പ്രശസ്ത വയലിൻ വിദ്വാൻ സംഗീതകലാനിധി ആർ.കെ. ശ്രീറാംകുമാർ സംസാരിക്കുന്നു...
വർഷം 2024. കർണാടക സംഗീതലോകത്ത് ഒരുപാടു പ്രത്യേകതകളുള്ള ഒന്നായിരുന്നു അത്. സംഗീത ത്രിമൂർത്തികളിലെ മുത്തുസ്വാമി ദീക്ഷിതരുടെ 250-ാം ജന്മവർഷവും അതായിരുന്നു. മദ്രാസ് മ്യൂസിക് അക്കാദമി വർഷംതോറും നൽകിവരുന്ന പ്രശസ്തമായ സംഗീതകലാനിധി പുരസ്കാരത്തിന് അക്കൊല്ലം ഒരേയൊരു പേരുമാത്രമേ വിദഗ്ധരുടെ മുന്നിൽ വന്നുള്ളൂ- വയലിൻ വിദ്വാനും ഗായകനും വാഗ്ഗേയകാരനും ഗുരുവും സംഗീതസംവിധായകനുമായ ആർ.കെ. ശ്രീറാംകുമാർ.
വയലിൻ എന്ന പാശ്ചാത്യവാദ്യത്തിന് കർണാടക സംഗീതരംഗത്ത് പ്രചുരപ്രചാരം നേടിക്കൊടുത്ത മാന്ത്രികൻ മൈസൂർ ടി. ചൗഡയ്യയുടെ ശിഷ്യൻ ആർ.കെ. വെങ്കിട്ടരാമശാസ്ത്രിയുടെ പൗത്രൻ, മുത്തച്ഛന്റെ സഹോദരൻ പത്മവിഭൂഷണ് ആർ.കെ. ശ്രീകണ്ഠനും പുത്രൻ ആർ.എസ്. രമാകാന്തും പ്രഗത്ഭരായ സംഗീതജ്ഞർ, മുത്തച്ഛന്റെ മറ്റൊരു സഹോദരൻ ആർ.കെ. നാരായണസ്വാമി അറിയപ്പെടുന്ന സംഗീതജ്ഞൻ, അദ്ദേഹത്തിന്റെ പുത്രന്മാരായ രുദ്രപ്പട്ടണം സഹോദരന്മാർ എന്ന ആർ.എൻ. ത്യാഗരാജൻ, ആർ.എൻ. താരാനാഥൻ എന്നിവർ പ്രഗത്ഭരായ സംഗീതജ്ഞർ, പുത്രി ആർ.എൻ. ശ്രീലത പ്രസിദ്ധയായ കർണാടക സംഗീതജ്ഞ... രുദ്രപ്പട്ടണം കൃഷ്ണമൂർത്തി ശ്രീറാംകുമാർ എന്ന ആർ.കെ. ശ്രീറാംകുമാറിന്റെ സംഗീതപാരന്പര്യം വിപുലമാണ്.
മുത്തച്ഛനായ ആർ.കെ. വെങ്കിട്ടരാമ ശാസ്ത്രിയിൽ നിന്നും സംഗീതജ്ഞ സാവിത്രി സത്യമൂർത്തിയിൽ നിന്നും കുട്ടിക്കാലത്തുതന്നെ വായ്പാട്ടും വയലിനും അഭ്യസിച്ചശേഷം പ്രശസ്ത വയലിനിസ്റ്റ് വി.വി. സുബ്രഹ്മണ്യത്തിന്റെയും ഡി.കെ. ജയരാമന്റെയും ശിക്ഷണത്തിൽ തന്റെ ശൈലി പാകപ്പെടുത്തിയിരുന്നു ശ്രീറാംകുമാർ. ഡി.കെ. പട്ടമ്മാൾ, ഭാരതരത്നം എം.എസ്. സുബ്ബലക്ഷ്മി എന്നിവരുടെയും ശിഷ്യനാണ് ആർ.കെ.എസ് എന്നറിയപ്പെടുന്ന ആർ.കെ. ശ്രീറാംകുമാർ.
