National
ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ഉത്തർപ്രദേശിൽ നടത്താനിരുന്ന വിദ്യാർഥി സംഗമ പരിപാടിയായ ഛാത്രോൺ കീ ഗൂഞ്ചിന്റെ (വിദ്യാർഥികളുടെ പ്രതിധ്വനി) അനുമതി പിൻവലിച്ചു.
നാളെ ഉത്തർപ്രദേശിലെ പ്രയാഗ്രാജിലുള്ള കെ.പി. കോളജ് ഗ്രൗണ്ടിൽ നടത്താനിരുന്ന പരിപാടിയാണു കോളജ് അധികൃതരായ കെ.പി. ട്രസ്റ്റ് റദ്ദാക്കിയത്.
കോളജ് ഗ്രൗണ്ട് കായികപരവും വിദ്യാഭ്യാസപരവുമായ പ്രവർത്തനങ്ങൾക്കല്ലാതെ ഉപയോഗിക്കരുതെന്ന് അലഹാബാദ് ഹൈക്കോടതി ഉത്തരവുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്.
തടയാനാകില്ല:രാഹുൽ
പ്രയാഗ്രാജിലെ ഛാത്രോൺ കീ ഗൂഞ്ച് പരിപാടി സാധ്യമായ ഏതു വിധേനയും നടത്താതിരിക്കാൻ ഭരണകൂടം ശ്രമിക്കുകയാണെന്ന് രാഹുൽ ഗാന്ധി എക്സിലൂടെ കുറ്റപ്പെടുത്തി.
വിദ്യാർഥികളുടെ പ്രതിധ്വനിയെപ്പോലും അവർ ഭയപ്പെടുന്നു എന്നത് വ്യക്തമാണെന്നും സർക്കാർ എത്ര ശ്രമിച്ചാലും വിദ്യാർഥികളുടെ ശബ്ദം ഉയർത്തുന്നതിൽനിന്നു തന്നെ തടയാനാകില്ലെന്നും രാഹുൽ കുറിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ആലപ്പുഴ, കോഴിക്കോട്, എറണാകുളം, വയനാട് ജില്ലകളിലെ ഓറഞ്ച് അലർട്ട് പിൻവലിച്ചു.
കാസർഗോഡ്, കോട്ടയം, കണ്ണൂർ, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരും. വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടാണ്. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ഒറ്റപ്പെട്ട അതിശക്തമായ മഴ തുടരും. വരുന്ന മൂന്ന് ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ തീരങ്ങളിൽ നാളെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലിൽ പോകുന്നവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
National
ചെന്നൈ: നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരേ സമരം ചെയ്ത വിദ്യാര്ഥികള്ക്കെതിരെ രജിസ്റ്റര് ചെയ്ത കേസുകള് പിന്വലിക്കുമെന്ന് തമിഴ്നാട് സര്ക്കാർ.
മുഖ്യമന്ത്രി സി. ജോസഫ് വിജയ്യുടെ നിര്ദേശപ്രകാരമാണ് തീരുമാനമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി എ. രാജ്മോഹന് വ്യക്തമാക്കി.
നീറ്റ് ചോദ്യപേപ്പര് ചോര്ച്ചയുമായി ബന്ധപ്പെട്ട പ്രഷേതിധങ്ങളില് പങ്കെടുത്തവര്ക്കെതിരേ കേസെടുത്തതില് സര്ക്കാരിനെതിരേ വിമര്ശനങ്ങള് ഉയര്ന്നിരുന്നു.ഇതിനു പിന്നാലെയാണ് സര്ക്കാരിന്റെ തീരുമാനം.
Kerala
ചങ്ങനാശേരി: എയ്ഡഡ് സ്കൂളിലെ താത്കാലിക ഒഴിവുകളിലേക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം നിര്ബന്ധമാക്കുന്ന പൊതുവിദ്യാഭ്യാസ ഡയറക് ടറുടെ നിര്ദേശം അടിയന്തരമായി പിന്വലിക്കുന്നതിന് സര്ക്കാര് നടപടി സ്വീകരിക്കണമെന്ന് എന്എസ്എസ് ജനറല് സെക്രട്ടറി ജി. സുകുമാരന് നായര്.
കേരള വിദ്യാഭ്യാസ നിയമം വകുപ്പ് 11 പ്രകാരവും അധ്യായം 14എയിലെ ചട്ടങ്ങള് പ്രകാരവും എയ്ഡഡ് സ്കൂളിലെ അധ്യാപക-അനധ്യാപകര് ഉള്പ്പെടെയുളള എല്ലാ നിയമനങ്ങളും നടത്താനുള്ള പൂര്ണ അധികാരം സ്കൂള് മാനേജര്ക്ക് മാത്രമാണ്.
താത്കാലിക ഒഴിവുകള് ആയാല്പോലും നിയമനം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി വേണം എന്ന് നിര്ദേശിക്കുന്നതിലൂടെ പൊതുവിദ്യാഭ്യാസ ഡയറക്ടര് കേരള വിദ്യാഭ്യാസ നിയമങ്ങളും ചട്ടങ്ങളും ഒരു സര്ക്കുലറിലൂടെ മാറ്റിമറിക്കുകയാണ് ചെയ്തിരിക്കുന്നത്.
