കൊച്ചി: ബാലറ്റിൽ പേര് മാറ്റം പരിഗണിക്കണം എന്ന ആവശ്യവുമായി വീണ്ടും ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി തൃപ്പൂണിത്തുറയിലെ എൻഡിഎ സ്ഥാനാർഥി അഞ്ജലി നായർ.
തിങ്കളാഴ്ച ഇക്കാര്യം വീണ്ടും കോടതിയുടെ ശ്രദ്ധയിൽ പെടുത്തും. ബാലറ്റിൽ പേര് ഉൾപ്പെടുത്തുന്നത് പരിഗണിക്കണമെന്ന് ഹൈക്കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു. എന്നാൽ അപേക്ഷ നൽകാൻ സമയം വൈകി എന്ന കാരണത്തിൽ വാരണാധികാരി പേരുമാറ്റം അംഗീകരിച്ചില്ല.
ഇതിനെതിരെയാണ് അഞ്ജലി നായർ വീണ്ടും കോടതിയെ സമീപിക്കുന്നത്. കോടതി നിർദേശത്തിന് വരണാധികാരി പുല്ലുവിലയാണ് നൽകിയതെന്ന് സ്ഥാനാർഥിയായ അഞ്ജലി നായർ പ്രതികരിച്ചു.
അഞ്ജലി നായര്‍ എന്ന് പുതുക്കി പ്രസിദ്ധീകരിക്കണമെന്ന ആവശ്യം വരണാധികാരി നിരസിച്ചതോടെ സ്ഥാനാര്‍ഥിയുടെ പേര് ബാലറ്റിൽ പി.വി. അജ്ഞലി എന്നു തന്നെയായിരിക്കും. പേര് പുതുക്കാൻ അപേക്ഷ നൽകിയത് മാര്‍ച്ച് 31നാണ്.
അതിനു മുന്നേ തന്നെ ഹോം വോട്ടിങ്ങും പോസ്റ്റൽ വോട്ട് നടപടികളും തുടങ്ങിയിരുന്നതിനാൽ, പേരുമാറ്റം അംഗീകരിക്കാനാകില്ലെന്ന് വരണാധികരി നിലപാട് എടുക്കുകയായിരുന്നു. നാമനിര്‍ദേശ പത്രിക നൽകുമ്പോഴുള്ള അജ്ഞലി പി.വി.എന്ന പേരു തന്നെയാണ് ബാലറ്റിലുള്ളത്.
അജ്ഞലി എന്ന് പേരുള്ള മറ്റൊരു സ്ഥാനാര്‍ഥി ഇല്ല, സ്ഥാനാര്‍ഥിയുടെ പേരും ചിഹ്നവും ഫോട്ടോയും ബാലറ്റിൽ ക്രമീകരിക്കുന്നതിനാൽ, തിരിച്ചറിയൽ പ്രശ്നങ്ങൾ ഇല്ലെന്നും ചുണ്ടിക്കാട്ടിയാണ് അഞ്ജലി നായരുടെ അപേക്ഷ വരണാധികാരി തള്ളിയത്.