കർണാടക തെരഞ്ഞെടുപ്പിൽ ഉറക്കെ ചിലച്ച് ട്വിറ്റർ
ബംഗളൂരു: ഇന്ത്യൻ രാഷ്ട്രീയത്തിൽ സമൂഹമാധ്യമങ്ങൾക്കുള്ള പങ്ക് വിളിച്ചോതുന്നതായിരുന്നു കർണാടക നിയമസഭാ തെരഞ്ഞെടുപ്പ്. സ്വന്തം പാർട്ടിയുടെ നയങ്ങൾ പ്രചരിപ്പിക്കുന്നതിനും എതിരാളികൾക്കെതിരേ വാക്‌യുദ്ധം നടത്തുന്നതിനും നേതാക്കൾ സമൂഹമാധ്യമങ്ങളെയാണ് ആശ്രയിച്ചത്. ഇവയിൽ ട്വിറ്ററായിരുന്നു പ്രധാന പ്രചാരണായുധം. ദേശീയ നേതാക്കൾ മുതൽ പ്രാദേശിക നേതാക്കൾ വരെ ട്വിറ്ററിൽ സജീവമായിരുന്നു. വാദങ്ങളും മറുവാദങ്ങളും മുറുകിയതോടെ ട്വീറ്റുകളുടെ എണ്ണവും കുതിച്ചുയർന്നു. ഏപ്രിൽ 25നും വോട്ടെണ്ണൽ നടന്ന മേയ് 15നുമിടയിൽ കർണാടക തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള 30 ലക്ഷം ട്വീറ്റുകളാണ് പ്രചരിച്ചത്. ഇവയിൽ കൂടുതലും വോട്ടെണ്ണലിനു ശേഷമുണ്ടായ നാടകീയ സംഭവങ്ങളെക്കുറിച്ചായിരുന്നു.

ട്വീറ്റുകളുടെ എണ്ണത്തിൽ മുന്നിൽ ബിജെപിയാണ്. ആകെയുള്ള ട്വീറ്റുകളിൽ 51 ശതമാനവും ബിജെപിയുടെ അക്കൗണ്ടുകളിൽ നിന്നായിരുന്നു. തൊട്ടുപിന്നിലുള്ള കോൺഗ്രസ് 42 ശതമാനവും ജെഡി-എസ് ഏഴു ശതമാനവും ട്വീറ്റുകളാണ് നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുമാണ് ട്വിറ്ററിൽ ഏറ്റവും കൂടുതൽ വാദപ്രതിവാദങ്ങൾ നടത്തിയത്. കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിയും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും ട്വീറ്റുകളുടെ കാര്യത്തിൽ ഒട്ടും മോശമല്ലായിരുന്നു. ഇവരിൽ പ്രധാനമന്ത്രിക്കെതിരേ രാഹുൽ ഗാന്ധി ചെയ്ത ട്വീറ്റാണ് ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയത്. 23,000 ലൈക്കുകളും 10.151 റീട്വീറ്റുകളും ഇതിനു ലഭിച്ചു.