ഹയര് സെക്കന്ഡറി തലത്തില് പ്രതേ്യക വിഷയങ്ങളില് മികച്ച അക്കാദമിക് യോഗ്യതയുള്ളവരെ കണ്ടെത്തേണ്ടതുണ്ട്. പക്ഷേ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയുള്ള ലിസ്റ്റില് സീനിയോറിറ്റി മാത്രമാണ് ബാധകമാക്കുന്നത്.
ഇത് വിദ്യാര്ഥികളുടെ വിദ്യാഭ്യാസ ഗുണനിലവാരത്തെ ഗണ്യമായി ബാധിക്കുന്നതാണ്. കൂടാതെ പ്രസവാവധി, മെഡിക്കല് ലീവ് എന്നിവ കാരണം പെട്ടെന്നുണ്ടാകുന്ന താത്കാലിക ഒഴിവുകളില് കുട്ടികളുടെ പഠനം മുടങ്ങാതിരിക്കാന് അടിയന്തരമായി നിയമനം നടത്തേണ്ടിവരും.
എയ്ഡഡ് സ്കൂളുകളുടെ ചരിത്രം എന്തെന്ന് മനസിലാക്കാതെയാണ് ഈ നടപടി സ്വീകരിച്ചിട്ടുള്ളതെങ്കില് അത് തികച്ചും വിവേചനപരം തന്നെയാണെന്നും എന്എസ്എസ് ജനറല് സെക്രട്ടറി പ്രതികരിച്ചു.
Kerala
കൊച്ചി: കോടതി ഉത്തരവുണ്ടായിട്ടും പോലീസ് ഉദ്യോഗസ്ഥര് പീഡിപ്പിച്ചെന്ന പരാതിയില് പ്രതികളെ രക്ഷിക്കുന്ന രീതിയിലാണു കേസെടുത്തിരിക്കുന്നതെന്ന് ആരോപിച്ച് അതിജീവിത നല്കിയ ഹര്ജി പിന്വലിച്ചു.
പ്രതികളുടെ പേര് എഫ്ഐആറില് ഒഴിവാക്കിയെന്നും തന്റെ പേര് വെളിപ്പെടുത്തിയെന്നുമടക്കം ആരോപിച്ചാണ് അതിജീവിത കോടതിയെ സമീപിച്ചത്.
മൂന്ന് പോലീസ് ഉദ്യോഗസ്ഥര് പീഡനം നടത്തിയ സംഭവം ഒറ്റക്കേസായാണു പരിഗണിക്കേണ്ടതെന്ന ആവശ്യവും പോലീസ് തള്ളിയതായും ഹര്ജിയില് ചൂണ്ടിക്കാട്ടിയിരുന്നു.
Kerala
ന്യൂഡൽഹി: വിദേശ സംഭാവന നിയന്ത്രണ നിയമമായ എഫ്സിആർഎയിലെ ഭേദഗതികൾ രാജ്യത്ത് മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്നു പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി കേന്ദ്രസർക്കാർ വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിൽ കേരള കോൺഗ്രസ്-എം അധ്യക്ഷൻ ജോസ് കെ. മാണി.
അടുത്തിടെ എഫ്സിആർഎ ചട്ടങ്ങളിൽ വരുത്തിയ വലിയ മാറ്റങ്ങൾ രാജ്യത്ത് സുതാര്യമായും ആത്മാർഥമായും പ്രവർത്തിക്കുന്ന നിരവധി സംഘടനകളുടെ പ്രവർത്തനങ്ങളെ പൂർണമായി തടസപ്പെടുത്തുന്നതാണെന്ന് ജോസ് കെ. മാണി യോഗത്തിൽ ചൂണ്ടിക്കാണിച്ചു.
സംഘടനകളുടെ ആത്മാർഥതയും വിശ്വാസ്യതയും മാത്രം പരിശോധിച്ച് ആവശ്യമായ ചട്ടലഘൂകരണം വരുത്തണമെന്നും അനാവശ്യമായ കടുത്ത നിയന്ത്രണങ്ങൾ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Kerala
പത്തനംതിട്ട: സ്കൂളുകളില് തസ്തിക നിര്ണയത്തിന് പ്രൊവിഷണല് ഫിറ്റ്നസ് സര്ട്ടിഫിക്കറ്റ് സ്വീകാര്യമല്ലെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് പിന്വലിച്ചു.
സ്കൂളുകളില് അധ്യയനം മുടങ്ങാതിരിക്കാന് വേണ്ടി മാത്രമാണ് പ്രൊവിഷണല് ഫിറ്റ്നസ് സര്ട്ടിഫിക്കറ്റ് നല്കിയിരിക്കുന്നതെന്നും തസ്തിക നിര്ണയത്തിന് ഇതംഗീകരിക്കാനാകില്ലെന്നുമായിരുന്നു ഉത്തരവ്.
ഫിറ്റ്നസ് സര്ട്ടിഫിക്കറ്റില്ലെങ്കില് 15 മുതല് ശമ്പളം എഴുതാനാകില്ലെന്നും വ്യക്തമാക്കിയതോടെ അധ്യാപക സംഘടനകള് അടക്കം ഇതിനെതിരേ രംഗത്തുവന്നിരുന്നു. സര്ക്കാര് നിര്ദേശപ്രകാരമാണ് ഡിജിഇ ഉത്തവ് പിന്വലിച്ചത്.
