വാർധക്യം അർഥപൂർണമാക്കാം
അയാൾക്ക് പ്രായം അറുപത്തിയെട്ടായി. മുടിയും താടിയും നരച്ചിട്ടാണ്. ഭാര്യ ത്രേസ്യാമ്മ മരിച്ചത് നാലുവർഷം മുമ്പാണ്. അയാളുടെ പേര് പീലിച്ചൻ. മുഴുവൻ പേര് പീലിപ്പോസ് സേവ്യർ. പീലിപ്പോസ് സേവ്യർ നിരാശനാണ്. അക്കാര്യം അയാളുടെ മുഖത്ത് പ്രകടവുമാണ്. മക്കൾ നാലുപേരാണ്, രണ്ടു പെണ്ണും രണ്ടാണും. മൂത്തവൻ കുഞ്ഞുമോനും കുടുംബവുമാണ് അയാൾക്കൊപ്പം തറവാട്ടു കുടുംബത്തിൽ ഇപ്പോൾ താമസിക്കുന്നത്. കുഞ്ഞുമോൻ ഇടനിലക്കാരനാണ്. എന്തിന്റെയെന്ന് ചോദിച്ചാൽ കല്യാണം തുടങ്ങി പലതിന്റെയും. കുഞ്ഞുമോന് തന്റെ കാര്യങ്ങളിൽ ശ്രദ്ധയുണ്ടെങ്കിലും അവന്റെ ഭാര്യക്ക് അക്കാര്യങ്ങളിൽ വേണ്ടത്ര താൽപര്യമില്ലന്ന അഭിപ്രായമാണ് പീലിച്ചനുളളത്.

വാർധക്യം കഷ്ടപ്പാടുകളുടെ കാലമാണെന്നും പലരാലും തിരസ്കരിക്കപ്പെടുന്ന കാലമാണതെന്നും അതിനാൽ തന്നെ വാർധക്യത്തിലെത്തും മുമ്പ് മരണം സംഭവിക്കുന്നതാണ് ഓരോരുത്തർക്കും നല്ലതെന്നും അയാൾ പറയുന്നൂ. ഭാര്യ ത്രേസ്യാമ്മക്ക് രോഗം പിടിപെടുംവരെ തന്റെ കാര്യങ്ങളിൽ അവൾ ശ്രദ്ധാലുവായിരുന്നെന്നും, ഭാര്യമാർ മരിച്ചാൽ പിന്നെ ഭർത്താക്കന്മാരുടെ ജീവിതം നരകതുല്യമാണെന്നതിന് തന്റെ ജീവിതം തന്നെ തെളിവാണെന്നും അയാൾ അനുഭവത്തിന്റെ പിൻബലത്തോടെ പറയുന്നു. അമ്മായിയപ്പന്റെ പരാതിയിൽ കഴമ്പുണ്ടോ എന്ന് കുഞ്ഞുമോന്റേ ഭാര്യ സുജയോട് ചോദിച്ചപ്പോൾ മക്കളെ വേണ്ടതുപോലെ വളർത്താനും ഭർത്താവിന്റെ കാര്യങ്ങളിൽ പൂർണമായും ശ്രദ്ധിക്കാനും തന്നെ തനിക്ക് കഴിയാറില്ലന്നും പ്രായമായാൽ ഉള്ളതുകൊണ്ട് തൃപ്തിപ്പെടാനും അടങ്ങിക്കൂടി കഴിയാനും പഠിക്കേണ്ടതാണെന്നുമുള്ള എടുത്തടിച്ചുള്ള ഉത്തരമാണ് കേൾക്കാൻ കഴിഞ്ഞത്. ഏതായാലും അടുത്തയിടെയായി പീലിച്ചൻ ചിന്തിക്കുകയും ആഗ്രഹിക്കുകയും കാണുന്നവരോടൊക്കെ പറയുകയും ചെയ്യുന്ന ഒരു കാര്യം ഇനിയും ശേഷിക്കുന്ന കാലം ഏതെങ്കിലും അഗതിമന്ദിരത്തിലോ അഭയകേന്ദ്രത്തിലോ തനിക്ക് ചെലവഴിച്ചാൽ മതിയെന്നാണ്.

