വിവരാവകാശ നിയമം യഥാർഥ ജനാധിപത്യത്തിന്‍റെ താക്കോൽ: ജസ്റ്റീസ് സി. എസ്. രാജൻ
ന്യൂഡൽഹി: വിവരാവകാശ നിയമം യഥാർഥ ജനാധിപത്യത്തിലേയ്ക്കുള്ള താക്കോലാണെന്നും അത് രാജ്യത്തെ ജനാധിപത്യ വ്യവസ്ഥക്ക് ലഭിച്ച ഒരു വലിയ അനുഗ്രഹ്മാണെന്നും ജസ്റ്റീസ് സി.എസ്. രാജൻ. ഈ മൂർച്ചയേറിയ ആയുധത്തെ സംരക്ഷിക്കുന്നതിനും അതിന്‍റെ സാധ്യതകളെ കൂടുതലായി മനസിലാക്കി കാര്യക്ഷമതയോടെ ഉപയോഗിക്കുന്നതിനുമായി പൊതുസമൂഹം മുന്നോട്ടു വരണമെന്നും അദ്ദേഹം അഹ്വാനം ചെയ്തു. വിവരാവകാശ നിയമത്തേക്കുറിച്ച് പ്രവാസി ലീഗൽ സെല്ലിന്‍റെ നേതൃത്വത്തിൽ കേരള ക്ലബിൽ നടന്ന നിയമവേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും വിവരാവകാശ പ്രവർത്തകർ അപായപ്പെടുന്നതിന്‍റെ പശ്ചാത്തലത്തിൽ ഈ നിയമത്തിന്‍റെ സാധ്യതകളെ ഉപയോഗപ്പെടുത്തുന്നവർ തങ്ങളുടെ സുരക്ഷ കൂടി കരുതി പ്രവർത്തിക്കേണ്ടതിന്‍റെ ആവശ്യകതയേയും അദ്ദേഹം ഓർമിപ്പിച്ചു.

ഡൽഹി ന്യൂനപക്ഷ കമ്മീഷൻ മുൻ അംഗവും സുപ്രീം കോടതി അഭിഭാഷകനുമായ എബ്രാഹം പറ്റിയാനി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രവാസി ലീഗൽ സെല്ലിന്‍റെ പ്രസിഡന്‍റായ അഡ്വ. ജോസ് എബ്രാഹം വിഷയാവതരണം നടത്തി. മുതിർന്ന സുപ്രീം കോടതി അഭിഭാഷകനായ വിൽസ് മാത്യൂസ് യോഗത്തിൽ സംസാരിച്ചു.

വിവരാവകാശനിയമത്തേക്കുറിച്ച് ലളിതമായ ഭാഷയിൽ പ്രവാസി ലീഗൽ സെൽ തയാറാക്കിയ ലഘുലേഖയുടെ പ്രകാശനം ചടങ്ങിൽ പ്രവാസി ലീഗൽ സെല്ലിന്‍റെ രക്ഷാധികാരിയായ ജസ്റ്റീസ് സി.എസ്. രാജൻ നിർവഹിച്ചു. തുടർന്നു ചടങ്ങിൽ സംബന്ധിച്ചവരുടെ സംശയങ്ങൾക്കും അഭിപ്രായങ്ങൾക്കും പാനൽ മറുപടി നൽകി. വിവരാവകാശ പ്രവർത്തകർ തങ്ങളുടെ അനുഭവങ്ങൾ പങ്കുവയ്ക്കുകയും സുരക്ഷ ഉറപ്പാക്കുന്നതിനാവശ്യമായ കാര്യങ്ങളേക്കുറിച്ചും ചർച്ച ചെയ്യുകയും ചെയ്തു. ചടങ്ങിൽ വിവരാവകാശ പ്രവർത്തകനും പ്രവാസി ലീഗൽ സെല്ലിന്‍റെ ആദ്യ സെക്രട്ടറിയുമായിരുന്ന കെ. പദ്മനാഭന്‍റെ സ്മരണാർഥം ഉയർന്നു വരുന്ന വിവരാവകാശ പ്രവർത്തകർക്കായി ഏർപ്പെടുത്തിയിരിക്കുന്ന കെ. പദ്മനാഭൻ മെമ്മോറിയൽ ദേശീയ അവാർഡ് ചടങ്ങിൽ ഡൊമിനിക് സൈമണിനു സമ്മാനിച്ചു.

പ്രവാസി ലീഗൽ സെല്ലിന്‍റെ സെക്രട്ടറി ഡോ. ബിൻസ് സെബാസ്റ്റ്യൻ, വൈസ് പ്രസിഡന്‍റ് സിജു തോമസ് എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു. അഡ്വ. ബ്ലസൻ മാത്യൂസ്, അഡ്വ. സാറാ ഷാജി, അഡ്വ. വിഘ്നേഷ് എന്നിവർ നിയമവേദിക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്