International
അബുജ: വടക്കുപടിഞ്ഞാറൻ നൈജീരിയയിൽ ഭീകരർ 30 പേരെ വെടിവച്ചു കൊന്നു. ഒട്ടേറെ പേർക്കു പരിക്കേറ്റു. ഞായറാഴ്ച രാത്രി കഡുന സംസ്ഥാനത്തെ നാരിഡോൺ ഗ്രാമത്തിലായിരുന്നു ആക്രമണം.
ഇതേ ഗ്രാമത്തിൽ കഴിഞ്ഞ വർഷം ഇതേ സമയത്ത് ഭീകരർ ആക്രമണം നടത്തിയിരുന്നു. മൃതദേഹങ്ങൾ സമീപത്തെ ആശുപത്രിയിലേക്കു മാറ്റിയെന്ന് പ്രദേശവാസിയായ റാഫേൽ ജോഷ്വ പറഞ്ഞു.
National
ശ്രീനഗര്: കാഷ്മീരിലെ അനന്ത്നാഗ് ജില്ലയില് പോലീസുകാരന് വെടിയേറ്റു മരിച്ചതിന് പിന്നാലെ രണ്ട് ലഷ്കര്-ഇ-തൊയ്ഷ ഭീകരരുടെ വീടുകള് അധികൃതര് ഇടിച്ചുനിരത്തി. ആദില് തോക്കര്, ഹാറൂണ് റഷീദ് ഗനായി എന്നിവരുടെ വീടുകളാണു ബുധനാഴ്ച രാത്രിയും ഇന്നലെ പുലര്ച്ചെയുമായി തകര്ത്തത്.
ബുധനാഴ്ച അനന്ത്നാഗിലെ ലാല് ചൗക്കില് അമര്നാഥ് യാത്രാ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഹെഡ് കോണ്സ്റ്റബിള് ആഷിഖ് ഹുസൈന് ഭീകരന്റെ വെടിയേറ്റു മരിച്ചിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് സുരക്ഷാസേനയുടെ നീക്കം.
International
ടെഹ്റാൻ: സർക്കാരിനെതിരേ സായുധകലാപം നടത്തിയെന്നാരോപിച്ച് ഐഎസ് സംഘാംഗങ്ങളായ രണ്ടു ഭീകരരെ ഇറാൻ തൂക്കിലേറ്റി. മൊഹിദ്ദീൻ അബ്ദുള്ള, ഹൊസൈൻ പലാനി എന്നിവരെയാണ് തൂക്കിലേറ്റിയത്.
ഇറാക്കിലെയും സിറിയയിലെയും പരാജയത്തിനു ശേഷം ഇവർ ഇറാനിൽ സെൽ രൂപവത്കരിക്കുകയും ഭരണകൂടത്തിനെതിരേ പ്രവർത്തിക്കുകയും ചെയ്തതായി ഇറേനിയൻ മാധ്യമം റിപ്പോർട്ട് ചെയ്തു.
ബാമോ പർവതപ്രദേശത്തായിരുന്നു സംഘത്തിന്റെ ഒളിത്താവളം. ഇറേനിയൻ റവലൂഷനറി ഗാർഡിന്റെ ഓപ്പറേഷനിൽ നിരവധി തീവ്രവാദികൾ കൊല്ലപ്പെട്ടു. മറ്റുള്ളവരെ അറസ്റ്റ് ചെയ്തു.
National
ശ്രീനഗർ: ഭീകരർക്കായി ഷോപിയാനിൽ മൂന്നാംദിനവും സൈന്യത്തിന്റെ തെരച്ചിൽ.
വെള്ളിയാഴ്ച രാത്രി മീമന്ദറിലാണ് സൗത്ത് കാഷ്മീർ സ്വദേശികളും ലഷ്കർ ഭീകരരുമായ ലത്തീഫ്, സക്കീർ എന്നിവരെ സിസിടിയിലൂടെ തിരിച്ചറിഞ്ഞത്.
ഇതേത്തുടർന്ന് പ്രദേശത്തെത്തിയ സൈനികർക്കു നേരേ ഇരുവരും വെടിയുതിർത്തു. പ്രത്യാക്രമണത്തിനു പിന്നാലെ ഇവർ ഒളിവിൽപോകുകയായിരുന്നു.
International
അബുജ: നൈജീരിയയിൽ പള്ളിയിലുണ്ടായ ഭീകരാക്രമണത്തിൽ 41 ക്രൈസ്തവർ കൊല്ലപ്പെട്ട സംഭവത്തിൽ നാലു ഭീകരർക്ക് കോടതി വധശിക്ഷ വിധിച്ചു.
2022 ജൂൺ അഞ്ചിന് പന്തക്കുസ്താ തിരുനാൾ ദിവസം തെക്കുപടിഞ്ഞാറൻ നൈജീരിയയിലെ ഒവോയിലുള്ള സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളിയിലുണ്ടായ ഭീകരാക്രമണത്തിൽ തലസ്ഥാനമായ അബുജയിലെ ഫെഡറൽ കോടതിയാണു ശിക്ഷ വിധിച്ചത്.
ഇദ്രിസ് അബ്ദുൾമാലിക് ഒമെയ്സ, അൽ ഖ്വാസിം ഇദ്രിസ്, ജാമിയു അബ്ദുൾ മാലിക്, അബ്ദുൾഹലീം ഇദ്രിസ് എന്നിവർക്കാണു വധശിക്ഷ.
സംഭവത്തിൽ അറസ്റ്റിലായ അഞ്ചുപേരിൽ ഒരാളെ കോടതി വെറുതെ വിട്ടിരുന്നു. ഭീകരാക്രമണം നടത്താൻ സാന്പത്തികസഹായം ലഭ്യമാക്കിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇയാളെ അറസ്റ്റ് ചെയ്തത്.
ഭീകരാക്രമണത്തിൽ കുട്ടികളടക്കം 41 പേർ കൊല്ലപ്പെട്ടതിനു പുറമെ നൂറിലധികം പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു.
International
കറാച്ചി: ബലൂചിസ്ഥാനിലെ വിവിധ ഇടങ്ങളിലായി പാക്കിസ്ഥാൻ സുരക്ഷാസേന 17 ഭീകരരെ വധിച്ചു.
ഭീകരരിൽനിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും സ്ഫോടകവസ്തുക്കളും കണ്ടെടുത്തതായും സുരക്ഷാ സേന അറിയിച്ചു.
മസ്തുങ്ക്, നുഷ്കി, സെഹ്രി, ഖുസ്ദാർ, കച്ച് എന്നിവിടങ്ങളിലാണ് സൈനിക നടപടികളുണ്ടായത്. ഭീകരർക്കായി പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്.
National
ന്യൂഡൽഹി: രജൗരി ഏറ്റുമുട്ടൽ അവസാന ഘട്ടത്തിലെന്ന് സുരക്ഷാസേന. ഓപ്പറേഷൻ ഷെരുവാലി ആറാം ദിവസത്തിലേക്ക് കടന്നതോടെ ഭീകരർ നിലവിലുള്ള പ്രദേശം വിട്ടുപോകാൻ കഴിയാത്ത വിധം ചുറ്റപ്പെട്ടെന്ന് ഉന്നത സൈനിക ഉദ്യോഗസ്ഥർ പറഞ്ഞു.
പ്രദേശത്തെ തീവ്രവാദികളുടെ നീക്കത്തെക്കുറിച്ച് പ്രത്യേക ഇന്റലിജൻസ് വിവരങ്ങളെതുടർന്ന് ശനിയാഴ്ചയാണ് ‘ഓപ്പറേഷൻ ഷെരുവാലി' എന്ന പേരിൽ സൈനിക നീക്കം ആരംഭിച്ചത്. സൈന്യം, ജമ്മു കാശ്മീർ പോലീസ്, സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (സിആർപിഎഫ്) എന്നിവർ സംയുക്തമായാണ് ഓപ്പറേഷൻ നടത്തുന്നത്.
ഓപ്പറേഷൻ ആരംഭിച്ചതിന് തൊട്ടുപിന്നാലെ ഡോറിമൽ-ഗംഭീർ മൊഗ്ല ബെൽറ്റിൽ സുരക്ഷാ സേനയും സംശയിക്കപ്പെടുന്ന തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായതായി ഉദ്യോഗസ്ഥർ പറഞ്ഞു. പ്രാഥമിക വിവരങ്ങൾ പ്രകാരം, മൂന്നിലധികം തീവ്രവാദികൾ പ്രദേശത്ത് നിലയുറപ്പിച്ചിട്ടുണ്ടെന്നാണ് നിഗമനം. ഭീകരർ രക്ഷപ്പെടുന്നത് തടയാൻ വിപുലമായ നിരീക്ഷണ നടപടികൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും സൈന്യം പറഞ്ഞു.
