ക്രൈസ്തവരെ ആക്രമിച്ച കേസില്‍ പാക്കിസ്ഥാനില്‍ 40 പേര്‍ അറസ്റില്‍
Wednesday, May 27, 2015 11:27 PM IST
ലാഹോര്‍: ക്രൈസ്തവരുടെ വീടുകള്‍ കൊള്ളയടിക്കുകയും ദേവാലയം അടിച്ചു തകര്‍ക്കുകയും ചെയ്ത കേസില്‍ പാക്കിസ്ഥാനില്‍ 40 പേരെ അറസ്റ് ചെയ്തു. ഇതില്‍ മതനേതാവും ഉള്‍പ്പെടും. 500 പേരെ കരുതല്‍ തടങ്കലില്‍വച്ചിട്ടുണ്ട്. ക്രിസ്ത്യന്‍ യുവാക്കള്‍ മതത്തെ നിന്ദിച്ചെന്നാരോപിച്ച് രോഷാകുലരായ ജനങ്ങള്‍ ഞായറാഴ്ച ക്രൈസ്തവരുടെ വീടുകള്‍ കൊള്ളയടിക്കുകയും സാന്ദാ മേഖലയിലെ പള്ളി കത്തിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.

ഈ കേസിലാണ് തീവ്രവാദക്കുറ്റം ചുമത്തി 40 പേരെ അറസ്റ് ചെയ്തതെന്നു സീനിയര്‍ പോലീസ് ഓഫീസര്‍ ഇജാസ് ഷാഫി മാധ്യമങ്ങളോടു പറഞ്ഞു. ജമാത്ത് ഇ ഇസ്ലാമി ഗ്രൂപ്പിന്റെ ഉപസംഘടനയുടെ ലോക്കല്‍ നേതാവായ ഷബാബ് ഐ മില്ലിയും അറസ്റിലായവരില്‍ ഉള്‍പ്പെടുന്നു.

പള്ളി കത്തിക്കാന്‍ ജനക്കൂട്ടത്തിനു നേതൃത്വം നല്കിയത് ഇയാളാണെന്നു പോലീസ് പറഞ്ഞു. ക്രൈസ്തവ യുവാക്കള്‍ മത നിന്ദ നടത്തിയെന്നു മോസ്ക്കില്‍ ഇയാള്‍ വിളിച്ചു പറയുകയായിരുന്നു. ഇതേത്തുടര്‍ന്ന് രോഷാകുലരായ ജനം ക്രൈസ്തവരുടെ വീടുകള്‍ ആക്രമിക്കാന്‍ ശ്രമിച്ചു. പോലീസ് കാര്യക്ഷമമായി ഇടപെട്ടതിനാലാണു വന്‍ ലഹള ഒഴിവായത്.

40 പേരെ അറസ്റ് ചെയ്തതിനെത്തുടര്‍ന്ന് പോലീസ് സ്റേഷന്‍ പരിസരത്ത് തടിച്ചുകൂടിയ ജനം കസ്റഡിയിലുള്ളവരെ വിട്ടുതരണമെന്നാവശ്യപ്പെട്ടു മുദ്രാവാക്യം വിളിച്ചു. പോലീസ് എതിര്‍ത്തതിനെത്തുടര്‍ന്നു ജനക്കൂട്ടം പിരിഞ്ഞുപോയി.

പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കാന്‍ ജാഗ്രതപാലിക്കണമെന്നു സൈനികരോടും പോലീസിനോടും പഞ്ചാബ് ആഭ്യന്തരമന്ത്രി കേണല്‍ ഷുജ ഖന്‍സാദ നിര്‍ദേശിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.