സമാധാന ദായകൻ
സമാധാന ദായകൻ
സമാധാനത്തെ കുറിക്കാൻ "ഷാലോം’ എന്ന ഹീബ്രുപദമാണ് പഴയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്നത്. പുതിയനിയമത്തിലാകട്ടെ "എയിറേനേ’ എന്ന ഗ്രീക്ക് പദവും. രണ്ടിന്‍റെയും അർഥം യുദ്ധരഹിതമായ അവസ്ഥ എന്നല്ല, സാകല്യതയാർന്ന സുസ്ഥിതിയും ശ്രേയസും എന്നാകുന്നു. യേശു ലോകത്തിനു നൽകുന്നത് ഇപ്രകാരമുള്ള ശാശ്വത നന്മയും ഐശ്വര്യവുമാണ്. ""ഞാൻ നിങ്ങൾക്ക് സമാധാനം തന്നിട്ടു പോകുന്നു. എന്‍റെ സമാധാനം നിങ്ങൾക്കു ഞാൻ തരുന്നു. ലോകം തരുന്നതു പോലെയല്ല ഞാൻ തരുന്നത്’’ (യോഹ 14: 27) എന്ന വചനത്തിൽ യഥാർഥ സമാധാനത്തെപ്പറ്റിയുള്ള ക്രിസ്തുദർശനം ഉള്ളടങ്ങിയിരിക്കുന്നു.

യേശുവിന്‍റെ ശാന്തിദർശനം പീഡാനുഭവത്തിന്‍റെ തലേ രാത്രിയിൽ അവിടുന്ന് ശിഷ്യർക്കു നൽകിയ അന്ത്യപ്രഭാഷണത്തിൽനിന്ന് സ്വരൂപിച്ചെടുക്കാവുന്നതാണ് (യോഹ 13: 17). പരസ്പരസ്നേഹമാണ് സമാധാനത്തിന്‍റെ അടിസ്ഥാനം. യേശു നൽകിയ പുതിയ കല്പനയിൽ ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കണമെന്ന ഉദ്ബോധനമുണ്ട്. (യോഹ 13: 3435, 15: 12-13).

സമാധാനം ദൈവവുമായുള്ള സജീവവും സഗാഢവുമായ ബന്ധത്തിൽനിന്ന് ഉത്ഭവിക്കുന്നതാണ്. യേശുവാകുന്ന വഴിയിലൂടെ പിതാവിന്‍റെ പക്കലേക്ക് യാത്രചെയ്യുന്നവർക്ക് അസ്വസ്ഥതയും ആകുലതയും ജയിക്കാൻ കഴിയും (യോഹ 14: 6). യേശുവിനെ കാണുന്നവൻ പിതാവിനെ കാണുന്നു (യോഹ 14: 9). അതിനാൽ യേശു പിതാവിനോട് ഐക്യപ്പെട്ടിരിക്കുന്നതുപോലെ ശിഷ്യൻ യേശുവിനോട് ഐക്യപ്പെട്ടിരിക്കണം. അപ്പോൾ അയാൾക്ക് യേശു ചെയ്ത അതേ പ്രവൃത്തികളും അവയെക്കാൾ വലിയ പ്രവൃത്തികളും ചെയ്യാൻ കഴിയും (യോഹ 14: 12).

യേശുക്രിസ്തുവുമായി ഐക്യപ്പെടുക എന്നാൽ യേശുവിന്‍റെ കാഴ്ചപ്പാടനുസരിച്ച് ജീവിക്കുക എന്നാണർഥം. യേശുവിനെ സ്നേഹിക്കുന്നവൻ അവിടുത്തെ കല്പന പാലിക്കും. അപ്പോൾ യേശുവും അവിടുത്തെ പിതാവും അവനിൽ വന്ന് വാസമുറപ്പിക്കും (യോഹ 14: 23).

