എറിഞ്ഞ കല്ലും പറഞ്ഞ വാക്കും
ദോഹയിൽനിന്ന് അവധിക്ക് നാട്ടിലെത്തിയതാണാ കുടുംബം. അയാൾ ജോർജുകുട്ടി, സോഫ്റ്റ്വെയർ എൻജിനിയറാണ്. ജീവിതത്തെയും ജീവിതബന്ധിയായ കാര്യങ്ങളെയും ശുഭാപ്തി വിശ്വാസത്തോടെയും നിറഞ്ഞ പ്രതീക്ഷയോടെയും സമീപിക്കുന്ന മനുഷ്യൻ. ജോർജുകുട്ടിയുടെ ക്ഷണപ്രകാരം ഒരുദിനം ഞാനയാളുടെ ഭവനം സന്ദർശിച്ചു. അപ്പൻ ജീവിച്ചിരിപ്പുണ്ട്. അമ്മ മരിച്ചിട്ട് ഇരുപതു വർഷമായി. മൂത്ത മകൻ കുഞ്ഞച്ചിക്കൊപ്പമാണ് അപ്പൻ ഇപ്പോൾ താമസിക്കുന്നത്. തൊണ്ണൂറ് വയസുളള അപ്പനോട് ജോർജുകുട്ടിക്കും ഭാര്യ റോസിക്കും മക്കൾ മൂവർക്കും വലിയ കാര്യമാണ്. അവധിക്ക് നാട്ടിലെത്തിയാൽപിന്നെ ജോർജുകുട്ടിയും കുടുംബാംഗങ്ങളും ആദ്യം അപ്പന്റെ അടുത്തേക്കാണ് പോകാറ്. മിണ്ടിയും പറഞ്ഞും അപ്പന്റെ കട്ടിലിനരികിലിരുന്ന് ജോർജുകുട്ടി അപ്പനൊപ്പം മണിക്കൂറുകൾ ചെലവഴിക്കുന്നത് ഭാര്യ റോസി അദ്ഭുതത്തോടെ മാത്രമാണ് നോക്കിക്കണ്ടിട്ടുള്ളത്. തന്റെ ഭർത്താവ് ബിസിനസ് കാര്യങ്ങൾക്കായി തിരക്കിട്ട് ഓടിനടക്കുന്നതിനിടയിൽ ഇതുപോലെ ശാന്തമായിരിക്കുന്നത് കാണുന്നത് നാട്ടിലെത്തി അപ്പനോടൊപ്പം ചെലവഴിക്കുന്ന സമയത്ത് മാത്രമാണെന്നാണ് റോസി പറയുന്നത്. അപ്പനൊപ്പം ചെലവഴിക്കുന്ന മണിക്കൂറുകൾ തനിക്ക് നീണ്ട പ്രാർഥനയുടെ മണിക്കുറുകളാണെന്നാണ് ജോർജുകുട്ടി പറയുന്നത്. അപ്പനമ്മമാരെ അവരുടെ വാർധക്യത്തിലും രോഗാവസ്‌ഥയിലും അവർ പ്രതീക്ഷിക്കുന്നതുപോലെ കരുതാനും പരിഗണിക്കാനും കഴിയാതെ പോകുന്നവർ ജോർജുകുട്ടിയുടെ മാതൃക കണ്ടുപഠിച്ചിരുന്നെങ്കിലെന്ന് എന്റെ മനസ് പറഞ്ഞു.

ജോർജുകുട്ടിക്കും കുടുംബാംഗങ്ങൾക്കുമൊപ്പം അത്താഴം കഴിച്ച് തിരിച്ചുപോരാനായി ഞാനിറങ്ങുമ്പോൾ നല്ലൊരു കുടുംബത്തെയും കുടുംബജീവിതത്തെയും പരിചയപ്പെടാൻ കഴിഞ്ഞതിന്റെ തൃപ്തിയിലായിരുന്നു എന്റെ മനസ്. ആ കുടുംബാംഗങ്ങളോടൊപ്പം ഞാൻ ഇടപഴകിയപ്പോൾ ശ്രദ്ധിച്ച വലിയ ഒരു കാര്യം അവർ തങ്ങളുടെ ബന്ധത്തിൽ അന്യോന്യം അനുഭവിക്കുന്ന സ്വാതന്ത്ര്യമാണ്. അക്കാര്യം അവരേവരുടെയും ശാരീരികഭാഷയിലും പ്രകടമായിരുന്നു. കുടുംബം ഭൂമിയിലെ സ്വർഗം തന്നെയാണെന്ന് അഭിപ്രായപ്പെടാൻ തക്കവിധം ഉണർവുള്ള അനുഭവമാണ് ആ കുടുംബത്തിൽനിന്ന് എനിക്ക് കിട്ടിയത്. അവരാരുംതന്നെ ഏതെങ്കിലും കാര്യത്തെ സംബന്ധിച്ച് അന്യോന്യം ഭയപ്പെട്ടിരുന്നതായി എനിക്ക് തോന്നിയില്ല. തുറന്ന് സംസാരിക്കാനും സ്വാതന്ത്ര്യത്തോടെ ഇടപഴകാനും അവർക്ക് പരസ്പരം സാധിക്കുന്നൂ എന്ന കാര്യവും ഞാൻ ശ്രദ്ധിച്ചതാണ്. നേതൃത്വത്തിന്റെ പുണ്യമെന്നോ, പുണ്യപ്പെട്ട നേതൃത്വമെന്നോ ഒക്കെയാണ് ജോർജുകുട്ടിയെയും അയാൾ ആ കുടുംബത്തിന് നൽകുന്ന നേതൃത്വത്തെയും കുറിച്ച് അപ്പോൾ എനിക്ക് തോന്നിയത്. എന്റെ മനസ് മന്ത്രിച്ചു, അസ്വസ്‌ഥതകൾ തളംകെട്ടി നിൽക്കുന്ന കുടുംബങ്ങളിൽ അത്തരമൊരു സാഹചര്യം സൃഷ്ടിക്കുന്നതിനു പിന്നിലെ സാന്നിധ്യം പരാജിതമാകുന്ന പിതൃനേതൃത്വം തന്നെയല്ലേ? ജോർജുകുട്ടി എന്ന ഏക മനുഷ്യന്റെ ദിശാബോധവും കൃത്യനിർവഹണവും എത്രകണ്ടാണ് ആ കുടുംബസൗധത്തെ മഹത്വവൽക്കരിക്കുന്നത്.

