ന്യൂയോർക്ക്: ഷിക്കാഗോ സീറോമലബാർ രൂപതയുടെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന സീറോമലബാർ കൺവൻഷനിലെ സന്ധ്യകൾക്ക് ആസ്വാദ്യത പകരാൻ വിവിധ കലാപരിപാടികൾ ഒരുങ്ങുന്നു.
നാല് ദിവസം നീണ്ടുനിൽക്കുന്ന കൺവൻഷന്റെ ആദ്യ ദിനമായ ജൂലൈ ഒമ്പതിന് രാത്രി ഒമ്പതിന് സിനിമാ താരം ജയറാമും സംഗീതജ്ഞൻ സ്റ്റീഫൻ ദേവസിയും ചേർന്നൊരുക്കുന്ന താളവിസ്മയം ആണ് പ്രധാന ആകർഷണം. ജയറാം ഗസ്റ്റ് ഓഫ് ഓണറായി പങ്കെടുക്കും.
വിവിധ ഇടവകകളിൽ നിന്നുള്ള 151 കലാകാരന്മാർ ജയറാമിന്റെ നേതൃത്വത്തിൽ ചെണ്ടയിൽ താളവിസ്മയത്തിന്റെ പൂരം തീർക്കുമ്പോൾ, സ്റ്റീഫൻ ദേവസി കീബോർഡിലും ഗിറ്റാറിലും സംഗീതത്തിന്റെ മാസ്മരികത സൃഷ്ടിക്കും.
ജൂലൈ പത്തിന് രാവിലെ നടക്കുന്ന പ്രദക്ഷിണത്തിലും "സീറോബീറ്റ്സ്' കലാകാരന്മാർ അവതരിപ്പിക്കുന്ന മെഗാ ചെണ്ടമേളം ഉണ്ടായിരിക്കും. ഇതിന് കൊച്ചുവീട്ടിൽ വാദ്യ ട്രൂപ്പിലെ ജോനാഥൻ തോമസ് നേതൃത്വം നൽകും.
താളവിസ്മയം കോഓർഡിനേറ്റ് ചെയ്യുന്നത് അമേരിക്കൻ മലയാളികൾക്ക് സുപരിചിതരായ ജോസ്മാൻ കരേടനും സ്കറിയാകുട്ടി തോമസുമാണ്.
ഫ്ലോറിഡയിൽ നിന്നുള്ള ജോസ്മാൻ കരേടൻ കോളജ് പഠനകാലത്ത് തുടർച്ചയായി മൂന്നു വർഷം യൂണിവേഴ്സിറ്റി കലോത്സവത്തിൽ തബലയിലും ജാസ് ഡ്രംസ് വിഭാഗത്തിലും ജേതാവായിരുന്നു.
അമേരിക്കയിൽ നടന്നിട്ടുള്ള വിവിധ മെഗാ ചെണ്ടമേളങ്ങൾക്ക് ജോസ്മാൻ മുമ്പും ചുക്കാൻ പിടിച്ചിട്ടുണ്ട്. മറ്റൊരു കോഓർഡിനേറ്ററായ സ്കറിയാകുട്ടി തോമസ് ഷിക്കാഗോയിലെ അറിയപ്പെടുന്ന കലാകാരനും സാംസ്കാരിക പ്രവർത്തകനുമാണ്.
നിരവധി കലാമേളകൾക്ക് നേതൃത്വം നൽകിയിട്ടുള്ള സ്കറിയാകുട്ടി കൊച്ചുവീട്ടിൽ വാദ്യ ട്രൂപ്പിന്റെ സ്ഥാപകൻ കൂടിയാണ്.
ഷിക്കാഗോയിലെ പ്രശസ്തമായ മക്കോർമിക് പ്ലേസ് കൺവെൻഷൻ സെന്ററിൽ ജൂലൈ ഒമ്പത്, 10, 11, 12 തീയതികളിലാണ് സീറോമലബാർ കൺവൻഷൻ നടക്കുന്നത്. ഇതോടൊപ്പം രൂപതയുടെ പ്രഥമ മെത്രാൻ മാർ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേക ജൂബിലിയും ആഘോഷിക്കുന്നു.
സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന കൺവൻഷനിലും അതോടൊപ്പമുള്ള ആത്മീയ, സാംസ്കാരിക, പൈതൃക കൂട്ടായ്മകളിലും ഭാഗഭാക്കാവാൻ എല്ലാ വിശ്വാസികളെയും രൂപതാ അധ്യക്ഷൻ മാർ ജോയ് ആലപ്പാട്ട് സ്വാഗതം ചെയ്തു.
കൺവൻഷനെക്കുറിച്ച് കൂടുതൽ അറിയുവാൻ: www.syroconvention.org
Tags : mega chendamelam stephen devassy jayaram