കല്യാണം ഉറപ്പിക്കുംമുമ്പ്
എന്റെ മുറിയിലേക്ക് കടന്നുവന്ന അവരിരുവരും ഏറെ ദു:ഖിതരാണെന്ന് ഇരുവരുടെയും മുഖഭാവം വ്യക്‌തമാക്കുന്നുണ്ടായിരുന്നു. കെ. എസ്.ആർ. ടി. സി ജീവനക്കാരനായിരുന്ന അയാളും നഴ്സായി രുന്ന അയാളുടെ ഭാര്യയും തങ്ങളുടെ ഔദ്യോഗിക ജീവിതത്തിൽനിന്ന് റിട്ടയർ ചെയ്തവരാണ്. വാതസംബന്ധമായ രോഗങ്ങൾ ഉണ്ടെന്നല്ലാതെ അയാൾക്ക് പറയത്തക്ക ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല. അയാൾ തോമസ് ജോസഫ്, ഭാര്യ പെണ്ണമ്മയെന്ന ട്രീസ മാത്യു. പെണ്ണമ്മ രോഗബാധിതയാണ്. ഷുഗറും കൊളസ്ട്രോളും പ്രഷറുമൊക്കെയുണ്ട്്. ഇരുവരും എന്നെ കാണാൻ വന്നത് എന്റെ ലേഖനങ്ങളിലൂടെ എന്നെ പരിചയപ്പെട്ടതിന്റെ വെളിച്ചത്തിലാണ്. പ്രശ്നം മകന്റെ കല്യാണാനന്തരജീവിതമാണ്. അവരുടെ ഭാഷയിൽ അവൻ നല്ല ചെറുക്കനാണ്. ദുൾീലങ്ങളൊന്നുമില്ലാത്തവൻ. തന്റെ ഡിഗ്രി വിദ്യാഭ്യാസത്തിനുശേഷം കംപ്യൂട്ടർ പഠനവും നടത്തിയ ആളാണ് അവൻ.

സാബുവെന്ന തങ്ങളുടെ മകന്റെ കുടുംബജീവിതം തകർന്നെന്നും അതിന് കാരണം ആ പെണ്ണിനെക്കുറിച്ച് തെറ്റായ വിവരം തങ്ങൾക്ക് നൽകിയ തങ്ങളുടെ ബന്ധുതന്നെയാണെന്നുമാണ് അവർ പറയുന്നത്. നടന്നതു നടന്നെന്നും നടന്ന കാര്യങ്ങളുടെ ഇഴകീറി പരിശോധിച്ച് ആകുലപ്പെട്ടിട്ടും കുറ്റാരോപണം നടത്തിയിട്ടും കാര്യമില്ലെന്നുമുള്ള എന്റെ വാക്കുകൾ കേട്ട് പ്രശ്നപരിഹാരം തേടി പിന്നീടവർ ശാന്തമായി എന്നോട് കാര്യങ്ങൾ സംസാരിക്കാൻ തുടങ്ങി. സാബു വിവാഹത്തിന് മുമ്പ് ഡൽഹിയിലായിരുന്നു. വിവാഹം കഴിഞ്ഞ് ആറു മാസങ്ങൾക്ക് ശേഷമാണ് ദുബായിലേക്ക് പോയത്. തന്റെ ഭാര്യ സുജയെ ദുബായിലേക്ക് കൊണ്ടുപോകാനുളള നടപടിക്രമങ്ങൾ ആരംഭിക്കാൻ തുടങ്ങിയപ്പോഴാണ് അയാൾക്ക് കാര്യങ്ങളുടെ സത്യാവസ്‌ഥ മനസിലായത്. അവൾ ബി.എസ്സി നഴ്സിംഗ് കാരിയല്ല, ജിഎൻഎം കാരിയാണ്. പെണ്ണിനെക്കുറിച്ച് അന്വേഷിച്ച തങ്കച്ചൻ ടാപ്പിംഗ് തൊഴിലാളിയാണ്.

അയാൾക്ക് ജി.എൻ. എം. ഉം ബി.എസ്സിയും തമ്മിലുള്ള വ്യത്യാസമൊന്നും അറിയില്ലായിരുന്നു. സാബുവിന്റെ അമ്മ പെണ്ണമ്മ തങ്കച്ചനോട് പെണ്ണ് ബി.എസ്സിക്കാരിയാണോ എന്ന് ചോദിച്ചിരുന്നെങ്കിലും ആറാം ക്ലാസ് പഠനം മാത്രമുള്ള അയാൾ തന്റെ പരിമിത ജ്‌ഞാനത്തിന്റെ വെളിച്ചത്തിൽ പെണ്ണമ്മയുടെ ചോദ്യത്തിനന്ന് യേസ് മൂളി എന്നത് നേരാണ.് തന്റെ അൽപ്പജ്‌ഞാനം അപകടം വരുത്തിവയ്ക്കുമെന്ന് തങ്കച്ചനന്ന് ചിന്തിച്ചതേയില്ല. വിവാഹ മോചനത്തിലേക്കൊന്നും പോകേണ്ടതില്ലന്നും മരുമകളുടെ വിദ്യാഭ്യാസ യോഗ്യതക്കനുസരിച്ച് ഗൾഫിൽ ജോലി കണ്ടെത്തുകയെന്നതാണ് പ്രശ്നത്തിനുള്ള പരിഹാരമെന്നുമുള്ള തീരുമാനത്തിലാണ് അന്ന് അവരിരുവരും എന്റെ മുറി വിട്ടുപോയത്. അത്തരമൊരു തീരുമാനത്തിലെത്താൻ അവരെ പ്രേരിപ്പിച്ചതിന് പിന്നിൽ തങ്ങളുടെ മരുമകൾക്ക് ഈയൊരു കുറവല്ലാതെ പെരുമാറ്റത്തിലോ മറ്റേതെങ്കിലും കാര്യങ്ങളിലോ പോരായ്മകളൊന്നുമില്ലെന്ന അഭിപ്രായവുമുണ്ടായി രുന്നു.

