നിത്യജീവന്‍റെ സമൃദ്ധി
നിത്യജീവന്‍റെ സമൃദ്ധി
യേശുവിന്‍റെ മനുഷ്യാവതാരത്തിന്‍റെയും കുരിശുമരണത്തിന്‍റെയും ലക്ഷ്യം മനുഷ്യകുലത്തിന് നിത്യജീവൻ നല്കുകയായിരുന്നു. ’അവനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കുന്നതിനുവേണ്ടി തന്‍റെ ഏകജാതനെ നല്കാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചുന്ധ (യോഹ 3:16). ജീവൻ നല്കാനും അത് സമൃദ്ധമായി നല്കാനുമാണ് (യോഹ 10:10) ക്രിസ്തു ലോകത്തിൽ ആഗതനായതെന്ന് യോഹന്നാൻ സാക്ഷ്യപ്പെടുത്തുന്നു. ജീവന്‍റെ സുവിശേഷം എന്ന അപരനാമം യോഹന്നാന്‍റെ സുവിശേഷത്തിന് തികച്ചും അനുയോജ്യമാണ്.
എന്താണ് ജീവൻ? ജീവനും നിത്യജീവനും തമ്മിൽ വ്യത്യാസമുണ്ടോ? ’സ്ലെയേ’ എന്ന ഗ്രീക്കു പദമാണ് ജീവനെ കുറിക്കാൻ യോഹന്നാന്‍റെ സുവിശേഷത്തിൽ ഉപയോഗിച്ചിരിക്കുന്നത്. മുപ്പത്തിയാറോളം പ്രാവശ്യം ഈ നാമപദം ഉപയോഗിച്ചിട്ടുണ്ട്. കൂടാതെ ’സ്സേൻ’ എന്ന ക്രിയാപദം 20 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. ജീവൻ എന്ന പദത്തോട് ചിലപ്പോൾ നിത്യമായ എന്ന വിശേഷണം ചേർക്കാറുണ്ട്. അങ്ങനെ നിത്യജീവൻ എന്ന പ്രത്യേകപദം പതിനേഴോളം പ്രാവശ്യം യോഹന്നാന്‍റെ സുവിശേഷത്തിലുണ്ട്. സൂക്ഷ്മ വിശകലനത്തിൽ ജീവനും നിത്യജീവനും തമ്മിൽ വ്യത്യാസമില്ല. ഒരിക്കലും അവസാനിക്കാത്ത ജീവിതം എന്ന അർഥത്തിനല്ല സുവിശേഷകൻ ഉൗന്നൽ നൽകുന്നത്. ദൈവികതയുടെ ഗുണങ്ങൾ പേറുന്ന മരണത്തിനുപോലും തകർക്കാനാവാത്ത, ഉത്കൃഷ്ടവും ഉന്നതവുമായ ജീവിതമെന്നാണ് നിത്യജീവൻ എന്നതുകൊണ്ട് സുവിശേഷകൻ അർഥമാക്കുന്നത്. ഇത് മരണാനന്തരമല്ല, ഭൂമിയിലെ ജീവിതകാലത്തു തന്നെ ഏതു മനുഷ്യനും പ്രാപിക്കാൻ കഴിയും. മരണശേഷമുള്ളത് ഈ ഭൗമജീവന്‍റെ പുതിയ രീതിയിലുള്ള തുടർച്ച മാത്രമാണ്.
സുവിശേഷത്തിൻരെ ആരംഭമായ വചനകീർത്തനത്തിൽ (യോഹ 1: 1-8) നാം വായിക്കുന്നു: ’ അവനിൽ സാക്ഷാത്കരിക്കപ്പെട്ടത് ജീവനാണ്. ജീവൻ മനുഷ്യരുടെ വെളിച്ചമാണ്. വെളിച്ചം ഇരുളിൽ പ്രകാശിക്കുന്നു. അതിനെ കീഴടക്കാൻ ഇരുളിന് കഴിഞ്ഞില്ലന്ധ (യോഹ 1: 4-5). യേശുവാണ് ജീവന്‍റെ ഉറവിടം. ആ ഉറവിടത്തിൽനിന്നാണ് എല്ലാ ജീവജാലങ്ങൾക്കും ജീവൻ ലഭിച്ചത്. ജീവനായ യേശു മനുഷ്യകുലത്തിന് വെളിച്ചമേകുന്നു. ഈ വെളിച്ചം തന്നെയാണ് രക്ഷ. കുരിശിൽ സ്വന്തം ജീവൻ ബലിയർപ്പിച്ചുകൊണ്ടാണ് അവിടുന്ന് മാനവകുലത്തിന് രക്ഷയും ജീവനും നല്കുന്നത്. അതിനാൽ യേശുവിനേയും യേശുവിന്‍റെ പിതാവിനെയും അറിയുന്നതും ത്രിയേക ദൈവവുമായി ആത്മബന്ധത്തിൽ വ്യാപരിക്കുന്നതുമാണ് നിത്യജീവൻ (യോഹ 17:3).

