ശബരിമലയിൽ തിരക്ക് കുറഞ്ഞു നിയന്ത്രണം മരക്കൂട്ടം മുതൽ
ശബരിമലയിൽ തിരക്ക് കുറഞ്ഞു നിയന്ത്രണം മരക്കൂട്ടം മുതൽ
ശബരിമല: രണ്ടുദിവസം അനുഭവപ്പെട്ട തിരക്കിന് അല്പം ശമനം. ഇന്നു പുലർച്ചെ ക്ഷേത്രനട തുറന്നപ്പോൾ ദർശനത്തിനുള്ള ക്യൂ ശരംകുത്തിവരെ ഉണ്ടായിരുന്നുള്ളൂ. കഴിഞ്ഞദിവസങ്ങളിൽ പമ്പയിൽ തീർഥാടകരെ തടഞ്ഞുനിർത്തിയിരുന്നു. ഇന്നു സ്‌ഥിതി മാറി തീർഥാടക വാഹനത്തിന്റെ എണ്ണം കുറഞ്ഞിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. ശബരിമലയിൽ ഇന്നലെ വലിയ ഭക്‌തജനത്തിരക്കാണ് അനുഭവപ്പെട്ടത്. ഒമ്പതു മണിക്കൂറിലേറെ കാത്തുനിന്നശേഷമാണ് പലർക്കും സന്നിധാനത്തെത്താൻ കഴിഞ്ഞത്. തിരക്ക് കൂടിയതോടെ പമ്പ, മരക്കൂട്ടം എന്നിവിടങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തി.

സന്നിധാനത്തെ വലിയ നടപ്പന്തൽ, മാളികപ്പുറം നടപ്പന്തൽ, വാവരുനട എന്നിവിടങ്ങളിൽ തീർഥാടകർ തിങ്ങിനിറഞ്ഞിരിക്കുകയായിരുന്നു. മരക്കൂട്ടത്ത് തിരക്ക് നിയന്ത്രണാതീതമായതോടെ വടം കെട്ടി തടഞ്ഞു. മരക്കൂട്ടത്തിനും ശരംകുത്തിക്കും ഇടയിൽ ബാരിക്കേഡിനിടയിലൂടെ തീർഥാടകർ കടന്നുവന്ന് ചന്ദ്രാനന്ദൻ റോഡു വഴി നീങ്ങിയത് തിരക്ക് കൂടാൻ കാരണമായി. തിരക്ക് നിയന്ത്രിക്കാൻ കേന്ദ്രസേനയെയും കൂടുതൽ പോലീസിനെയും നിയോഗിച്ചു. തീർഥാടകപ്രവാഹം കണക്കിലെടുത്ത് വെർച്വൽക്യൂ സംവിധാനം നിർത്തിവച്ചിരുന്നു. തിങ്കളാഴ്ച പകൽ തിരക്കിന് അൽപം ശമനമുണ്ടായെങ്കിലും 12 മണി കഴിഞ്ഞതോടെ സംഘമായി ആളുകൾ എത്തിയതോടെയാണ് തിരക്ക് നിയന്ത്രണാതീതമായത്.


തിരക്ക് വർധിച്ചതോടെ പമ്പ, മരക്കൂട്ടം, ശബരിപീഠം, കെഎസ്ഇബി പരിസരം എന്നിവിടങ്ങളിൽ തീർഥാടകരെ വടം കെട്ടി തടഞ്ഞു. തീർഥാടകരുടെ നിര ശബരിപീഠം വരെ നീണ്ടതോടെയാണ് പമ്പയിൽ നിയന്ത്രണം ഏർപ്പെടുത്തിയത്.അതിനിടെ, പതിനെട്ടാംപടി കയറ്റുന്നതിലെ മെല്ലെപ്പോക്കാണ് തിരക്ക് കൂടാൻ കാരണമെന്ന് പറയപ്പെടുന്നു. ശബരിമലയിൽ മുൻപരിചയമില്ലാത്ത ചില ഉദ്യോഗസ്‌ഥർ നടപ്പാക്കിയ അശാസ്ത്രീയ പരിഷ്കരണവും തിരക്കിനിടയാക്കി. വലിയ നടപ്പന്തലിനു സമീപത്തെ കെഎസ്ഇബി പരിസരത്ത് ചില പോലീസുകാർ തീർഥാടകരെ കമ്പുപയോഗിച്ച് തള്ളിമാറ്റാൻ ശ്രമിച്ചത് ബഹളത്തിനിടയാക്കി.

ദർശനം കഴിഞ്ഞ് മടങ്ങിയവരുടെയും സന്നിധാനത്തേക്ക് വരുന്നവരുടെയും വാഹനങ്ങളുടെ എണ്ണം കൂടിയതോടെ പത്തനംതിട്ട, എരുമേലി പാതയിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.