കടം വാങ്ങാൻ ഭർത്താവും വീട്ടാൻ ഭാര്യയും
അയാളുടെ അപ്പൻ വാഴക്കുല കച്ചവടക്കാരനായിരുന്നു. അയാളുടെ പേര് ജോയി. അപ്പൻ വറീത്. വറീതിന് അയാളെ കൂടാതെ നാലു മക്കൾകൂടിയുണ്ട്. മരിക്കും മുമ്പ് മക്കളുടെ എല്ലാവരുടെയും കല്ല്യാണം നടത്തി. മാത്രമല്ല അയാൾ തന്റെ അധ്വാനഫലമായി ഉണ്ടാക്കിയ സ്വത്ത് പരാതിക്കിടം നൽകാതെ മക്കൾക്കോരോരുത്തർക്കും ഭാഗംവെച്ച് കൊടുക്കുകയും ചെയ്തു. വിവേചന തെല്ലും കാട്ടാതെ പെൺമക്കൾക്കുൾപ്പെടെ ജീവിച്ചിരുന്ന കാലത്തുതന്നെ കുടുംബസ്വത്ത് മുഴുവൻ വീതം വെച്ച് നൽകിയ വറീതിന്റെ വിശാല മനസിനെ മക്കൾ നാലുപേരും പുകഴ്ത്തുന്നുണ്ടെങ്കിലും ജന്മം നല്കി വളർത്തിയ അപ്പനെ കാരണംകൂടാതെ പഴിക്കുക എന്നത് ജോയിയുടെ ശീലമാണ്.

പെൺമക്കൾ രണ്ടുപേരുൾപ്പെടെ മക്കൾ നാലുപേരും അപ്പനിൽനിന്ന് വീതമായി കിട്ടിയ കുടുംബസ്വത്ത് പരമാവധി കുടുംബത്തിന്റെയും മക്കളുടെയും വളർച്ചയ്ക്കുവേണ്ടി ഗുണപ്പെടുത്തിയെങ്കിലും ജോയി അത് മുച്ചൂടും നശിപ്പിച്ചുകളയുകയാണ് ചെയ്തത.് ഇത് ആ കുടുംബത്തോട് ബന്ധപ്പെട്ട ഏവർക്കും അറിയാവുന്ന കാര്യമാണ്. ജോയിയുടെ ഭാര്യ മോളമ്മ പക്വതയും പാകതയുമുള്ളവളാണ്. വീട്ടുകാര്യങ്ങൾ നോക്കി നടത്താനും മക്കളെ വളർത്താനും മോളമ്മ നന്നേ പാടുപെടുന്നുണ്ട്. ജോയിയുടെ ജ്യേഷ്ഠന്റെ മകനും സഹോദരിമാർ രണ്ടുപേരുടെയും പെൺമക്കളിരുവരും യു.കെ യിലുണ്ട്. അവർ നൽകിയ സാമ്പത്തിക പിന്തുണ ഒന്നുകൊണ്ടാണ് ഇളയ രണ്ടാൺമക്കളെയും പഠിപ്പിച്ചെടുക്കാൻ മോളമ്മയ്ക്കായത്. ഉത്തരവാദിത്വം ഇല്ലാത്ത ആളാണ് ജോയി എന്ന് പറഞ്ഞാൽ അത് നൂറുശതമാനവും ശരിയാണ്. ഉത്തരവാദിത്വങ്ങളിൽനിന്ന് ഒഴിഞ്ഞുമാറുക എന്നത് അയാളുടെ സ്വഭാവമാണ്. പറയത്തക്ക ജോലിയൊന്നുമില്ലാത്ത ജോയി ഇടയ്ക്കെപ്പൊഴോ സെക്യൂരിറ്റി ഓഫീസറായി ജോലി നോക്കിയിരുന്നു. ഉറക്കമിളക്കാൻ തനിക്കാവില്ലന്നും ഇത്തിരികൂടി മെച്ചപ്പെട്ടതും അലച്ചിൽ ഇല്ലാത്തതുമായ പണി കിട്ടിയാൽ ഒരു കൈ നോക്കാമെന്നുമുള്ള മനോഭാവമാണ് ജോയിക്കുള്ളത്.