Kerala
കൊച്ചി: കണ്ണൂര് റെയില്വേ സ്റ്റേഷനില് മുന് ആരോഗ്യ മന്ത്രി വീണ ജോര്ജിനെ ആക്രമിച്ചെന്ന കേസില് വധശ്രമമടക്കം അനാവശ്യമായി ചേര്ത്തതാണെന്നും ഡിവൈഎസ്പി റാങ്കില് കുറയാത്ത ഉദ്യോഗസ്ഥന് അന്വേഷിക്കണമെന്നുമാവശ്യപ്പെട്ട് നല്കിയ ഹര്ജി പിന്വലിച്ചു.
ജാമ്യമില്ലാ വകുപ്പുകള് പ്രകാരം കണ്ണൂര് റെയില്വേ പോലീസ് രജിസ്റ്റര് ചെയ്ത കേസ് റദ്ദാക്കണമെന്നതടക്കം ചൂണ്ടിക്കാട്ടി ഒന്നാം പ്രതിയായ കെഎസ്യു നേതാവ് എം.സി. അതുല് നല്കിയ ഹര്ജിയാണു പിന്വലിച്ചത്.
നേരത്തേ ഹര്ജി പരിഗണിച്ചപ്പോള്, വധശ്രമം അടക്കം വകുപ്പുകള് ഒഴിവാക്കി കേസില് കുറ്റപത്രം നല്കിയതായി സര്ക്കാര് അറിയിച്ചിരുന്നു. കുറ്റപത്രം ഹാജരാക്കാന് കോടതി നിര്ദേശിക്കുകയും ചെയ്തിരുന്നു.
ഇന്നലെ ഹര്ജി വീണ്ടും പരിഗണനയ്ക്കെത്തിയപ്പോള് പിന്വലിക്കുന്നതായി ഹര്ജിക്കാരന് അറിയിക്കുകയായിരുന്നു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില് മാറ്റം. ശനിയാഴ്ച മൂന്ന് ജില്ലകള്ക്ക് നല്കിയിരുന്ന റെഡ് അലര്ട്ട് പിന്വലിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകള്ക്ക് നല്കിയ അതിതീവ്ര മഴ മുന്നറിയിപ്പാണ് മാറ്റിയത്. ഈ ജില്ലകളില് ഓറഞ്ച് അലേര്ട്ട് പ്രഖ്യാപിച്ചു.
ശനിയാഴ്ച ഏഴ് ജില്ലകള്ക്ക് ഓറഞ്ച് അലര്ട്ടാണ്. ഇന്നത്തെ മഴ മുന്നറിയിപ്പില് മാറ്റമില്ല. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്, കാസര്കോട് ജില്ലകളിലെ റെഡ് അലര്ട്ട് തുടരുന്നു.
പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ടാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്.
ശനിയാഴ്ച തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ശനിയാഴ്ച യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് മുതൽ ഒമ്പത് വരെ കേരള -ലക്ഷദീപ് - കർണാടക തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
Kerala
പരവൂര്: പ്രോവിഡന്റ് ഫണ്ട് (ഇപിഎഫ്) വരിക്കാര്ക്ക് വലിയ ആശ്വാസമേകുന്ന പുതിയ പരിഷ്കാരങ്ങളുമായി കേന്ദ്രസര്ക്കാര്. ഇനിമുതല് വരിക്കാര്ക്ക് തങ്ങളുടെ പിഎഫ് തുക യുപിഐ പേമെന്റ് ഗേറ്റ്വേ വഴി നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലേക്ക് പിന്വലിക്കാനാകും.
ഇതിനായുള്ള സാങ്കേതിക പരീക്ഷണങ്ങള് വിജയകരമായി പൂര്ത്തിയായതായി കേന്ദ്ര തൊഴില്മന്ത്രാലയം അറിയിച്ചു.
ഏഴു കോടിയിലധികം വരുന്ന ഇപിഎഫ്ഒ വരിക്കാര്ക്ക് ഡിജിറ്റല് ഇടപാടുകള് കൂടുതല് സുഗമമാക്കാന് ലക്ഷ്യമിട്ടാണ് ഈ പുതിയ ചുവടുവയ്പ്.
നിലവില് പിഎഫ് തുക പിന്വലിക്കുന്നതിനുള്ള അപേക്ഷകള് പ്രോസസ് ചെയ്യുന്നതിന് വലിയ കാലതാമസം നേരിടുന്നുണ്ട്. എന്നാല് പുതിയ സംവിധാനത്തില്, വരിക്കാര്ക്ക് തങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റാന് സാധിക്കുന്ന ഇപിഎഫ് ബാലന്സ് തുക കൃത്യമായി കാണാനാകും. തുടര്ന്ന് ലിങ്ക് ചെയ്ത യുപിഐ പിന് ഉപയോഗിച്ച് സുരക്ഷിതമായി തുക ബാങ്ക് അക്കൗണ്ടിലേക്കു മാറ്റാം.
ഓട്ടോ സെറ്റില്മെന്റ് വഴി നിലവില് മൂന്നു ദിവസത്തിനകം പണം ലഭിക്കുന്നതിനുള്ള പരിധി ഒരു ലക്ഷത്തില്നിന്ന് അഞ്ചു ലക്ഷം രൂപയായി നേരത്തേ ഉയര്ത്തിയിരുന്നു. ഇതിനുപിന്നാലെയാണ് യുപിഐ സംവിധാനവും എത്തുന്നത്.