വനമേഖലയിൽ രാത്രിയിലും കനത്ത വെടിവെപ്പുണ്ടായി. ഭീകരരുടെ ഒളിത്താവളം തകർത്തെന്നും വനത്തിനുള്ളിലെ ഗുഹയിലാണ് നിലവിൽ ഭീകരർ ഒളിച്ചിരിക്കുന്നതെന്നും സുരക്ഷാസേന അറിയിച്ചു.
International
ന്യൂഡൽഹി: ലോകം തിരയുന്ന കൊടും ഭീകരന്മാരുടെ താവളമാണ് പാക്കിസ്ഥാനെന്ന് തെളിയിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. പാക്കിസ്ഥാനിൽ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ട പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ ഹംസ ബുർഹാന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാനാണ് അമേരിക്ക തിരയുന്ന ഭീകരരുൾപ്പടെ നിരവധി കൊടുംകുറ്റവാളികൾ ഒന്നിച്ചത്.
യുഎസ് ഭീകരനായി പ്രഖ്യാപിച്ച ഹിസ്ബുൾ മുജാഹിദീൻ തലവൻ സയ്യിദ് സല്ലാഹുദീൻ, അൽ-ബദർ തലവൻ ബഖ്ത് സമീൻ ഖാൻ എന്നിവരുടെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. തങ്ങൾ ഭീകരതയെ പിന്തുണയ്ക്കുന്നില്ലെന്ന പാക്കിസ്ഥാന്റെ വാദമാണ് ഇതോടെ പൊളിയുന്നത്.
അൽ-ബദർ ഭീകര സംഘടനയുടെ ഉന്നത കമാൻഡറും "ഡോക്ടർ' എന്ന രഹസ്യനാമത്തിലും അറിയപ്പെട്ട ഹംസ ബുർഹാൻ ആണ് കഴിഞ്ഞ ദിവസം വെടിയേറ്റ് കൊല്ലപ്പെട്ടത്. പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനും ജമ്മുകാഷ്മീരിൽ നിരവധി ഭീകരപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തയാളായിരുന്നു ഹംസ ബുർഹാൻ.
ഹംസ ബുർഹാന്റെ സംസ്കാര ചടങ്ങിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നതിന്റെയും സായുധരായ ഭീകരരെ വിന്യസിച്ചിരിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്നത്. ലോകം തിരയുന്ന കൊടും ഭീകരരെ പാക്കിസ്ഥാൻ സംരക്ഷിക്കുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ഈ സംഭവം.
പാക്കിസ്ഥാൻ ഭീകരർക്ക് അഭയം നൽകുന്നു എന്നത് എല്ലാവർക്കും അറിയാവുന്ന ഒരു വസ്തുതയാണ്. ഈ നിലപാടിന്റെ പേരിൽ ലോകരാജ്യങ്ങളിൽ നിന്നും പലപ്പോഴും പാക്കിസ്ഥാന് കുറ്റപ്പെടുത്തലുകൾ കേൾക്കേണ്ടി വന്നിട്ടുമുണ്ട്.
ഒരു മാസം മുമ്പ്, പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ അടുത്ത സഹായി മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയീദിന്റെ മകനും ഭീകരനുമായ ഹാഫിസ് തൽഹ സയീദിനൊപ്പം ഒരു വേദി പങ്കിട്ടിരുന്നു.
കൂടാതെ, ഓപ്പറേഷൻ സിന്ദൂർ ആക്രമണത്തിൽ കൊല്ലപ്പെട്ട ഭീകരരുടെ ശവസംസ്കാര ചടങ്ങിൽ നിരവധി ഉന്നത പാക്കിസ്ഥാൻ സൈനിക ഉദ്യോഗസ്ഥർ പങ്കെടുത്തിരുന്നു.
ജമ്മുകാഷ്മീരിലെ പുൽവാമ ജില്ലയിലെ രത്നിപോറ സ്വദേശിയായ ഹംസ ബുർഹാൻ ഉന്നത പഠനത്തിനെ വ്യാജേനയാണ് പാക്കിസ്ഥാനിലെത്തി അൽ-ബദർ സംഘടനയിൽ ചേർന്നത്. 2019 ൽ 40 സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (സിആർപിഎഫ്) ഉദ്യോഗസ്ഥരുടെ മരണത്തിനിടയാക്കിയ പുൽവാമ ഭീകരാക്രമണത്തിലെ മുഖ്യസൂത്രധാരനായിരുന്നു ഇയാൾ. 2022-ൽ ഇന്ത്യ ഇയാളെ ഭീകരനായി പ്രഖ്യാപിച്ചു.
National
ഇംഫാൽ: കുക്കി, നാഗാ വിഭാഗങ്ങളിലെ 38 പേർ വിവിധ തീവ്രവാദ സംഘടനകളുടെ തടങ്കലിലാണെന്ന് മണിപ്പുർ ആഭ്യന്തര മന്ത്രി ഗോവിന്ദാസ് കോൻതൗജം.
ബന്ദികളാക്കപ്പെട്ടവരുടെ മോചനത്തിനായി ചർച്ച നടത്തിവരികയാണെന്ന് അദ്ദേഹം പറഞ്ഞു. ബുധനാഴ്ച കൊല്ലപ്പെട്ടയാളുടെ കുടുംബാംഗങ്ങളെ സന്ദർശിച്ചശേഷമാണ് മന്ത്രിയുടെ പരാമർശം.
മണിപ്പുരിൽ മൂന്നു പാസ്റ്റർമാർ കൊല്ലപ്പെട്ടതിനെത്തുടർന്ന് കുക്കി, നാഗാ വിഭാഗങ്ങൾ ആഹ്വാനം ചെയ്ത 48 മണിക്കൂർ ബന്ദ് പൂർണമായിരുന്നു.
കാങ്പോക്പി, ചുരാചന്ദ്പുർ, ചാന്ദേൽ ജില്ലകളിലായിരുന്നു ബന്ദ്. കുക്കികളുടെ അപ്പെക്സ് ബോഡിയായ കുക്കി ഇൻപി മണിപ്പുർ ആണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്.
കാങ്പോക്പി ജില്ലയിലാണ് മൂന്നു പാസ്റ്റർമാരെ തീവ്രവാദികൾ വെടിവച്ചുകൊന്നത്. മൂന്നു പാസ്റ്റർമാരെ തീവ്രവാദികൾ കൊല്ലപ്പെടുത്തിയതിനെ മിസോറം, മണിപ്പുർ മുഖ്യമന്ത്രിമാർ അപലപിച്ചു.
International
അബുജ: ആഫ്രിക്കൻ രാജ്യമായ ചാഡിൽ 23 സൈനികരെ ബോക്കോ ഹറാം ഭീകരർ കൊലപ്പെടുത്തി. 26 സൈനികർക്കു പരിക്കേറ്റു.
ലേക്ക് ചാഡ് മേഖലയിലെ ബർക്ക ടോളോറോം ദ്വീപിലെ മിലിട്ടറി പോസ്റ്റിൽ തിങ്കളാഴ്ച രാത്രിയായിരുന്നു ആക്രമണമെന്ന് സൈന്യം അറിയിച്ചു.
ലേക്ക് ചാഡ് മേഖലയിൽ ദീർഘകാലമായി ബോക്കോ ഹറാം ഭീകരരുടെ ഭീഷണി നിലനിൽക്കുന്നുണ്ട്.
National
പട്യാല: പഞ്ചാബിലെ പട്യാലയിൽ റെയിൽവേ ട്രാക്കിലുണ്ടായ സ്ഫോടനത്തിനു പിന്നാലെ ഖലിസ്ഥാൻ അനുകൂല ഭീകരസംഘത്തിലെ നാലുപേർ പിടിയിൽ.
തിങ്കളാഴ്ച രാത്രി പത്തോടെയാണ് പട്യാലയിലെ ശംഭു മേഖലയിലെ പ്രത്യേക ചരക്കുപാതയിൽ സ്ഫോടനം നടന്നത്. സ്ഫോടകവസ്തുക്കൾ സ്ഥാപിക്കുന്നതിനിടെ ഭീകരസംഘത്തിലെ ഒരാൾ കൊല്ലപ്പെട്ടിരുന്നു. താൻ തരൺ ജില്ലയിലെ പഞ്ച്വാർ ഖുർദ് സ്വദേശിയായ ജഗ്രൂപ് സിംഗാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.
