കയ്പമംഗലം: കൂരിക്കുഴി കമ്പനിക്കടവിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞു. വള്ളത്തിലുണ്ടായിരുന്ന മൂന്ന് മത്സ്യത്തൊഴിലാളികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
കോവിൽ തെക്കേവളപ്പിൽ രാജേഷിന്റെ ഉടമസ്ഥതയിലുള്ള ശ്രീപാർവതി എന്ന മത്സ്യബന്ധനവള്ളമാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. മൂന്ന് തൊഴിലാളികൾചേർന്ന് മത്സ്യബന്ധനത്തിനായി വള്ളം കടലിലേക്ക് ഇറക്കുന്നതിനിടെയാണ് അപകടം. ശക്തമായ തിരമാല വള്ളത്തിൽ ആഞ്ഞടിച്ചതോടെ നിയന്ത്രണംനഷ്ടപ്പെട്ട വള്ളം മറിയുകയായിരുന്നു. കോഴിശേരി പ്രസാദ്, പോണത്ത് സുധീഷ്, കൈതവളപ്പിൽ കണ്ണൻ എന്നിവരാണ് വള്ളത്തിലുണ്ടായിരുന്നത്.
അപകടത്തിന് പിന്നാലെ മത്സ്യത്തൊഴിലാളികളും നാട്ടുകാരുംചേർന്ന് വടം ഉപയോഗിച്ച് വള്ളം കരയിലേക്ക്കയറ്റി. എന്നാൽ വള്ളത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചതായി തൊഴിലാളികൾ പറഞ്ഞു.അപകടത്തിൽ ഒന്നര ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചതായി ഉടമ രാജേഷ് കോവിൽ പറഞ്ഞു.