പിഎഫ് വരിക്കാരിലേക്ക് സേവനങ്ങള് വേഗത്തില് എത്തിക്കുന്നതിനായി വാട്സാപ് പ്ലാറ്റ്ഫോം ഉപയോഗിക്കാനും ഇപിഎഫ്ഒ പദ്ധതിയിടുന്നുണ്ട്. അടുത്ത ഒരു മാസത്തിനുള്ളില് ഈ സേവനം നിലവില്വരും.
ഇപിഎഫ്ഒയുടെ ഗ്രീന് ടിക് മാര്ക്കുള്ള ഔദ്യോഗിക വാട്സാപ് നമ്പറിലേക്ക് ഹലോ എന്നു ടൈപ്പ് ചെയ്ത് അയച്ച് വരിക്കാര്ക്ക് സംശയനിവാരണം നടത്താം.
വരിക്കാരുടെ സൗകര്യാര്ഥം മലയാളം ഉള്പ്പെടെയുള്ള പ്രാദേശിക ഭാഷകളില് ഈ വാട്സാപ് സേവനം ലഭ്യമാകും. 24 മണിക്കൂറും ഈ സംവിധാനം പ്രവര്ത്തിക്കും.
പിഎഫ് ബാലന്സ്, അവസാനത്തെ അഞ്ച് ഇടപാടുകളുടെ വിവരങ്ങള്, ക്ലെയിം സ്റ്റാറ്റസ് എന്നിവയെല്ലാം വാട്സാപ് വഴി വിരല്ത്തുമ്പില് അറിയാം. കൂടാതെ, ഡിജിറ്റല് തിരിച്ചറിയല് സാങ്കേതികവിദ്യകളായ ഫേസ് ഓഥന്റിക്കേഷന് പോലുള്ളവ പൂര്ത്തിയാക്കാത്തവര്ക്കും ഡിബിടി ആനുകൂല്യങ്ങള് തടസപ്പെട്ടവര്ക്കും ആവശ്യമായ സഹായങ്ങള് വാട്സാപ് വഴി ലഭ്യമാക്കും.
വിവിധ ഉപഭോക്തൃ കോടതികളിലും ട്രൈബ്യൂണലുകളിലുമായി കെട്ടിക്കിടക്കുന്ന കേസുകള് വേഗത്തില് തീര്പ്പാക്കാന് ഇപിഎഫ്ഒ നടത്തിയ പ്രത്യേക കാമ്പയിനുകള് വന് വിജയമായതായും മന്ത്രാലയം അറിയിച്ചു. നിധി ആപ്കെ നികത് പരിപാടിയിലൂടെ ഉപഭോക്തൃ കോടതികളിലെ കേസുകള് ഗണ്യമായി കുറച്ചു. പത്തു വര്ഷത്തിലേറെയായി കെട്ടിക്കിടന്നിരുന്ന ദീര്ഘകാല കേസുകളില് 45.4 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്.
Kerala
പത്തനംതിട്ട/ ചങ്ങനാശേരി: സിൽവർ ലൈൻ പദ്ധതി പിൻവലിച്ച് ഉത്തരവിറക്കണമെന്നാവശ്യപ്പെട്ട് സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി മുഖ്യമന്ത്രി വി.ഡി. സതീശനെ സന്ദർശിച്ചു നിവേദനം നൽകി.
ശക്തമായ പ്രതിഷേധത്തിൽ പദ്ധതിപ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ കഴിയാതെ പരാജയപ്പെട്ടിട്ടും പദ്ധതി പിൻവലിക്കുകയെന്ന ജനങ്ങളുടെ ആവശ്യം അംഗീകരിക്കാൻ കഴിഞ്ഞ സർക്കാർ തയാറായില്ലെന്ന് സമിതി ചൂണ്ടിക്കാട്ടി.
ഇന്നു നടക്കുന്ന മന്ത്രിസഭായോഗം സില്വര്ലൈന് പദ്ധതി ചര്ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന് സില്വര്ലൈന് സമരസമിതി നേതാക്കള്ക്ക് ഉറപ്പുനല്കി.
കഴിഞ്ഞ സര്ക്കാര് ഇറക്കിയ ഉത്തരവുകള് സംബന്ധിച്ച് പഠനം നടത്തി അടിയന്തര നടപടികള് സ്വീകരിക്കുമെന്നു മുഖ്യമന്ത്രി ഉറപ്പ് നല്കിയതായി സില്വര്ലൈന് വിരുദ്ധ ജനകീയസമിതി സംസ്ഥാന ചെയര്മാന് എം.പി. ബാബുരാജ്, കോട്ടയം ജില്ലാ ചെയര്മാന് ബാബു കുട്ടന്ചിറ എന്നിവര് പറഞ്ഞു.
സില്വര്ലൈന് സമരക്കാര്ക്കെതിരേ സംസ്ഥാനവ്യാപകമായി പോലീസ് എടുത്തിട്ടുള്ള കേസുകളും പിന്വലിക്കുമെന്നും മുഖ്യമന്ത്രി സമരസമിതി നേതാക്കളെ അറിയിച്ചു.