പ്രദീപ് സിംഗ് ഖൽസ, കുൽവീന്ദർ സിംഗ്, സത്നാം സിംഗ്, ഗുർപ്രീത് സിംഗ് എന്നിവരാണ് പിടിയിലായത്. മലേഷ്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഖാലിസ്ഥാൻ ഭീകരരുമായി നേരിട്ട് ബന്ധമുള്ള പ്രദീപ് സിംഗ് ഖൽസയാണ് സംഘത്തിലെ മുഖ്യ സൂത്രധാരനെന്ന് പോലീസ് പറഞ്ഞു.
ഖാലിസ്ഥാൻ ഭീകരവാദ പ്രവർത്തനങ്ങൾക്ക് ഇയാൾ യുവാക്കളെ റിക്രൂട്ട് ചെയ്തിരുന്നെന്ന് സിഐജി കുൽദീപ് ചഹൽ വ്യക്തമാക്കി.
പ്രതികളിൽനിന്ന് ഒരു ഹാൻഡ് ഗ്രനേഡ്, രണ്ട് പിസ്റ്റളുകൾ, വെടിയുണ്ടകൾ, അത്യാധുനിക വാർത്താവിനിമയ ഉപകരണങ്ങൾ, ലാപ്ടോപ്പുകൾ എന്നിവ പോലീസ് കണ്ടെടുത്തിട്ടുണ്ട്. സ്ഫോടനം നടന്ന സ്ഥലത്തുനിന്നു ലഭിച്ച സിം കാർഡ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണു പ്രതികൾ പിടിയിലായത്.
കഴിഞ്ഞ മൂന്നു മാസത്തിനിടെ ഈ മേഖലയിൽ ചരക്കുപാത ലക്ഷ്യമിട്ട് നടക്കുന്ന രണ്ടാമത്തെ സ്ഫോടനമാണിത്. ജനുവരിയിൽ ഫത്തേഗഡ് സാഹിബിലും സമാനമായ രീതിയിൽ സ്ഫോടനം നടന്നിരുന്നു.
തുടർച്ചായായുണ്ടാകുന്ന ഇത്തരം സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കേസ് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഏറ്റെടുക്കാൻ സാധ്യതയുണ്ടെന്ന് സ്പെഷൽ ഡിജിപി ശശി പ്രഭ ദ്വിവേദി അറിയിച്ചു.
International
ജറുസലെം: ഭീകര സംഘടനയിലെ ഒരു നേതാക്കൾക്കായും താൻ ലൈഫ് ഇൻഷുറൻസ് പോളിസി എടുക്കില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.
മുജ്തബ ഖമനയ്യെയും ഹിസ്ബുള്ള തലവൻ നയിം ഖാസിമിനെയും ഇസ്രയേൽ ലക്ഷ്യമിടുന്നുണ്ടോയെന്ന ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇറാനെതിരായ യുദ്ധം പ്രതീക്ഷിച്ചതിലും മികച്ച രീതിയിലാണെന്നും ഇസ്രയേൽ എന്നത്തേക്കാളും ശക്തമാണെന്നും നെതന്യാഹു പറഞ്ഞു. ക്രൂരമായ സ്വേച്ഛാധിപത്യ ഭരണകൂടത്തെ നീക്കം ചെയ്യാനുള്ള സാഹചര്യങ്ങൾ ഇറാൻ ജനയ്ക്കായി സൃഷ്ടിക്കുന്നതിനാണ് യുഎസും ഇസ്രയേലും പ്രവർത്തിക്കുന്നത്.
ഇറാനിൽ ഭരണമാറ്റം കൊണ്ടുവരാൻ ഇസ്രയേൽ ശ്രമിക്കുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, “നിങ്ങൾക്ക് ഒരാളെ വെള്ളത്തിലേക്കു നയിക്കാൻ കഴിയും, എന്നാൽ കുടിപ്പിക്കാൻ കഴിയില്ലെ”ന്നായിരുന്നു മറുപടി.
ഇറാനിൽ കരയുദ്ധത്തിനു സാധ്യതയില്ലെന്ന സൂചനയാണ് നെതന്യാഹു നൽകിയിരിക്കുന്നതെന്നാണു കരുതുന്നത്. ഇനി മുതൽ അതേ ഇറാനും അതേ പശ്ചിമേഷ്യയും അതേ ഇസ്രയേലുമായിരിക്കില്ലെന്ന് യുദ്ധം ഉറപ്പാക്കുമെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.
“അമേരിക്കയുമായി മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തതുപോലുള്ള സഖ്യം സൃഷ്ടിച്ചിട്ടുണ്ട്. ട്രംപും ഞാനും വ്യക്തിപരമായി വലിയ സുഹൃത്തുക്കളാണ്. മിക്കവാറും എല്ലാ ദിവസവും ഞങ്ങൾ സംസാരിക്കുന്നു. ആശയങ്ങളും ഉപദേശങ്ങളും കൈമാറുന്നു. ഒരുമിച്ച് തീരുമാനങ്ങളെടുക്കുന്നു”-നെതന്യാഹു പറഞ്ഞു.
International
അബുജ: വടക്കുകിഴക്കൻ നൈജീരിയയിൽ 300 പേരെ ഇസ്ലാമിക ഭീകരർ തട്ടിക്കൊണ്ടു പോയി.ബോർനോ സംസ്ഥാനത്തെ എൻഗോഷ് പട്ടണത്തിലാണു സംഭവം.
ഈയിടെ മൂന്നു ബോക്കോ ഹറാം കമാൻഡർമാരെ സൈന്യം വധിച്ചിരുന്നു. ഇതിനു പകരംവീട്ടാനാണ് ഗ്രാമീണരെ തട്ടിക്കൊണ്ടുപോയതെന്നാണു നിഗമനം.
National
ന്യൂഡൽഹി: ജമ്മുകാഷ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ ഭീകരർ ഉപയോഗിച്ച ഗോപ്രോ ഹീറോ 12 കാമറ ചൈനയിൽ നിന്നുള്ളതാണെന്ന് കണ്ടെത്തൽ.
ഉപകരണത്തെക്കുറിച്ചുള്ള വിവരങ്ങൾ തേടി നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എൻഐഎ) ബെയ്ജിംഗിലെ ഉദ്യോഗസ്ഥരെ സമീപിച്ചു.
ഗോപ്രോ കാമറയുടെ വിതരണ ശൃംഖലയും ഉപയോക്തൃ വിശദാംശങ്ങളും കണ്ടെത്തുന്നതിന് എൻഐഎ കോടതി ചൈനയുടെ ജുഡീഷ്യൽ അതോറിറ്റിക്ക് ഒരു ലെറ്റർ റോഗേറ്ററി (ഒരു വിദേശ രാജ്യത്ത് നിന്ന് വിവരങ്ങൾ തേടാനുള്ള ജുഡീഷ്യൽ അഭ്യർഥന) പുറപ്പെടുവിച്ചിട്ടുണ്ട്.
അന്വേഷണത്തിനിടെ മൊബൈൽ ഫോണുകൾ ഉൾപ്പെടെ നിരവധി വസ്തുക്കളും ഇലക്ട്രോണിക് ഉപകരണങ്ങളും ഉദ്യോഗസ്ഥർ പിടിച്ചെടുത്തിരുന്നു.
ഇതിൽ സി3501325471706 എന്ന സീരിയൽ നമ്പറുള്ള ഗോപ്രോ ഹീറോ 12 ബ്ലാക്ക് കാമറ നിർണായക തെളിവാണ്. തീവ്രവാദികൾ റിസേവിംഗ് ആവശ്യത്തിനായി കാമറ ഉപയോഗിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.
ഇതിനുമുമ്പ് എൻഐഎ നെതർലൻഡ്സിലെ ഗോപ്രോ ബി വിയെ സമീപിച്ചിരുന്നു. ചൈന ആസ്ഥാനമായുള്ള എഇ ഗ്രൂപ്പ് ഇന്റർനാഷനൽ ലിമിറ്റഡിന് കാമറ നൽകിയതായി ഗോപ്രോ ബി വി വെളിപ്പെടുത്തി.
National
കിഷ്ത്വാർ: ജമ്മു കാഷ്മീരിലെ കിഷ്ത്വാർ ജില്ലയിലുണ്ടായ കനത്ത ഏറ്റുമുട്ടലിൽ പാക്കിസ്ഥാൻ ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിലെ മൂന്ന് ഭീകരരെ വധിച്ച് സൈന്യം. കൊല്ലപ്പെട്ടവരിൽ ഒരാൾ പാക്കിസ്ഥാൻ സ്വദേശിയും ജെയ്ഷെ കമാൻഡറുമായ സെയ്ഫുള്ള ബലോച് ആണെന്ന് തിരിച്ചറിഞ്ഞു. ഇയാളെ പിടികൂടാൻ സഹായിക്കുന്നവർക്ക് സർക്കാർ അഞ്ച് ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു.
