കാന്താര എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് സപ്തമി ഗൗഡ. ഇപ്പോള്‍ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പാണു ശ്രദ്ധ നേടുന്നത്. പൊതുപരിപാടികളില്‍ പങ്കെടുക്കുന്ന നടിമാരുടെ ചിത്രങ്ങള്‍ വ്യത്യസ്ത ആംഗിളുകളില്‍നിന്നു പകര്‍ത്തി മോശമായി ചിത്രീകരിച്ചു സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയാണ് സപ്തമിയുടെ കുറിപ്പ്.
സിനിമാമേഖലയിലെ സ്ത്രീ എന്ന നിലയ്ക്ക് തുടര്‍ച്ചയായി നേരിട്ടുകൊണ്ടിരിക്കുന്ന ഒരു വിഷയത്തെ അഭിസംബോധന ചെയ്യുകയാണ് എന്നുപറഞ്ഞാണ് കുറിപ്പ് ആരംഭിക്കുന്നത്. പൊതുപരിപാടികളില്‍ പങ്കെടുക്കുന്ന നടിമാരുടെ വിവിധ ആംഗിളുകളില്‍ നിന്നുപകര്ത്തുന്ന ഫോട്ടോകളും വീഡിയോകളും തൊഴിലിനേക്കാള്‍ തങ്ങളുടെ ശരീരത്തിനു പ്രാധാന്യം കൊടുത്ത് അനാവശ്യമായി സൂം ചെയ്തും പ്രചരിപ്പിക്കപ്പെടുകയാണ്.
ചില വ്യക്തികളില്‍ നിന്നുളള ഈ പെരുമാറ്റം സ്വീകാര്യമല്ലാത്തതും മര്യാദയില്ലാത്തതുമാണ്. സിനിമയ്ക്കും ജോലിക്കുംവേണ്ടിയാണ് ഇവിടെ നിലകൊളളുന്നത്. അനുചിതമായ ആംഗിളുകളെയും അനാവശ്യമായ സൂം ചെയ്യലുകളെയും അപലപിക്കുന്നു.
മാന്യതയുടെ വ്യക്തമായ അത്തരം ലംഘനങ്ങള്‍ അനുവദിക്കുകയോ സാധാരണവല്‍ക്കരിക്കുകയോ ചെയ്യില്ല. പരിപാടികള്‍ പകര്ത്തുന്നവര് പ്രൊഫഷണലിസവും അടിസ്ഥാന മര്യാദയും പാലിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചു-സപ്തമി കുറിച്ചു. അഭിനേതാക്കള്‍ വസ്തുക്കളല്ല എന്ന ഹാഷ് ടാഗോടെയാണ് സപ്തമി കുറിപ്പ് പങ്കുവച്ചത്.