മക്കളുടെ വിവാഹജീവിതത്തിൽ അപ്രതീക്ഷിതമായവ സംഭവിക്കാൻ അധികസമയമൊന്നും വേണ്ടല്ലൊ. കണക്കുകൂട്ടലുകൾക്ക് വിപരീതമായി കാര്യങ്ങളുണ്ടാകുമ്പോൾ വെപ്രാളം കാട്ടീട്ടോ വേവലാതിപ്പെട്ടിട്ടോ കാര്യമുണ്ടോ? യാഥാർത്ഥ്യബോധത്തോടെയും സംയമനത്തോടെയും പ്രതീക്ഷയോടുകൂടെയും കാര്യങ്ങളെ സമീപിക്കുകയല്ലേ വേണ്ടത്. കാലിൽ മുറിവുണ്ടായി എന്നു കരുതി കാലു മുറിച്ചുകളയണമോ? ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ വിവാഹമോചനമാണോ ഏക പരിഹാരം?

മക്കളുടെ വിവാഹത്തോട് ബന്ധപ്പെട്ട് വിവാഹാർഥിയെക്കുറിച്ചോ അയാളുടെ കുടുംബത്തെക്കുറിച്ചോ അന്വേഷണം നടത്താനും വിവരങ്ങൾ ശേഖരിക്കാനും നാം ഉത്തരവാദിത്വപ്പെടുത്തുന്ന വ്യക്‌തികളുടെ വിശ്വാസ്യതയും കാര്യക്ഷമതയും വളരെ പ്രധാനപ്പെട്ടതാണ്. കൃത്യതയോടെ കാര്യങ്ങൾ ആരായാനും അന്വേഷിച്ചറിയാനും മനസിലാക്കാനും പറ്റുന്ന ആളാണോ അയാൾ എന്ന കാര്യത്തിൽ ഉറപ്പു വരുത്തേണ്ടത് ഈയൊരു കാര്യത്തിനായി അയാളെ നിയോഗിക്കുകയും ആശ്രയിക്കുകയും ചെയ്യുന്ന വ്യക്‌തികൾ തന്നെയാണ.് ഇക്കാര്യത്തിൽ അന്വേഷകന്റെ വിദ്യാഭ്യാസം, പ്രായോഗിക പരിജ്‌ഞാനം, കാഴ്ചപ്പാടുകൾ, അയാളെക്കുറിച്ചുള്ള പൊതുജനാഭിപ്രായം എന്നിവ പരിഗണനയിൽ എടുക്കേണ്ടവയാണ്. വിവാഹാർഥിയോടും അയാളുടെ കുടുംബാംഗങ്ങളോടും നേരിട്ട് ചോദിച്ചറിയേണ്ട കാര്യങ്ങൾ അപ്രകാരം ചോദിച്ചറിയുന്നതല്ലേ ഇക്കാര്യത്തിൽ മേൽപ്പറഞ്ഞ അബദ്ധങ്ങൾ പിണയാതിരിക്കാൻ അനുയോജ്യം.

അപ്രകാരം നേരിട്ട് ചോദിച്ചറിയാവുന്ന കാര്യങ്ങൾ ഒളിഞ്ഞും പാത്തും അയൽപക്കക്കാരോടും ഇതര ആളുകളോടും മറ്റും ചോദിച്ചറിയേണ്ടതുണ്ടോ? അവർ പറഞ്ഞതും ഉറപ്പ് ലഭിക്കേണ്ടുന്നവയുമായ ചില കാര്യങ്ങളുടെ സത്യാവസ്‌ഥ അറിയുന്നതിനായി കൂടുതൽ അന്വേഷണങ്ങൾ ഉണ്ടാവേണ്ടതുതന്നെയാണ്.വിവാഹാർഥിയോടും അയാളുടെ കുടുംബാംഗങ്ങളോടും എന്തൊക്കെ ചോദിച്ചറിയണമെന്നതിനെ സംബന്ധിച്ച് ഇക്കാര്യത്തിൽ കൃത്യത ഉണ്ടാകേണ്ടതാണ്.അങ്ങനെയെങ്കിൽ പെണ്ണുകാണാനായി ചെറുക്കനൊപ്പം ആദ്യ തവണ പോകുന്നവരും, പെണ്ണിന്റെ കൂട്ടർ ഇങ്ങോട്ട് വരുമ്പോൾ അവരെ സ്വീകരിച്ച് കാര്യങ്ങൾ സംസാരിക്കുന്നവരും കാര്യഗൗരവമുള്ളവർതന്നെയാവണം. വേണ്ടത്ര മുൻകൂർ ഒരുക്കത്തോടെ കാര്യങ്ങൾ ചോദിക്കാനും പറയാനും അവർക്കാവുകയും വേണം.

<ആ>സിറിയക് കോട്ടയിൽ