കിഷ്ത്വാറിലെ ഛത്രു വനമേഖലയിൽ കരസേനയും ജമ്മു കാഷ്മീർ പോലീസും സംയുക്തമായാണ് ഈ ഓപ്പറേഷൻ നടത്തിയത്. ഭീകരർ ഒളിച്ചിരുന്ന മൺവീട് വളഞ്ഞ സൈന്യം ശക്തമായ ആക്രമണത്തിലൂടെ മൂന്ന് പേരെയും വധിക്കുകയായിരുന്നു.
സൈനിക നായയായ ടൈസൺ ആണ് ഭീകരരുടെ ഒളിത്താവളം കണ്ടെത്തുന്നതിൽ നിർണായക പങ്ക് വഹിച്ചത്. തിരച്ചിലിനിടെ ഭീകരരുടെ വെടിയേറ്റ ടൈസൺ നിലവിൽ വിദഗ്ധ ചികിത്സയിലാണ്.
സംഭവസ്ഥലത്ത് നിന്ന് മൂന്ന് എകെ-47 റൈഫിളുകളും ഗ്രനേഡുകളും വൻതോതിൽ വെടിക്കോപ്പുകളും കണ്ടെടുത്തിട്ടുണ്ട്.
National
ശ്രീനഗർ: ജമ്മു കാഷ്മീരിലെ ശ്രീനഗർ-ബാരാമുള്ള ദേശീയപാതയിൽ ഭീകരർ സ്ഥാപിച്ച ബോംബ് സുരക്ഷാസേന കണ്ടെത്തി നിർവീര്യമാക്കി.
ഇന്നലെ രാവിലെ ഏഴിന് നർബൽ മേഖലയിൽ റോഡരികിലാണ് ബോംബ് കണ്ടെത്തിയത്. ഉടൻതന്നെ സുരക്ഷാസേന പ്രദേശം വളഞ്ഞ് ഗതാഗതം താത്കാലികമായി നിർത്തിവച്ചു.
ബോംബ് ഡിസ്പോസൽ സ്ക്വാഡ് സ്ഥലത്തെത്തി ഐഇഡി നിർവീര്യമാക്കി.
International
ഡമാസ്കസ്: വടക്കുകിഴക്കൻ സിറിയയിലെ അൽ-ഹൊൽ ക്യാന്പിൽ പാർപ്പിച്ചിരുന്ന വിദേശികളായ ഐഎസ് ഭീകരരുടെ കുടുംബാംഗങ്ങൾ ക്യാന്പിൽനിന്നു രക്ഷപ്പെട്ടതായി റിപ്പോർട്ട്.
പിടിയിലായതോ കൊല്ലപ്പെട്ടതോ ആയ വിദേശ ഐഎസ് ഭീകരരുടെ ഭാര്യമാരും കുട്ടികളുമുൾപ്പെടെ 6300 ഓളം പേരാണു രക്ഷപ്പെട്ടത്. രാത്രിയുടെ മറവിൽ ആയുധധാരികളായ പുരുഷന്മാർ വാഹനങ്ങളിലെത്തി സ്ത്രീകളെയും കുട്ടികളെയും കൊണ്ടുപോകുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
ഹാസാകെ പ്രവിശ്യയിൽപ്പെട്ട മരുഭൂമിയിലാണ് ഐഎസ് ഭീകരരുടെ ബന്ധുക്കളെ പാർപ്പിച്ചിരിക്കുന്ന സിറിയയിലെ ഏറ്റവും വലിയ ക്യാന്പായ അൽ-ഹൊൽ സ്ഥിതിചെയ്യുന്നത്. ജനുവരി 20ന് കുർദ് സൈന്യം പിന്മാറുകയും സിറിയൻ സൈന്യത്തിൽനിന്ന് സമ്മർദമേറുകയും ചെയ്തതോടെയാണ് ഭീകരകുടുംബങ്ങൾ ക്യാന്പ് വിട്ടുപോയത്.
ക്യാന്പിലാകെ 15,000 സിറിയക്കാരും 3000 ഇറാക്കികളുമുൾപ്പെടെ 24,000 പേരെയാണു പാർപ്പിച്ചിരുന്നത്. അനക്സ് എന്നപേരിലുള്ള അതീവസുരക്ഷയുള്ള ഭാഗത്തായിരുന്നു 40 രാജ്യങ്ങളിൽനിന്നുള്ള 6300 സ്ത്രീകളും കുട്ടികളും കഴിഞ്ഞിരുന്നത്. റഷ്യ, സെൻട്രൽ ഏഷ്യ എന്നിവിടങ്ങളിൽനിന്നുള്ളവരാണ് ഇവരിലേറെയും. വിദേശികൾക്കായുള്ള ക്യാന്പിലെ 80 ശതമാനം അന്തേവാസികളും രക്ഷപ്പെട്ടിരിക്കാമെന്നാണ് സിറിയൻ വിദഗ്ധനായ ആർതർ ഖ്വസ്നായിയുടെ അനുമാനം.
National
ജമ്മു: ജമ്മു കാഷ്മീരിൽ മൂന്ന് പാക് ഭീകരരെ രണ്ടു വ്യത്യസ്ത ഏറ്റുമുട്ടലുകളിൽ സുരക്ഷാസേന വധിച്ചു.
ഉധംപുരിലും കിഷ്ത്വാറിലുമായിരുന്നു ഏറ്റുമുട്ടൽ. ഉധംപുരിൽ ജയ്ഷ്-ഇ-മുഹമ്മദ് കമാൻഡർ റൂബാനി എന്നറിയപ്പെടുന്ന അബു മാവിയ, കൂട്ടാളി സുബൈർ എന്നിവരാണു കൊല്ലപ്പെട്ടത്."ഓപ്പറേഷൻ കിയ’ എന്ന പേരിട്ട 20 മണിക്കൂർ നീണ്ട സൈനികനടപടിക്കിടെയാണ് ഭീകരരെ വധിച്ചത്.
ഉധംപുരിലെ രാംനഗർ-ബസന്ത്ഗഡ് മേഖലയിലെ വനപ്രദേശത്തെ ഗുഹയിലാണു ഭീകരർ അകപ്പെട്ടത്. ഒരു ഭീകരന്റെ മൃതദേഹം ഗുഹാമുഖത്തും രണ്ടാമന്റേത് ഗുഹയ്ക്കുള്ളിലുമാണു കണ്ടെത്തിയത്. പ്രദേശത്ത് ഇപ്പോഴും നിരീക്ഷണം തുടരുകയാണ്.
National
ന്യൂഡൽഹി: കഴിഞ്ഞ വർഷം നവംബറിൽ ഡൽഹിയിലെ ചെങ്കോട്ടയ്ക്കു സമീപം നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഭീകരർ ഒരു ആഗോള കോഫി കന്പനിയുടെ ബ്രാഞ്ചുകളിലും സ്ഫോടനം നടത്താൻ ഗൂഢാലോചന നടത്തിയിരുന്നതായി റിപ്പോർട്ട്.
ഒരു യഹൂദ പൗരൻ സ്ഥാപകനായിട്ടുള്ള പ്രസിദ്ധ കന്പനിയുടെ ഇന്ത്യൻ നഗരങ്ങളിലെ ബ്രാഞ്ചുകൾ തകർത്ത് ഗാസയിലെ ഇസ്രയേൽ അഭിനിവേശത്തിന് രാഷ്ട്രീയസന്ദേശം നൽകാൻ ഭീകരർ ലക്ഷ്യമിട്ടുവെന്നാണ് അന്വേഷണ ഏജൻസികളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ടു പിടിയിലായ ‘വൈറ്റ് കോളർ തീവ്രവാദ ശൃംഖല’ എന്നറിയപ്പെടുന്ന ഡോക്ടർമാരുടെ സംഘം കഴിഞ്ഞ നാലു വർഷമായി സജീവമായിരുന്നുവെന്നും അധികൃതർ അറിയിച്ചു.
