തിരുവനന്തപുരം: വലിയതോതിൽ ഊർജം സംഭരിച്ചുവയ്ക്കാനും ആവശ്യമുള്ളപ്പോൾ വൈദ്യുതി ഉത്പാദിപ്പിക്കാനും സഹായിക്കുന്ന ജലവൈദ്യുത പദ്ധതിയായ പമ്പ്ഡ് സ്റ്റോറേജ് പദ്ധതി നടപ്പിലാക്കാൻ കെഎസ്ഇബി. പാരിസ്ഥിതിക പ്രശ്നമില്ലെന്നു കണ്ടെത്തിയതോടെ സംസ്ഥാന സർക്കാരും പച്ചക്കൊടി കാണിച്ചിരിക്കുകയാണ്.
ഇതുസംബന്ധിച്ചു മന്ത്രിസഭാ യോഗത്തിലും തീരുമാനമെടുത്തുകഴിഞ്ഞു. ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റത്തിനൊപ്പം വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ പമ്പ്ഡ് സ്റ്റോറേജ് പദ്ധതികളും പ്രയോജനപ്പെടുമെന്നാണ് സർക്കാരും വിലയിരുത്തുന്നത്. സ്വകാര്യ കമ്പനികള്‍ താത്പര്യം അറിയിച്ചാല്‍ അവരില്‍നിന്ന് വൈദ്യുതി വാങ്ങാനും കെഎസ്ഇബിക്ക് ആലോചനയുണ്ട്.
വൈദ്യുതിനയത്തില് ഇതു സംബന്ധിച്ചു പ്രതിപാദിക്കാനും സർക്കാർ തീരുമാനിച്ചു. ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റം ഒരു താത്കാലിക പരിഹാരം മാത്രമാണെന്നും പ്രതിസന്ധി മറികടക്കാന്‍ പമ്പ്ഡ് സ്റ്റോറേജ് പദ്ധതികള്‍ വേഗത്തിലാക്കേണ്ടതുണ്ടെന്നുമുള്ള വിലയിരുത്തലിനെ തുടര്‍ന്നാണ് പമ്പ്ഡ് സ്റ്റോറേജ് പദ്ധതികള്‍ കൂടുതലായി കൊണ്ടുവരാന്‍ കെഎസ്ഇബി ആലോചിക്കുന്നത്.
നിലവില്‍ 600 മെഗാവാട്ടിന്റെ കക്കയം പമ്പ്ഡ് സ്റ്റോറേജ് പദ്ധതിയുടെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയാറാക്കാന്‍ കെഎസ്ഇബി ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 800 മെഗാവാട്ടിന്റെ ഇടുക്കി പമ്പ്ഡ് സ്റ്റോറേജ് പദ്ധതിക്കായി വാപ്കോസ് പരിസ്ഥിതി പഠനം നടത്തിവരികയാണ്. മുതിരപ്പുഴയിലെ 100 മെഗാവാട്ട് പദ്ധതിയുടെ ഡിപിആര്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.
പൊരിങ്ങല്‍ക്കുത്ത്, ഇടമലയാര്‍ പദ്ധതികളുടെ സാധ്യതാപഠനവും പൂര്‍ത്തിയായിട്ടുണ്ട്. ശബരിഗിരിയില്‍ 600 മെഗാവാട്ട് പദ്ധതി നടപ്പിലാക്കാനും നിര്‍ദേശമുണ്ട്. മൂന്നാറിലെ ലക്ഷ്മി എസ്റ്റേറ്റില്‍ 800 മെഗാവാട്ട് പദ്ധതിയുടെ സാധ്യത പരിശോധിക്കാന്‍ 2023ല്‍ കെഎസ്ഇബി തെഹ്രി ഹൈഡ്രോ ഡെവലപ്മെന്റ് കോര്‍പറേഷനെ ക്ഷണിച്ചിരുന്നു. 2,000 മെഗാവാട്ട് ശേഷിയുള്ള പമ്പ്ഡ് സ്റ്റോറേജ് പദ്ധതിയാണ് അവര്‍ ശിപാര്‍ശ ചെയ്തത്.
ഒരു മെഗാവാട്ട് വൈദ്യുതിക്ക് ആറു കോടി രൂപ വീതം നിക്ഷേപം വേണ്ടിവരുന്ന പമ്പ്ഡ് സ്റ്റോറേജ് പദ്ധതികള്‍ക്കായി പണം കണ്ടെത്തുക എന്നത് സര്‍ക്കാരിന് മുന്നിലുള്ള വെല്ലുവിളിയായിരുന്നതിനാല്‍ അതില്‍ തുടര്‍നടപടി ഉണ്ടായില്ല. കക്കയം പദ്ധതിക്ക് മാത്രം 3,600 കോടി രൂപയുടെ നിക്ഷേപം ആവശ്യമാണ്. ഇത്രയും വലിയ തുക കണ്ടെത്താന്‍ സംസ്ഥാനത്തിന് കഴിയാത്തതിനാല്‍ ‘ബില്‍ഡ് ഓപറേറ്റ് ട്രാന്‍സ്ഫര്‍ ’ മാതൃകയില്‍ പദ്ധതികള്‍ നടപ്പിലാക്കാന്‍ സ്വകാര്യ കമ്പനികളെ ഏല്പിക്കാന് നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ ജീവനക്കാരുടെ സംഘടനകള്‍ ഈ നിര്‍ദേശത്തെ എതിര്‍ത്തതോടെ തുടര്‍നടപടികളില്‍നിന്ന് മുന്‍ സര്‍ക്കാര്‍ പിന്നോട്ടു പോയിരുന്നു.
പമ്പ്ഡ് സ്റ്റോറേജ് പദ്ധതി
താഴെയും മുകളിലുമായി രണ്ടു ജലസംഭരണികള്‍ സൃഷ്ടിച്ച് ഒരിക്കൽ ഉപയോഗിച്ച ജലം മുകളിലേക്കു പമ്പ് ചെയ്ത് വീണ്ടും വൈദ്യുതി ഉത്പാദിപ്പിക്കുന്ന രീതിയാണ് പമ്പ്ഡ് സ്റ്റോറേജ് ഹൈഡ്രോ പവര്‍. വൈദ്യുതി ഉപയോഗം കുറവുള്ള സമയങ്ങളില്‍ താഴത്തെ ജലാശയത്തില്‍നിന്ന് മുകളിലുള്ള ജലാശയത്തിലേക്കു വെള്ളം പമ്പ് ചെയ്ത് ശേഖരിക്കുകയും വൈദ്യുതി കൂടുതല്‍ ആവശ്യമുള്ള സമയത്ത് ആ വെള്ളം താഴേക്ക് പൈപ്പ്ലൈന് അല്ലെങ്കില്‍ ടണല്‍ വഴി ഒഴുക്കി ടര്‍ബൈന്‍ പ്രവര്‍ത്തിപ്പിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. ഈ പ്രക്രിയയ്ക്കു സോളാർ വൈദ്യുതി ഉപയോഗിക്കാനും സാധിക്കും.