"മുന്തിരിച്ചെടിയും ശാഖകളും’ എന്ന ഉപമയിൽ (യോഹ 15: 1-10) യേശുവുമായുള്ള ശിഷ്യന്‍റെ ഐക്യത്തിനാണ് ഉൗന്നൽ നൽകിയിരിക്കുന്നത്. മുന്തിരിച്ചെടിയിലെ തായ്ത്തïും ശിഖരങ്ങളും എങ്ങനെ സംയോജിച്ചിരിക്കുന്നുവോ അതുപോലെ യേശുവും ശിഷ്യരും ബന്ധപ്പെട്ടിരിക്കുന്നു. യേശുവിൽ വസിക്കാത്തവർക്ക് ഫലം പുറപ്പെടുവിക്കാനാവില്ല. "മേനെയിൻ’ എന്ന ഗ്രീക്ക് പദം ശിഷ്യന് ഗുരുവിനോടുള്ള അതീവ ഗാഢവും തീവ്രവുമായ ബന്ധത്തെ കുറിക്കുന്നതാണ്. ശിഷ്യൻ യേശുവിലും യേശു ശിഷ്യനിലും വസിക്കത്തക്കവണ്ണമുള്ള ഹൃദയബന്ധമാണിത്. യേശുവുമായുള്ള ഗാഢബന്ധത്തിലൂടെ ശിഷ്യൻ രൂപാന്തരപ്പെടുന്നതിനെ ദ്യോതിപ്പിക്കുന്ന പദമാണിത്. ഇപ്രകാരം യേശുവുമായുള്ള ഐക്യത്തിലൂടെ സ്നേഹത്തിൽ രൂപാന്തരപ്പെടാത്തതുകൊണ്ടാണ് വ്യക്തിജീവിതത്തിലും കുടുംബത്തിലും സമൂഹത്തിലും അശാന്തിപടരുന്നത്. യേശു സഹായകനായ പരിശുദ്ധാത്മാവിനെ പിതാവിന്‍റെ പക്കൽനിന്ന് നമ്മുടെയിടയിലേക്ക് അയച്ചിരിക്കുന്നു. സഹായകന്‍റെ സാന്നിധ്യവും തുണയും സമാധാനത്തിൽ മുന്നേറാൻ നമുക്കു ശക്തി പകരും.


സമാധാനം സഹനങ്ങളില്ലാത്ത അവസ്ഥയല്ല. സഹനത്തെ ഭാവാത്മകമായി സമീപിച്ച് മറികടക്കുന്ന ധീരതയാണ്. കുരിശുമരണത്തിനപ്പുറം ഉത്ഥാനമുണ്ടെന്നുള്ള പ്രത്യാശയാണത്. പ്രസവവേദനയനുഭവിക്കുന്ന സ്ത്രീ വിലപിക്കുന്നതു
പോലെ ശിഷ്യന്‍റെ ദുഃഖം താത്കാലികമാണ്. പുതുജനനത്തിനുവേണ്ടിയുള്ള ഈറ്റുനോവാണത്. പുതുജനനം സംഭവിച്ചുകഴിയുന്പോൾ ആർക്കും എടുത്തുകളയാനാവാത്ത നിതാന്തമായ സന്തോഷം ശിഷ്യർക്ക് ലഭിക്കും. സമാധാനം യേശുവിന്‍റെ നാമത്തിൽ നിരന്തരം പിതാവിനോടു പ്രാർഥിക്കുന്നതിലൂടെ സംലബ്ധമാകുന്ന അനുഗ്രഹമാണ്. പ്രാർഥനയിൽ യാചിക്കുന്നതെല്ലാം ലഭിക്കുമെന്ന ബോധ്യമാണ് ശിഷ്യരിൽ സമാധാനത്തിന്‍റെ ആനന്ദം നിറയ്ക്കുന്നത് (യോഹ 14 :13-14) ശിഷ്യൻ യേശുക്രിസ്തുവിൽ സമാധാനം കണ്ടെത്തുന്നു. തന്‍റെ പീഡാനുഭവത്തിലൂടെ ലോകത്തെ കീഴടക്കിയവനാണ് ക്രിസ്തു. ഒടുങ്ങാത്ത വിശ്വാസത്തോടെ ക്രിസ്തുവിനെയും ക്രിസ്തുവിലൂടെ പിതാവായ ദൈവത്തെയും മുറുകെപ്പിടിച്ച്, അവിടുത്തെ വഴിയിലൂടെ നടക്കുന്നവർക്ക് അനശ്വരമായ ശാന്തി ലഭിക്കും.
അന്ത്യപ്രഭാഷണങ്ങളിലെ യേശുവിന്‍റെ സമാധാനത്തിൽ പരസ്നേഹം, ദൈവൈക്യം, പരിശുദ്ധാത്മ സാന്നിധ്യം, പ്രത്യാശ, പ്രാർഥനയിലെ വിശ്വസ്തത, പതറാത്ത വിശ്വാസം മുതലായ ഘടകങ്ങളാണ് ഉള്ളടങ്ങിയിരിക്കുന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.