ദേശീയ മാധ്യമങ്ങൾ നൽകുന്ന റിപ്പോർട്ടനുസരിച്ച്, ഈ കോഫി കന്പനിയുടെ ആഗോള വിപുലീകരണ സമയത്ത് കന്പനിയുടെ സിഇഒ യഹൂദനായതിനാൽ ഈ കോഫി ബ്രാൻഡിനെ യഹൂദ സ്വാധീനത്തിന്റെ പ്രതീകമായാണു ഭീകരർ കണ്ടിരുന്നത്. കന്പനിയുടെ ബ്രാഞ്ചുകളിൽ ആക്രമണം നടത്തിയാൽ ഗാസയിലെ ഇസ്രയേലിന്റെ സൈനിക സംഘർഷങ്ങളുമായി ബന്ധപ്പെട്ട് കൃത്യമായ സന്ദേശം നൽകാമെന്ന് ഭീകരർ കണക്കുകൂട്ടി.
എന്നാൽ ചെങ്കോട്ട സ്ഫോടനം നടത്തിയ ഉമർ നബിയുമായി ഭീകരാക്രമണം നടത്തേണ്ട ലക്ഷ്യസ്ഥാനങ്ങളെക്കുറിച്ച് ചില ഭീകരർക്ക് അഭിപ്രായവ്യത്യാസമുണ്ടായിരുന്നുവെന്ന് ചെങ്കോട്ട ഭീകരാക്രമണവുമായി ബന്ധപ്പെട്ടു പിടിയിലായ ഡോക്ടർമാരായ മുസമ്മിൽ അഹ്മദ് ഗനായി, അദീൽ അഹ്മദ് റാത്തർ, ഷഹീൻ സയീദ് എന്നിവർ അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകിയിട്ടുണ്ട്. ജനങ്ങളുള്ള സ്ഥാപനങ്ങൾക്കു പകരം ഭീകരാക്രമണ പദ്ധതി ജമ്മു കാഷ്മീരിലെ സുരക്ഷാസേനയെ ലക്ഷ്യമിടുന്നതു മാത്രമായിരിക്കണമെന്നായിരുന്നു ചില ഭീകരരുടെ വാദം.
അതേസമയം അൽ ക്വയ്ദയുടെ ഇന്ത്യൻ ഘടകമായ അൻസാർ ഗസ്വത്-ഉൽ-ഹിന്ദിനെ പുനരുജ്ജീവിപ്പിക്കാനും സംഘം ലക്ഷ്യമിട്ടിരുന്നെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ സൂചിപ്പിച്ചു. ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷണം ഏറ്റെടുത്ത ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് മൂന്ന് ഡോക്ടർമാരടക്കം ഇതുവരെ ഒന്പത് പേരെയാണ് അറസ്റ്റ് ചെയ്തത്.
National
ശ്രീനഗർ: റിപ്പബ്ലിക് ദിനത്തിൽ ജമ്മുകാഷ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. മലയോര മേഖലയായ കിഷ്ത്വാർ ജില്ലയിലാണ് ഏറ്റുമുട്ടൽ.
ജെയ്ഷെ ഇ മുഹമ്മദ് സംഘടനയുമായി ബന്ധമുള്ള മൂന്ന് പാക്കിസ്ഥാൻ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് സുരക്ഷാസേന സ്ഥലത്ത് എത്തിയത്. പ്രദേശത്ത് കനത്ത മഞ്ഞുവീഴ്ചയുണ്ടായിട്ടും ഏറ്റുമുട്ടൽ തുടരുകയാണ്.
രാത്രി 10.20 ഓടെയാണ് ജൻസീർ-കാണ്ടിവാർ വനമേഖലയിൽ സൈന്യത്തിന്റെയും പോലീസിന്റെയും സംയുക്ത സംഘം തിരച്ചിൽ നടത്തിയിരുന്ന സമയത്താണ് ഭീകരർ വെടിവച്ചത്. സുരക്ഷാസേന തിരിച്ചടിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
International
ടെഹ്റാൻ: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയുമായി ബന്ധമുള്ള രണ്ടു പേരെ വധശിക്ഷയ്ക്കു വിധേയമാക്കിയതായി ഇറാന് അറിയിച്ചു.
2023ൽ തീർഥാടകരുടെ ബസിൽ ബോംബ് സ്ഫോടനം നടത്തിയ കേസിൽ കുറ്റക്കാരെന്നു കണ്ടെത്തിയവർക്കാണു ശിക്ഷ.
സ്ഫോടനത്തിൽ ഒരു കുഞ്ഞ് കൊല്ലപ്പെടുകയും ഒട്ടേറെപ്പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു.
National
ജമ്മു: ഭീകരരുമായി ഏറ്റുമുട്ടലുണ്ടായ ജമ്മു കാഷ്മീരിലെ കിഷ്ത്വാറിൽ സുരക്ഷാസേന തെരച്ചിൽ ശക്തമാക്കി. ഭീകരരുടെ ഒളിസങ്കേതം ഉൾപ്പെടെയുള്ള ഇടങ്ങൾ സുരക്ഷാസേന പരിശോധിച്ചു വരികയാണ്.
പോലീസും അർധസൈനിക വിഭാഗവും സൈനികർക്കൊപ്പം തെരച്ചിലിൽ സഹായിക്കുന്നുണ്ട്. കൂടാതെ ഡോഗ് സ്ക്വാഡും ഡ്രോൺ ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യയും തെരച്ചിലിന്റെ ഭാഗമായുണ്ട്.
ഭീകരരെ ഒരുകാരണവശാലും രക്ഷപ്പെടാൻ അനുവദിക്കില്ലെന്ന് മുതിർന്ന സൈനിക ഉദ്യോഗസ്ഥർ അറിയിച്ചു. സോന്നാൽ ഗ്രാമത്തിലെ വനമേഖലയിൽ ഞായറാഴ്ച രാത്രിയാണ് ഭീകരർ സുരക്ഷാസേനയ്ക്കുനേരേ ഗ്രനേഡ് ആക്രമണം നടത്തിയത്. ആക്രമണത്തിൽ എട്ട് സൈനികർക്ക് പരിക്കേറ്റിരുന്നു.
National
ശ്രീനഗർ: ജമ്മു കാഷ്മീരിലെ കിശ്ത്വാഡിലുള്ള സോനാറിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ഏഴ് സൈനികർക്ക് പരുക്കേറ്റു. സേനയുടെ വൈറ്റ് നൈറ്റ് കോറും ജമ്മു കാഷ്മീർ പോലീസും സംയുക്തമായി നടത്തിയ ഭീകരവിരുദ്ധ നടപടികൾക്കിടെ ജയ്ഷെ മുഹമ്മദ് ഭീകരരിൽനിന്ന് വെടിവയ്പുണ്ടായത്.
ഭീകരർ ഗ്രനേഡുകൾ പ്രയോഗിച്ചപ്പോഴാണ് സൈനികർക്കു പരിക്കേറ്റത്. പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടൽ വൈകിട്ട് അവസാനിച്ചു.
ഈ വർഷം ജമ്മു മേഖലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ മൂന്നാമത്തെ ഏറ്റുമുട്ടലാണിത്. കത്വ ജില്ലയിലെ ബില്ലവാർ പ്രദേശത്തെ കഹോഗിൽ ജനുവരി ഏഴിനും നജോട്ട് മേഖലയിൽ 13 നും ഏറ്റുമുട്ടലുകൾ ഉണ്ടായിരുന്നു.
International
സിഡ്നി: ഒാസ്ട്രേലിയയിലെ ബോണ്ടി ബീച്ചിൽ 16 പേരെ വെടിവച്ചു കൊന്ന ഭീകരരെ കീഴ്പ്പെടുത്താൻ ശ്രമിച്ച അഹമ്മദ് അൽ അഹമ്മദിനെ ഒാസ്ട്രേലിയ ഹീറോയായി വാഴ്ത്തുമ്പോൾ അതേ ധീരകൃത്യം ചെയ്യാൻ ശ്രമിച്ചു ജീവൻ നഷ്ടപ്പെടുത്തിയ മറ്റു രണ്ടു പേരുടെ കഥയും ഇപ്പോൾ വാർത്തകളിൽ നിറയുന്നു. ബോറിസ് ഗുർമൻ (69), ഭാര്യ സോഫി ജൂതദമ്പതികളാണ് ധീരരക്തസാക്ഷികളായി മാറിയത്. ഭീകരനെ തടയാൻ ശ്രമിക്കുന്നതിനിടയിൽ ഇരുവരെയും അയാൾ കൊലപ്പെടുത്തുകയായിരുന്നു.