തന്നെ പിന്തുണച്ചില്ലെങ്കിലും ദ്രോഹിക്കാതിരുന്നുകൂടെ എന്നാണ് മോളമ്മ ജോയിയോട് ചോദിക്കുന്നത്. കുടുംബം പോറ്റാൻ കഷ്ടപ്പെടുന്ന മോളമ്മയുടെ പ്രതീക്ഷ തന്റെ മക്കളിലാണ് . ദുൾീലങ്ങൾ ഇല്ലാത്തവരും കുടുംബസ്നേഹം ഉള്ളവരുമാണ് തന്റെ മക്കളെന്ന് മോളമ്മ പറയുമ്പോൾ ആ കുടുംബനാഥയ്ക്ക് ആയിരംനാവാണ്. വിവിധ വീട്ടുകാര്യങ്ങൾ നടത്താനെന്ന പേരിൽ നാട്ടുകാർ പലരോടും ജോയി കടമായി വാങ്ങുന്ന പണം വീട്ടിവീട്ടി താൻ മടുത്തെന്നും തന്റെ സ്വസ്‌ഥത കെടുത്തുന്ന രീതിയിൽ ഇത്തരത്തിൽ മുന്നോട്ടുപോകാനാണ് തന്റെ ഭർത്താവിന് ഭാവമെങ്കിൽ കടുത്ത തീരുമാനങ്ങളിലേക്ക് തനിക്കു പോകേണ്ടി വരുമെന്നുമാണ് മോളമ്മ പറയുന്നത്. തന്റെ ഭാര്യ ഭർത്താവ് ചമയണ്ടന്നും നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കാൻ തന്നെ പഴി പറയുന്ന സ്വഭാവം തന്റെ ഭാര്യ നിറുത്തിയില്ലെങ്കിൽ തനിക്കും കടുത്ത തീരുമാനങ്ങളിലേക്ക് പോകേണ്ടി വരുമെന്നുമാണ് ജോയിയുടെ പ്രതികരണം.

ജോയിയെപ്പോലെ ഉത്തരവാദിത്വമില്ലാത്ത കുടുംബനാഥന്മാർ കുടുംബങ്ങളിൽ സൃഷ്ടിക്കുന്ന അസ്വസ്‌ഥതകൾ കുറച്ചൊന്നുമല്ലെന്നുള്ള കാര്യം അനുഭവസ്‌ഥരായ നിങ്ങളിൽ പലർക്കും അറിയാമല്ലോ. ഭർത്താവിനും കുടുംബനാഥനുമടുത്ത ഉത്തരവാദിത്വങ്ങൾ നിർവ്വഹിക്കാതെ അത്തരത്തിലുള്ള സ്‌ഥാനങ്ങൾ നാമമാത്രമായി വഹിച്ചിട്ട് ആർക്കെന്ത് പ്രയോജനം? കുടുംബത്തിൽ ഓരോരോ സ്‌ഥാനങ്ങൾ അലങ്കരിക്കുന്നവർ അവയോട് ബന്ധപ്പെട്ട ഉത്തരവാദിത്വങ്ങൾ വിശ്വസ്തതയോടെ നിർവഹിക്കുമ്പോഴാണ് തങ്ങൾ വഹിക്കുന്ന സ്‌ഥാനങ്ങൾക്ക് അർഥമുണ്ടാകുന്നത്. കുടുംബത്തിൽ ഓരോരുത്തർക്കും ലഭിക്കേണ്ട ആദരവ് ആരിൽനിന്നും പിടിച്ചുവാങ്ങേണ്ടതല്ല, കുടുംബത്തിനുവേണ്ടി നിസ്വാർഥമായി ഓരോരുത്തരും സമർപ്പണബോധത്തോടെ അധ്വാനിക്കുമ്പോൾ സ്വാഭാവികമായും ലഭിക്കേണ്ടതാണ്.

എന്റെ നാട്ടുകാരനും സഹപാഠിയുമായ ഒരു കുടുംബനാഥനെ ഏറെ കാലങ്ങൾക്കുശേഷം ഈയിടക്ക് കാണാനിടയായി. കുറേ നാളുകൾ അവൻ വിദേശത്തായിരുന്നു. നാട്ടിലുള്ള ഒരു ചെരുപ്പ് ഫാക്ടറിയിൽ ഇപ്പോൾ ജോലി ചെയ്യുന്ന അവനോട് മദ്യപാനവും മറ്റും ഉണ്ടോ എന്ന് ചോദിച്ചപ്പോൾ തുഛമായി കിട്ടുന്ന ശമ്പളംകൊണ്ട് താൻ മദ്യപിക്കാൻ പോയാൽ ഭാര്യയുടെയും മക്കൾ മൂന്നുപേരുടെയും കാര്യങ്ങൾ ആര് നോക്കുമെന്നാണ് എന്നോട് അവൻ ചോദിച്ചത്. കുടുംബത്തോടും കുടുംബാംഗങ്ങളോടുമുള്ള കടപ്പാടും സ്നേഹവുമാണ് ഒരുവനെ ദുൾീലങ്ങളിൽനിന്നും സ്വാർത്ഥ മോഹങ്ങളിൽ നിന്നും പിന്തിരിയാൻ പ്രേരിപ്പിക്കുന്നത്. തന്നിഷ്ടംപോലെ ജീവിച്ചിട്ട് ഭാര്യയുടെയും മക്കളുടെയും കാര്യങ്ങൾ തനിക്കറിയേണ്ടതില്ല എന്ന് പറയുന്ന കുടുംബനാഥന് യഥാർഥത്തിൽ അവരോട് ആത്മാർഥമായ സ്നേഹമുണ്ടോ? എന്റെ കാര്യങ്ങൾ മുറപോലെ നടക്കണം, ശേഷമുള്ളവർ എങ്ങനെയും ജീവിച്ചോട്ടെ എന്നും മറ്റും പറയാൻ കാര്യഗൗരവവും കുടുംബസ്നേഹവുമുള്ള ഒരു കുടുംബനാഥന് പറ്റുമോ?

<ആ>സിറിയക് കോട്ടയിൽ