National
ചെന്നൈ: ടിവികെ നേതാവും നടനുമായ വിജയ്ക്ക് നൽകിയ പോലീസിന്റെ പ്രത്യേക വാഹനവ്യൂഹം പിൻവലിച്ചു പോലീസ്. എന്നാൽ മുഖ്യമന്ത്രിയായി ചുമതല ഏറ്റെടുത്ത ശേഷം കോൺവോയ് മതിയെന്ന് വിജയ് പറഞ്ഞതായാണ് പോലീസ് വൃത്തങ്ങൾ വിശദമാക്കുന്നത്. നടപടി വിജയുടെ അഭ്യർത്ഥനപ്രകാരമെന്ന് പോലീസ് വൃത്തങ്ങൾ വിശദമാക്കി. തമിഴ്നാട്ടിലെ വൻ വിജയത്തിന് പിന്നാലെയാണ് വിജയ്ക്ക് കോൺവോയ് ക്രമീകരണം ഏർപ്പെടുത്തിയത്.
അതേസമയം രാത്രി വൈകിയും തമിഴ്നാട്ടിൽ നാടകീയ നീക്കങ്ങൾ പുരോഗമിക്കുകയാണ്. സംസ്ഥാനത്ത് ടിവികെ-കോൺഗ്രസ് സഖ്യത്തിനെതിരെ കൈകോർക്കാൻ ഡിഎംകെയും എഐഎഡിഎംകെയും ഒരുങ്ങുന്നതായി സൂചനകൾ വന്നതിന് പിന്നാലെ എഐഎഡിഎംകെ എംഎൽഎമാരെ പുതുച്ചേരിയിലെ റിസോർട്ടിലേക്ക് മാറ്റി.
ഡിഎംകെയും എഐഎഡിഎംകെയും തമ്മിൽ സഖ്യ ചർച്ചകൾ തുടങ്ങിയതായാണ് വിവരം. ഇരു പാർട്ടികളുടെയും നേതാക്കൾ പരസ്പരം ബന്ധപ്പെട്ടു. ദ്രാവിഡ പാർട്ടികളുടെ ബദൽ അവതരിപ്പിച്ച് ടിവികെയെ അകറ്റി നിർത്തുകയെന്ന ലക്ഷ്യമാണ് ഇരുപാർട്ടികളുടെയും മുന്നിലുള്ളത്.
എംഎൽഎമാർ മറുപക്ഷത്തേക്ക് കൂറുമാറുന്നത് തടയാൻ എഐഎഡിഎംകെ നേതൃത്വം അവരെ പുതുച്ചേരിയിലേക്ക് മാറ്റി. ബുധനാഴ്ച രാത്രിയോടെയാണ് ചെന്നൈയിൽ നിന്ന് സ്വകാര്യ ബസുകളിൽ എംഎൽഎമാരെ പുതുച്ചേരിയിലേക്ക് കൊണ്ടുപോയത്. മുതിർന്ന നേതാക്കളുടെ മേൽനോട്ടത്തിലാണ് ഈ നീക്കം. എംഎൽഎമാർ ആരുമായും ബന്ധപ്പെടാതിരിക്കാൻ കർശന നിയന്ത്രണങ്ങളാണ് റിസോർട്ടിൽ ഏർപ്പെടുത്തിയിരിക്കുന്നത്.
International
വാഷിംഗ്ടൺ ഡിസി: യൂറോപ്പിൽ വിന്യസിച്ചിരിക്കുന്ന അമേരിക്കൻ സൈനികരിൽ കുറച്ചുപേരെ പിൻവലിക്കാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആലോചിക്കുന്നതായി റിപ്പോർട്ട്.
ഇറാൻ യുദ്ധത്തിൽ സഹായിക്കാത്ത നാറ്റോയിൽനിന്ന് അമേരിക്ക പിൻവാങ്ങുമെന്ന് ട്രംപ് ഭീഷണി മുഴക്കിയതിനു പിന്നാലെയാണ് ഈ നീക്കം.
നാറ്റോ സൈനികസഖ്യത്തിന്റെ ഭാഗമായി 80,000 അമേരിക്കൻ സൈനികരാണ് യൂറോപ്പിലെ വിവിധ രാജ്യങ്ങളിലുള്ളത്. ഇതിൽ 30,000ത്തിനു മുകളിൽ സൈനികർ ജർമനിയിലാണ്.
ഇറാൻ അടച്ച ഹോർമുസ് കടലിടുക്ക് തുറക്കാൻ നാറ്റോ സഹായിക്കാതിരുന്നതാണ് ട്രംപിനെ ചൊടിപ്പിച്ചത്. ഇതിനു പുറമേ, ഗ്രീൻലാൻഡ് സ്വന്തമാക്കാനുള്ള അമേരിക്കൻ മോഹത്തെ നാറ്റോ എതിർത്തതും ട്രംപിനു സുഖിച്ചില്ല.
യൂറോപ്പിൽനിന്നു സൈനികരെ പിൻവലിക്കുന്ന കാര്യം ഉപദേഷ്ടാക്കളുമായി ട്രംപ് ചർച്ച ചെയ്തുവെന്നാണ് റിപ്പോർട്ട്. എന്നാൽ, ഇക്കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ല. എന്നിരുന്നാലും നാറ്റോ-അമേരിക്ക ബന്ധത്തിലുണ്ടായ വിള്ളൽ വർധിച്ചുവെന്നാണ് ഇതു സൂചിപ്പിക്കുന്നത്.
നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെ കഴിഞ്ഞദിവസം വൈറ്റ്ഹൗസിലെത്തി ട്രംപുമായി നേരിട്ടു നടത്തിയ ചർച്ചയിലും കാര്യമായ പ്രയോജനം ഉണ്ടായില്ലെന്നാണ് റിപ്പോർട്ട്.