ബീച്ചിലൂടെ കടന്നുപോയ ഒരു കാറിന്റെ ഡാഷ് കാമറയിലാണ് ഇവർ ജീവൻ പണയപ്പെടുത്തിയ നടത്തിയ ശ്രമങ്ങളുടെ ദൃശ്യങ്ങൾ പതിഞ്ഞത്. ബീച്ചിൽ പാർക്കിംഗ് ഏരിയയിൽ കാർ നിർത്തിയിട്ട് തോക്കുകളുമായി ആക്രമണത്തിന് ഇറങ്ങിയ സാജിദ് അക്രം എന്ന ഭീകരനെ കയറിപ്പിടിച്ച് വഴിയിലേക്കു തള്ളിയിട്ട ശേഷം തോക്കുകളിലൊന്നു പിടിച്ചെടുക്കുന്ന ബോറിസിനെ ദൃശ്യങ്ങളിൽ കാണാം.
സഹായിക്കാൻ ഭാര്യയും
ബോറിസിനെ സഹായിക്കാൻ ഭാര്യ സോഫിയും ഒാടിയെത്തി. എന്നാൽ, ഭീകരനെ കീഴ്പ്പെടുത്താൻ ഇവർക്ക് ആയില്ല. കൈയിൽ അവശേഷിച്ചിരുന്ന തോക്ക് ഉപയോഗിച്ച് ഭീകരൻ ഇരുവരെയും വെടിവച്ചുവീഴ്ത്തി. പിന്നീട് പുറത്തുവന്ന ഡ്രോൺ വീഡിയോ ദൃശ്യങ്ങളിൽ ഇരുവരും വെടിയേറ്റു റോഡിൽ മരിച്ചുകിടക്കുന്നത് കാണാം. ജനുവരിയിൽ 35-ാം വിവാഹവാർഷകം ആഘോഷിക്കാനിരിക്കെയാണ് ഇരുവരുടെയും ധീരരക്തസാക്ഷിത്വം.
കാറുടമ ചൈനീസ് സാമൂഹിക മാധ്യമമായ റോഡ് നോട്ടിൽ ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തതതോടെയാണ് ഇവരുടെ ധീരകൃത്യം പുറംലോകം അറിഞ്ഞത്. ഇതു തങ്ങൾക്കു ഹൃദയം തകർന്ന അനുഭവമായി. പ്രിയപ്പെട്ട ബോറിസും സോഫിയും മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ സ്വന്തം ജീവൻ നഷ്ടപ്പെടുത്തി... അവരുടെ വേർപാട് ഇനിയും ഉൾക്കൊള്ളാനാവുന്നില്ലെന്നു ബന്ധുക്കൾ പ്രതികരിച്ചു. റഷ്യയിൽനിന്നു കുടിയേറിയ ദമ്പതികളിൽ ബോറിസ് മുൻ മെക്കാനിക് ആണ്. സോഫിയ ഒാസ്ട്രേലിയൻ പോസ്റ്റൽ വകുപ്പിൽ ജോലിക്കാരിയായിരുന്നു.
National
ശ്രീനഗർ: ജമ്മു കാഷ്മീരിലെ ഉധംപുർ ജില്ലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഉധംപുരിലെ ഒരു ഗ്രാമത്തിൽ ഇന്ന് വൈകുന്നേരമാണ് ഏറ്റുമുട്ടലുണ്ടായതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ജയ്ഷെ മുഹമ്മദ് ഭീകരസംഘടയിലെ മൂന്ന് പേരാണ് സംഘത്തിലെന്നാണ് വിവരം. ഭീകരരെ സുരക്ഷാ സേന വളഞ്ഞതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മജാൽട്ട പ്രദേശത്തെ സോൻ ഗ്രാമത്തിൽ വച്ച് ഭീകരർ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ജയ്ഷെ മുഹമ്മദ് (JeM) സംഘടനയുമായി ബന്ധമുള്ള ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചതിനെ തുടർന്ന് സുരക്ഷാസേന തെരച്ചിൽ നടത്തി വരികയായിരുന്നു.
പോലീസിന്റെ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പിന്റെ (SOG) സംയുക്ത സംഘം സൈന്യത്തോടും സിആർപിഎഫിനോടും ചേർന്നാണ് തെരച്ചിൽ നടത്തിയതെന്ന് ജമ്മു പോലീസ് ഇൻസ്പെക്ടർ അറിയിച്ചു. ഇതോടെയാണ് ഭീകരർ വെടിവപ്പ് നടത്തിയത്.
National
ശ്രീനഗർ: ജമ്മു കാഷ്മീരിലെ സോപോറിൽ സുരക്ഷാ സേന നടത്തിയ പരിശോധനയിൽ രണ്ട് ഭീകരർ പിടിയിൽ. മാസ്ബഗിലെ മൊഹല്ല തൗഹീദ് കോളനിയിൽ താമസിക്കുന്ന ഷബീർ അഹമ്മദ് നജാർ, ബ്രാത്ത് സോപോറിൽ താമസിക്കുന്ന ഷബീർ അഹമ്മദ് മിർ എന്നിവരാണ് അറസ്റ്റിലായത്.
മോമിനാബാദിലെ സാദിഖ് കോളനിയിൽ പോലീസും സിആർപിഎഫും സംയുക്തമായി നടത്തിയ പരിശോധനയ്ക്കിടെയാണ് ഭീകരർ പിടിയിലായത്. പ്രദേശത്ത് സംശയാസ്പദമായ നീക്കങ്ങൾ നടക്കുന്നുണ്ടെന്ന പ്രത്യേക ഇന്റലിജൻസ് വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്.
പരിശോധനയ്ക്കിടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇരുവരെയും സുരക്ഷാ സേന പിടികൂടുകയായിരുന്നു. ഇവരുടെ പക്കൽ നിന്ന് ഒരു പിസ്റ്റൾ, മാഗസിൻ, രണ്ട് ഹാൻഡ് ഗ്രനേഡുകൾ എന്നിവയും മറ്റ് ആയുധങ്ങളും പിടിച്ചെടുത്തു. പ്രദേശത്തെ ഭീകര പ്രവർത്തനങ്ങളിൽ ഇവർക്ക് പങ്കുണ്ടെന്നാണ് സുരക്ഷാ സേനയുടെ വിലയിരുത്തൽ.
National
ന്യൂഡൽഹി: ഇന്ത്യക്കെതിരേ ഭീകരരെ പരിശീലിപ്പിക്കാൻ പാക്കിസ്ഥാൻ രഹസ്യകേന്ദ്രം. പാകിസ്ഥാന്റെ ഇന്റർ സർവീസസ് ഇന്റലിജൻസിന്റെ (ഐഎസ്ഐ) നിയന്ത്രണത്തിലുള്ള "എസ്1' കേന്ദ്രമാണ് ഭീകരരെ റിക്രൂട്ട് ചെയ്യുന്നതും പരിശീലിപ്പിക്കുന്നതും.
1993ലെ മുംബൈ സ്ഫോടനങ്ങൾ മുതൽ ജമ്മു കാഷ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്കുനേരേയുണ്ടായ ഭീകരാക്രമണം വരെ നടത്തിയത് ഇവിടെ പരിശീലനം നേടിയവരാണെന്നും റിപ്പോർട്ട്. ഇന്റലിജൻസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
"എസ് 1' എന്നാൽ "സബ്വേർഷൻ 1' എന്നാണെന്ന് ഇന്റലിജൻസ് വൃത്തങ്ങൾ പറഞ്ഞു. പാക്കിസ്ഥാന്റെ അതിർത്തികടന്നുള്ള ആക്രമണങ്ങൾക്കു ഭീകരരെ പരിശീലിപ്പിക്കുന്ന പ്രധാനകേന്ദ്രമാണ് "എസ് 1'.
പാക്കിസ്ഥാൻ ആർമിയിലെ കേണൽ റാങ്കിലുള്ള ഉദ്യോഗസ്ഥൻ "എസ് 1' ഭീകരകേന്ദ്രത്തെ നയിക്കുന്നു. ഉയർന്ന റാങ്കിലുള്ള രണ്ട് ഓഫീസർമാരാണ് പരിശീലനത്തിന്റെ ചുമതല വഹിക്കുന്നത്. ഇവർ "ഗാസി 1', "ഗാസി 2' എന്ന സീക്രട്ട് പേരിൽ അറിയപ്പെടുന്നു. ഇസ്ലാമാബാദ് ആസ്ഥാനമായാണ് ഭീകരകേന്ദ്രം പ്രവർത്തിക്കുന്നത്. മയക്കുമരുന്ന് ഇടപാടുകളിൽനിന്നു ലഭിക്കുന്ന പണമാണ് ഇവരുടെ പ്രധാനവരുമാനം.
