ്ദേ​ഹ​ത്തി​ന് പ്രി​യ​പ്പെ​ട്ട​താ​ണ്. ഇ​ങ്ങ​നെ നി​രു​പാ​ധി​ക​മാ​യ ഒ​രു പ്ര​ണ​യ സം​സ്കാ​രം ഹൃ​ദ​യ​ത്തി​ലു​ള്ള​തു​കൊ​ണ്ടാ​വ​ണം പ്ര​ഭാ​വ​ർ​മ​യ്ക്ക് ‘ഒ​രു ചെ​മ്പ​നീ​ർ പൂ​വി​റു​ത്തു ഞാ​നോ​മ​ലെ ഒ​രു വേ​ള നി​ൻ നേ​ർ​ക്കു നീ​ട്ടി​യി​ല്ല...' എ​ന്ന് എ​ഴു​താ​ൻ സാ​ധി​ച്ച​ത്. അ​തു​കൊ​ണ്ടു ത​ന്നെ​യാ​വും ത​ല​മു​റ​ക​ൾ ഈ ​ഗാ​നം നെ​ഞ്ചേ​റ്റു​ന്ന​തും...​വി​ന്‍റെ സു​ഗ​ന്ധം...

Tags : music article music news malayalam

Recent News

Corehub Up