പാലക്കാട്: വനിത ടിടിഇയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച് കടന്ന് കളഞ്ഞ കുപ്രസിദ്ധ മോഷ്ടാവ് മാറാട് റഷീദ് പിടിയിൽ. റെയിൽവെ പൊലിസാണ് പ്രതിയെ പിടികൂടിയത്.
ഞായറാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം നടന്നത്. ടിക്കറ്റ് പരിശോധന ജോലി കഴിഞ്ഞ് കളക്ഷൻ തുക കൗണ്ടറിൽ അടയ്ക്കാൻ എത്തിയതായിരുന്നു കൊല്ലം സ്വദേശിയായ ടിടിഇ സിന്ധു. ഇവരുടെ അടുത്തെത്തിയ മോഷ്ടാവ് ആയിരം രൂപക്ക് ചില്ലറ ചോദിച്ചു. ശ്രദ്ധ മാറിയ സമയം പരാതിക്കാരിയുടെ വില കൂടിയ മൊബൈൽ ഫോൺ കൈവശപ്പെടുത്തി മുങ്ങുകയുമായിരുന്നു പ്രതി.
തുടർന്ന് ടിടിഇ റെയിൽവെ പൊലിസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയുമായിരുന്നു. സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ കളവ് മുതൽ സഹിതം ഷൊർണൂരിൽ നിന്നും റെയിൽവെ പൊലിസ് മോഷ്ടാവിനെ പിടികൂടി.
കോഴിക്കോട് മെഡിക്കൽ കോളജ് പൊലിസ് സ്റ്റേഷനിൽ മോഷണ കേസുകളും ഗാന്ധി നഗർ, അമ്പലപ്പുഴ, തൃശൂർ മെഡിക്കൽ കോളജ് എന്നീ പൊലിസ് സ്റ്റേഷനുകളിലായി ഓരോ കേസും ഇയാൾക്കെതിരെയുണ്ട്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.