"എസ് 1' ഉദ്യോഗസ്ഥരും പരിശീലകരും എല്ലാത്തരം ബോംബുകളും ഇംപ്രൊവൈസ്ഡ് സ്ഫോടകവസ്തുക്കളും നിർമിക്കുന്നതിൽ വിദഗ്ധരാണ്. കൂടാതെ വിവിധതരം ചെറു ആയുധങ്ങൾ കൈകാര്യം ചെയ്യുന്നതിലും സമർഥരാണ്. ഇന്ത്യയിലെ പ്രധാനസ്ഥലങ്ങളുടെ വിശദമായ ഭൂപടങ്ങൾ യൂണിറ്റിന്റെ പക്കലുണ്ടെന്നും റിപ്പോർട്ടുണ്ട്.
കഴിഞ്ഞ 25 വർഷമായി എസ്1 പ്രവർത്തിക്കുന്നുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു. അതേസമയം, ഇന്ത്യയുടെ സുരക്ഷാഏജൻസികൾ അടുത്തിടെയാണ് അതിന്റെ പ്രവർത്തനങ്ങളുടെ മുഴുവൻ വ്യാപ്തിയും മനസിലാക്കിയത്.
ഇന്ത്യയിൽ ഭീകരാക്രമണങ്ങൾ നടത്താൻ പ്രത്യേകമായി ചുമതലപ്പെടുത്തിയിരിക്കുന്ന "എസ് 1' പാക്കിസ്ഥാനിൽ പ്രവർത്തിക്കുന്ന എല്ലാ ഭീകരഗ്രൂപ്പുകളുമായും ബന്ധപ്പെട്ടിരിക്കുന്നു. ജെയ്ഷെ മുഹമ്മദ്, ലഷ്കർ ഇ ത്വയ്ബ, ഹിസ്ബുൾ മുജാഹിദീൻ തുടങ്ങിയ സംഘടനകളുടെ ഭീകര പരിശീലന ക്യാമ്പുകൾ "എസ് 1' ഉദ്യോഗസ്ഥർ സന്ദർശിക്കാറുണ്ട്.
"എസ് 1' വളരെ രഹസ്യമായി പ്രവർത്തിക്കുന്നതിനാൽ പല ഭീകര ഗ്രൂപ്പുകൾക്കും അവരുടെ പരിശീലകർ ഇവിടെനിന്നുള്ളവരാണെന്ന് അറിയില്ലെന്നും ഇന്റലിജൻസ് ഏജൻസികൾ പറഞ്ഞു. കഴിഞ്ഞ രണ്ട് ദശകങ്ങളിലായി ആയിരക്കണക്കിന് തീവ്രവാദികൾക്ക് "എസ് 1' പരിശീലനം നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
International
മാലി: പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ ഇസ്ലാമിക് സ്റ്റേറ്റ്, അൽ ഖ്വയ്ദ ഭീകരർ അഞ്ച് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി. ഇവർ ജോലി ചെയ്യുന്ന കന്പനിയും സുരക്ഷാവൃത്തങ്ങളും ഇക്കാര്യം സ്ഥിരീകരിച്ചു. എന്നാൽ, ജീവനക്കാരുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
പടിഞ്ഞാറൻ മാലിയിലെ കോബ്രിക്ക് സമീപം വ്യാഴാഴ്ചയാണു സംഭവം. വൈദ്യുതി പദ്ധതികളിൽ പ്രവർത്തിക്കുന്ന കമ്പനിയിലെ ജീവനക്കാരെ തോക്കുധാരികളായ ഒരുസംഘം ഭീകരർ തട്ടിക്കൊണ്ടുപോകുകയായിരുന്നു.
സംഭവത്തെത്തുടർന്ന് കമ്പനിയിൽ ജോലി ചെയ്യുന്ന മറ്റ് ഇന്ത്യക്കാരെ തലസ്ഥാനമായ ബമാകോയിലേക്ക് മാറ്റി. അതേസമയം, ഇതുവരെ ഒരു സംഘടനയും സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.
നിലവിൽ സൈനിക ഭരണകൂടത്തിന്റെ കീഴിലാണ് മാലി. ഇസ്ലാമിക് സ്റ്റേറ്റ്, അൽ-ഖ്വയ്ദ തുടങ്ങിയ ഭീകരസംഘടനകളും ഇവരുമായി ബന്ധമുള്ള ക്രിമിനൽ ഗ്രൂപ്പുകളും രാജ്യത്തു കനത്ത വെല്ലുവിളിയാണു സൃഷ്ടിക്കുന്നത്. തുടർച്ചയായ അക്രമങ്ങളും സംഘർഷങ്ങളും മൂലം ദരിദ്രരാജ്യമായ മാലിയിൽ ഇപ്പോൾ വൻപ്രതിസന്ധിയാണുള്ളത്.
2012 മുതൽ അട്ടിമറികളും സംഘർഷങ്ങളും നിറഞ്ഞ രാജ്യത്ത് വിദേശികളെ ലക്ഷ്യമിട്ടുള്ള തട്ടിക്കൊണ്ടുപോകലുകൾ സാധാരണമാണ്. സെപ്റ്റംബറിൽ ബമാകോയ്ക്ക് സമീപം രണ്ട് എമിറാത്തി പൗരന്മാരെയും ഒരു ഇറാനിയനെയും ജിഹാദികൾ തട്ടിക്കൊണ്ടുപോയിരുന്നു. പിന്നീട്, 50 മില്യൺ ഡോളർ നൽകിയാണ് ഇവരെ മോചിപ്പിച്ചത്.
National
ശ്രീനഗർ: ജമ്മു കാഷ്മീരിലെ കുപ്വാരയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. നിയന്ത്രണ രേഖയിൽ സംശയാസ്പദമായ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെ നടത്തിയ തെരച്ചിലിലാണ് സൈനികർ ഭീകരരെ കണ്ടെത്തിയത്.
ഇതിനിടെ ഭീകരർ സൈനികർക്ക് നേരെ വെടിയുതിർത്തതോടെ സൈന്യം തിരിച്ചടിച്ചു. വെള്ളിയാഴ്ച കുപ്വാരയിലെ കേരൻ സെക്ടറിൽ സുരക്ഷാ ഏജൻസികൾ സംയുക്ത തെരച്ചിൽ ആരംഭിച്ചിരുന്നു. നിയന്ത്രണ രേഖയിലൂടെ നുഴഞ്ഞുകയറ്റ ശ്രമമുണ്ടാകുമെന്ന രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
പ്രദേശത്ത് സുരക്ഷാ സേന തെരച്ചിൽ തുടരുകയാണ്. ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടതായി സൈന്യത്തിന്റെ ചിനാർ കോപ്സ് എക്സിൽ കുറിച്ചു.
National
ദർഭംഗ: ഇന്ത്യയെ ആക്രമിച്ചാൽ വെടിയുണ്ടകൾക്ക് പകരം പീരങ്കികളെ നേരിടേണ്ടിവരുമെന്ന് പാക് ഭീകരർക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ താക്കീത്. ബിഹാറിൽ തെരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പാക്കിസ്ഥാനിൽ നിന്നുള്ള തീവ്രവാദികൾ പഹൽഗാമിൽ നമ്മുടെ പൗരന്മാരെ ആക്രമിച്ചു. നമ്മുടെ അമ്മമാരുടെയും സഹോദരിമാരുടെയും നെറ്റിയിൽനിന്ന് അവർ സിന്ദൂരം തുടച്ചുനീക്കി. 20 ദിവസത്തിനുള്ളിൽ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അതിന് പ്രതികാരം ചെയ്തു.
കോൺഗ്രസ് ഭരണത്തിൽനിന്ന് വ്യത്യസ്തമായി മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ രാജ്യത്തിന്റെ സുരക്ഷയ്ക്ക് മുൻഗണന നൽകുന്നു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ എൻഡിഎയ്ക്ക് ബീഹാറിനെ സർവതോന്മുഖമായ വികസനത്തിലേക്ക് നയിക്കാൻ കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
National
ശ്രീനഗര്: ജമ്മു കാഷ്മീരിലെ കുപ്വാരയിൽ സൈന്യവും നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. രണ്ടു ഭീകരർ കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാത്രി വൈകിയാണ് ഏറ്റുമുട്ടൽ നടന്നത്. കുപ്വാരയിലെ മച്ചില്, ദുദ്നിയാല് സെക്ടറുകളിലായി നിയന്ത്രണരേഖ വഴി കശ്മീരിലേക്ക് നുഴഞ്ഞുകയറാനുള്ള ഭീകരവാദികളുടെ ശ്രമമാണ് സുരക്ഷാസേന പരാജയപ്പെടുത്തിയത്.
