ഇരുളിനെ അതിജീവിച്ച സംഗീതം
ഇമ്പമാർന്ന ഈണങ്ങൾ അവർക്കു സ്വാതന്ത്ര്യത്തിന്റെ സംഗീതമാണ്. കണ്ണിൽ ഇരുട്ടെങ്കിലും അവരുടെ മധുരശബ്ദങ്ങളിൽ വെളിച്ചത്തെക്കുറിച്ചുള്ള സ്വപ്നങ്ങളുണ്ട്. വർണക്കാഴ്ചകൾ അന്യമെങ്കിലും, അവരുടെ നാവിൻതുമ്പിലെ ഹൃദ്യസംഗീതം അനേകർക്കു വിസ്മയാനുഭവമാണ്. സംഗീതം ആഹ്ലാദമാണ് അവർക്കും, അവരെ കേൾക്കുന്നവർക്കും.

കേരളത്തിലെമ്പാടും നൂറുകണക്കിനു വേദികളിൽ സംഗീതവിരുന്നൊരുക്കിയ കാത്തലിക് കോൺഗ്രിഗേഷൻ ഓഫ് ദി ബ്ലൈൻഡ് (സിസിബി) ഓർക്കസ്ട്രയിൽ പാട്ടുകാരും പിന്നണിയൊരുക്കുന്നവരും കാഴ്ചയില്ലാത്തവർ. അന്ധരുടെ ഗാനമേള എന്നുപറഞ്ഞുതീർക്കാൻ വരട്ടെ; കേരളത്തിലെ ഏതൊരു മികച്ച സംഗീതസംഘത്തിനൊപ്പമോ അതിനു മുകളിലോ ആണ് സിസിബി ഓർക്കസ്ട്രയുടെ പാട്ടുയാത്ര.

<ആ>അതിജീവനത്തിനായി ആദ്യവരി

കാഴ്ചയില്ലാത്തവരുടെ ക്ഷേമപ്രവർത്തനങ്ങൾക്കും പുനരധിവാസത്തിനുമായി 1991ൽ തുടങ്ങിയതാണു കാത്തലിക് കോൺഗ്രിഗേഷൻ ഓഫ് ദി ബ്ലൈൻഡ് എന്ന സിസിബി. വിവിധ പരിശീലന, ക്ഷേമ, തൊഴിൽ പദ്ധതികളിലൂടെ അന്ധരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കെത്തിക്കുകയാണു ലക്ഷ്യം.

2009ൽ സംസ്‌ഥാന സർക്കാർ ലോട്ടറി വില്പനയിൽ നിയന്ത്രണങ്ങൾ കൊണ്ടുവന്നതും അന്ധരായ കലാകാരന്മാരുടെ കുടുംബങ്ങൾ പട്ടിണിയിലേക്കു നീങ്ങുന്ന സാഹചര്യവുമാണു സിസിബിയെ പ്രഫഷണലായി ഒരു സംഗീത സംഘം രൂപീകരിക്കുന്നതിലേക്കു ചിന്തിപ്പിച്ചത്. സിസിബിയുടെ ചാരിറ്റബിൾ വിഭാഗം കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഗീതരംഗത്തു മികവുതെളിയിച്ചിട്ടുള്ള അന്ധരായ കലാകാരന്മാരെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ഇവർക്ക് പാട്ടിലും സംഗീതോപകരണങ്ങളുടെ ഉപയോഗത്തിലും കൃത്യമായ പരിശീലനത്തിന് അവസരമൊരുക്കി. പ്രഗല്ഭരായ അധ്യാപകർ കരുത്തായി. ചിട്ടയായ പരിശീലനങ്ങൾക്കൊടുവിൽ മികച്ച സംഗീതപരിപാടികളൊരുക്കാൻ ഓർക്കസ്ട്ര ഒരുങ്ങി.

സൂപ്പർഹിറ്റ് ഗാനമേളകൾക്കു പുറമേ, ചർച്ച് കൊയറുകൾ, ഇൻസ്ട്രുമെന്റൽ ഫ്യൂഷൻ, പഴയകാല ഗാനങ്ങൾ ഉൾപ്പെടുത്തിയുള്ള സ്മൃതിലയം, ഭക്‌തിഗാനമേള എന്നിവയ്ക്കും മികച്ച ടീമിനെ സജ്‌ജമാക്കിയ സിസിബി ഇതുവരെ പിന്നിട്ടത് അഞ്ഞൂറോളം വേദികൾ. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ മാത്രം 75 വേദികളിൽ ഇവർ സംഗീതപരിപാടികൾ അവതരിപ്പിച്ചു.