കുടുംബബന്ധങ്ങളിൽ സ്വാതന്ത്ര്യവും സന്തോഷവും അനുഭവിക്കാൻ നിങ്ങൾക്ക് കഴിയുന്നുണ്ടോ? തുറന്നു സംസാരിക്കാനും അന്യോന്യം സ്വാതന്ത്ര്യത്തോടെ ഇടപഴകാനും നിങ്ങൾക്കാവുന്നുണ്ടോ? കുടുംബജീവിതത്തിന് ചേരാത്ത ചിന്തകളും മനോഭാവങ്ങളും പ്രവൃത്തികളുമാണ് കുടുംബാംഗങ്ങളുടെ, പ്രത്യേകിച്ച് കുടുംബത്തിന് നേതൃത്വം നൽകുന്നവരുടെ മുഖമുദ്രയെങ്കിൽ ശുഭകരമായിട്ടെന്തെങ്കിലും ആ കുടുംബത്തിന് പ്രതീക്ഷിക്കാനുണ്ടോ? കുടുംബാംഗങ്ങളായ നിങ്ങളുടെ പരസ്പരബന്ധത്തെയും ആത്മാർഥതയെയും ഹനിക്കുന്ന ഘടകങ്ങൾ എന്തൊക്കെയാണ്? കുടുംബജീവിതം നയിക്കുന്ന നിങ്ങൾക്ക് ആ കുടുംബത്തിനുള്ളിലുള്ള നിങ്ങളുടെ അനന്യമായ സ്‌ഥാനത്തിന്റെ മഹത്വത്തെക്കുറിച്ചുളള ഓർമയുണ്ടോ? വ്യക്‌തിപരമായും സ്‌ഥാനപരമായും കുടുംബത്തിനുള്ളിലുളളവരെ ആദരിക്കാനും വിലമതിക്കാനും നിങ്ങൾക്കു കഴിയുന്നുണ്ടോ? നിങ്ങൾ മാതാപിതാക്കളാണെങ്കിൽ നിങ്ങളുടെ തന്നെ മാതാപിതാക്കളോടുള്ള ബന്ധത്തിലൂടെയും കരുതലിലൂടെയും അനുകരണീയമായ മാതൃക മക്കൾക്ക് നൽകാൻ നിങ്ങൾക്ക് കഴിയുന്നുണ്ടോ? എറിഞ്ഞ കല്ലും പറഞ്ഞ വാക്കും പോലെ മാതൃകയോ ദുർമാതൃകയോ എന്തുതന്നെയായാലും അവ മക്കളുടെ രൂപീകരണത്തിൽ സ്വാധീനമോ ദുർസ്വാധീനമോ ചെലുത്താതെപോകില്ലെന്നുള്ള തിരിച്ചറിവ് നിങ്ങൾക്കുണ്ടോ? വീഴ്ചകളിൽ നിന്നു പാഠം പഠിക്കാനും ജീവിതത്തെ തുറവിയോടെ തിരുത്താനും കുടുംബനന്മയും ഭാവിയും കാംഷിക്കുന്ന നിങ്ങൾക്കാവുന്നുണ്ടോ? കണ്ടെത്താം ഈ ചോദ്യങ്ങൾക്കുത്തരം. പിന്നെ അവ നമ്മുടെ പരിശോധനയ്ക്ക് വിഷയമാക്കുകയും ചെയ്യാം.

<യ>സിറിയക് കോട്ടയിൽ