2024ലെ സംഗീതകലാനിധി പുരസ്കാര സമർപ്പണവും പ്രത്യേകയുള്ളതായി. ഒരു വയലിൻ വിദ്വാന് പുരസ്കാരം നൽകിയത് ലോകപ്രശസ്തയായ മറ്റൊരു വയലിനിസ്റ്റ്- ഡോ.എൻ. രാജം! ആദ്യമായാണ് ഒരു വയലിൻ വിദ്വാന് മറ്റൊരു വയലിൻ വാദക പുരസ്കാരം നൽകിയത്.
നാലു ദശാബ്ദക്കാലത്തോളമായി പ്രശസ്തരും അപ്രശസ്തരും തുടക്കക്കാരും വിദഗ്ധരുമായ എല്ലാവരുടെയും പ്രിയപ്പെട്ട വയലിൻ വിദ്വാനാണ് ശ്രീറാംകുമാർ. ശ്രുതി, ലയ, താള, പാഠാന്തര ശുദ്ധതകളാൽ ഏവരും മനസിൽക്കാണുന്ന ആദ്യത്തെ പേര്.
ആർ.കെ. ശ്രീറാംകുമാർ സംസാരിക്കുന്നു:
സംഗീതകലാനിധി പുരസ്കാരലബ്ധിയെക്കുറിച്ച്?
എന്റെ എല്ലാ ഗുരുക്കന്മാരുടെയും ശൃംഗേരി മഹാസന്നിധാനം അവർകളുടെയും അനുഗ്രഹമാണെന്നുമാത്രം കരുതുന്നു. എന്റെ ഹൃദയത്തിൽ എക്കാലവും ദീക്ഷിതർകൃതികളോട് ഒരു പ്രത്യേക മമതയുണ്ട്. അതുകൊണ്ടുതന്നെ ഈ പുരസ്കാരത്തിന് മാധുര്യമേറും.
പുരസ്കാരത്തിന് ശേഷവും അതിനു മുന്നോട്ടുമുള്ള അനുഭവം?
(ചിരിക്കുന്നു) ശങ്കരാഭരണം രാഗത്തിന് പ്രതിമധ്യമം ഇല്ലല്ലോ അല്ലേ? അതുപോലെ ആദിതാളം 8 അക്ഷരങ്ങളല്ലേ? പുരസ്കാര സ്വീകരണത്തിന് ശേഷം ഈ രാഗത്തിനോ താളത്തിനോ എന്തെങ്കിലും മാറ്റങ്ങൾ സംഭവിക്കുമോ? ഇല്ല. ഇതേപോലെയാണ് ഞാനും. ഓരോ കച്ചേരിയും ഒരു പരീക്ഷയാണ്. അത് പുരസ്കാരം കിട്ടിയതിനാൽ എളുപ്പമാകില്ല, നമ്മുടെ പ്രയത്നം, ഗുരൂകടാക്ഷം, പിന്നെ ഈശ്വരാനുഗ്രഹം ഇവയൊക്കെയാണ് നമ്മെ മുന്നോട്ട് നയിക്കുന്നത്.
താങ്കൾ വലിപ്പച്ചെറുപ്പമില്ലാതെ എല്ലാ വേദികളിലും പക്കമേളം വായിക്കുന്നു. എങ്ങനെയാണ് ഈ ഒരു ശൈലി അവലംബിക്കുന്നത്?
നോക്കൂ, ഓരോ പാട്ടുകാരുടെയും ശൈലി വ്യത്യസ്തമാണ്. കച്ചേരിക്ക് വയലിൻ വായിക്കാൻ ഇരുന്നുകഴിഞ്ഞാൽ പ്രാധാന്യം മുഖ്യ ഗായകനാണ്. അല്ലാതെ വയലിനോ മൃദംഗമോ വായിക്കുന്ന പക്കവാദ്യക്കാരനല്ല. അതെപ്പോഴും ഞാൻ മനസിൽ വയ്ക്കുന്ന കാര്യമാണ്. എന്തെങ്കിലും എനിക്കായി കഴിവു പ്രകടിപ്പിക്കാനാണല്ലോ രാഗാലാപന സമയം വയലിനിലുള്ളത്. എന്നുവച്ച് പാട്ടുകാരനെ വായിച്ചൊതുക്കുന്ന രീതിയല്ല ഒരു പക്കമേളക്കാരൻ ചെയ്യേണ്ടത്. കച്ചേരിയെന്നാൽ ഒരു ടീം വർക്കല്ലേ. എം.എസ്. അമ്മയുടെ കച്ചേരികൾ അതിനുദാഹരണമല്ലേ നമുക്ക്.
