ഹോക്കി താരങ്ങൾക്ക് അവഗണന: പ്രതിഷേധം വ്യാപകം
ഹോക്കി താരങ്ങൾക്ക് അവഗണന: പ്രതിഷേധം വ്യാപകം
Monday, August 29, 2016 11:15 AM IST
ന്യൂഡൽഹി: വനിതാ ഹോക്കി ടീമിനെ ട്രെയിനിൽ ലോക്കൽ കംപാർട്ട്മെന്റിൽ അയച്ച സംഭവത്തിൽ പ്രതിഷേധം വ്യാപകമാകുന്നു. റിയോ ഒളിമ്പിക്സിൽ പങ്കെടുത്ത ഇന്ത്യൻ വനിതാ ടീമിലെ നാലു താരങ്ങൾക്കാണ് അധികൃതരുടെ അവഗണന നേരിടേണ്ടിവന്നത്. ഒഡീഷ സ്വദേശികളായ ദീപ് ഗ്രേസ്, നമിത ടോപ്പോ, സുനിത ലക്ര, ലിലിമ മിൻസ് എന്നിവർക്കാണു ട്രെയിനിൽ നിലത്തിരുന്നു യാത്ര ചെയ്യേണ്ടിവന്നത്. ഡൽഹിയിൽനിന്നു ജന്മനാട്ടിലേക്കുള്ള മടക്കയാത്രയിലാണ് താരങ്ങൾക്കു ട്രെയിനിൽ ലോക്കൽ കംപാർട്ട്മെന്റിൽ നിലത്തിരുന്നു യാത്ര ചെയ്യേണ്ടിവന്നത്. കായിക താരങ്ങളെ അവഗണിച്ചതിലും അപമാനിച്ചതിലും കായിക മന്ത്രി വിജയ ഗോയൽ ഇടപെടണമെന്നും അന്വേഷണത്തിന് ഉത്തരവിടണമെന്നും നിരവധി മനുഷ്യാവകാശ പ്രവർത്തകർ ആവശ്യപ്പെട്ടു.

മനുഷ്യാവകാശ പ്രവർത്തകയായ ബ്രിന്ദ അഡിഗെ വളരെ രൂക്ഷമായ ഭാഷയിലാണു സംഭവത്തോടു പ്രതികരിച്ചത്. അവർ പെണ്ണായിപ്പോയതുകൊണ്ടാണ് ഇങ്ങനെ അവഗണിക്കപ്പെട്ടത്. അധികൃതർ ഒന്നോർക്കുന്നതു നല്ലതാണ്.

ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ യശസുയർത്തിയത് രണ്ടു സ്ത്രീകളാണ്. അവരെ മാത്രം പൊക്കിപ്പിടിക്കുകയും ബാക്കിയുള്ളവരെ അവഗണിക്കുകയും ചെയ്യുന്നതിലൂടെ അധികാരസ്‌ഥാനങ്ങൾ കൈയാളുന്നവർ ലോകത്തിനു കാട്ടിക്കൊടുക്കുന്നത് അവരുടെ ഉള്ളിൽ അടിഞ്ഞുകൂടിയ അധമമായ പുരുഷാധിപത്യ ചിന്തകളെയാണ്. ഈ സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ ഈ വാക്കുകളല്ല വേണ്ടതെന്ന് എനിക്കറിയാം. അധികാരികൾ നിലപാട് മാറ്റി തെറ്റുകാർക്കെതിരേ നടപടിയെടുക്കണം – അഡിഗെ പറഞ്ഞു.

സ്ത്രീപക്ഷ പ്രവർത്തകയായ നിർമല സാവന്തും സംഭവത്തെ അപലപിച്ച് രംഗത്തെത്തി. ഈ സംഭവം നമുക്കാകെ നാണക്കേടാണ്. ഒളിമ്പിക്സിൽ പങ്കെടുത്തവർ രാജ്യത്തിന്റെ അഭിമാനം ഉയർത്തുകയാണു ചെയ്തത്.


ഇത് രാജ്യത്തിന്റെ അഭിമാനത്തിന് വലിയ കളങ്കമാണ് വരുത്തിയിരിക്കുന്നത്. ലോകത്തിനു മുന്നിൽ ഓരോ ഇന്ത്യക്കാരന്റെയും അഭിമാനം ചോദ്യം ചെയ്യപ്പെടുന്ന ഇക്കാര്യത്തിൽ കായിക വകുപ്പു മാത്രമല്ലമറുപടി പറയേണ്ടത്. റെയിൽവേയും കൂടിയാണ്. ഒളിമ്പിക്സിൽ പങ്കെടുത്ത കുട്ടികൾക്ക് ട്രെയിനിൽ നിലത്തിരുന്നു യാത്ര ചെയ്യേണ്ടിവന്നതിനെക്കുറിച്ച് റെയിൽവേ മന്ത്രിയും അന്വേഷണം നടത്തണം. സുരേഷ് പ്രഭു ഇക്കാര്യത്തിൽ ആവശ്യമായ നടപടി എടുക്കുമെന്നു നമുക്കു കരുതാം.

കായിക മന്ത്രാലയം ഇക്കാര്യത്തിൽ ഉണർന്നു പ്രവർത്തിക്കണം. ഒളിമ്പിക്സിലെ പ്രകടനം മെച്ചപ്പെടുത്താൻ കർമപദ്ധതികൾ ആവിഷ്കരിക്കുമെന്നു പറഞ്ഞ പ്രധാനമന്ത്രിയാണു നമുക്കുള്ളത്. വലിയ ഫണ്ടാണ് കായികരംഗത്തിനുവേണ്ടി സർക്കാർ ചെലവഴിക്കുന്നത്. ഒളിമ്പിക്സിനു ശേഷം തിരിച്ചെത്തിയതാരങ്ങളെ അന്തസായി അവരുടെ നാട്ടിലെത്തിക്കാൻ ശേഷിയില്ലാത്ത ഭരണകൂടത്തിന് എന്തു നേട്ടങ്ങളാണ് ഉണ്ടാക്കാൻ കഴിയുക. ഇനിയെങ്കിലും നമ്മുടെ അധികാരികൾ കായികതാരങ്ങളെ പരിഗണിക്കണം. അവരെ അംഗീകരിക്കണം –നിർമല സാവന്ത് പറഞ്ഞു.

എന്നാൽ, നാലുപേരും റെയിൽവേ ജീവനക്കാരാണെന്നും അവർക്ക് ടിക്കറ്റ് എടുക്കേണ്ട ആവശ്യമില്ലെന്നും റെയിൽവേ വ്യക്‌തമാക്കി. ഇവർക്ക് സീറ്റ് അനുവദിക്കുന്നതിൽ ടിടിആറിന്റെ ഭാഗത്തുനിന്നു വീഴ്ചവന്നതായും അന്വേഷിച്ച് കുറ്റക്കാർക്കെതിരേ നടപടിയെടുക്കുമെന്നും റെയിൽവേ വിശദീകരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.