സ്വവര്‍ഗവിവാഹം: അയര്‍ലന്‍ഡില്‍ ഹിതപരിശോധന
Sunday, May 24, 2015 11:11 PM IST
ഡബ്ളിന്‍: സ്വവര്‍ഗവിവാഹം നിയമവിധേയമാക്കുന്നതിനായി റിപ്പബ്ളിക് ഓഫ് അയര്‍ലന്‍ഡില്‍ ജനഹിതപരിശോധന നടന്നു. 32 ലക്ഷത്തിലധികം പേരാണു വോട്ട് രേഖപ്പെടുത്തിയത്. നിയമം സാധുവായാല്‍ സ്വവര്‍ഗവിവാഹം ഹിതപരിശോധനയിലൂടെ നിയമവിധേയമാക്കുന്ന ലോകത്തെ ആദ്യ രാജ്യമാകും റിപ്പബ്ളിക് ഓഫ് അയര്‍ലന്‍ഡ്. നിലവില്‍ ലോകത്ത് 19 രാജ്യങ്ങളിലാണ് സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കിയിരിക്കുന്നത്.

ഐറിഷ് പ്രസിഡന്റ് മൈക്കല്‍ ഡി ഹിഗിന്‍സ്, പ്രധാനമന്ത്രി എന്‍ഡ കെന്നി എന്നിവര്‍ ഹിതപരിശോധനയില്‍ വോട്ട് രേഖപ്പെടുത്തി. ഒടുവില്‍ പുറത്തുവരുന്ന വോട്ടെടുപ്പു ഫലങ്ങള്‍ പ്രകാരം 75 ശതമാനം പേര്‍ നിയമത്തിന് അനുകൂലമായി വോട്ടുരേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യന്‍ വംശജനായ ആരോഗ്യമന്ത്രി ലിയോ വരദ്കര്‍ സ്വവര്‍ഗാനുരാഗിയാണെന്നു നേരത്തെ വെളിപ്പെടുത്തിയിരുന്നു. സ്വവര്‍ഗവിവാഹത്തിനെതിരേ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ വോട്ടെടുപ്പിനു മുമ്പുതന്നെ തോല്‍വി സമ്മതിച്ച മട്ടായിരുന്നു. പ്രധാന രാഷ്ട്രീയപാര്‍ട്ടികള്‍ നിയമം നിലവില്‍വരുന്നതിനെ പിന്തുണയ്ക്കുന്നുണ്ട്.

സ്വവര്‍ഗവിവാഹം ക്രിമിനല്‍ കുറ്റമല്ലാതാക്കി 22 വര്‍ഷങ്ങള്‍ക്കുശേഷമാണ് അയര്‍ലന്‍ഡില്‍ നിയമവിധേയമാക്കുന്നതിനുള്ള ഹിതപരിശോധന നടത്തുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.