Kerala
കൊച്ചി : കേന്ദ്രസര്ക്കാര് ലോക്സഭയില് അവതരിപ്പിച്ച വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബില്ലിലെ വിവാദപരമായ വ്യവസ്ഥകളില് കേരള ലത്തീന് കത്തോലിക്ക മെത്രാന് സമിതി (കെആർഎൽസിബിസി) ആശങ്കയും പ്രതിഷേധവും രേഖപ്പെടുത്തി.
ഭരണഘടനാപരമായ അവകാശങ്ങള് സംരക്ഷിക്കാന് സത്വരമായ നടപടികള് ഉണ്ടാകണമെന്നും നിലവില് സൊസൈറ്റി സംഘടന ഭാരവാഹികളും മതന്യൂനപക്ഷ പ്രതിനിധികളുമായും മതിയായ ചര്ച്ചകള് നടത്താതെ ഇത്തരം കരിനിയമങ്ങള് അടിച്ചേല്പ്പിക്കരുതെന്നും കേരള ലത്തീന് കത്തോലിക്ക മെത്രാന് സമിതി ആവശ്യപ്പെട്ടു.
District News
കാഞ്ഞിരപ്പള്ളി: വിദേശസംഭാവന നിയന്ത്രിക്കുന്നതിനുള്ള കേന്ദ്രസർക്കാരിന്റെ എഫ്സിആർഎ നിയമ ഭേദഗതി ന്യൂനപക്ഷങ്ങൾക്കെതിരേയുള്ള നീക്കമാണെന്ന് കത്തോലിക്ക കോൺഗ്രസ് കാഞ്ഞിരപ്പള്ളി രൂപതാസമിതി ആരോപിച്ചു.
പ്രധാനമായും ക്രൈസ്തവ സ്ഥാപനങ്ങളെ ലക്ഷ്യമാക്കിയാണ് കേന്ദ്രസർക്കാർ ഈ നിയമഭേദഗതി കൊണ്ടുവന്നിരിക്കുന്നത്. ക്രൈസ്തവ മിഷണറിമാർ വിദേശത്ത് ജോലി ചെയ്ത് നാട്ടിലേക്ക് എത്തിക്കുന്ന പണമുപയോഗിച്ച് സർക്കാരിന്റെ സഹായമില്ലാതെയാണ് ഇന്ത്യയിൽ വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ നിരവധി സ്ഥാപനങ്ങൾ പടുത്തുയർത്തിയത്. സമൂഹത്തിലെ ഏറ്റവും പാവപ്പെട്ട ജനവിഭാഗങ്ങൾക്കാണ് ഈ സ്ഥാപനങ്ങളിനിന്ന് വിദ്യാഭ്യാസവും ചികിത്സയും ലഭ്യമായത്.
ഇപ്പോൾ മികച്ച രീതിയിൽ നടന്നുവരുന്ന ഇത്തരം സ്ഥാപനങ്ങളുടെ നിലനിൽപ്പ് ഇല്ലാതാക്കി ഈ മേഖലകളിൽ കോർപറേറ്റുകളെ പ്രതിഷ്ഠിക്കുന്നതിനു വേണ്ടിയുള്ള ഗൂഢനീക്കമാണ് കേന്ദ്രസർക്കാർ നടത്തുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങൾ ലോകമെങ്ങും ബഹുമാനിക്കപ്പെടുമ്പോൾ ഇന്ത്യയിൽ ഇത് തകർക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇത് ന്യൂനപക്ഷ അവകാശങ്ങളിൻമേലുള്ള കടന്നുകയറ്റമാണ്. നിയമ ഭേദഗതി ബില്ലിൽനിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്ന് രൂപതാസമിതി ആവശ്യപ്പെട്ടു.
രൂപത ഡയറക്ടർ ഫാ. ജസ്റ്റിൻ മതിയത്ത് യോഗം ഉദ്ഘാടനം ചെയ്തു. രൂപത പ്രസിഡന്റ് ബേബി കണ്ടത്തിൽ അധ്യക്ഷത വഹിച്ചു. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ വൈസ് പ്രസിഡന്റ് ജോമി കൊച്ചുപറമ്പിൽ, രൂപത ഭാരവാഹികളായ ജോസഫ് പണ്ടാരക്കളം, ജോജോ തെക്കുംചേരിക്കുന്നേൽ, സണ്ണിക്കുട്ടി അഴകംപ്രായിൽ, ഫിലിപ്പ് പള്ളിവാതുക്കൽ, ഡെയ്സി ജോർജുകുട്ടി, സിനി ജിബു നീറനാക്കുന്നേൽ, ജിൻസ് പള്ളിക്കമ്യാലിൽ, ജോസ് മാത്യു കല്ലൂരാത്ത്, ബിജു ആലപ്പുരയ്ക്കൽ, ജാൻസി മാത്യു തുണ്ടത്തിൽ, ജോസ് മടുക്കക്കുഴി, അനിത ജസ്റ്റിൻ, മാത്യു മാമ്പഴക്കുന്നേൽ, ജെ. സെൽവരാജ് എന്നിവർ പ്രസംഗിച്ചു.