<ആ>70 കലാപ്രതിഭകൾ

പാട്ടുകാരും സംഗീതോപകരണങ്ങൾ കൈകാര്യം ചെയ്യുന്നവരുമായി എഴുപതോളം പേരാണു സിസിബി ബ്ലൈൻഡ്സ് ഓർക്കസ്ട്രയിലുള്ളത്. ഇതിൽ എട്ടു പേരാണു ഗായകർ. വിവിധ ചാനലുകളിലെ സംഗീതപരിപാടികളിലൂടെ ശ്രദ്ധേയരായ ശശികുമാർ, രാഹുൽരാജ്, സജി ഫ്രാൻസിസ് എന്നിവർ ടീമിലുണ്ട്. റോബിൻ അഗസ്റ്റിനാണ് ഓർക്കസ്ട്രയെ നയിക്കുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ സംഗീതസംഘത്തിലുണ്ട്. കൃത്യമായ ദിവസങ്ങളിൽ പരിശീലനത്തിനും പരിപാടികൾക്കുമായി ഇവർ ഒത്തുകൂടും.

<ആ>പ്രാർഥന കരുത്താക്കി സിസിബി

പ്രാർഥനാജീവിതം നയിക്കുവാൻ ആഗ്രഹിച്ച് അന്ധരായ ഏതാനും പേർ ചേർന്ന് 1991 മേയിൽ തിരുവനന്തപുരം കുന്നുകുഴിയിൽ ആരംഭിച്ച പ്രാർഥനാഗ്രൂപ്പിലാണു കാത്തലിക് കോൺഗ്രിഗേഷൻ ഓഫ് ദി ബ്ലൈൻഡിനു വിത്തുപാകപ്പെട്ടത്.

മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ പ്രാർഥനാശുശ്രൂഷകൾ നടത്താനായി, അതിനോട് ചേർന്നൊരു കെട്ടിടം അധികൃതർ പ്രാർഥനാഗ്രൂപ്പിനു നൽകി. 1995 ൽ എറണാകുളം–അങ്കമാലി അതിരൂപത മെത്രാപ്പോലീത്ത കർദിനാൾ മാർ ആന്റണി പടിയറ ഇവർക്കു വ്രതബദ്ധജീവിതം നയിക്കുന്നതിനു കാത്തലിക് കോൺഗ്രിഗേഷൻ ഓഫ് ദി ബ്ലൈൻഡിന് അംഗീകാരം നൽകി. ആത്മീയപിതാവായി ഫാ. ജോർജ് പനയ്ക്കലിനെ നിയമിച്ചു.
1998ൽ ആലുവ ചുണങ്ങംവേലി നാലാം മൈലിലും രണ്ടു വർഷത്തിനുശേഷം മുരിങ്ങൂരിലും പ്രാർഥനാകേന്ദ്രങ്ങൾ തുടങ്ങി.

കാഴ്ചയില്ലാത്തവർക്കു ജീവിതത്തെ പ്രത്യാശയോടെ കാണാനും സ്വയംപര്യാപ്തതയിലേക്കെത്താനുമുള്ള ഉദ്യമങ്ങളാണു സിസിബിയുടെ നേതൃത്വം വിഭാവനം ചെയ്തത്. വചനപഠനം, വചനപ്രഘോഷണം, മധ്യസ്‌ഥപ്രാർഥന, കൗൺസലിംഗ്, ഭക്‌തവസ്തുക്കളുടെ നിർമാണം എന്നിവ സിസിബിയുടെ പ്രവർത്തനങ്ങളുടെ ഭാഗമാണ്. സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അന്ധരായവർക്ക് ആത്മീയ, സാമൂഹിക വളർച്ചയ്ക്കാവശ്യമായ സഹായങ്ങൾ ചെയ്യുന്നതിൽ സിസിബി സജീവമാണ്. അങ്കമാലിയിലെ സിസിബി സെന്റർ പ്രവർത്തിക്കുന്നത് വാടകക്കെട്ടിടത്തിലാണ്. ബ്രദർ സ്കറിയ കുറ്റിക്കാട്ടിൽ, സി.വി. ബാബു എന്നിവർ ആരംഭകാലം മുതൽ സിസിബിയ്ക്കൊപ്പമുണ്ട്.

