Kerala
കൊച്ചി: പാട്ടത്തിനെടുത്ത പാടങ്ങളിൽ വായ്പയെടുത്ത് ആരംഭിച്ച ചെമ്മീന്‍കൃഷി അപ്രതീക്ഷിതമായെത്തിയ വൈറസ് വിഴുങ്ങിയതിന്റെ സങ്കടത്തിൽ ചെമ്മീന്‍ കര്‍ഷകര്‍. മധ്യകേരളത്തിലെ തീരങ്ങളോടുചേര്ന്നുള്ള ചെമ്മീന്‍ കെട്ടുകളിലാണ് വൈറ്റ് സ്പോട്ട് സിന്‍ഡ്രോം വൈറസ് (വെള്ളക്കുത്ത്) വ്യാപിച്ച് ചെമ്മീനുകള്‍ ചത്തൊടുങ്ങുന്നത്.
ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളിലെ ചെമ്മീന്കെട്ടുകളിലാണ് വൈറസ് വ്യാപനം രൂക്ഷമായിട്ടുള്ളത്. മൂന്നു ജില്ലകളിലായി 10,000 ഏക്കറിലധികം പാടശേഖരത്ത് ചെമ്മീന്കെട്ടുകളൊരുക്കിയാണ് കൃഷി. 80 ശതമാനം ചെമ്മീന്‍കെട്ടുകളിലും വൈറസ് ബാധയുണ്ടെന്ന് കര്‍ഷകര്‍ പറയുന്നു.
ചെമ്മീനുകള്‍ ചത്തൊടുങ്ങുന്നത് ചെമ്മീന്‍കെട്ടുകളിലെ ഉത്പാദനത്തില്‍ വലിയ കുറവുണ്ടാക്കി. 100 കിലോ ചെമ്മീന്‍ വിളവെടുത്തിരുന്ന കെട്ടുകളില്‍ ഇപ്പോഴിത് 20-30 കിലോയിലേക്ക് താഴ്ന്നു. നവംബര്‍ മുതല്‍ ഏപ്രില്‍ വരെയാണു കെട്ടുകളില്‍ കൃഷിയുടെ സീസണ്.
പൊക്കാളി കൃഷിയുടെ സമയക്രമത്തെ ആധാരമാക്കിയാണ് മധ്യകേരളത്തിലെ ചെമ്മീന്‍കൃഷി അധികവും നടക്കുന്നത്. ചെമ്മീന്‍കുഞ്ഞുങ്ങളെ നിക്ഷേപിച്ച് പരിപാലിച്ചു വളര്‍ത്തി വിളവെടുക്കാന്‍ ഒരുങ്ങുന്ന ഘട്ടത്തിലുള്ള വൈറസ് വ്യാപനം കൃഷിക്കാരെ കനത്ത സാമ്പത്തിക നഷ്ടത്തിലേക്കാണു തള്ളിയിടുന്നത്.
കാര, നീരന്‍ ഇനങ്ങളിലെ ചെമ്മീനുകള്‍ ഈ സമയത്ത് വലിയ അളവില്‍ വിളവെടുത്തിരുന്നതാണ്. ഇക്കുറി ഉത്പാദനത്തോത് പകുതിയില്‍ താഴെയായെന്ന് കൃഷിക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ചെമ്മീനുകളിലെ വൈറസ് ബാധ നേരത്തേയും ഉണ്ടായിട്ടുണ്ടെങ്കിലും ഇത്രയും വ്യാപകമായി നഷ്ടമുണ്ടാകുന്നത് ആദ്യമാണെന്ന് കേരള അക്വാ ഫാര്‍മേഴ്സ് ഫെഡറേഷന് (കാഫ്) ജനറല്‍ സെക്രട്ടറി കെ.എക്സ്. സെബാസ്റ്റ്യന്‍ പറഞ്ഞു.
രോഗം ബാധിച്ച ചെമ്മീനുകളെ പൂര്‍ണമായി മാറ്റി പുതിയ കുഞ്ഞുങ്ങളെ നിക്ഷേപിച്ച കര്‍ഷകര്‍ക്ക് കെട്ടുകളുടെ ലൈസന്‍സ് കാലാവധിയും പ്രതിസന്ധിയാകുകയാണ്. രണ്ടാമതു നിക്ഷേപിച്ച ചെമ്മീന്‍കുഞ്ഞുങ്ങള്‍ വിളവെടുപ്പിനു പാകപ്പെടാന്‍ ഏപ്രില്‍-മേയ് മാസങ്ങളാകും. ഫിഷറീസ് വകുപ്പിന്റെ ലൈസന്‍സ് കാലാവധി മാര്‍ച്ചില്‍ അവസാനിക്കും. ലൈസന്‍സ് കാലാവധി രണ്ടു മാസംകൂടി നീട്ടിനല്‍കണമെന്നാവശ്യപ്പെട്ട് ഫിഷറിസ് മന്ത്രിക്കു കാഫ് ഭാരവാഹികള്‍ നിവേദനം നല്‍കിയിട്ടുണ്ട്.