Kerala
കൊച്ചി: ക്രിസ്തുവിന്റെ പീഡാസഹനവും കുരിശു മരണവും അനുസ്മരിക്കുന്ന ദുഃഖവെള്ളിയാഴ്ച പോളിംഗ് ഉദ്യോഗസ്ഥർക്ക് പരിശീലനം നടത്താനുള്ള തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം ദൗർഭാഗ്യകരവും ക്രൈസ്തവ ന്യൂനപക്ഷത്തെ ബോധപൂർവം അവഹേളിക്കുന്നതിനുള്ള നടപടിയുമാണെന്ന് കത്തോലിക്ക കോൺഗ്രസ്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ തീരുമാനം ഭാരതത്തിന്റെ മതേതരത്വത്തിന് കളങ്കമുണ്ടാക്കുന്നതും ഭരണഘടനാപരമായ അവകാശ ലംഘനവുമാണ്. ക്രൈസ്തവ ന്യൂനപക്ഷങ്ങളോടുള്ള സർക്കാരുകളുടെ തുടർച്ചയായ അവഹേളനങ്ങളുടെ ഒരു നേർക്കാഴ്ചയാണ് ദുഃഖവെള്ളിയാഴ്ച ഇലക്ഷൻ കമ്മീഷൻ നടത്തുന്ന പരിശീലനം.
ഈസ്റ്റർ, പെസഹാ ദിനങ്ങളിൽ എൻട്രൻസ് പരീക്ഷകൾ നടത്തി ക്രൈസ്തവ സമൂഹത്തെ ഉപദ്രവിക്കുന്ന സമീപനം നിലനിൽക്കുന്പോഴാണ് ദുഃഖവെള്ളിയാഴ്ച പുതിയ പരിശീലനവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ വന്നിരിക്കുന്നത്.
ഇത് കടുത്ത നീതിനിഷേധവും ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്കെതിരേയുള്ള ബോധപൂർവമായ ഗൂഢാലോചനയുടെ ഭാഗവുമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇത്തരം നടപടികൾ കൃത്യമായി ക്രൈസ്തവ മതവികാരത്തെ വ്രണപ്പെടുത്തുന്നത് തന്നെയാണ്.
ക്രൈസ്തവ പാരന്പര്യങ്ങളെയും അനുഷ്ഠാനങ്ങളെയും നിഷേധിക്കുകയും ബോധപൂർവം അവഹേളിക്കുകയും ചെയ്യുന്ന ഇത്തരം നടപടികൾ ആവർത്തിക്കപ്പെടാതിരിക്കാനുള്ള ജാഗ്രതയും നടപടികളും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഭാഗത്തുനിന്നുണ്ടാകണമെന്നും കത്തോലിക്കാ കോൺഗ്രസ് ആവശ്യപ്പെട്ടു.
ഇക്കാര്യങ്ങളിൽ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നു നടപടികൾ ഉണ്ടാകുന്നില്ലെങ്കിൽ ശക്തമായ പ്രതികരണങ്ങളിലേക്ക് കടക്കാൻ കത്തോലിക്ക കോൺഗ്രസ് തീരുമാനിച്ചു.
Kerala
മലപ്പുറം: മങ്കടയിൽ പ്രഖ്യാപിച്ച സ്ഥാനാർഥിയെ പിൻവലിച്ച് ലീഗ് വിമതൻ കുന്നത്ത് മുഹമ്മദ് എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി.
നേരത്തെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്ന സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റി അംഗവും കർഷക തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റുമായ എം.പി. അലവി പത്രിക പിൻവലിച്ചു.
കഴിഞ്ഞദിവസം സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ ഇടതുമുന്നണി പിന്തുണയ്ക്കുന്ന മങ്കടയിലെ സ്ഥാനാർഥിയായി കുന്നത്ത് മുഹമ്മദിനെ പ്രഖ്യാപിച്ചിരുന്നു.
സ്ഥാനാർഥി നിർണയത്തിന്റെ പേരിൽ മുസ്ലിം ലീഗുമായി ഇടഞ്ഞ് സ്വതന്ത്ര സ്ഥാനാർഥിയായി കുന്നത്ത് മുഹമ്മദ് നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു. എം.പി. അലവിയും പത്രിക നൽകിയിരുന്നു. അലവിയെ പിൻവലിച്ചാണ് കുന്നത്ത് മുഹമ്മദ് ഇപ്പോൾ സ്ഥാനാർഥിയായത്.
Kerala
ആലപ്പുഴ: പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് ആലപ്പുഴ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീക്കി.കോഴി,താറാവ്,കാട എന്നിവയുടെ മാംസം,മുട്ട എന്നിവ വിൽക്കാൻ അനുമതി നൽകി.
ഹോട്ടലുകളിൽ ചിക്കൻ വിഭവങ്ങൾ വിൽക്കാനുള്ള നിയന്ത്രണവും നീക്കി. ആലപ്പുഴ ജില്ലയിലെ 32 പഞ്ചായത്തുകളിലും ആലപ്പുഴ,ഹരിപ്പാട് നഗരസഭകളിലുമായിരുന്നു നിയന്ത്രണം.
ജില്ലയിൽ പുതുതായി പക്ഷിപ്പനി കേസുകൾ സ്ഥിരീകരിച്ചിട്ടില്ല. അതേസമയം സംശയമുള്ള മൂന്ന് സാമ്പിളുകൾ ഭോപ്പാലിൽ പരിശോധനയ്ക്ക് അയച്ചു.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് ഏർപ്പെടുത്തിയിരുന്ന മാതൃകാ പെരുമാറ്റചട്ടം പിൻവലിച്ചു. പെരുമാറ്റച്ചട്ടം ഇന്ന് 2025 (ഡിസംബർ 15) മുതൽ
പിൻവലിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു.
