National
ന്യൂഡൽഹി: വനിതാ സംവരണ നിയമം വേഗത്തിൽ നടപ്പിലാക്കുന്നത് ശ്രദ്ധ തിരിക്കാനുള്ള പ്രധാനമന്ത്രിയുടെ തന്ത്രമാണെന്നു കോണ്‍ഗ്രസ്.
നിയമം സംബന്ധിച്ച് 2023ൽ ചർച്ച നടന്നപ്പോൾത്തന്നെ 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് മുതൽ നിയമം നടപ്പിലാക്കിത്തുടങ്ങണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും മണ്ഡല പുനർനിർണയവും സെൻസസും ആദ്യം പൂർത്തീകരിക്കണമെന്നതിനാൽ അതു സാധ്യമല്ലെന്നാണ് മോദിസർക്കാർ പറഞ്ഞതെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് ചൂണ്ടിക്കാട്ടി.
എന്നാൽ 30 മാസത്തിനുശേഷം ‘യു ടേണ്‍ ഉസ്താദ്’ മനസ് മാറ്റിയെന്നും ഇപ്പോൾ സെൻസസും മണ്ഡല പുനർനിർണയവും നടപ്പിലാക്കുന്നതിനു മുന്‍പേ സംവരണം നടപ്പിലാക്കാൻ തയാറെടുക്കുകയാണെന്നും ജയ്റാം രമേശ് പറഞ്ഞു. മുന്‍പ് പലതവണ ചെയ്തതുപോലെ പ്രധാനമന്ത്രി കൂട്ടമായി ശ്രദ്ധ തിരിക്കാനുള്ള തന്റെ ആയുധം അഴിച്ചുവിടുകയാണെന്ന് ജയ്റാം രമേശ് ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രിയുടെ വിദേശനയത്തിലെ പരാജയങ്ങളിലും തിരിച്ചടികളിൽനിന്നും രാജ്യം നേരിടുന്ന എൽപിജി-ഊർജ പ്രതിസന്ധിയിൽനിന്നും ശ്രദ്ധ തിരിക്കുകയാണു ലക്ഷ്യം. ഇതിൽനിന്നു പൂർണ രാഷ്ട്രീയനേട്ടമുണ്ടാക്കാൻ രണ്ടാഴ്ചയ്ക്കുശേഷം പ്രത്യേക ദ്വിദിന സമ്മേളനം വിളിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
ഏപ്രിൽ 29ന് നിലവിലുള്ള നിയമസഭാ തെരഞ്ഞെടുപ്പുകൾ അവസാനിച്ചതിനുശേഷം ആദ്യം ഒരു സർവകക്ഷിയോഗം ചേരണമെന്നു ചൂണ്ടിക്കാട്ടി പ്രതിപക്ഷ കക്ഷികൾ സർക്കാരിന് കത്തെഴുതിയിട്ടുണ്ടെന്നും ഏപ്രിലിലെ ഏതെങ്കിലുമൊരു ദിവസം ദ്വിദിന സമ്മേളനം വിളിക്കുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുന്നതിന് കാരണമാകുമെന്നും ജയ്റാം രമേശ് പറഞ്ഞു.
Leader Page
സ്ത്രീകൾ ഇപ്പോഴും പലപ്രായത്തിൽ പലരുടെ ആധിപത്യത്തിലാണ് കഴിഞ്ഞുവരുന്നത്. ഇന്ത്യയിലെ പ്രശസ്തനായ സെക്സോളജിസ്റ്റ് സുധീർ കക്കർ പറയുന്നത് ഇന്ത്യയിലെ സ്ത്രീകളെ നാലായി തരംതിരിക്കാമെന്നാണ്. ഒന്നാമത് അമ്മ, രണ്ടാമത് മകൾ, മൂന്ന് സഹോദരി, നാല് ഭാര്യ! ഈ ചട്ടക്കൂടിനു പുറത്ത് ഒന്നു സ്വതന്ത്രമായി സഞ്ചരിക്കാൻ തുടങ്ങിയാൽ അവൾ ഒരു മോശപ്പെട്ട സ്ത്രീയാണെന്ന പൊതുധാരണയാണ് സമൂഹം, പ്രത്യേകിച്ചും പുരുഷന്മാർ ഇപ്പോഴും വച്ചുപുലർത്തുന്നത്.