വൈറ്റ് സ്പോട്ട് സിന്‍ഡ്രോം വൈറസ്
ചെമ്മീനുകളെ ബാധിക്കുന്ന ഗുരുതര വൈറസുകളിലൊന്നാണിത്. തലഭാഗത്തും കവചത്തിലും വെളുത്തപാടുകള്‍ ഉണ്ടാകുന്നതാണു പ്രധാന ലക്ഷണം. വേഗത്തില്‍ പടരുന്ന വൈറസാണിത്. വൈറസ് ബാധിച്ച ചെമ്മീനുകള്‍ ഭക്ഷണം സ്വീകരിക്കാന്‍ മടിക്കും. രോഗം പിടിപെട്ട ചെമ്മീനുകള്‍ മൂന്നുമുതല്‍ പത്തു വരെ ദിവസത്തിനുള്ളില്‍ ചത്തുപൊങ്ങുകയാണു പതിവ്.
Kerala
കോട്ടയം: ജില്ലയുടെ വിവിധ മേഖലകളില്‍ പനിയെത്തുടര്‍ന്നു വിട്ടുമാറാത്ത ചുമയുമായി കുട്ടികള്‍ അടക്കമുള്ള നിരവധിപേര്‍ ചികിത്സയില്‍.
ദിവസങ്ങളായി തുടരുന്ന ചുമ ജാഗ്രതയോടെ ചികിത്സിച്ചില്ലെങ്കില്‍ ന്യുമോണിയയ്ക്കു മുതല്‍ ആസ്മയ്ക്കുവരെ കാരണമായേക്കാമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്കുന്നു.
കുട്ടികളടക്കം നിരവധിപ്പേരാണു പനിയും ചുമയുമായി ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്നത്. ഏതാനും ദിവസങ്ങള്‍ കഴിയുമ്പോള്‍ പനി മാറുമെങ്കിലും ചുമ ആഴ്ചകളോളം നീണ്ടുനിൽക്കുകയാണ്.
റെസ്പിറേറ്ററി സിന്‍സിഷല്‍ വൈറസ്, റൈനോ വൈറസ്, മെറ്റാന്യൂമോ വൈറസ് തുടങ്ങിയ വൈറസുകളാണു ചുമ മാറാതിരിക്കുന്നതിനു കാരണമെന്ന് ആരോഗ്യവകുപ്പ് പറയുമ്പോഴും കൃത്യമായ കാരണങ്ങള്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
പകല്‍ സമയത്തെ കടുത്ത ചൂടും വെയിലും രാത്രിയിലെ തണുപ്പുള്ള കാലാവസ്ഥയും ഓരോ ദിവസവും കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനവും അന്തരീക്ഷ മലിനീകരണവുമാണു പനിക്കും ചുമയ്ക്കും പ്രധാനകാരണം.
ആശുപത്രിയില്‍ എത്തുന്ന കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ചുമ, ജലദോഷം, പനി, തൊണ്ടവേദന എന്നീ ലക്ഷണങ്ങളുമായിട്ടാണെത്തുന്നത്.
നുറൂകണക്കിനാളുകളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ പനി ക്ലിനിക്കില്‍ മാത്രം ചികിത്സ തേടിയെത്തുന്നത്. സ്വകാര്യ ആശുപത്രികളും പനിബാധിതരാല്‍ നിറഞ്ഞു.
അന്തരീക്ഷ മലിനീകരണവും നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍നിന്നുള്ള പൊടിപടലങ്ങളും വാഹനങ്ങളിലെ പുകയും ഇപ്പോഴത്തെ ചുമയ്ക്ക് കാരണമാകുന്നുണ്ട്.
ചൂടും വെയിലും അലര്‍ജികള്‍ക്കും ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്കും വഴിവയ്ക്കും.
ജാഗ്രത പാലിക്കണം
പൊതുസ്ഥലങ്ങളില്‍ ഇറങ്ങുമ്പോള്‍ മാസ്ക് ധരിക്കുന്നത് പൊടിപടലങ്ങളില്‍നിന്നും രോഗാണുക്കളില്‍നിന്നും സംരക്ഷണമാകും. കടുത്ത ചൂടില്‍ ധാരാളം ശുദ്ധജലം കുടിക്കണം.
രോഗലക്ഷണങ്ങള്‍ തുടരുകയാണെങ്കില്‍ ഉടനടി ഡോക്ടറെ കണ്ടു പരിശോധന നടത്തണം. പനിയോ ജലദോഷമോ വന്നാല്‍ തുടക്കത്തില്‍തന്നെ ആന്റിവൈറല്‍ ചികിത്സ തേടണമെന്നാണു ഭൂരിഭാഗം ഡോക്ടര്‍മാരും പറയുന്നത്.
