ഇന്ത്യന്‍ പനോരമയ്ക്കു തുടക്കമായി; ദ ലാസ്റ് അദിയുവും എലിസബത്ത് ഏകാദശിയും ആദ്യ ചിത്രങ്ങള്‍
ഇന്ത്യന്‍ പനോരമയ്ക്കു തുടക്കമായി; ദ ലാസ്റ് അദിയുവും എലിസബത്ത് ഏകാദശിയും ആദ്യ ചിത്രങ്ങള്‍
Saturday, November 22, 2014 12:03 AM IST
തോമസ് മത്തായി കരിക്കംപള്ളില്‍

പനാജി: പിതാവിനെക്കുറിച്ചു മകള്‍ ചിത്രീകരിച്ച ഡോക്കുമെന്ററിയും മറാത്തി ഐതിഹ്യം പശ്ചാത്തലമാക്കിയുള്ള ഫീച്ചര്‍ ഫിലിമും പ്രദര്‍ശിപ്പിച്ചുകൊണ്ട് 45-ാമത് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റിവല്‍ ഓഫ് ഇന്ത്യയുടെ ഇന്ത്യന്‍ പനോരമ വിഭാഗത്തിനു തുടക്കമായി.

നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ ശബ്നം സുഖദേവ് സംവിധാനം ചെയ്ത ദി ലാസ്റ് അദിയൂവും ഫീച്ചര്‍ വിഭാഗത്തില്‍ പരേഷ് മൊകാഷി സംവിധാനം ചെയ്ത എലിസബത്ത് ഏകാദശിയുമാണ് പനോരമ ഉദ്ഘാടന ചിത്രങ്ങളായി അയനോക്സ് രണ്ടാം സ്ക്രീനില്‍ പ്രദര്‍ശിപ്പിച്ചത്.

സിനിമാ നിര്‍മാതാവും സംവിധായകനുമായിരുന്ന എസ്.സുഖദേവിനെക്കുറിച്ച് മകളും ചലച്ചിത്രകാരിയുമായ മകള്‍ ശബ്നം സുഖദേവ് ചിത്രീകരിച്ച ഡോക്കുമെന്ററിയാണ് ദി ലാസ്റ്റ് അദിയൂ (അന്തിമ യാത്രാവന്ദനം). അറുപതുകളില്‍ ഇന്ത്യയിലെ ഡോക്കുമെന്ററി ഫിലിം നിര്‍മാണത്തെ വിപ്ളവകരമായ മാറ്റങ്ങളിലൂടെ നടത്തിയ എസ്.സുഖ്ദേവിനെക്കുറിച്ചുള്ള സഹപ്രവര്‍ത്തകരുടെ ഹൃദയസ്പര്‍ശിയായ ഓര്‍മ്മകള്‍ ഡോക്കുമെന്ററിയില്‍ തെളിയുന്നു. 46-ാം വയസിലാണ് സുഖ്ദേവ് അന്തരിച്ചത്. ഫിലിംസ് ഡിവിഷനാണ് നിര്‍മാതാക്കള്‍.

അടിസ്ഥാന മാനുഷിക മാനസികാവസ്ഥകള്‍ ഹൃദയസ്പര്‍ശിയായി അവതരിപ്പിക്കുന്ന മറാഠി ചിത്രമാണ് എലിസബത്ത് ഏകാദശി. ജീവിക്കാനായി കഠിനയത്നത്തിലേര്‍പ്പെട്ടിരിക്കുന്ന വിധവയായ അമ്മയെ സാമ്പത്തികമായി സഹായിക്കാനുള്ള ബാലനായ മകന്റെ തത്രപ്പാടാണ് ചിത്രീകരിച്ചിരിക്കുന്നത്. ശാസ്ത്രത്തെക്കുറിച്ച് അറിയാനുള്ള കുട്ടികളുടെ ഔത്സുുക്യത്തെക്കുറിച്ചും ജനങ്ങള്‍ക്കിടയിലുള്ള ആധ്യാന്മിക അനുശാസനങ്ങളെക്കുറിച്ചും സിനിമ ആരായുന്നു. കേന്ദ്രകഥാപാത്രമായ ബാലന്‍ ധ്യാനേഷിന്റെ (ശ്രീരംഗ് മഹാജന്‍) സൈക്കിളാണ് എലിസബത്ത്. ക്ഷേത്ര പട്ടണത്തിലുള്ള ബാലന്റെ അന്തരിച്ച പിതാവ് സമ്മാനിച്ചതായിരുന്നു പൊന്നുപോലെ സൂക്ഷിക്കുന്ന സൈക്കിള്‍. സാമ്പത്തിക ബുദ്ധിമുട്ടില്‍ സൈക്കിള്‍ ഏകാദശി ദിവസം വില്ക്കുന്നത് ഒഴിവാക്കാന്‍ ശ്രമിക്കുകയാണ് ബാലനും കൂട്ടുകാരും.


ഇതേസമയം, എലിസബത്ത് ഏകാദശി ഹിന്ദു മതവികാരങ്ങളെ വൃണപ്പെടുത്തുന്നതാണെന്നും അതിനാല്‍ സിനിമ പ്രദര്‍ശിപ്പിക്കരുതെന്നും സംഘാടകര്‍ക്കു ഹിന്ദു ജന്‍ജാഗ്രതി സമിതി നിവേദനം നല്കിയിരുന്നു. ഹിന്ദു പഞ്ചാംഗ പ്രകാരം ചാന്ദ്രമാസ കാലഗണനയിലെ പക്ഷങ്ങളിലെ പതിനൊന്നാമത്തെ തിഥിയാണ് ഏകാദശി. ഒരു വര്‍ഷത്തില്‍ സാധാരണ 24 ഏകാദശികള്‍ ഉണ്ടാകും. സിനിമയുടെ പേര് ഏകാദശിയെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നായിരുന്നു ആക്ഷേപം. പോസ്റ്ററില്‍ വിത്തല്‍ ഭഗവാനെ സൈക്കിളില്‍ ചിത്രീകരിച്ചതും എതിര്‍പ്പിനു കാരണമായിരുന്നു.

ഡയറക്ടറേറ്റ് ഓഫ് ഫിലിം ഫെസ്റിവലിന്റെ സവിശേഷാധികാരത്തിലുള്ളതാണ് സിനിമകളുടെ തെരഞ്ഞെടുപ്പെന്നു സംഘാടക നോഡല്‍ ഏജന്‍സിയായ എന്റര്‍ടൈന്‍മെന്റ് സൊസൈറ്റി ഓഫ് ഗോവ ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.