നാഗാലാന്‍ഡില്‍ ജയില്‍ ആക്രമിച്ച ജനക്കൂട്ടം പ്രതിയെ കൊലപ്പെടുത്തി
Saturday, March 7, 2015 12:13 AM IST
കൊഹിമ: നാഗാലാന്‍ഡിലെ ദിമാപൂരില്‍ ജനക്കൂട്ടം മാനഭംഗക്കേസ് പ്രതിയെ ജയിലില്‍ നിന്നു മോചിപ്പിച്ചശേഷം മര്‍ദിച്ചുകൊന്നു. സംഭവത്തെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടെ പോലീസ് വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. 28 പേര്‍ക്ക് സംഘര്‍ഷത്തിനിടെയുണ്ടായ കല്ലേറിലും വെടിവയ്പിലും പരിക്കേറ്റ നിരവധി പേരെ നഗരത്തിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പോലീസുകാരുള്‍പ്പെടെ പലരുടേയും നില ഗുരുതരമാണ്. ഇനിറ്റോ എന്നയാളാണ് പോലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ടത്.

മാനഭംഗക്കേസ് പ്രതിയായ 25 കാരനെയാണ് ജനക്കൂട്ടം ജയിലില്‍ നിന്നു മോചിപ്പിച്ചശേഷം മര്‍ദിച്ച് കൊലപ്പെടുത്തിയത്. ദിമാപൂരിലെ കോളജ് വിദ്യാര്‍ഥിനിയെ മാനഭംഗപ്പെടുത്തിയ കേസിലെ പ്രതിയാണിയാള്‍. കഴിഞ്ഞ ഫെബ്രുവരിയിലാണ് അറസ്റിലായത്. ജയിലില്‍ നിന്ന് ഇയാളെ നഗരത്തിലെ ക്ളോക്ക് ടവറിനടുത്തേക്ക് വലിച്ചിഴയ്ക്കുന്നതിനിടയില്‍ തൊഴിച്ചും കല്ലെറിഞ്ഞും ജനക്കൂട്ടം കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം നീക്കം ചെയ്യാന്‍ പോലീസ് ശ്രമിച്ചതോടെ ജനക്കൂട്ടം വീണ്ടും അക്രമാസക്തമായി. പോലീസിനു നേരെ കല്ലെറിഞ്ഞ അവര്‍ പിരിഞ്ഞുപോകാന്‍ തയ്യാറായതുമില്ല.


വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷമാണ് പ്രതിയെത്തേടി നൂറോളം വരുന്ന ജനക്കൂട്ടം ജയിലിലേക്ക് ഇരച്ചുകയറിയത്. കണ്ണീര്‍വാതകവും മറ്റും ഉപയോഗിച്ച് ഇവരെ പിരിച്ചുവിടാന്‍ പോലീസ് അപ്പോള്‍ത്തന്നെ ശ്രമം തുടങ്ങിയിരുന്നു. എങ്കിലും പിരിഞ്ഞുപോകാന്‍ അവര്‍ തയാറായില്ല. വൈകന്നേരം നാലരയോടെ പ്രതിയെ കണ്െടത്തി. തുടര്‍ന്ന് ഇയാളെ നഗ്നനാക്കി നഗരത്തിലെ ക്ളോക്ക്ടവര്‍ ജംഗ്ഷനിലെത്തിച്ചു. ജനക്കൂട്ടത്തിന്റെ മര്‍ദ്ദനത്തെത്തുടര്‍ന്നു പ്രതി കൊല്ലപ്പെട്ടു. മൃതദേഹം ക്ളോക്ക്ടവറിലെ വേലിയില്‍ തൂക്കിയിടുകയമായിരുന്നു.

ഇതിനുശേഷമാണ് മൃതദേഹം മറവുചെയ്യാന്‍ പോലീസ് എത്തിയത്. ഇതോടെ മണിക്കൂറുകള്‍ നീണ്ട സംഘര്‍ഷത്തിനു തുടക്കമായി. നിരവധി വാഹനങ്ങളാണു അക്രമത്തില്‍ തര്‍ന്നത്. സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണത്തിന് നാഗാലാന്റ് സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ചേര്‍ന്ന അടിയന്തര കാബിനറ്റ് യോഗം അന്വേഷണത്തിന് ഉത്തരവിട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.