തിരുവനന്തപുരം: സത്യപ്രതിജ്ഞാ ചടങ്ങിനിടെ പ്രതിപക്ഷ നേതാവ് പിണറായിയെ അഭിവാദ്യം ചെയ്ത് സിപിഎം വിട്ട പ്രമുഖർ. പാർട്ടി വിട്ട് തളിപ്പറമ്പില്‍ സ്വതന്ത്രനായി മത്സരിച്ചു വിജയിച്ച ടി.കെ.ഗോവിന്ദന് സത്യവാചകം ചൊല്ലുന്നതിനു മുന്‍പ് പിണറായി വിജയന്റെ അടുത്തെത്തി ഹസ്തദാനം ചെയ്തു. പിന്നാലെ ഭരണബെഞ്ചിലെ അംഗങ്ങൾ കൈയടിച്ചു.
സിപിഎം വിട്ട് പയ്യന്നൂരില്‍ മത്സരിച്ചു വിജയിച്ച വി.കുഞ്ഞികൃഷ്ണന് എംഎല്‍എയും സത്യപ്രതിജ്ഞയ്ക്കു ശേഷം പിണറായി വിജയനെ അഭിവാദ്യം ചെയ്താണു മടങ്ങിയത്. ഇരുവരും സഗൗരവമാണ് സത്യപ്രതിജ്ഞ ചെയ്തത്.
അതേസമയം സത്യപ്രതിജ്ഞയ്ക്കു ശേഷം കെ.എന്‍.ബാലഗോപാല്‍ ഉള്‍പ്പെടെ ഇടത് എംഎല്‍എമാര്‍ സ്പീക്കറുടെ ഡയസിലെത്തി പ്രോടെം സ്പീക്കര്‍ ജി.സുധാകരനെ അഭിവാദ്യം ചെയ്താണ് സീറ്റിലേക്കു മടങ്ങിയത്.