മാഹി/പാനൂർ: പ്രമുഖ വാഗ്മിയും ഗാന്ധിയനുമായ പാനൂരിലെ കെ.പി.എ. റഹിം (70) ഗാന്ധി സ്മൃതിക്കിടെ വേദിയിൽ കുഴഞ്ഞുവീണു മരിച്ചു.
ഗാന്ധിജി മാഹി സന്ദർശിച്ചതിന്റെ 85-ാം വാർഷികത്തോടനുബന്ധിച്ച് മാഹിയിലെ സർക്കാർ ഉദ്യോഗസ്ഥരുടെ സംഘടനയായ കൗൺസിൽ ഓഫ് സർവീസസ് ഓർഗനൈസേഷൻസ് സംഘടിപ്പിച്ച ഗാന്ധിസ്മൃതി യാത്രയുടെ സമാപനസമ്മേളനം മാഹി പുത്തലത്തെ ക്ഷേത്രപരിസരത്തെ അരയാലിൻ ചുവട്ടിൽ (ഗാന്ധിജി സന്ദർശിച്ച സ്ഥലം) ഉദ്ഘാടനം ചെയ്തു പ്രസംഗിക്കവേ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ഇന്നലെ രാവിലെ 10.15നായിരുന്നു അന്ത്യം.
1948 ജൂൺ ഒന്നിന് കണ്ണൂർ ജില്ലയിലെ പുത്തൂരിലാണ് ജനനം. പാനൂർ ബസ്സ്റ്റാൻഡ് ബൈപ്പാസ് റോഡിലെ സ്മൃതിയിലായിരുന്നു താമസം. ഗവ. എൽപി സ്കൂൾ പുത്തൂർ, തിരുവാൽ യുപി സ്കൂൾ, പാനൂർ ഹൈസ്കൂൾ, നിർമലഗിരി കോളജ് കൂത്തുപറമ്പ്, ഗവ. ട്രെയിനിംഗ് കോളജ് തലശേരി എന്നിവിടങ്ങളിലായിരുന്നു പഠനം. മധുര കാമരാജ് യൂണിവേഴ്സിറ്റിയിൽനിന്ന് ഗാന്ധിയൻ തത്വചിന്തയിൽ ബിരുദാനന്തരബിരുദം നേടി. പാനൂർ കെ.കെ.വി. മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപകനായിരുന്ന അദ്ദേഹം 2003 മേയ് 31 ന് വിരമിച്ചു. പി.ആർ. കുറുപ്പിനോടൊപ്പം രാഷ്ട്രീയത്തിൽ സജീവമായി പ്രവർത്തിച്ച റഹിം മാസ്റ്റർ പിന്നീട് കക്ഷിരാഷ്ട്രീയം വിട്ട് ഗാന്ധിമാർഗ പ്രവർത്തകനായി.
ഗാന്ധി യുവമണ്ഡലം, കേരള സർവോദയ മണ്ഡലം, ഹിന്ദി സ്വരാജ് ശതാബ്ദി സമിതി, കണ്ണൂർ ജില്ലാ ഗാന്ധി സെന്റിനറി മെമ്മോറിയൽ സൊസൈറ്റി എന്നിവയുടെ പ്രസിഡന്റായി പ്രവർത്തിച്ചു. നിലവിൽ നിത്യചൈതന്യയതി വേദിയുടെ പ്രസിഡന്റും സുകുമാർ അഴീക്കോട് സാംസ്കാരിക കേന്ദ്രത്തിൽ അംഗവുമാണ്.
കേരളത്തിലും പുറത്തും ഗൾഫ് നാടുകളിലുമായി ആയിരക്കണക്കിന് വേദികളിൽ പ്രഭാഷണം നടത്തിയിട്ടുണ്ട്. നിത്യചൈതന്യയതിയെ പരിചയപ്പെടുത്തുന്ന ‘നിത്യചൈതന്യം’ എന്ന ഗ്രന്ഥത്തിന്റെ എഡിറ്ററായിരുന്നു. കെ. ജനാർദനൻ പിള്ള പുരസ്കാരം, സി.എച്ച്. മൊയ്തു മാസ്റ്റർ പുരസ്കാരം എന്നീ ബഹുമതികൾ നേടിയിട്ടുണ്ട്. സർഗധാരയിലെ സാരസൗന്ദര്യങ്ങൾ എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ശ്രീനാരായണ ഗുരു, ഗാന്ധിജി, വാഗ്ഭടാനന്ദൻ എന്നിവരുടെ മതസമന്വയ സന്ദേശത്തിലും അതീവ തത്പരനായിരുന്നു. ആകാശവാണിയിലെ വിദ്യാഭ്യാസ പരിപാടിയായ റഹിമിന്റെ പ്രഭാഷണങ്ങൾ ഏറെ ശ്രദ്ധേയമാണ്. കൂടാതെ ചിത്രീകരണം, പ്രശ്നോത്തരി, പുസ്തകാവലോകനം എന്നിവ ആകാശവാണിയിൽ പ്രക്ഷേപണം ചെയ്തിട്ടുണ്ട്. ദൂരദർശനിൽ ഗാന്ധിദർശൻ പരിപാടിയുടെ ഭാഗമായി സംപ്രേഷണം ചെയ്ത റഹിമിന്റെ ക്ലാസുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്.
പരേതരായ പൈക്കാട്ട് അബൂബക്കർ-കുഞ്ഞിപ്പറമ്പത്ത് കുഞ്ഞാമി ദമ്പതികളുടെ മകനാണ്. ഭാര്യ: നഫീസ. മക്കൾ: ലൈല (എംഇഎസ് പബ്ലിക് സ്കൂൾ, കൈവേലിക്കൽ), ജലീൽ, കബീർ (എംഇഎസ് പബ്ലിക് സ്കൂൾ, കൈവേലിക്കൽ). മരുമക്കൾ: നാസർ (മാനേജർ, മട്ടന്നൂർ സർവീസ് സഹകരണ റൂറൽ ബാങ്ക്), ശബ്നാസ്, ജസ്മില.
കെ.പി.എ. റഹിമിന്റെ മൃതദേഹം ഇന്നു രാവിലെ ഒൻപത് മുതൽ 9.45 വരെ പാനൂർ പിആർഎം ഹയർ സെക്കൻഡറി സ്കൂളിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് 10.30 ന് പാനൂർ ജുമാ അത്ത് പള്ളി ഖബർസ്ഥാനിൽ കബറടക്കും. തുടർന്ന് ജുമാ മസ്ജിദിന് സമീപം അനുശോചന യോഗവും ഉണ്ടായിരിക്കും. നിര്യാണത്തിൽ അനുശോചിച്ച് ഇന്നു രാവിലെ 11 വരെ പാനൂർ ടൗണിൽ ഹർത്താലാചരിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.