ന്യൂഡൽഹി: ജമ്മുകാഷ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ ഭീകരർ ഉപയോഗിച്ച ഗോപ്രോ ഹീറോ 12 കാമറ ചൈനയിൽ നിന്നുള്ളതാണെന്ന് കണ്ടെത്തൽ.
ഉപകരണത്തെക്കുറിച്ചുള്ള വിവരങ്ങൾ തേടി നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എൻഐഎ) ബെയ്ജിംഗിലെ ഉദ്യോഗസ്ഥരെ സമീപിച്ചു.
ഗോപ്രോ കാമറയുടെ വിതരണ ശൃംഖലയും ഉപയോക്തൃ വിശദാംശങ്ങളും കണ്ടെത്തുന്നതിന് എൻഐഎ കോടതി ചൈനയുടെ ജുഡീഷ്യൽ അതോറിറ്റിക്ക് ഒരു ലെറ്റർ റോഗേറ്ററി (ഒരു വിദേശ രാജ്യത്ത് നിന്ന് വിവരങ്ങൾ തേടാനുള്ള ജുഡീഷ്യൽ അഭ്യർഥന) പുറപ്പെടുവിച്ചിട്ടുണ്ട്.
അന്വേഷണത്തിനിടെ മൊബൈൽ ഫോണുകൾ ഉൾപ്പെടെ നിരവധി വസ്തുക്കളും ഇലക്ട്രോണിക് ഉപകരണങ്ങളും ഉദ്യോഗസ്ഥർ പിടിച്ചെടുത്തിരുന്നു.
ഇതിൽ സി3501325471706 എന്ന സീരിയൽ നമ്പറുള്ള ഗോപ്രോ ഹീറോ 12 ബ്ലാക്ക് കാമറ നിർണായക തെളിവാണ്. തീവ്രവാദികൾ റിസേവിംഗ് ആവശ്യത്തിനായി കാമറ ഉപയോഗിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.
ഇതിനുമുമ്പ് എൻഐഎ നെതർലൻഡ്സിലെ ഗോപ്രോ ബി വിയെ സമീപിച്ചിരുന്നു. ചൈന ആസ്ഥാനമായുള്ള എഇ ഗ്രൂപ്പ് ഇന്റർനാഷനൽ ലിമിറ്റഡിന് കാമറ നൽകിയതായി ഗോപ്രോ ബി വി വെളിപ്പെടുത്തി.
Tags : Pahalgam Attack Terrorists GoPro China