ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളും സുരക്ഷാ ആശങ്കകളും കണക്കിലെടുത്ത് സൗദി അറേബ്യയിലേക്കുള്ള വിമാനസര്‍വീസുകൾ ഇൻഡിഗോ വീണ്ടും റദ്ദാക്കി. ജിദ്ദ, മദീന നഗരങ്ങളിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ ഈ മാസം 21 വരെയും റിയാദ്, ദമാം സര്‍വീസുകള്‍ 30 വരെയുമാണ് റദ്ദാക്കിയത്.
ഇതോടെ സൗദിയിലേക്കും തിരിച്ചുമുള്ള യാത്രയ്ക്കു തയാറെടുത്തിരുന്ന ആയിരക്കണക്കിനു പ്രവാസികളും ഉംറ തീര്‍ഥാടകരും പ്രതിസന്ധിയിലായി.
ടിക്കറ്റ് റീബുക്കിംഗ് അല്ലെങ്കില്‍ പണം മടക്കി നല്കല്, ബദല്‍ യാത്രാസംവിധാനങ്ങള്‍ എന്നിവയ്ക്കുള്ള സഹായവും കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതുള്‍പ്പടെയുള്ള വിവരങ്ങള്‍ ബുക്കിംഗിന് നല്കിയ മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ വിലാസം എന്നിവ വഴി യാത്രക്കാരെ അറിയിക്കുന്നുണ്ടെന്ന് കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.
എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ്, ആകാശ എയര്‍ എന്നിവയും സൗദി സര്‍വീസുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.