മാവേലിക്കര: ഭയത്തിന്റെയും, നിരാശയുടെയും മാറാലകൾ മാറ്റി പ്രകാശപൂർണമായ അനുഭവമാണ് ഉയിർപ്പ് പെരുന്നാൾ പ്രദാനം ചെയ്യുന്നതെന്നും ലോകത്തിന് സമാധാനത്തിന്റെ സന്ദേശമാണ് ഈസ്റ്റർ പകരുന്നതെന്നും മാവേലിക്കര ഭദ്രാസന പ്രഥമ മെത്രാപ്പോലീത്ത ബിഷപ് ഡോ ജോഷ്വാ മാർ ഇഗ്നാത്തിയോസ് ഈസ്റ്റർ സന്ദേശത്തിൽ പറഞ്ഞു .
ആധുനിക ലോകം യുദ്ധങ്ങൾ, പ്രകൃതിദുരന്തങ്ങൾ, സാമ്പത്തിക പ്രതിസന്ധികൾ, സാമൂഹിക അസമത്വങ്ങൾ തുടങ്ങിയ നിരവധി വെല്ലുവിളികളിലൂടെയും സംഘർഷങ്ങളിലൂടെയുമാണ് കടന്നുപോകുന്നത്. ഈ പ്രതിസന്ധികൾ മനുഷ്യ മനസുകളിൽ നിരാശയുടെ കരിനിഴൽ വീഴ്ത്തുമ്പോൾ പ്രത്യാശയുടെയും പ്രതീക്ഷയുടെയും പുത്തൻ ചിന്തകൾ നമ്മിൽ ഉണർത്തുവാൻ ഉത്ഥാന സത്യത്തിനു കഴിയും.
ക്രിസ്തീയ വിശ്വാസത്തെ നിസ്തുലവും അർഥ പൂർണവുമാക്കുന്ന ചരിത്ര സത്യമാണ് യേശുക്രിസ്തുവിൻറെ ഉത്ഥാനം.യേശു ക്രിസ്തുവിന്റെ ഉത്ഥാനം സംഭവിക്കാതെയിരുന്നെങ്കിൽ ക്രൈസ്തവ ചിന്തകൾ കേവലം ചില പഴങ്കഥകൾ മാത്രമാകുമായിരുന്നു.
അതുകൊണ്ടാണ് വിശുദ്ധ പൗലോസ് ക്രിസ്തു ഉയിർത്തെഴുന്നേറ്റിട്ടില്ലെങ്കിൽ ഞങ്ങളുടെ പ്രസംഗം വ്യർത്ഥം, നിങ്ങളുടെ വിശ്വാസവും വ്യർത്ഥം എന്ന് അസന്നിഗ്ദ്ധമായി പറയുന്നത്. ഉയിർപ്പ് നിഷേധിക്കാനാവാത്ത ഒരു ചരിത്ര വസ്തുതയാണ്. ഈ സത്യം അപ്പോസ്തോലന്റെ വാക്കുകളുടെ പശ്ചാത്തലത്തിൽ കാണാം.
യേശുവിൻറെ ഉത്ഥാനം ക്രിസ്തീയ വിശ്വാസത്തിൻറെ അടിസ്ഥാന ശിലയാണ്. അതിനാലാണ് അപ്പോസ്തോലൻമാരുടെയും ആദിമ സഭയുടെയും പ്രസംഗത്തിൻറെ മുഖ്യ പ്രമേയമായി യേശുവിൻറെ ഉത്ഥാനത്തെ സ്വീകരിച്ചത്.
എക്കാലവും സഭ പ്രഘോഷിക്കുന്നതും ഇതുതന്നെയാണ്. അതിശൈത്യത്തിൽ ഇലകൾ കൊഴിഞ്ഞ മരങ്ങളിലും, ഭൂമിയിൽ കിടക്കുന്ന വിത്തുകളിലും പുതിയ മുകുളങ്ങളും ഇലകളും പൂക്കളും വിരിയുന്ന സുന്ദരമായ കാലഘട്ടത്തിലെ ഒരു ഉത്സവവുമായി ബന്ധമുള്ള പദമായിരുന്നു ഈസ്റ്റർ.
യേശുവിന്റെ ഉയിർപ്പിനെ വിശദീകരിക്കാൻ സഭ സ്വീകരിച്ച മനോഹരമായ ഒരു രൂപകമായി ഇതിനെ മനസിലാക്കണം. ജീവിതത്തിൽ ഉണ്ടാകേണ്ട നവീകരണത്തെയും ഉത്ഥാനം അർത്ഥമാക്കുന്നു. എല്ലാ അർത്ഥത്തിലും പുതുജീവൻറെ പെരുനാളായി ഈസ്റ്ററിനെ കാണാം.
സത്യത്തിൻറെയും, ശാന്തിയുടെയും, ധർമത്തിൻറെയും മാർഗമാണ് ആത്യന്തികമായി വിജയിക്കുന്നത്. ഉയിർപ്പു പെരുന്നാൾ ഇതാണ് നമ്മളെ ഓർമിപ്പിക്കുന്നതെന്നും ജോഷ്വാ മാർ ഇഗ്നാത്തിയോസ് പറഞ്ഞു.