ന്യൂഡൽഹി: അധികാരത്തിൽ ഇല്ലാത്തതോ ഭൂരിപക്ഷമില്ലാത്തതോ ആയ സംസ്ഥാനങ്ങളിൽ മറ്റു രാഷ്ട്രീയ പാർട്ടികളുമായി സഖ്യമുണ്ടാക്കി അധികാരത്തിൽ വരികയും പിന്നീട് അവരെ ഒതുക്കുകയും ചെയ്യുന്നതാണ് ബിജെപിയുടെ രാഷ്ട്രീയതന്ത്രമെന്ന് രാജ്യസഭ എംപി കപിൽ സിബൽ.
ബിഹാറിൽ ഈ തന്ത്രം അവർ വിജയകരമായി പൂർത്തിയാക്കിയെന്നും മഹാരാഷ്ട്രയിൽ നടപ്പാക്കിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഹരിയാന തെരഞ്ഞെടുപ്പിലും സമാന തന്ത്രം പയറ്റിയ ബിജെപി അവിടെ ഇന്ത്യൻ നാഷണൽ ലോക്ദൾ പാർട്ടിയെ ഒതുക്കി. പ്രാദേശിക പാർട്ടികളുമായി സഖ്യം സ്ഥാപിച്ച് സാവധാനം അവരെ ദുർബലപ്പെടുത്തി സ്വന്തം സ്ഥാനം ഉറപ്പിക്കുകയാണ് ബിജെപിയുടെ രീതി.
മുംബൈ മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ ശിവസേനയെ പിളർത്തി ഏക്നാഥ് ഷിൻഡെ വിഭാഗവുമായി സഖ്യമുണ്ടാക്കിയതിനുശേഷമാണ് ബിജെപി ഒന്നാമതെത്തിയത്. ബിജെപിയുടെ പുതിയ രാഷ്ട്രീയതന്ത്രത്തിന് ഏറ്റവും പുതിയ ഉദാഹരണമാണിതെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയുമായി ഒരുകാരണവശാലും സഖ്യമുണ്ടാക്കരുതെന്നും അവർ നിങ്ങളെ ക്രമേണ ഇല്ലാതാക്കുമെന്നും ചെറുപാർട്ടികളോടായി കപിൽ സിബൽ പറഞ്ഞു.