കച്ചേരിയിലെ വയലിന്റെ റോൾ എന്താണ്?
പക്കവാദ്യമായ വയലിൻ പാശ്ചാത്യ ഉപകരണമെങ്കിലും കർണാടക സംഗീത കച്ചേരികൾക്ക് അനുയോജ്യമായ ഉപകരണമാണ്. മുഖ്യഗായകന്റെയോ ഗായികയുടെയോകൂടെ വായിച്ചു പോകുക എന്നതാണ് ധർമം. പാട്ടും വയലിനും ഒരുപോലെ പോകണം. എന്റെ ഗുരു വി.വി. സുബ്രഹ്മണ്യം അതിനൊരു ഉദാഹരണമാണ്. അദ്ദേഹം വയലിൻ വായിക്കുന്പോൾ ഒരിക്കലും പാട്ടിനു മുകളിലേക്കു പോകാറേയില്ല. അതാവണം കച്ചേരി ധർമം.
എം.എസ്. സുബ്ബലക്ഷ്മിക്ക് ഒപ്പമുള്ള അനുഭവം?
(അല്പനേരം ധ്യാനനിരതനായി ഇരുന്നാണ് മറുപടി) സംഗീതത്തിന്റെ പര്യായം- അതാണ് എം.എസ്. അമ്മ. എന്റെ മുത്തച്ഛൻ ആർ.കെ. വെങ്കിട്ടരാമശാസ്ത്രി അമ്മയുടെ അനവധി കച്ചേരികൾക്ക് വായിച്ചിരുന്നതിനാൽ ആ കുടുംബവുമായി എനിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. ഒരു മകനെപ്പോലെ എന്നെ കച്ചേരികൾക്കു വായിപ്പിക്കുകയും അനവധി കൃതികൾ പഠിപ്പിച്ചുതരികയും ചെയ്തിരുന്നു അമ്മ. അവർ ഒരു ഗായിക മാത്രമായിരുന്നില്ല, മികച്ച ഗുരുനാഥകൂടിയാണെന്ന് അധികമാർക്കും അറിയില്ല. എന്റെ റേഡിയോ കച്ചേരിയുള്ള ദിവസം അതുകേട്ടിട്ട് ആദ്യം വരുന്ന ഫോണ് എം. എസ്. അമ്മയുടേതാകും.
മറ്റു ഗുരുക്കന്മാർക്കൊപ്പമുള്ള അനുഭവങ്ങൾ?
മുത്തച്ഛൻ വയലിനിസ്റ്റ് ആർ.കെ. വെങ്കിട്ടരാമ ശാസ്ത്രിയാണ് എന്റെ പ്രധാനഗുരു. തികഞ്ഞ അച്ചടക്കത്തിലായിരുന്നു പഠനം. എല്ലാവിഷയങ്ങളിലും സംഗീതത്തിലും സാഹിത്യത്തിലും പാണ്ഡിത്യമുണ്ടായിരുന്ന മഹാനായിരുന്നു അദ്ദേഹം. ഒരു വിട്ടുവീഴ്ചയും പഠനകാര്യത്തിൽ നൽകിയിരുന്നില്ല. അതുപോലെയായിരുന്നു മറ്റൊരു ഗുരുനാഥയായ സാവിത്രി സത്യമൂർത്തി.
എന്നാൽ മദിരാശിയിൽ ഡി.കെ. ജയരാമൻ, ഡി.കെ. പട്ടമ്മാൾ എന്നിവർ വളരെ വ്യത്യസ്തരായിരുന്നു. വളരെയേറെ സ്വാതന്ത്ര്യം എനിക്ക് അവരോടുണ്ടായിരുന്നു. അതുപോലെയായിരുന്നു ശെമ്മാങ്കുടി സ്വാമിയും എം.എസ്. അമ്മയും. പിന്നെ എന്റെ പ്രധാന ഗുരുവായ വയലിൻ വിദ്വാൻ വി.വി. സുബ്രഹ്മണ്യം കൃതികൾ അതിന്റെ ശരിയായ പാഠാന്തരത്തിൽ പഠിപ്പിക്കുന്നതിൽ വളരെ വലിയ പങ്കുവഹിച്ചു.