യേശു നിർവഹിച്ച ഏഴു അടയാളങ്ങളുടെ പരിവൃത്തത്തിലാണ് യോഹന്നാൻ തന്‍റെ സുവിശേഷം രചിച്ചിരിക്കുന്നത്. എല്ലാ അടയാളങ്ങളുടെയും വിവിധ രീതികളിൽ ജീവൻ നല്കുന്നവയാണ്. ആദ്യത്തെ അടയാളമായ കാനായിലെ വെള്ളം വീഞ്ഞാക്കുന്ന അദ്ഭുതം (യോഹ 2: 1-12) യേശു മനുഷ്യവംശത്തിന് സമൃദ്ധമായ ജീവൻ നല്കുന്നു എന്ന സന്ദേശമാണ് നല്കുന്നത്. വീഞ്ഞ് ജീവന്‍റെ പ്രതീകമാണ്. രണ്ടാമത്തെ അടയാളമായ രാജ്യഭൃത്യന്‍റെ മകനെ സുഖപ്പെടുത്തുന്ന സംഭവത്തിൽ (യോഹ 4:46-54) മൃത്യുവക്ത്രത്തിൽ കഴിഞ്ഞിരുന്ന പുത്രന് യേശു ജീവൻ നല്കി സുഖപ്പെടുത്തി. മൂന്നാമത്തെ അടയാളമായ ബഥേസ്ദായിലെ രോഗശാന്തി മുപ്പത്തിയെട്ടു വർഷമായി കുളക്കരയിൽ തളർന്നു കിടന്നവന് പുതുജീവൻ നല്കി ഉദ്ധരിക്കുന്നതാണ് (യോഹ 5: 1-9). നാലാമത്തെ അടയാളമായ അപ്പം വർധിപ്പിക്കലും കടലിന്‍റെ മീതെയുള്ള സഞ്ചാരവും (യോഹ 6: 1-21) യേശു മനുഷ്യവംശത്തിന് ജീവൻ നല്കുന്ന അപ്പമാണെന്ന സന്ദേശം നല്കുന്നു. അഞ്ചാമത്തെ അടയാളം യേശു പിറവിക്കുരുടന്‍റെ കണ്ണുകൾ തുറന്ന് അവന് ജീവന്‍റെ വെളിച്ചം നല്കുന്നതാണ് (യോഹ 9: 1-7). ആറാമത്തെ അടയാളമായ ലാസറിനെ ഉയിർപ്പിക്കുന്ന അദ്ഭുതത്തിൽ (യോഹ 11: 17-44) യേശു പുനരുത്ഥാനവും ജീവനുമാണെന്ന് വെളിപ്പെട്ടു. ഏഴാമത്തെ അടയാളമാണ് യേശുവിന്‍റെ കുരിശിലെ മഹത്വീകരണം (യോഹ 13-21). അടയാളങ്ങളുടെ അടയാളവും അദ്ഭുതകങ്ങളുടെ അദ്ഭുതവുമാണത്. യേശു കുരിശുമരണത്തിന് തന്നെത്തന്നെ സ്വമേധയാ കയ്യാളിക്കുകയാണ്. മനുഷ്യകുലത്തിന് ജീവൻ നല്കി, മനുഷ്യരെ പാപത്തിന്‍റെ ദാസ്യത്തിൽനിന്ന് വീണ്ടെടുക്കാൻ അവിടുന്ന് കുരിശിലെ പീഡകൾ ഏറ്റുവാങ്ങി. കുരിശു സംഭവത്തിൽ പുനരുത്ഥാനമെന്ന മഹാസത്യം കൂടി ഉള്ളടങ്ങുന്നു. കുരിശുമരണത്തിലൂടെയും ഉത്ഥാനത്തിലൂടെയും യേശു സമൃദ്ധമായ ജീവൻ മാനവകുലത്തിന് നല്കി.
യേശു നല്കുന്ന ജീവൻ ആത്മീയ ജീവൻ മാത്രമല്ല; ഭൗതികവും മാനസികവും ധാർമികവും ആത്മീയവും സാമൂഹികവുമായ സന്പൂർണ ജീവനാണ്. മനുഷ്യന്‍റെ സമഗ്രമായ വളർച്ചയും വിമോചനവുമാണ് അവിടുന്ന് ലക്ഷ്യം വയ്ക്കുന്നത്. ജീവന്‍റെ ഭീഷണി നേരിടുന്ന സമസ്ത മണ്ഡലങ്ങളിലും ജീവന്‍റെ ശുശ്രൂഷകരായി കടന്നു ചെല്ലാനായാൽ നാം ക്രൂശിതന്‍റെ അനുയായികളായിത്തീരും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.