ദൗർഭാഗ്യവശാൽ ഇന്ത്യയിൽ ഒരു സ്ത്രീ ശാരീരികമായോ മാനസികമായോ പീഡനം അനുഭവിച്ചാൽ സ്ത്രീപക്ഷ ചിന്തകൾക്കല്ല, മറിച്ച് ആ വീട്ടിലെ പുരുഷന്മാരുടെ ഇക്കാര്യത്തിലെ നിലപാടിനാണ് പൊതുസമൂഹം വില കല്പിക്കുന്നത്. എത്ര വലുതായാലും തനിക്കുണ്ടായ ഒരു അനുഭവത്തിന്മേൽ സ്ത്രീക്ക് വ്യക്തിപരമായി അഭിപ്രായം പറയാനോ ഒറ്റയ്ക്കു തീരുമാനമെടുക്കാനോ തുടർനടപടികളിലേക്കു പോകാനോ ഇന്നും സാധിക്കുന്നില്ല.
എന്റെ കീഴിൽ ജോലി ചെയ്യുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്റെ എംഎസ്സി സൈക്കോളജി പഠിക്കുന്ന മകൾ മോഡേൺ വസ്ത്രം ധരിച്ച് പ്രോഗ്രാമിനു വേണ്ടി സ്റ്റേജിൽ കയറിയ അനുഭവം എന്നോടു പങ്കുവയ്ക്കുകയുണ്ടായി. മറ്റുള്ളവരെല്ലാം തന്നെ ശ്രദ്ധിക്കുകയാണ് എന്നു മനസിലാക്കിയ ആ പെൺകുട്ടി വല്ലാതെ അസ്വസ്ഥപ്പെടുകയും വിറയ്ക്കുകയും വിയർക്കുകയും ചെയ്തു. മൂത്രശങ്കവരെ ഉണ്ടായി പോലും! എന്തിനാണങ്ങനെ പേടിച്ചതെന്ന് മാതാപിതാക്കൾ കുട്ടിയോടു ചോദിക്കുന്നു. ‘കുട്ടിക്കാലം മുതൽ എന്റെയിഷ്ടത്തിനുള്ള വസ്ത്രം നല്കി വളർത്തിയിരുന്നെങ്കിൽ എനിക്കീ ദുരവസ്ഥ വരികില്ലായിരുന്നു, ബന്ധുക്കളും നാട്ടുകാരും പലതും പറയുമെന്നു പറഞ്ഞ് എന്റെ ആഗ്രഹങ്ങളെ വിലക്കിയതിന്റെ ഫലമായാണ് ഈ പേടി ഉണ്ടായത്’ എന്നു പെൺകുട്ടി മറുപടി പറയുകയുണ്ടായത്രേ! ഇതു നമ്മൾ ആഴത്തിൽ ചിന്തിക്കേണ്ടതുതന്നെയാണ്.
ഇക്കാലത്ത് മോഡേണായി വസ്ത്രധാരണം നടത്തിയിട്ടുള്ള ഒരു പെൺകുട്ടി പൊതുവിടങ്ങളിലോ ബസിലോ യാത്രചെയ്യുമ്പോൾ ആളുകൾ വല്ലാതെ നോക്കുകയും സ്പർശിക്കാൻ ശ്രമിക്കുകയും ചെയ്ത കാര്യം വീട്ടിൽ മാതാപിതാക്കളോടു പറഞ്ഞാൽ എത്രപേരാണ് പോലീസ് സ്റ്റേഷനിലോ മറ്റോ പരാതികൊടുക്കാൻ തയ്യാറാവുക? ""നീ ശ്രദ്ധിക്കാത്തതു കൊണ്ടല്ലേ? ഏതായാലും സംഭവിക്കാനുള്ളതു സംഭവിച്ചു. ഇനി ഇതിന്റെയൊന്നും പിന്നാലെ നടക്കാൻ വയ്യ’’ എന്ന ഒരു മറുപടിയാണ് സാധാരണയായി ഉണ്ടാവുക.