സമൂഹ മാധ്യമങ്ങൾ കർണാടക സംഗീതത്തിൽ ചെലുത്തുന്ന സ്വാധീനം എന്താണ്?
ഒരു നാണയത്തിന് ഇരുവശങ്ങൾ ഉള്ളതതുപോലെ സമൂഹമാധ്യമങ്ങൾക്ക് ഗുണങ്ങളും ദോഷങ്ങളുമുണ്ട്. പണ്ടുകാലത്തെപ്പോലെ പലർക്കും ഗുരുകുല വിദ്യാഭ്യാസത്തിന് ബുദ്ധിമുട്ടായതിനാൽ ഓണ്ലൈൻ പഠനം വ്യാപകമായി നടക്കുന്ന കാര്യമാണ്. എന്നാൽ ഗുരുമുഖത്തുനിന്നുള്ള ശിക്ഷണം വ്യത്യസ്തവും പ്രത്യേകതയുള്ളതുമാണ്. വിദേശത്തുള്ള പലരും നല്ല ഗുരുക്കന്മാരുടെയടുത്ത് ഓണ്ലൈനായി പഠിച്ച് ഇന്ത്യയിൽ വരുന്പോൾ ഗുരുസമക്ഷം പഠിച്ച് സ്ഫുടതവരുത്തുന്നു. ഇത് നല്ല കാര്യമാണ്. എന്നാൽ സമൂഹമാധ്യമങ്ങളെ ദുരുപയോഗം ചെയ്ത് സംഗീതത്തെ വികലമാക്കുന്നതിനോട് എനിക്ക് ഒട്ടും യോജിപ്പില്ല.
ഈ നാലു പതിറ്റാണ്ടിൽ വലിയ നേട്ടങ്ങൾക്കൊപ്പം എന്തെങ്കിലും നഷ്ടബോധമുണ്ടായിട്ടുണ്ടോ?
വളരെയധികം നഷ്ടബോധം തോന്നിയ ചില കാര്യങ്ങളുണ്ട്. നാഗസ്വരചക്രവർത്തി ടി.എൻ. രാജരത്നം പിള്ളയുടെ വായന കേൾക്കാൻ കഴിയാത്തത്, മുസിരി സുബ്രഹ്മണ്യയ്യരുടെ കച്ചേരി കേൾക്കാനും വായിക്കാനും കഴിയാത്തത്, ധനമ്മാളെ കേൾക്കാൻ സാധിക്കാത്തത്... ഇവയൊക്കെ എന്റെ നഷ്ടങ്ങൾതന്നെയാണ്.
കൃതികൾ രചിക്കുകയും ചിട്ടപ്പെടുത്തുകയും ചെയ്തിട്ടുണ്ടല്ലോ. അതേപ്പറ്റി?
ശൃംഗേരി ശാരദാംബയുടെ അനുഗ്രഹത്താൽ ചില രചനകൾ ഞാൻ നടത്തി. ശൃംഗേരി പീഠാധിപതി ഭാരതീതീർഥസ്വാമി രചിച്ച അനവധി കൃതികൾ ചിട്ടപ്പെടുത്തി പഠിപ്പിക്കാനുള്ള ഭാഗ്യവും സിദ്ധിച്ചു. പിന്നെ ചില നൃത്തപരിപാടികൾക്ക് ഗാനങ്ങൾ ചിട്ടപ്പെടുത്തിയിട്ടുണ്ട്. കർണാടകസംഗീതകൃതികൾ ചിട്ടപ്പെടുത്തുന്നതിൽനിന്നു വ്യത്യസ്തമാണ് നൃത്തങ്ങൾക്ക് ഗാനം സംവിധാനം ചെയ്യുന്നത്. സന്ദർഭമനുസരിച്ച് രാഗം തെരഞ്ഞെടുക്കുന്നതാണ് പ്രധാനം.
ശിഷ്യരെക്കുറിച്ച്?
