മാതൃഭാഷാ ക്ലാസുകൾക്ക് തുടക്കം കുറിച്ചു
കുവൈത്ത് സിറ്റി: കേരള സർക്കാരിന്‍റെ കീഴിലുള്ള മലയാളം മിഷൻ കുവൈറ്റ് ചാപ്റ്ററിന്‍റെ നേതൃത്വത്തിൽ മാതൃഭാഷാ ക്ലാസുകൾക്ക് തുടക്കമായി. മലയാളം മിഷൻ കുവൈറ്റ് ചാപ്റ്ററിന്‍റെ വിവിധ മേഖലകളായ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ്, എസ്എംസിഎ, സാരഥി കുവൈറ്റ്, ഫ്രണ്ട്സ് ഓഫ് കണ്ണൂർ എന്നിവരുടെ നേതൃത്വത്തിലാണ് ക്ലാസുകൾ നടക്കുന്നത്.

കല കുവൈറ്റിന്‍റെ നേതൃത്വത്തിലുള്ള അബാസിയ പഠന കേന്ദ്രങ്ങളിലെ ക്ലാസുകൾ പ്രവേശനോത്സവത്തോട് കൂടിയാണ് ആരംഭിച്ചത്.

കല കുവൈറ്റ്, എസ്എംസിഎ അധ്യാപക പരിശീലനവും സംഘടിപ്പിച്ചു. മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ അംഗങ്ങളായ വി.അനിൽകുമാർ, സനൽകുമാർ എന്നിവരാണ് ക്ലാസുകൾ സംഘടിപ്പിച്ചത്.

എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം’ എന്ന മുദ്രാവാക്യത്തോടെ കേരള സർക്കാർ രൂപീകരിച്ച മലയാളം മിഷൻ കണിക്കൊന്ന, സൂര്യകാന്തി, ആന്പൽ, നീലക്കുറിഞ്ഞി തുടങ്ങി നാല് കോഴ്സുകളാണുള്ളത്. നാല് പരീക്ഷകളും വിജയിക്കുന്ന പക്ഷം പത്താം ക്ലാസ് തത്തുല്യ സർട്ടിഫിക്കറ്റാണ് വിദ്യാർഥിക്ക് ലഭിക്കുക. ആദ്യഘട്ടമായ കണിക്കൊന്നയുടെ പരീക്ഷ വിജയകരമായി നടത്തുവാൻ മലയാളം മിഷൻ കുവൈത്ത് ചാപ്റ്ററിനു സാധിച്ചിട്ടുണ്ട്. രജിസ്ട്രേഷൻ ഉൾപ്പടെ തികച്ചും സൗജന്യമായാണ് മലയാളം മിഷൻ ക്ലാസുകൾ സംഘടിപ്പിക്കുന്നതെന്നും സർക്കാർ നൽകുന്ന സർട്ടിഫിക്കറ്റ് നേടുന്നതിനുള്ള അവസരം എല്ലാവരും പരമാവധി പ്രയോജനപ്പെടുത്തണമെന്നും കുവൈറ്റ് ചാപ്റ്റർ ചീഫ് കോഓർഡിനേറ്റർ ജെ.സജി അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