Kerala
കൊച്ചി: എറണാകുളം മരടിൽ അപകടാവസ്ഥയിലായിരുന്ന കെട്ടിടം പൊളിച്ചുമാറ്റുന്നതിനിടെ ഭിത്തി ഇടിഞ്ഞുവീണ് തൊഴിലാളി മരിച്ചു. നെട്ടൂർ പുളിയംപിള്ളി നിയാസ് (37) ആണ് മരിച്ചത്
ഇന്ന് ഉച്ചയ്ക്ക് ഒന്നോടെയാണ് സംഭവം. പൊളിച്ചു കൊണ്ടിരുന്ന വീടിന്റെ ഭിത്തിയാണ് ഇടിഞ്ഞുവീണത്. മരട് ആറ്റുംപുറം റോഡിൽ വേലുവിന്റെ ഉടമസ്ഥതയിലുള്ള ആൾ താമസമില്ലാത്ത വീട് പൊളിച്ചുമാറ്റുന്നതിനിടെ ഭിത്തി ഇടിഞ്ഞ് നിയാസിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു.
മൂന്ന് തൊഴിലാളികളാണ് കെട്ടിടം പൊളിക്കുന്നതിനായി ഉണ്ടായിരുന്നത്. ഭിത്തി ഇടിഞ്ഞുവീണപ്പോൾ മറ്റ് തൊഴിലാളികൾ ഓടിമാറി. എന്നാൽ, നിയാസിന് രക്ഷപ്പെടാൻ കഴിഞ്ഞില്ല. തൊഴിലാളികളും നാട്ടുകാരും ചേർന്ന് ഉടൻ തന്നെ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പി എസ് മിഷൻ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
District News
കുളത്തൂപ്പുഴ: കുളത്തൂപ്പുഴ പഞ്ചായത്തിൽ കുമരംകരിക്കം പ്രദേശത്തേക്കു കടന്നുപോകുന്ന തോടിന്റെ സംരക്ഷണഭിത്തി കെട്ടിയുയർത്തിയപ്പോൾ പാടത്തുകൂടി കടന്നുപോകുന്ന നടവഴിയിലേക്ക് ഇറങ്ങാൻ കഷ്ടപ്പാട് അനുഭവിക്കുകയാണ് പ്രദേശത്തെ താമസക്കാർ. ഏലാ വികസനത്തിനായി ലക്ഷങ്ങൾ മുടക്കി കൽക്കെട്ട് ഉയർത്തിക്കെട്ടിയതാണ് പ്രദേശത്തെ താമസക്കാർക്കു റോഡിലേക്ക് ഇറങ്ങുവാൻ ബുദ്ധിമുട്ടുണ്ടാക്കിയിരിക്കുന്നത്.
ഈ പ്രദേശത്തുകൂടെ ഒഴുകുന്ന തോടിന്റെ കരയിൽതാമസിക്കുന്ന ഒട്ടേറെ കുടുംബങ്ങൾക്കാണ് ഈ ദുർവിധി ഇപ്പോൾ ഉണ്ടായിരിക്കുന്നത്.
തോടിനു മറുകരയിൽ താമസിക്കുന്നവർ തോടിനു കുറുകെ കോൺക്രീറ്റ് സ്ലാബുകൾ സ്ഥാപിച്ചാണ് ഇപ്പോൾ യാത്ര ചെയ്യുന്നത്. സ്ത്രീകളും കുട്ടികളും സാഹസികമായാണ് ഇതുവഴി സഞ്ചരിക്കുന്നത്. ഇതിനൊരു ശാശ്വത പരിഹാരം കാണുവാൻ വേണ്ടി പ്രദേശവാസികൾ പഞ്ചായത്തിൽ പരാതി നൽകി കാത്തിരിക്കുകയാണ്.