ധാരാളം മിടുക്കരായ കുട്ടികൾ എന്റെയടുത്ത് പഠിക്കുന്നുണ്ട്. ശുദ്ധമായ പാഠാന്തരത്തിൽ കൃതികൾ അർഥസഹിതം പഠിപ്പിക്കാനാണ് എന്റെ ശ്രദ്ധ. ഒട്ടനവധി ശിഷ്യർ കച്ചേരികളും നടത്തുന്നു. വിദുഷിമാരായ അമൃത മുരളി, ഭാരതി രാമസുബ്ബൻ, നന്ദിത കണ്ണൻ, നിരജ്ഞൻ ദിണ്ഡോഡി, സന്ദീപ് രാമചന്ദ്രൻ, രാമകൃഷ്ണമൂർത്തി, മദൻ മോഹൻ തുടങ്ങിയവർ ശിഷ്യരിൽ ചിലരാണ്.
കർണാടക സംഗീതത്തിന്റെ ഭാവി?
വളരെ ശോഭനമാണ്. കാരണം അനവധി ചെറുപ്പക്കാർ നന്നായി പാടുന്നു. ഒരുകൂട്ടം ചെറുപ്പക്കാർ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നവരായാൽ നന്ന്. ഞങ്ങൾക്ക് അതായിരുന്നു അന്ന് ഉണ്ടായിരുന്നത്. എന്നാൽ ഇന്നത്തെ ചില ചെറുപ്പക്കാർ സമൂഹ മാധ്യമങ്ങളെ തെറ്റായ രീതിയിൽ ഉപയോഗിക്കുന്നതാണ് യുവതലമുറയുടെ പ്രശ്നം. അവർക്ക് ധാരാളം വരദാനങ്ങളുണ്ട്. അവയിൽ ഏതാണ് നന്നായി ഉപയോഗിക്കേണ്ടതെന്ന് പലർക്കും അറിയില്ല.
കച്ചേരിക്കിടയിൽ വയലിൻ തന്ത്രികൾ പ്രശ്മുണ്ടാക്കിയിട്ടുണ്ടോ?
ഓ... പല പ്രാവശ്യം സംഭവിച്ചിട്ടുണ്ട്. അടുത്തകാലത്ത്, ശിഷ്യനായ രാമകൃഷ്ണമൂർത്തിയുടെ കച്ചേരിക്കിടയിൽ വയലിൻ തന്ത്രികൾ പൊട്ടുകയുണ്ടായി. പിന്നെ കുറച്ച്സമയമെടുത്ത് ശരിയാക്കേണ്ടിവന്നു. അതുപോലെ വർഷങ്ങൾക്കുമുന്പ് ചെന്നെെ വരസിദ്ധിവിനായക ക്ഷേത്രത്തിൽവച്ച് കച്ചേരി വായിച്ചു കൊണ്ടിരിക്കുന്പോൾ എന്റെ വയലിനു ശ്രുതി മാറിക്കൊണ്ടേയിരുന്നു. എനിക്ക് ഒന്നും മനസിലായില്ല. പെട്ടെന്ന് ഒരാൾ സദസിൽനിന്നു വന്ന് വയലിൻ ശരിയാക്കിത്തന്നു. പിന്നീടാണറിഞ്ഞത്, അയാൾ പ്രശസ്ത വയലിനിസ്റ്റ് എൻ. രാജത്തിന്റെ മകളും വയലിൻ വിദുഷിയുമായ സംഗീതയുടെ ഭർത്താവായ ശങ്കറാണെന്ന്.
വയലിൻ എന്ന് ഓർക്കുന്പോൾ ആരെയാണ് ഓർമവരിക?
വയലിൻ വാദകരായ ടി.എൻ. കൃഷ്ണൻ, എൻ.രാജം. വി.വി. സുബ്രഹ്മണ്യം.
യുവതലമുറയിലെ സംഗീതജ്ഞരോട് അങ്ങേക്ക് പറയാനുള്ളത്?
നല്ല ബുദ്ധിയും ആധുനിക സൗകര്യങ്ങളും ഉള്ളവരാണ് ഇന്നത്തെ യുവതലമുറ. നന്നായി സാധകം ചെയ്ത് ശരിയായ രീതിയിൽ സമൂഹ മാധ്യമങ്ങളെ ഉപയോഗിച്ചാൽ നന്ന്, നല്ല ഉയരങ്ങളിലെത്താം.
Tags : music