ഇംഫാൽ: കുക്കി, നാഗാ വിഭാഗങ്ങളിലെ 38 പേർ വിവിധ തീവ്രവാദ സംഘടനകളുടെ തടങ്കലിലാണെന്ന് മണിപ്പുർ ആഭ്യന്തര മന്ത്രി ഗോവിന്ദാസ് കോൻതൗജം.
ബന്ദികളാക്കപ്പെട്ടവരുടെ മോചനത്തിനായി ചർച്ച നടത്തിവരികയാണെന്ന് അദ്ദേഹം പറഞ്ഞു. ബുധനാഴ്ച കൊല്ലപ്പെട്ടയാളുടെ കുടുംബാംഗങ്ങളെ സന്ദർശിച്ചശേഷമാണ് മന്ത്രിയുടെ പരാമർശം.
മണിപ്പുരിൽ മൂന്നു പാസ്റ്റർമാർ കൊല്ലപ്പെട്ടതിനെത്തുടർന്ന് കുക്കി, നാഗാ വിഭാഗങ്ങൾ ആഹ്വാനം ചെയ്ത 48 മണിക്കൂർ ബന്ദ് പൂർണമായിരുന്നു.
കാങ്പോക്പി, ചുരാചന്ദ്പുർ, ചാന്ദേൽ ജില്ലകളിലായിരുന്നു ബന്ദ്. കുക്കികളുടെ അപ്പെക്സ് ബോഡിയായ കുക്കി ഇൻപി മണിപ്പുർ ആണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്.
കാങ്പോക്പി ജില്ലയിലാണ് മൂന്നു പാസ്റ്റർമാരെ തീവ്രവാദികൾ വെടിവച്ചുകൊന്നത്. മൂന്നു പാസ്റ്റർമാരെ തീവ്രവാദികൾ കൊല്ലപ്പെടുത്തിയതിനെ മിസോറം, മണിപ്പുർ മുഖ്യമന്ത്രിമാർ അപലപിച്ചു.
Tags : Kuki Naga hostage terrorists Manipur minister