കോവിഡിനുശേഷം വൈറല്‍ രോഗങ്ങളെ തുടര്‍ന്നുള്ള ന്യുമോണിയ കൂടുതല്‍ അപകടകാരിയായി മാറിയതും സ്ഥിതി ആശങ്കാജനകമാകുന്നുണ്ട്.
സ്വന്തം നിലയ്ക്കു മരുന്നുകള്‍ വാങ്ങിക്കഴിക്കുകയും രോഗാവസ്ഥ കടുക്കുമ്പോള്‍ മാത്രം ചികിത്സ തേടുകയും ചെയ്യുന്നത് രോഗികളെ സെക്കന്‍ഡറി ഇന്‍ഫെക്ഷനിലേക്ക് നയിക്കും.
ചുമ കടുത്താല്‍ എക്സ്റേ, പള്‍മനറി ഫംഗ്ഷന് ടെസ്റ്റ് തുടങ്ങിയ രോഗനിര്‍ണയ മാര്‍ഗങ്ങള്‍ തേടേണ്ടിവരും. മൂന്നാഴ്ച കഴിഞ്ഞിട്ടും ചുമ രൂക്ഷമായി തുടര്‍ന്നാല്‍ പള്‍മനോളജിസ്റ്റിനെ നിര്‍ബന്ധമായും കാണിക്കണം.
സ്വന്തം നിലയ്ക്കു കഫ്സിറപ്പ് വാങ്ങിക്കഴിക്കുന്നത് ഗുണത്തേക്കാള്‍ ദോഷമാണ് ഉണ്ടാക്കുകയെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
അതേസമയം, വലിയ തോതില്‍ പനിയും വിട്ടുമാറാത്ത ചുമതയും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.
National
കോൽക്കത്ത: പശ്ചിമ ബംഗാളിൽ രണ്ട് നഴ്സുമാർക്ക് നിപ സ്ഥിരീകരിച്ചു. ഇവരുടെ നില ഗുരുതരമായി തുടരുകയാണ്. നിപയുടെ ഉറവിടം ഇതുവരെ കണ്ടെത്താനായില്ല.
നഴ്സുമാരുടെ സമ്പർക്ക പട്ടികയിൽ 120 പേർ ഉള്‍പ്പെട്ടിട്ടുണ്ട്. കൂടുതലും ആരോഗ്യപ്രവർത്തകരാണ്. ബാരാസത്തിലെ സ്വകാര്യ ആശുപത്രിയിൽ ജോലിചെയ്യുന്ന നഴ്സുമാർക്കാണ് നിപ സ്ഥിരീകരിച്ചത്.
അതേസമയം, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ബംഗാൾ സർക്കാർ അറിയിച്ചു. സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്രം പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
District News
മലപ്പുറം ജില്ലയിൽ നിപ വൈറസ് ആശങ്ക ഒഴിഞ്ഞു. ജില്ലയിൽ നിപ രോഗികളുമായി നേരിട്ട് സമ്പർക്കം പുലർത്തിയവരുടെയെല്ലാം പരിശോധനാ ഫലങ്ങൾ നെഗറ്റീവായതായി ആരോഗ്യവകുപ്പ് അറിയിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി അതീവ ജാഗ്രതയിലായിരുന്ന ജില്ലയ്ക്ക് ഇത് വലിയ ആശ്വാസമാണ് നൽകുന്നത്. ആരോഗ്യവകുപ്പിന്റെ കനത്ത നിരീക്ഷണവും പ്രതിരോധ പ്രവർത്തനങ്ങളും ഫലം കണ്ടു എന്നതാണ് ഈ ഘട്ടത്തിൽ ശ്രദ്ധേയം.
ജില്ലയിൽ നിപ സംശയിച്ച് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 203 പേരിൽ 46 പേരുടെയും സാമ്പിളുകൾ ഇതിനോടകം നെഗറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു. ഐസിയുവിൽ ചികിത്സയിലായിരുന്ന രണ്ട് പേരുൾപ്പെടെ 11 പേർ നിലവിൽ മലപ്പുറത്ത് ചികിത്സയിലുണ്ട്. ഇവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. തുടർച്ചയായ ബോധവൽക്കരണവും പ്രതിരോധ പ്രവർത്തനങ്ങളും മുന്നോട്ട് കൊണ്ടുപോകാനാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്.
പുനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നിന്നുള്ള വിദഗ്ദ്ധ സംഘം മലപ്പുറം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. നിപ വ്യാപനം തടയാനുള്ള നടപടികൾ സെപ്റ്റംബർ വരെ തുടരാനാണ് ആരോഗ്യവകുപ്പിന്റെ നിർദേശം. വവ്വാലുകളിലെ വൈറസ് സാന്നിധ്യം പഠിക്കുന്നതിനായി മറ്റൊരു സംഘം ഉടൻ മലപ്പുറത്ത് എത്തുമെന്നും അറിയിച്ചിട്ടുണ്ട്.