►► കല്യാണപ്പേടി
പെൺകുട്ടിക്ക് 18 വയസുകഴിഞ്ഞാൽ അവരെ എത്രയും പെട്ടെന്നു വിവാഹം കഴപ്പിച്ചുവിടുക എന്നത് രാജസ്ഥാൻ പോലെയുള്ള സംസ്ഥാനങ്ങളിൽ ഇപ്പോഴും കുപ്രസിദ്ധിയാർജിച്ചിരിക്കുന്ന കാര്യമാണ്. ഒരു ഭാരം കുറഞ്ഞുവെന്നാണ് മാതാപിതാക്കൾ കരുതുന്നത്. കേരളത്തിലും ഈ ഒരു ചിന്ത ഉണ്ട് എന്നത് മറച്ചുവയ്ക്കുന്നില്ല. കാരണം, സിവിൽ സർവീസ് പോലെയുള്ള പരീക്ഷകൾക്ക് പഠിക്കുന്ന വിദ്യാർഥികൾക്ക് ക്ലാസെടുക്കുമ്പോൾ ചില പെൺകുട്ടികൾ അലസമായി ഇരിക്കാറുണ്ട്. ഒരിക്കൽ അവരോടു ഞാൻ ചോദിച്ചു; ‘നിങ്ങൾക്കു പഠിക്കാൻ താത്പര്യമില്ലെന്നു തോന്നുന്നല്ലോ, പിന്നെ പഠിക്കാൻ വരുന്നത് എന്തിനുവേണ്ടിയാണ്?’എന്ന്. അതിനൊരു പെൺകുട്ടി പറഞ്ഞ മറുപടി കേട്ട് ഞാൻ നിശബ്ദനായിപ്പോയി. ""സർ രണ്ടുവർഷം ഈ കോഴ്സിനു ചേർന്നത് പഠിക്കുക എന്ന ഉദ്ദേശ്യത്തോടെയൊന്നും അല്ല സർ, ഞങ്ങളിതു ചെയ്തില്ലെങ്കിൽ വീട്ടുകാർ എത്രയും പെട്ടെന്ന് ഞങ്ങളെ പിടിച്ചു കെട്ടിച്ചുവിടും. അതു പേടിച്ചാണ് ഇവിടെ വന്നിരിക്കുന്നത്.’’ പതിനെട്ടു കഴിയുന്ന പെൺകുട്ടികൾക്ക് കേരളത്തിലും "കല്യാണപ്പേടി’ ഉണ്ടെന്നതിന് ഇതിൽപ്പരം എന്തു തെളിവാണ് വേണ്ടത്?
വിവാഹം കഴിഞ്ഞ പെൺകുട്ടിയുടെ സ്ഥിതിയും ഇതിൽനിന്നു വിഭന്നമല്ല. മോശമായ അനുഭവം നേരിടേണ്ടി വന്ന ഇത്തരക്കാർക്ക് ഒരു പോലീസ് സ്റ്റേഷനിൽ പോകേണ്ട സാഹചര്യം ഉണ്ടാവുകയാണെങ്കിൽ അവരതിനു മടിക്കുകയും അന്വേഷണത്തിനു സഹകരിക്കാതിരിക്കുകയും കേസിൽ നിന്നൊഴിവാകാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. ഒരു ബലാത്സംഗ കേസാണെങ്കിൽപ്പോലും ഭാവിയിൽ ഭർത്താവാകുന്നയാൾ ഇതറിഞ്ഞാൽ എന്തു സംഭവിക്കുമെന്ന ഭയത്താൽ പെൺകുട്ടിയും രക്ഷിതാക്കളുമൊക്കെ എല്ലാം മൂടിവയ്ക്കാൻ ശ്രമിക്കുകയാണ് പതിവ്.
