ക്രിക്കറ്റ് പിച്ചില്‍ വീണ്ടും ചോര
ക്രിക്കറ്റ് പിച്ചില്‍ വീണ്ടും ചോര
Tuesday, April 21, 2015 11:42 PM IST
കോല്‍ക്കത്ത: ഓസ്ട്രേലിയന്‍ താരം ഫില്‍ ഹ്യൂസിന്റെ ദാരുണാന്ത്യം നല്‍കിയ ഞെട്ടലില്‍നിന്ന് ക്രിക്കറ്റ് ലോകം മുക്തമാകുംമുമ്പേ ഞെട്ടിക്കുന്ന മറ്റൊരു ദുരന്തംകൂടി. ഇത്തവണ ഇന്ത്യയിലാണ് ഒരു താരത്തിന്റെ മരണം ക്രിക്കറ്റ് ഫീല്‍ഡില്‍ സംഭവിച്ചിരിക്കുന്നത്. കോല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന ആഭ്യന്തര മത്സരത്തിനിടെ ക്യാച്ച് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ പരിക്കേറ്റു ചികിത്സയിലായിരുന്ന ബംഗാളിന്റെ മുന്‍ അണ്ടര്‍ -19 നായകന്‍ അങ്കിത് കേഷ്രി (20) ഹൃദയാഘാതത്തെ തുടര്‍ന്നു മരിച്ചു. ഈസ്റ്റ് ബംഗാള്‍ ക്ളബ് താരമായിരുന്ന കേഷ്രി മൂന്നു ദിവസമായി കോല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച ഈസ്റ്റ് ബംഗാള്‍ ക്ളബും ഭവാനിപൂര്‍ ക്ളബും തമ്മിലുള്ള മത്സരത്തില്‍ ക്യാച്ച് എടുക്കവേ സൌരഭ് മോണ്ടല്‍ എന്ന ബൌളറുമായി കൂട്ടിയിടിച്ച് താഴെ വീഴുകയായിരുന്നു കേഷ്രി.

ബോധരഹിതനായ താരത്തെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചിരുന്നു. മൂന്നു ദിവസമായി ചികിത്സയിലായിരുന്ന കേഷ്രിയുടെ നില മെച്ചപ്പെട്ടുവരുകയായിരുന്നു. ഞായറാഴ്ച ഭക്ഷണം നേരിട്ടു കഴിക്കുകയും ചെയ്തിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം രാത്രിയുണ്ടായ തുടര്‍ച്ചയായ ഹൃദയാഘാതമാണു സ്ഥിതി വഷളാക്കിയത്. മരണത്തെത്തതുടര്‍ന്ന് ഈസ്റ്റ് ബംഗാള്‍ ക്ളബ്ബിന്റെ മത്സരം മാറ്റിവച്ചു. ബംഗാളില്‍ വളര്‍ന്നു വരുന്ന ഏറ്റവും മികച്ച ക്രിക്കറ്റ് താരങ്ങളിലൊരാളായാണ് ഈ വലംകൈയന്‍ ബാറ്റ്സ്മാന്‍ വിലയിരുത്തപ്പെട്ടിരുന്നത്.

അണ്ടര്‍ 19 കൂച്ച് ബെഹാര്‍ ട്രോഫി ക്രിക്കറ്റില്‍ ബംഗാളിനെ നയിച്ച കേഷ്രി ഇന്ത്യയുടെ അണ്ടര്‍ 19 സാധ്യതാ ടീമിലും ഇടംപിടിച്ചിരുന്നു. സി.കെ. നായിഡു ട്രോഫിക്കുള്ള അണ്ടര്‍ 23 ബംഗാള്‍ ടീമിലും കേഷ്രി അംഗമായിരുന്നു.


അക്ഷരാര്‍ഥത്തില്‍ മരണം കേഷ്രിയെ തേടിപ്പിടിക്കുകയായിരുന്നെന്നാണ് പരിശീലകന്‍ ജയ്ദീപ് മുഖര്‍ജി പറഞ്ഞത്. അന്നത്തെ മത്സരത്തില്‍ ഈസ്റ് ബംഗാള്‍ ടീമിന്റെ പ്ളെയിംഗ് ഇലവനില്‍ കേഷ്്രി ഇല്ലായിരുന്നു. സഹതാരം അര്‍ണബ് നന്ദി മത്സരത്തിനിടെ ബ്രേക് എടുത്തതിനു പകരമായാണ് കേഷ്രി ഫീല്‍ഡിലെത്തിയത്.

സ്വീപ്പര്‍ കവറില്‍ ഫീല്‍ഡ് ചെയ്ത കേഷ്്രി ക്യാച്ചെടുക്കാന്‍ ഓടവെ സൌരവ് മൊണ്ടാല്‍ വന്നിടിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് കേഷ്രി ചോര ഛര്‍ദിച്ചു. ഈ സമയം പരിശീലകന്‍ ജയ്ദീപ് മുഖര്‍ജി സ്റേഡിയത്തിലുണ്ടായിരുന്നു. വിണ ഉടനേ മുന്‍ ബംഗാള്‍ താരം ശിവ്സാഗര്‍ സിംഗും ബാറ്റ്സ്മാന്‍ അനുസ്റപ് മജുംദാറും ഓടിയെത്തി. നെഞ്ചില്‍ അമര്‍ത്തിവായിലേക്കു ശക്തിയായി ഊതി ശ്വാസം നല്‍കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതോടെ കേഷ്്രി ശ്വസിക്കാന്‍ തുടങ്ങിയത്രേ. പിന്നീട് കേഷ്രിയെ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. സംഭവം വലിയ ഞെട്ടലാണ് ക്രിക്കറ്റ് ലോകത്ത് ഉണ്ടായിരിക്കുന്നത്.

അങ്കിത് കേഷ് രിയുടെ നിര്യാണത്തില്‍ സച്ചിന്‍ തെണ്ടുല്‍ക്കറും അനില്‍ കുംബ്ളെയും അനുശോചിച്ചു. ഈ ദുഃഖത്തില്‍നിന്നു കരകയറാന്‍ അങ്കിതിന്റെ കുടുംബത്തെ ദൈവം സഹായിക്കട്ടെ എന്നായിരുന്നു സച്ചിന്റെ അനുശോചനം. വളരെ വേദനിപ്പിക്കുന്ന വാര്‍ത്തയാണിത്. അവനെ സ്നേഹിക്കുന്നവര്‍ക്ക് ഈ ദുഃഖത്തില്‍നിന്നു കരകയറാനാകട്ടെ -അനില്‍ കുംബ്ളെ ട്വീറ്റ് ചെയ്തു.

മരണം വലിയൊരു നഷ്ടമാണെന്നു ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ ട്രഷറര്‍ ബിശ്വരൂപ് ദേ പറഞ്ഞു. ബോളിവുഡ് താരവും കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഉടമയുമായ ഷാരൂഖ് ഖാനും ആദരാഞ്ജലി അര്‍പ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.