എന്നാൽ സ്ഥാനാർഥികളുടെ നിര്യാണത്തെത്തുടർന്ന് മൂന്ന് വാർഡുകളിൽ പ്രത്യേക തെരഞ്ഞെടുപ്പ് നടക്കാനുള്ളതിനാൽ മലപ്പുറം ജില്ലയിലെ മൂത്തേടം, എറണാകുളം പാമ്പാക്കുട എന്നീ ഗ്രാമപഞ്ചായത്തുകളിൽ പൂർണമായും തിരുവനന്തപുരം കോർപറേഷനിലെ വിഴിഞ്ഞം വാർഡിൽ മാത്രമായും തിരഞ്ഞെടുപ്പ് പൂർത്തിയാകുന്നത് വരെ മാതൃകാപെരുമാറ്റചട്ടം നിലനിൽക്കുന്നതായിരിക്കും.
തദ്ദേശ പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടർന്ന് നവംബർ 10 മുതലായിരുന്നു മാതൃകാ പെരുമാറ്റച്ചട്ടം സംസ്ഥാനത്തെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും നിലവിൽ വന്നത്.
National
ന്യൂഡൽഹി: സഞ്ചാർ സാഥി ആപ്പ് നിബന്ധനയിൽ നിലപാട് മാറ്റി കേന്ദ്ര സർക്കാർ. ആപ്പ് പ്രീ ഇൻസ്റ്റാൾ ചെയ്യേണ്ടതില്ലെന്ന് കേന്ദ്ര സർക്കാര് വ്യക്തമാക്കി. ആപ്പിന് ജനങ്ങൾക്കിടയിൽ സ്വീകാര്യത കൂടി വരുന്നത് പരിഗണിച്ചാണ് തീരുമാനമെന്നും സർക്കാർ അറിയിച്ചു.
എന്നാല്, മൊബൈൽ കമ്പനികളിൽ നിന്നടക്കം കടുത്ത എതിർപ്പ് ഉയർന്ന പശ്ചാത്തലത്തിലാണ് ഈ പിന്മാറ്റം. പുതിയ ഫോണുകളിൽ സഞ്ചാർ സാഥി നിർബന്ധമാക്കണമെന്ന് കേന്ദ്ര സർക്കാർ നിർദ്ദേശിച്ചാൽ സഹകരിക്കില്ലെന്ന് ആപ്പിൾ വ്യക്തമാക്കിയതായി റിപ്പോര്ട്ടുകൾ വന്നിരുന്നു.
ലോകത്തൊരിടത്തും ഇത്തരം നിർദേശം കമ്പനി അംഗീകരിക്കാറില്ലെന്നതാണ് ആപ്പിളിന്റെ നിലപാട്. ഐഒഎസ് ഇക്കോസിസ്റ്റത്തിന്റെ സുരക്ഷയെ ബാധിക്കുമെന്നും കമ്പനി വ്യക്തമാക്കിയിരുന്നു.
കടുത്ത് എതിര്പ്പ് ഉയര്ന്നതിന് പിന്നാലെ നേരത്തെ തന്നെ കേന്ദ്ര സർക്കാര് നിലപാട് മയപ്പെടുത്തിയിരുന്നു. ഉപയോക്താക്കൾക്ക് താൽപ്പര്യമില്ലെങ്കിൽ ആപ്ലിക്കേഷൻ ഡിലീറ്റ് ചെയ്യാൻ സ്വാതന്ത്ര്യമുണ്ടെന്ന് വിവാദങ്ങൾക്ക് പിന്നാലെ കേന്ദ്രം വ്യക്തമാക്കി.
ഉപയോക്താക്കളുടെ സ്വകാര്യത ലംഘിക്കുമെന്ന ആശങ്കകൾക്കിടയിൽ, ആശയവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഈ ഭയങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് പറയുകയും സൈബർ തട്ടിപ്പുകളിൽ നിന്ന് ഉപയോക്താക്കളെ സംരക്ഷിക്കാനാണ് ആപ്പ് ലക്ഷ്യമിടുന്നതെന്നും കൂട്ടിച്ചേർത്തു.ആപ്പ് വഴി രഹസ്യമായി വിവരങ്ങൾ ചോർത്താനോ കോൾ നിരീക്ഷിക്കാനോ യാതൊരു സാധ്യതയുമില്ലെന്ന് സിന്ധ്യ ഉറപ്പിച്ചു പറഞ്ഞു.
"ഈ ആപ്പ് എല്ലാവരിലേക്കും എത്തിക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്. നിങ്ങൾക്ക് ഇത് ഡിലീറ്റ് ചെയ്യണമെങ്കിൽ ഡിലീറ്റ് ചെയ്യാം. ഉപയോഗിക്കാൻ താൽപ്പര്യമില്ലെങ്കിൽ രജിസ്റ്റർ ചെയ്യേണ്ടതില്ല. നിങ്ങൾ ഇത് രജിസ്റ്റർ ചെയ്താൽ ഇത് സജീവമായി തുടരും. രജിസ്റ്റർ ചെയ്യുന്നില്ലെങ്കിൽ പ്രവർത്തനരഹിതമായിരിക്കും." എന്നാണ് മന്ത്രി വിശദീകരിച്ചത്.