പ്രായം ചെന്ന ഒരു സ്ത്രീയുടെ അവസ്ഥ ഇതിനെക്കാളൊക്കെ പരിതാപകരമാണ്. പലപ്പോഴും മകന്റെയൊപ്പം താമസിക്കേണ്ടിവരുന്ന ഇത്തരക്കാർ മരുമകളിൽനിന്നു നേരിടുന്ന അവമതിയെപ്പറ്റി നമ്മൾ നിരന്തരം കേൾക്കുന്നു. താൻ പ്രതികരിച്ചാൽ മകൻ എന്തു വിചാരിക്കുമെന്നുകരുതി അവിടെയും അവരിത് സഹിച്ചു കഴിഞ്ഞുകൂടേണ്ടിവരുന്നു.
കഴിഞ്ഞ ഇരുപതുവർഷത്തിനിടയിൽ ഒരു വർഷവും ഇത്തരം പതിനഞ്ചു പരാതികളിൽ കൂടുതൽ രജിസ്റ്റർ ചെയ്തതായി കാണുന്നില്ല. ഈ സംസ്ഥാനത്ത് ഒരുവർഷത്തിനിടയിൽ പതിനഞ്ചു സ്ത്രീകളോടുപോലും പുരുഷന്മാർ മോശമായി പെരുമാറിയില്ല എന്ന് ആർക്കാണു വിശ്വസിക്കാനാവുക? പോലീസ് സ്റ്റേഷനുകളിലെ പുരുഷപോലീസുകാർ നിരുത്സാഹപ്പെടുത്തുന്നതു കൊണ്ടാവുമെന്നു കരുതാനും തരമില്ല.
ഇന്ത്യയിൽ സ്ത്രീകൾക്ക് സുരക്ഷയും തുല്യനീതിയും ഉറപ്പാക്കുന്നതിനായി ഗാർഹിക പീഡന നിരോധനനിയമം, സ്ത്രീധന നിരോധന നിയമം, പോഷ് ആക്ട്, ചൈൽഡ് മാരേജ് ആക്ട്, പോക്സോ ആക്ട്, മാതൃത്വ ആനുകൂല്യ നിയമം, തുല്യ വേതനനിയമം തുടങ്ങി ഒട്ടേറെ ശക്തമായ നിയമങ്ങൾ നിലവിലുണ്ട്. അച്ഛനമ്മമാരുടെ അനുവാദത്തോടെയാണെങ്കിലും പതിനെട്ടു വയസിനുതാഴെയുള്ള പെൺകുട്ടിയെ വിവാഹം കഴിക്കുകയോ ലൈംഗികബന്ധത്തിലേർപ്പെടുകയോ ചെയ്യുന്നതെല്ലാം ജയിൽശിക്ഷ അനുഭവിക്കേണ്ടി വരുന്ന കുറ്റകൃത്യമാണ്. മോശമായ രീതിയിൽ ഒരു സ്ത്രീയെ നോക്കിയാൽപോലും ഇവിടെ ഐപിസി സെക്ഷൻ 342 എ,ബി,സി,ഡി പ്രകാരം മൂന്നുവർഷം കഠിനതടവാണ് ശിക്ഷയെന്നിരിക്കേ ലോകത്ത് ഇരുനൂറോളം രാജ്യങ്ങളിൽ ഇപ്പോഴും ഇത്തരം നിയമങ്ങളൊന്നും വന്നിട്ടില്ല എന്നുകൂടി മനസിലാക്കുക.
ഇത്തരം നിയമങ്ങളുണ്ടെങ്കിലും അതിന്റെ പ്രയോജനം സ്ത്രീകൾക്കു കിട്ടുന്നില്ല എന്നുമാത്രമല്ല അതു നേടിയെടുക്കാൻ അവർ മുന്നോട്ടു വരുന്നുമില്ല. പുരുഷകേന്ദ്രീകൃതമായ സമൂഹത്തിൽ സ്ത്രീകൾതന്നെ അവർക്കു വേണ്ടിയുള്ള നിയമങ്ങളെ പലപ്പോഴും തള്ളിപ്പറയുന്നത് എന്നെ അദ്ഭുതപ്പെടുത്താറുണ്ട്.