മച്ചില് നിയന്ത്രണ രേഖയ്ക്ക് സമീപം സംശയാസ്പദമായ നീക്കം സൈന്യത്തിന്റെ ശ്രദ്ധയില്പ്പെടുകയായിരുന്നു. ഇതിനു പിന്നാലെയാണ് വെടിവയ്പ്പുണ്ടായത്. പ്രദേശത്ത് സൈനിക നടപടി തുടരുകയാണ്. കൂടുതല് വിവരങ്ങള് ലഭ്യമാകുന്നതേയുള്ളൂവെന്ന് എഎന്ഐ റിപ്പോര്ട്ട് ചെയ്തു.
രാജൗരി ജില്ലയിലെ ബീരൻതുബ് മേഖലയിൽ ജമ്മു കാഷ്മീർ പോലീസിന്റെ സ്പെഷൽ ഓപ്പറേഷൻസ് ഗ്രൂപ്പും (എസ്ഒജി) ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ നടന്നതിന് പിന്നാലെയാണ് പുതിയ സംഭവം.
അതേസമയം, മറ്റൊരു സംഭവത്തില് ദുദ്നിയാല് സെക്ടറില് നിരവധി സ്ഫോടനങ്ങള് റിപ്പോര്ട്ട് ചെയ്തു. സൈനിക നടപടികള് ഇപ്പോഴും തുടരുകയാണ്.
National
ന്യൂഡല്ഹി: ജമ്മു കാഷ്മീരിലെ പഹല്ഗാമില് ആക്രമണം നടത്തുന്നതിനായി ഭീകരര്ക്ക് സഹായങ്ങള് ചെയ്ത ഒരാളെ കാഷ്മീർ പോലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് കഠാരി എന്നയാളാണ് അറസ്റ്റിലായത്.
ഓപ്പറേഷന് മഹാദേവിനിടെ കണ്ടെടുത്ത ആയുധങ്ങളുടെയും ഉപകരണങ്ങളുടെയും ഫോറന്സിക് പരിശോധനയ്ക്കുശേഷമാണ് മുഹമ്മദ് കഠാരിയയെ അറസ്റ്റ് ചെയ്തത്.
നിരപരാധികളെ കൂട്ടക്കൊല ചെയ്ത രണ്ട് തോക്കുധാരികളെ ജൂലൈയിലെ ഓപ്പറേഷന് മഹാദേവിനിടെ സുരക്ഷാ സേന കണ്ടെത്തി വധിച്ചിരുന്നു. ഇവരുടെ പക്കല്നിന്നു കണ്ടെടുത്ത ഉപകരണങ്ങളിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് കഠാരിയയെ അറസ്റ്റു ചെയ്തിരിക്കുന്നത് എന്നാണ് റിപ്പോര്ട്ട്.
പഹല്ഗാമിലെ വിനോദസഞ്ചാരകേന്ദ്രത്തിൽ ഏപ്രില് 22നാണ് 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണം നടന്നത്.
National
ശ്രീനഗർ: ജമ്മു കാഷ്മീരിലെ കുൽഗാം ജില്ലയിലുള്ള ഗുദ്ദാർ വനമേഖലയിൽ സൈന്യവും ഭീകരരും തമ്മിൽ ശക്തമായ ഏറ്റുമുട്ടൽ. ഒരു ഭീകരനെ വധിച്ചു. ഏറ്റുമുട്ടലിൽ സൈന്യത്തിലെ ജൂനിയർ കമ്മിഷൺഡ് ഓഫിസർക്ക് ഗുരുതര പരിക്കേറ്റു.
ഇന്ന് രാവിലെയാണ് ഇവിടെ ഏറ്റുമുട്ടൽ ആരംഭിച്ചത്. വനമേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് ജമ്മു കാഷ്മീർ പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സൈന്യവും സിആർപിഎഫും പോലീസും ചേർന്ന് തിരച്ചിൽ ആരംഭിച്ചതിന് പിന്നാലെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്.
രണ്ടോ മൂന്നോ ഭീകരർ ഇപ്പോഴും വനമേഖലയിൽ ഒളിച്ചിരിക്കുന്നതായാണ് വിവരം. സ്ഥലത്തേക്ക് കൂടുതൽ സൈനികരെ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഏറ്റുമുട്ടൽ തുടരുകയാണ്. പരിക്കേറ്റ സൈനികനെ ആശുപത്രിയിലേക്ക് മാറ്റിയതായാണ് വിവരം.
National
ന്യൂഡല്ഹി: ജമ്മു കാഷ്മീരിലെ ഉറി സെക്ടറില് നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരരും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില് ഒരു സൈനികന് വീരമൃത്യു.
ഇന്ന് പുലര്ച്ചെയായിരുന്നു ഭീകരര് നുഴഞ്ഞു കയറ്റത്തിന് ശ്രമിച്ചത്. ഇത് തടയുന്നതിനിടെയാണ് ഏറ്റമുട്ടലുണ്ടായത്. ഉറി സെക്ടറില് ഇപ്പോഴും ഭീകരർക്കായി കനത്ത തിരച്ചില് തുടരുകയാണ്.
National
ശ്രീനഗർ: തെക്കൻ കാഷ്മീരിലെ കുൽഗാമിൽ ഭീകരർക്കായി സുരക്ഷാസേന നടത്തുന്ന തെരച്ചിൽ "ഓപ്പറേഷൻ അഖാൽ' ഇന്ന് ആറാം ദിനത്തിലേക്കു കടന്നു.
ഡ്രോണുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ചാണ് തെര ച്ചിൽ. ഓഗസ്റ്റ് ഒന്നിന് സൈന്യത്തിനുനേർക്ക് ഭീകരർ നടത്തിയ ആക്രമണത്തിൽ രണ്ട് സൈനികർക്കു പരിക്കേറ്റിരുന്നു. പ്രത്യാക്രമണത്തിൽ രണ്ടു ഭീകരരെ വധിച്ചിരുന്നു.
National
ശ്രീനഗർ: ജമ്മു കാഷ്മീരിൽ സൈന്യം നടത്തിയ ഓപ്പറേഷൻ മഹാദേവിൽ മൂന്ന് ഭീകരരെ വധിച്ചെന്ന് റിപ്പോർട്ട്. ശ്രീനഗറിലെ മൗണ്ട് മഹാദേവിന് സമീപമുള്ള ലിഡ്വാസിലാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ടവരിൽ രണ്ടുപേർ പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്തവരാണെന്നാണ് സൂചന.
'ഓപ്പറേഷന് മഹാദേവ്' എന്ന് പേരിട്ടിരിക്കുന്ന സൈനിക നടപടിക്ക് തുടക്കംകുറിച്ചതായി സൈന്യത്തിന്റെ ചിനാര് കോര്പ്സ് എക്സ് പോസ്റ്റില് വ്യക്തമാക്കി.
രണ്ട് ദിവസം മുമ്പ് ഡാച്ചിഗാം വനത്തിൽ സൈന്യം സംശയാസ്പദമായ ഒരു സംഭാഷണം ട്രാക്ക് ചെയ്തിരുന്നു. തുടർന്ന് സൈന്യവും ജമ്മു കാഷ്മീർ പോലീസും സിആർപിഎഫും സംയുക്തമായി മുല്നാര് മേഖലയില് പരിശോധന നടത്തുകയായിരുന്നു. തുടർന്നാണ് ഏറ്റുമുട്ടലിലേക്ക് നീങ്ങിയത്.
മറ്റൊരു ആക്രമണത്തിന് പദ്ധതിയിട്ട ഭീകരരാണ് വധിക്കപ്പെട്ടതെന്ന് സേനാ വൃത്തങ്ങൾ അറിയിച്ചു. പ്രദേശത്തേക്ക് കൂടുതൽ സൈന്യത്തെ അയച്ചതായും ഭീകരരെ കണ്ടെത്തുന്നതിനായി പ്രവർത്തനങ്ങൾ ശക്തമാക്കിയതായും അധികൃതർ അറിയിച്ചു.
International
ഡാക്കർ: ആഫ്രിക്കൻ രാജ്യമായ നൈജറിൽ 34 സൈനികരെ ഇസ്ലാമിക ഭീകരർ വധിച്ചു. 14 സൈനികർക്കു പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ പടിഞ്ഞാറൻ നൈജറിലെ ബാനിബൻഗൗവിലായിരുന്നു ആക്രമണം.
മാലി, ബുർക്കിന ഫാസോ രാജ്യങ്ങളുടെ അതിർത്തിയിലായിരുന്നു ആക്രമണം. അൽ-ഖ്വയ്ദ, ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പുകളുമായി ബന്ധമുള്ള ഭീകരർ ഒരു ദശകത്തിലേറെ കാലമായി നൈജറിൽ ആക്രമണം നടത്തിവരികയാണ്.