<ആ>ബ്രെയ്ലി പ്രസ്

സിസിബിയുടെ സാമൂഹ്യസേവന വിഭാഗം ആരംഭിച്ച ബ്രെയ്ലി പ്രസ്, അന്ധരുടെ ലിപിയിൽ അച്ചടിക്കുന്ന സംസ്‌ഥാനത്തെ രണ്ടാമത്തെ അച്ചടിശാലയാണ്. മുപ്പതു ലക്ഷത്തോളം രൂപ ചെലവഴിച്ച് ആരംഭിച്ച പ്രസിൽ, പിഒസി ബൈബിളിന്റെ പുതിയ നിയമം ബ്രെയ്ലി ലിപിയിൽ അച്ചടിച്ചു പുറത്തിറങ്ങി. പഴയ നിയമം പണിപ്പുരയിലാണ്. അന്ധരായവർക്കു പുറമേ മറ്റു സാങ്കേതിക വിദഗ്ധരും പ്രസിൽ തൊഴിൽ ചെയ്യുന്നു.

<ആ>കംപ്യൂട്ടർ പരിശീലനം

കാഴ്ചയില്ലാത്തവർക്കു കംപ്യൂട്ടർ ഉപയോഗിക്കാനും അതിലൂടെ ജീവിതോപാധി നൽകാനും സിസിബി പദ്ധതി ആവിഷ്കരിച്ചു നടപ്പിലാക്കുന്നു. ജ്വാസ് എന്ന സോഫ്റ്റ്വെയറിന്റെ സഹായത്തോടെയാണു കാഴ്ചയില്ലാത്തവർ കംപ്യൂട്ടർ പരിശീലനവും ഉപയോഗവും നടത്തുന്നത്. കാഴ്ചയില്ലാത്ത നിരവധി പേർ ഇതിനകം സിസിബിയുടെ കംപ്യൂട്ടർ പരിശീലന പദ്ധതിയിലൂടെ പുതുജീവിത മാർഗം കണ്ടെത്തിയിട്ടുണ്ട്. ഉന്നതവിദ്യാഭ്യാസം നേടിയവരും സിസിബിയിലുണ്ട്.

<ആ>ഒരു കുടക്കീഴിലേക്ക്

കാത്തലിക് കോൺഗ്രിഗേഷൻ ഓഫ് ദി ബ്ലൈൻഡിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും കൂടുതൽ സജീവമാക്കുന്നതിനുമായി ആലുവ സൗത്ത് വാഴക്കുളം ചാലയ്ക്കലിൽ പുതിയ പുനരധിവാസകേന്ദ്രം നിർമാണം പൂർത്തിയായി. 15000 ചതുരശ്ര അടി വിസ്തീർണമുള്ള കേന്ദ്രം അന്ധരുടെ വിവിധ പരിശീലന പരിപാടികൾക്കും, ഗുണഭോക്‌താക്കളുടെ താമസത്തിനുമുൾപ്പെടെ വിപുലമായ സൗകര്യങ്ങളോടെയാണു നിർമിച്ചിട്ടുള്ളതെന്നു സിസിബിയുടെ അഡ്മിനിസ്ട്രേറ്ററും ചുണങ്ങംവേലി പള്ളി വികാരിയുമായ ഫാ. ലൂക്കോസ് കുന്നത്തൂർ പറഞ്ഞു.

കാഴ്ചയില്ലാത്തവരുടെ മാനസികവും കായികവും സാമൂഹികവുമായ കഴിവുകൾ വളർത്താനും പ്രോത്സാഹിപ്പിക്കാനും അവരെ പൊതുസമൂഹത്തിന്റെ മുഖ്യധാരയിൽ പ്രതീക്ഷ പകരുന്നവരായി മാറ്റിയെടുക്കാനുമുള്ള സംരംഭങ്ങളാണു കാരുണ്യവർഷത്തിൽ ഉദ്ഘാടനം ചെയ്യപ്പെടുന്ന പുനരധിവാസകേന്ദ്രത്തിലൂടെ ലക്ഷ്യമാക്കുന്നത്. സിസിബിയുടെ പ്രവർത്തനങ്ങൾക്ക് ഇതുവരെ നിരവധി സുമനസുകൾ കൈകോർത്തിട്ടുണ്ട്.

എറണാകുളം–അങ്കമാലി അതിരൂപത നിയമിച്ച അഡ്മിനിസ്ട്രേറ്ററുടെ കീഴിൽ ബ്രദർ സ്കറിയ കുറ്റിക്കാട്ടിൽ മുരിങ്ങൂർ കേന്ദ്രത്തിന്റെയും റോബിൻ അഗസ്റ്റിൻ സിസിബി ഓർക്കസ്ട്ര, അങ്കമാലി സെന്റർ എന്നിവയുടെയും ചുമതല വഹിക്കുന്നു. സി.വി. ബാബു ഓഫീസറായും സേവനം ചെയ്യുന്നു.

<ആ>സിജോ പൈനാടത്ത്