പീലിച്ചനെ കാണുകയും അയാളുടെ പരിഭവങ്ങൾ കേൾക്കുകയും ചെയ്തപ്പോൾ എന്റെ ഓർമയിലേക്ക് വന്നത് നാളുകൾക്ക് മുമ്പ് ഞാൻ പരിചയപ്പെട്ട ഒരു റിട്ടയേഡ് അധ്യാപകന്റെ രൂപമാണ്. അദ്ദേഹം ഇപ്പോൾ ജീവിച്ചിരിപ്പില്ല. മക്കളുടെയും മരുമക്കളുടെയും കൊച്ചുമക്കളുടെയും സ്നേഹ പരിലാളനകളനുഭവിച്ച് തന്റെ തൊണ്ണൂറ്റിയൊന്നാമത്തെ വയസിൽ മരണമടഞ്ഞു. മക്കൾക്കും മരുമക്കൾക്കും കൊച്ചുമക്കൾക്കുമൊപ്പം ഇനിയും ഏറെക്കാലം ജീവിക്കണമെന്നുള്ള തന്റെ ആഗ്രഹം മരണത്തിനു മുമ്പ് സാർ മക്കൾക്കുമുമ്പിൽ പ്രകടിപ്പിച്ചെന്നാണ് അവർ വഴി പിന്നീട് അറിയാൻ കഴിഞ്ഞത്. ഇനിയും ഏറെക്കാലം ഈ ഭൂമിയിൽ ജീവിക്കണമെന്നുള്ള ആഗ്രഹം ഒരു വ്യക്‌തി പുലർത്തുന്നതിന് പിന്നിൽ തനിക്കെന്ത് കിട്ടും എന്നതിനെക്കാൾ തനിക്കെന്ത് നൽകാനാവും എന്ന ചിന്തയല്ലേ ഉണ്ടാവേണ്ടത്.

അക്കാര്യത്തിൽ മല മറിക്കാമെന്ന ചിന്തയൊന്നും ആരും പുലർത്തേണ്ടതില്ല. ഓരോ കാലത്തും ഓരോ പ്രായത്തിലും മനസും ശരീരവും അനുവദിക്കുന്നതിനനുസരിച്ച് കാര്യങ്ങൾ ചെയ്താൽ മതിയാകും. ഓരോ പ്രായത്തോടും ചേർന്ന് മനുഷ്യജീവിതത്തിന് ചില പരിമിതികളും സാധ്യതകളും, സ്വാതന്ത്ര്യവും വിലക്കുകളുമുണ്ട്. ഇക്കാര്യം പലർക്കും അറിയാമെങ്കിലും അതുൾക്കൊള്ളുന്നതിനും അതിനനുസരിച്ച് മനസിനെയും മനോഭാവങ്ങളെയും പരുവപ്പെടുത്തുന്നതിനും സാധിക്കാതെ പോകുന്നു എന്നതാണ് സത്യം. പ്രായമായ ആളുകൾക്ക് ചില കാര്യങ്ങളിലുളള അനുവാദവും സ്വാതന്ത്ര്യവും കുട്ടികൾക്കുണ്ടോ? കുട്ടികൾക്ക് സാധ്യമായ എല്ലാ കാര്യങ്ങളും മുതിർന്നവർക്കാകുമോ? ഇത്തരത്തിലുളള യാഥാർഥ്യങ്ങളെ സംബന്ധിച്ച് അവബോധമുണ്ടാകണമെങ്കിൽ ഓരോ വ്യക്‌തിക്കും തന്റെ പ്രായത്തെ അംഗീകരിക്കാനും ആ പ്രായത്തിലുള്ള ആളായിത്തീർന്നതിൽ അഭിമാനിക്കാനും കഴിയണം.

തിരസ്കരണത്തിന്റെയും ഒഴിവാക്കലിന്റെയുംമറ്റും അനുഭവങ്ങൾ പ്രായമായവർക്കുമാത്രമേ ഉണ്ടാകുന്നുള്ളോ? ജീവിതത്തോട് ബന്ധപ്പെട്ട യാഥാർഥ്യങ്ങളെ ഒരുവൻ എങ്ങനെ സമീപിക്കുന്നുവോ, അതിനനുസരിച്ചാണ് മറ്റുളളവരുടെ സമീപനങ്ങൾ അയാളുടെ ജീവിതത്തെ ഗുണകരമോ ദോഷകരമോ ആയി ബാധിക്കുന്നത്. എനിക്കു ചുറ്റുമുള്ളവർ എന്റെ ശത്രുക്കളാണെന്ന് ചിന്തിക്കാതെ എല്ലാവർക്കും മുമ്പിൽ മിത്രമാകാനുള്ള പരിശ്രമം നമുക്ക് നടത്തിക്കൂടെ? ഓരോ മനുഷ്യന്റെയും ആയുസിന് ഒരു ദൈർഘ്യമുണ്ട്. മനുഷ്യന് മാത്രമല്ല എല്ലാ ജീവജാലങ്ങളെയും സംബന്ധിച്ച് പ്രസക്‌തമാണിക്കാര്യം. വിത്തുമുളച്ച് സസ്യമായി പിന്നീട് അത് പൂവിട്ട് ഫലം ചൂടി അഴുകി മണ്ണിനോട് ചേരുംപോലെ ഓരോ മനുഷ്യനും ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകേണ്ടവനാണ്. ഓരോ പ്രായ പരിധിയിലൂടെയും കടന്നുപോകുമ്പോൾ ഉണ്ടാകുന്ന പരിമിതികളെക്കുറിച്ചും പരാധീനതകളെക്കുറിച്ചും പരാതിപ്പെടാതെ ഓരോ പ്രായതലവും അർഥപൂർണമായി ജീവിക്കുകയെന്നതാണ് ഉത്തമമായ കാര്യം.

<ആ>സിറിയക് കോട്ടയിൽ