കോഴിക്കോട്: രാമനാട്ടുകര സ്വദേശിക്ക് നിപ ബാധിച്ചതിന്റെ ഉറവിടമേതെന്നു ഇനിയും കണ്ടെത്താനാവാതെ ആരോഗ്യവകുപ്പ്.
വവ്വാലുകളില്‍ നിന്നാണ് സാധാരണയായി നിപ പടരുന്നതെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നതെങ്കിലും നിപ രോഗബാധിതന്റെ വീടിനു സമീപത്തു നിന്ന് പിടിച്ച വവ്വാലുകളുടെ പരിശോധനാ ഫലം നെഗറ്റീവായത് അധികൃതരെ കുഴക്കുകയാണ്. മൃഗസംരക്ഷണ വകുപ്പ് പിടിച്ച വവ്വാലുകളില്‍ നടത്തിയ പരിശോധനയാണ് നെഗറ്റീവായത്.
പ്രദേശത്ത് നിന്ന് ശേഖരിച്ച വവ്വാലുകളുടെ കാഷ്ഠത്തിലും നിപ വൈറസിന്റെ സാന്നിധ്യമില്ല. നിപ രോഗബാധിതന്റെ അഞ്ചുകിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളില്‍ നിന്നാണ് വവ്വാലുകളെ പിടികൂടി പരിശോധനയ്ക്ക് അയച്ചത്. ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസില്‍ ആണ് പരിശോധന നടത്തിയത്. രോഗി വാടകയ്ക്കെടുത്ത ഗോഡൗണിന് സമീപമുള്ള വളര്‍ത്തുമൃഗങ്ങളുടെ സാമ്പിളും നെഗറ്റീവാണ്.
ഗോഡൗണ്‍ രാമനാട്ടുകര സ്വദേശി ഒറ്റയ്ക്കാണ് വൃത്തിയാക്കിയത്. ഗോഡൗണില്‍ തമ്പടിച്ച വവ്വാലുകളില്‍ നിന്നായിരിക്കാം നിപ ബാധിച്ചതെന്നായിരുന്നു ആദ്യ നിഗമനം.
പിന്നീട്, നിപ രോഗബാധിതന് വീട്ടുമുറ്റത്തെ സപ്പോട്ട പഴം കഴിച്ചതില്‍ നിന്നാകാം നിപ ബാധിച്ചതെന്നും ആരോഗ്യവകുപ്പ് സംശയം പ്രകടിപ്പിച്ചിരുന്നു. വവ്വാലുകള്‍ കടിച്ച പഴം രോഗബാധിതന് ഭക്ഷിച്ചിട്ടുണ്ടാകാമെന്നായിരുന്നു സംശയം.
പക്ഷേ രോഗബാധിതന്റെ വീട്ടുപരിസരത്തു നിന്നടക്കം പിടിച്ച വവ്വാലുകളുടെ പരിശോധനാ ഫലവും നെഗറ്റീവായതോടെ നിപ രോഗ ഉറവിടം ഏതാണെന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. അതിനിടെ രോഗബാധിതനുമായി സമ്പര്ക്കമുണ്ടായവരടക്കം പുതിയതായി ആര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല എന്നത് ആരോഗ്യവകുപ്പിന് ആശ്വാസം പകരുന്നുണ്ട്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് പ്രതിപക്ഷം നിയമസഭയിലടക്കം ഉയര്‍ത്തിയ ആരോപണങ്ങള്‍ പ്രാഥമികഘട്ടത്തില്‍ സര്‍ക്കാരിനു തലവേദനയായിരുന്നു.
എന്നാല്‍, ഈ മാസം 11 മുതല്‍ കൃത്യമായ റൂട്ട് മാപ്പ് തയാറാക്കി എല്ലാ സമ്പര്‍ക്ക സാധ്യതകളും കണ്ടെത്തി ആരോഗ്യവകുപ്പ് നടത്തിയ പഴുതടച്ച പ്രതിരോധം ആരോഗ്യവകുപ്പിന്റെ മുഖം രക്ഷിച്ചു. നിപ റിപ്പോര്‍ട്ട് ചെയ്തിട്ടും കണ്ടെയ്ന്മെന്റ് സോണുകള്‍ പ്രഖ്യാപിക്കാത്തതിനെതിരേ പി.എ. മുഹമ്മദ് റിയാസ് എംഎല്‍എ കടുത്ത ആരോപണം ഉയര്‍ത്തിയിരുന്നു. പക്ഷെ രോഗം കൂടുതല്‍ പേരിലേക്ക് പകര്‍ന്നിട്ടില്ല എന്ന കൃത്യമായ നിഗമനത്തില്‍ കണ്ടൈന്‍മെന്റ് നടപടികള്‍ ഇല്ലാതെതന്നെരോഗം വരുതിയിലാക്കാന്‍ ആരോഗ്യവകുപ്പിനു കഴിയുകയും ചെയ്തു.