►► പുരുഷന്മാർ എന്തു വിചാരിക്കും
തങ്ങളുടെ വീട്ടിലെ പുരുഷന്മാർ എന്തു വിചാരിക്കുമെന്ന പഴഞ്ചൻ ചിന്തയാണ് സ്ത്രീകൾ ആദ്യം ഉപേക്ഷിക്കേണ്ടത്. കോടതികളും കമ്മിഷനുകളും വനിത പോലീസും വനിത പോലീസ് സ്റ്റേഷനുകളുമൊക്കെ നിലവിലുണ്ട് എന്നകാര്യം സ്ത്രീകൾ മനസിലാക്കണം. ഒരു വർഷത്തിൽ പത്തിനു താഴെയെന്നുള്ളത് പതിനായിരവും അമ്പതിനായിരവുമായി വർധിക്കുന്ന തരത്തിൽ സ്ത്രീകൾ കേസുകളുമായി മുന്നോട്ടുവരികയും കുറ്റവാളികളെ ജയിലിലടയ്ക്കുകയും വേണം.
ഈ അടുത്തകാലത്തു വിവാദമായ ഒരു സംഭവം നോക്കൂ. ഒരു പ്രത്യേക മേഖലയിലെ സ്ത്രീകൾ ചൂഷണം ചെയ്യപ്പെടുന്നതിനെതിരേ ഹൈക്കോടതിയും സർക്കാരും കമ്മീഷനുമൊക്കെ മുന്നോട്ടുവന്നു. എന്നാൽ, പരാതിയുണ്ടായിട്ടും അതുമായി മുന്നോട്ടുവന്ന സ്ത്രീകളുടെ എണ്ണം വിരലിലെണ്ണാവുന്നതായിരുന്നു. മാത്രവുമല്ല, പുരുഷന്മാരോടൊപ്പം ചേർന്ന് ആ മേഖലയിലെ സ്ത്രീകൾതന്നെ പരാതിക്കാരെ ഒറ്റപ്പെടുത്തുന്നതും നമ്മൾ കണ്ടു.
ഇത്തരം കാര്യങ്ങളിൽ പുരുഷൻമാർ എന്തു വിചാരിക്കുന്നു എന്നല്ല, സ്ത്രീ എന്തു ചിന്തിക്കുന്നു എന്നതിനുതന്നെയാണ് പ്രാ ധാന്യം. അപ്പോഴാണ് സർക്കാർ ഉണ്ടാക്കുന്ന നിയമങ്ങൾ ജനത്തിനുവേണ്ടിയാകുന്നത്. ഭയവും ജാള്യവും സങ്കോചവും മറ്റുള്ളവർ എന്തുധരിക്കുമെന്ന തോന്നലും ഉപേക്ഷിച്ച് സ്ത്രീകൾ മുന്നോട്ടു വരണം. എങ്കിലേ ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കപ്പെടാതിരിക്കുകയുള്ളൂ.
Sports
സിഡ്നി: ഓസ്ട്രേലിയൻ വനിതകൾക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് 134 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 18 ഓവറിൽ 133 റൺസിൽ ഓൾഔട്ടാവുകയായിരുന്നു.
30 റൺസെടുത്ത ജോർജിയ വെയർഹാമിന്റെയും 26 റൺസെടുത്ത ഫീബ ലിച്ച്ഫീൽഡിന്റെയും മികവിലാണ് ഭേദപ്പെട്ട സ്കോറിലെത്തിയത്. എല്ലിസ് പെറി 20 റൺസെടുത്തു.
ഇന്ത്യയ്ക്ക് വേണ്ടി അരുന്ധതി റെഡ്ഢി നാല് വിക്കറ്റെടുത്തു. രേണുക സിംഗ് ഠാക്കൂറും ശ്രീ ചരണിയും രണ്ട് വിക്കറ്റ് വീതവും ക്രാന്തി ഗൗഡും ദീപ്തി ശർമയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
National
ചെന്നൈ: തമിഴ്നാട്ടിലെ 1.31 കോടിയോളം സ്ത്രീകൾ ഇന്നലെ ഉറങ്ങിയെഴുന്നേറ്റപ്പോൾ ബാങ്ക് അക്കൗണ്ടിൽ 5,000 രൂപ അധികം.
നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കലൈഞ്ജർ മകളിര്‍ ഉരുമൈ തിട്ടം എന്ന പേരിലുള്ള വനിതാശക്തീകരണ പദ്ധതി അംഗങ്ങൾക്കാണു മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സർക്കാർ പണം നിക്ഷേപിച്ചത്.
പ്രതിമാസം 1,000 രൂപവീതം ഫെബ്രുവരി മുതലുള്ള 3,000 രൂപയും വരൾച്ചാസഹായമെന്ന നിലയിൽ 2,000 രൂപയും ചേർത്ത് പണം മുൻകൂറായി അക്കൗണ്ടുകളിൽ നിക്ഷേപിക്കുകയായിരുന്നു. വീണ്ടും അധികാരത്തിലെത്തിയാൽ പ്രതിമാസ സഹായം 2,000 രൂപയാക്കി ഉയർത്തുമെന്ന വാഗ്ദാനവും ഒപ്പം ഉണ്ട്.
2023 സെപ്റ്റംബറിലാണു പ്രഖ്യാപിച്ചതെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പ് തൊട്ടടുത്ത് എത്തിയപ്പോഴാണ് പദ്ധതി നടപ്പായത്. വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപയ്ക്കു താഴെയുള്ളവർക്കാണു സഹായം. വാര്‍ഷിക വൈദ്യുതി ഉപയോഗത്തിനും പരിധിയുണ്ട്.
റേഷന്‍ കാര്‍ഡിലെ ഒരു വനിതാ അംഗത്തിന് മാത്രമേ തുക ലഭിക്കൂ. പണം ബാങ്ക് അക്കൗണ്ടില്‍ നേരിട്ട് ലഭിക്കും.
Sports
ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ ഫുട്ബോള്‍ ടീമിന്റെ മുഖ്യപരിശീലകയായി കോസ്റ്റാറിക്കക്കാരിയായ അമേലിയ വാല്‍വെര്‍ഡെ നിയമിക്കപ്പെട്ടു.
എഎഫ്സി വനിതാ ഏഷ്യന്‍ കപ്പ് ഫുട്ബോളിനായി തുര്‍ക്കിയില്‍ പരിശീലനത്തിലുള്ള ഇന്ത്യന്‍ ടീമിനൊപ്പം 39കാരിയായ അമേലിയ ചേര്‍ന്നു.
2011ല്‍ കോച്ചിംഗ് കരിയര്‍ ആരംഭിച്ച അമേലിയ, കോസ്റ്റാറിക്കയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍നാള്‍ (2015-2023) പരിശീലകയായി റിക്കാര്‍ഡ് കുറിച്ചിരുന്നു.
Sports
വിശാഖപട്ടണം: ഐസിസി വനിതാ ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യയ്ക്കെതിരെ ഓസ്ട്രേലിയയ്ക്ക് 331 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 48.5 ഓവറിൽ 330 റൺസിന് എല്ലാവരും പുറത്തായി.
ഗംഭീര തുടക്കമായിരുന്നു ഇന്ത്യയുടേത്. ഒന്നാം വിക്കറ്റില്‍ സ്മൃതി - പ്രതിക സഖ്യം 155 റണ്‍സ് ചേര്‍ത്തു. സ്മൃതി ആക്രമിച്ച് കളിച്ചപ്പോള്‍ പ്രതിക സൂക്ഷ്മതയോടെ കളിച്ചു. 25-ാം ഓവറില്‍ മാത്രമാണ് ഓസീസിന് കൂട്ടുകെട്ട് പൊളിക്കാന്‍ സാധിച്ചത്.
66 പന്തിൽ 80 റൺസെടുത്ത സ്മൃതി മന്ദാനയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. 96 പന്തുകൾ നേരിട്ട ഓപ്പണർ പ്രതിക റാവൽ 75 റൺസ് നേടി. ഓസ്ട്രേലിയക്ക് വേണ്ടി അന്നാബെല്‍ സതര്‍ലാന്റ് അഞ്ചും സോഫി മൊളിനെക്സ് മൂന്നും വിക്കറ്റ് വീഴ്ത്തി.