മാർ കുര്യൻ മാത്യു വയലുങ്കൽ മെൽബണ്‍ സന്ദർശിക്കുന്നു
Wednesday, May 3, 2017 8:14 AM IST
മെൽബണ്‍: പാപുവ ന്യൂ ഗിനിയയുടെയും സോളമൻ ഐലൻഡിന്േ‍റയും അപ്പസ്തോലിക നൂണ്‍ഷ്യോ ആർച്ച്ബിഷപ് മാർ കുര്യൻ മാത്യു വയലുങ്കൽ ഓസ്ട്രേലിയയിൽ സന്ദർശനം നടത്തുന്നു.

ഒക്ടോബർ ഒന്നിന് ഒന്നിന് മെൽബണ്‍ സെന്‍റ് മേരീസ് ക്നാനായ കാത്തലിക് മിഷനിൽ നടക്കുന്ന പരിശുദ്ധ കന്യാമറിയത്തിന്‍റെ തിരുനാളിൽ അദ്ദേഹം മുഖ്യ കാർമികനായിരിക്കും. തുടർന്നു നടക്കുന്ന കുട്ടികളുടെ ആദ്യ കുർബാന സ്വീകരണത്തിലും അദ്ദേഹം പങ്കെടുക്കും.

കോട്ടയം നീണ്ടൂർ ഇടവക വയലുങ്കൽ എം.സി. മത്തായിയുടേയും അന്നമ്മയുടേയും മൂത്തപുത്രനായ മാർ വയലുങ്കൽ റോമിലെ സാന്താക്രോചെ യൂണിവേഴ്സിറ്റിയിൽ നിന്നും സഭാനിയമത്തിൽ ഡോക്ടറേറ്റ് നേടുകയും വത്തിക്കാൻ നയതന്ത്ര അക്കാഡമിയിൽ പരിശീലനം പൂർത്തിയാക്കുകയും തുടർന്ന് ഗിനിയ, കൊറിയ, ഡൊമിനിക്കൻ റിപ്പബ്ലിക്ക്, ബംഗ്ലാദേശ്, ഹംഗറി എന്നിവിടങ്ങളിലെ വത്തിക്കാൻ എംബസികളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2001 ൽ മോണ്‍സിഞ്ഞോർ പദവിയും 2011 ൽ പ്രിലേറ്റ് ഓഫ് ഓണർ പദവിയും ലഭിച്ചിട്ടുണ്ട്. ഹയ്ത്തിയിലെ ഭൂകന്പ ദുരന്തത്തിനുശേഷമുള്ള വത്തിക്കാൻ പുനരധിവാസ പ്രവർത്തനങ്ങളിൽ അദ്ദേഹം നേതൃത്വം നൽകിയിട്ടുണ്ട്. ഈജിപ്തിലെ വത്തിക്കാൻ നയതന്ത്ര കാര്യാലയത്തിൽ പ്രഥമ കൗണ്‍സിലറായി ശുശ്രൂഷ ചെയ്തുവരവെയാണ് മാർപാപ്പ അദ്ദേഹത്തെ 2016 ൽ വത്തിക്കാൻ സ്ഥാനപതിയായി ഉയർത്തിയത്.


ക്നാനായക്കാരുടെ അഭിമാനമായ ആർച്ച്ബിഷപ് മാർ കുര്യൻ മാത്യു വയലുങ്കലിന്‍റെ സന്ദർശനം ഒരു ഉത്സവമാക്കി മാറ്റാനുള്ള തയാറെടുപ്പിലാണ് മെൽബണിലെ ക്നാനായ മക്കൾ.

റിപ്പോർട്ട്: സോളമൻ പാലക്കാട്ട്