കാഷ്മീരിൽ കുട്ടികളെ തെരുവിലിറക്കുന്നവർ ഉത്തരം പറയേണ്ടിവരുമെന്നു നരേന്ദ്ര മോദി
കാഷ്മീരിൽ കുട്ടികളെ തെരുവിലിറക്കുന്നവർ ഉത്തരം പറയേണ്ടിവരുമെന്നു നരേന്ദ്ര മോദി
Sunday, August 28, 2016 11:53 AM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: കാഷ്മീരിൽ അശാന്തിയുണ്ടാക്കുന്നതിനായി ചെറിയ കുട്ടികളെ തെരുവിലേക്കു തള്ളിവിടുന്നവർ ഒരു ദിവസം അതിന് ഉത്തരം പറയേണ്ടിവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാഷ്മീരിൽ കൊല്ലപ്പെടുന്നതു സൈനികനാണെങ്കിലും സാധാരണക്കാരനാണെങ്കിലും അതു നമ്മുടെ രാജ്യത്തിന്റെ നഷ്‌ടമാണ്. മറ്റെല്ലാ കാര്യങ്ങളിലും എതിർപ്പ് പുലർത്തുന്നവരാണെങ്കിലും കാഷ്മീരിലെ പ്രശ്നങ്ങളിൽ എല്ലാ പാർട്ടികളും ഒറ്റക്കെട്ടാണെന്നും ഐക്യവും മമതയും പുലർത്തണമെന്നാണ് എല്ലാവരും ആവശ്യപ്പെടുന്നതെന്നും പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ പ്രധാനമന്ത്രി പറഞ്ഞു.

മൻ കി ബാത്ത് പരിപാടി പ്രക്ഷേപണം തുടങ്ങിയിട്ട് 23 മാസങ്ങളായെങ്കിലും ഇതാദ്യമായാണ് ആനുകാലികമായ ഒരു വിഷയം നരേന്ദ്ര മോദി അതിൽ ഉൾപ്പെടുത്തിയത്. കാഷ്മീരിൽ സംഘർഷമുണ്ടാക്കുന്നതിനു പിന്നിൽ വിഘടനവാദികളും പാക്കിസ്‌ഥാൻ തീവ്രവാദികളുമാണെന്നു കേന്ദ്ര സർക്കാർ ആരോപണം ഉന്നയിക്കുന്നത് ഉറപ്പിച്ചാണ് പ്രധാനമന്ത്രിയും അഭിപ്രായം പങ്കുവച്ചത്. ജിഎസ്ടി ബിൽ പാസാക്കിയെന്നതുപോലെതന്നെ കാഷ്മീർ വിഷയത്തിലും നമ്മൾ ഒറ്റക്കെട്ടാണെന്ന് ഉറപ്പിച്ചു. അതു വിഘടനവാദികൾക്കു മാത്രമല്ല, ലോകത്തിനുതന്നെയുള്ള സന്ദേശമാണു നൽകിയത്.

രാജ്യത്തെ 125 കോടി ജനങ്ങളുടെയും ഗ്രാമമുഖ്യൻ മുതൽ പ്രധാനമന്ത്രി വരെയുള്ളവരുടെയും കാഴ്ചപ്പാടാണിത്. സുരക്ഷാ സൈനികനാകട്ടെ, യുവാക്കളാകട്ടെ കാഷ്മീരിൽ നഷ്‌ടപ്പെട്ട ജീവനുകൾ ഇന്ത്യയുടേതാണെന്നു വ്യക്‌തമാക്കിയ മോദി ഐക്യം, സ്നേഹം എന്നിവയാണ് ഈ പ്രശ്നത്തിന് പരിഹാരം കാണാനുള്ള അടിസ്‌ഥാന സമവാക്യമെന്നും ചൂണ്ടിക്കാട്ടി.

ഹോക്കി ഇതിഹാസം ധ്യാൻചന്ദിനെ അനുസ്മരിച്ച പ്രധാനമന്ത്രി, ഒളിമ്പിക്സ് മെഡൽ ജേതാക്കളായ പി.വി. സിന്ധു, സാക്ഷി മാലിക്, ജിംനാസ്റ്റിക്സിൽ നാലാം സ്‌ഥാനത്തെത്തിയ ദിപ കർമാകർ, മികച്ച പ്രകടനം നടത്തിയ ലളിത ബാബർ, അഭിനവ് ബിന്ദ്ര, വികാസ് കൃഷൻ യാദവ് എന്നിവരെയും അഭിനന്ദിച്ചു. ധ്യാൻചന്ദിന്റെ ജന്മദിനമായ ഓഗസ്റ്റ് 29നു രാജ്യം കായികദിനമായി ആഘോഷിക്കുകയാണ്. എല്ലാ കായിക ഇനങ്ങളിലും ജനങ്ങൾക്കു താത്പര്യമുണ്ടായി തുടങ്ങിയത് നല്ല ലക്ഷണമാണെന്നും അദ്ദേഹം പറഞ്ഞു. ഗണേശോത്സവവുമായി ബന്ധപ്പെട്ട് പാരിസ്‌ഥിതിക പ്രശ്നങ്ങളുണ്ടാകുന്നുണ്ടെന്നു ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, പ്ലാസ്റ്റർ ഓഫ് പാരിസ് കൊണ്ടുള്ള വിഗ്രഹങ്ങൾക്കു പകരം കളിമണ്ണുകൊണ്ടുള്ളവ ഉപയോഗിക്കണമെന്നും ആഹ്വാനം ചെയ്തു.


<ആ>മദർ തെരേസയെ പ്രശംസിച്ചു മോദി

ന്യൂഡൽഹി: ജീവിതം മുഴുവൻ രാജ്യത്തെ ദരിദ്രരെ സേവിക്കുന്നതിനായി വിനിയോഗിച്ച ഭാരതരത്നമാണു വാഴ്ത്തപ്പെട്ട മദർ തെരേസെയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. സെപ്റ്റംബർ നാലിനു മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുകയാണെന്നും രാജ്യത്തെ 125 കോടി ജനങ്ങൾക്കുവേണ്ടി വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ നേതൃത്വത്തിലുള്ള ഒരു ഔദ്യോഗിക പ്രതിനിധിസംഘത്തെ വത്തിക്കാനിലെ ചടങ്ങിലേക്ക് അയയ്ക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി മൻ കി ബാത്തിൽ പറഞ്ഞു.

അൽബേനിയയിൽ ജനിച്ചിട്ടും ഇംഗ്ലീഷ് ഭാഷക്കാരിയല്ലായിരുന്നിട്ടും രാജ്യത്തെ ദരിദ്രരെ സേവിക്കുന്നതിനായി ജീവിതം രൂപപ്പെടുത്തിയ മദർ തെരേസയ്ക്ക് വിശുദ്ധപദവി കിട്ടുന്നത് ഇന്ത്യക്ക് അഭിമാനമേകിയ സംഭവമാണ്. മദർ തെരേസെയെ പോലെയുള്ള സന്യാസിമാരിൽ നിന്നും ഋഷിമാരിൽനിന്നും മുനിമാരിൽ നിന്നുമൊക്കെ നമുക്കു പഠിക്കാനേറെയുണ്ടെന്നും നല്ല തു ചെയ്യുന്നതിന് അതു പാഠമാകുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.