പറയാൻ എളുപ്പം ജീവിതം ദുഷ്കരം
എന്നെ ആദ്യം കാണാൻ എത്തിയത് അവന്റെ മാതാപിതാക്കളാണ്. അവൻ എബിൻ, മാതാപിതാക്കൾ ജോണും ലീലാമ്മയും. ഒരു പ്രൈവറ്റ് സ്‌ഥാപനത്തിൽ ഇപ്പോൾ ജോലി ചെയ്യുന്ന എബിൻ പ്രേമത്തിലാണ്. കൂടെ ജോലി ചെയ്യുന്ന രാധ എന്ന പെൺകുട്ടിയോടാണവന് പ്രേമം. രാധ ഡിഗ്രിക്കാരിയാണ്. എബിൻ ബികോമിനൊപ്പം കംപ്യൂട്ടർ പഠനവും നടത്തിയിട്ടുണ്ട്. എബിന് പ്രായം ഇരുപത്തിയാറും രാധയ്ക്ക് വയസ് ഇരുപത്തിനാലും ആയി. രണ്ടുപേരുടെയും മാതാപിതാക്കൾ അന്യോന്യം കണ്ട് സംസാരിച്ചതിന്റെ വെളിച്ചത്തിലാണ് എബിന്റെ മാതാപിതാക്കൾ എന്നെ കാണാൻ വന്നത്. രാധയുടെ മാതാപിതാക്കൾ എന്നെ കാണേണ്ടതുണ്ടോ എന്ന അവരുടെ ചോദ്യത്തിന് തൽക്കാലം വേണ്ടെന്നാണ് ഞാൻ പറഞ്ഞത്. എന്റെ നിർദ്ദേശപ്രകാരം എബിൻ എന്നെ കാണാൻ വന്നു. അന്ന് അവനോടൊപ്പം അവന്റെ മാതാപിതാക്കളും ഉണ്ടായിരുന്നു.

എബിനുമായി സംസാരിച്ചതിന്റെ വെളിച്ചത്തിൽ എനിക്ക് മനസിലായി ഇരുവരും തമ്മിലുളള പ്രണയം ആരംഭിച്ചിട്ട് മൂന്നു വർഷമായെന്ന്. ഇക്കാര്യം രാധ തന്റെ മാതാപിതാക്കളോട് പറഞ്ഞത് ഈയിടയ്ക്കാണ്. ഇരുവരെയും ഒരുമിച്ച് റസ്റ്ററന്റിൽ കണ്ടു എന്ന അയൽപക്കക്കാരന്റെ റിപ്പോർട്ടിൽമേലാണ് രാധയ്ക്ക് സത്യമെല്ലാം തന്റെ മാതാപിതാക്കളോട് തുറന്നു പറയേണ്ടിവന്നത്. ഇരുവരും തമ്മിൽ പ്രേമത്തിലാണെന്നുള്ള കാര്യം മകൾവഴി അറിഞ്ഞെങ്കിലും അവർ പ്രകോപിതരാകുകയോ എടുത്തുചാടുകയോ ചെയ്തില്ല. രാധയുടെ അച്ഛൻ വിനയചന്ദ്രൻ പോസ്റ്റൽ ഡിപ്പാർട്ടുമെന്റിൽനിന്നു റിട്ടയർ ചെയ്ത ആളാണ്. രാധ അയാളുടെ മൂന്ന് മക്കളിൽ ഇളയവളാണ്. കാര്യത്തിന്റെ നിജസ്‌ഥിതി അറിയാനായി ആദ്യം വിനയചന്ദ്രൻ എബിനുമായി സംസാരിക്കുകയാണ് ചെയ്തത്. പിന്നീടാണ് അയാൾ അവന്റെ മാതാപിതാക്കളെ സമീപിച്ചത.് കൂടെ ജോലി ചെയ്യുന്ന ആളുകളും നാട്ടുകാരും മറ്റും ഇരുവരുടെയും അടുപ്പത്തെക്കുറിച്ചറിഞ്ഞതിനാൽ ഇനിയും മറ്റൊന്നും ചിന്തിക്കേണ്ട ആവശ്യമില്ലെന്നും അവരുടെ ആഗ്രഹപ്രകാരം എത്രയും പെട്ടെന്ന് വിവാഹം നടത്തിക്കൊടുക്കുകയാണ് ചെയ്യേണ്ടതെന്നും വിനയചന്ദ്രൻ അഭിപ്രായപ്പെട്ടു.

തീരുമാനം എടുക്കുന്നതിനുമുമ്പ് പള്ളിയുമായി ബന്ധപ്പെടണമെന്നും വിശ്വാസവിരുദ്ധമായ ഒരു തീരുമാനം കൈക്കൊള്ളാൻ തങ്ങൾക്കാവില്ലെന്നും എബിന്റെ മാതാപിതാക്കൾ അയാളോടു പറഞ്ഞു. തന്റെ മകളുടെ പ്രേമം പലരും അറിയാൻ ഇടയായ സാഹചര്യത്തിൽ തനിക്ക് വേറൊരു പോംവഴിയില്ലെന്നും പെൺകുട്ടിയുള്ള ഒരപ്പനേ തന്റെ മാനസികാവസ്‌ഥ അറിയാനാവുകയുള്ളൂവെന്നും വികാരക്ഷോഭത്തോടെ വിനയചന്ദ്രൻ ജോണിനോട് പറഞ്ഞു. വിവാഹമല്ലാതെ പ്രശ്നത്തിന് പരിഹാരമില്ലെന്ന ഇരുകൂട്ടരുടെയും നിലപാടാണ് കാര്യങ്ങൾ എന്റെ പക്കൽ എത്തിക്കാൻ ഇടയാക്കിയത്.

ഇരുവരും തങ്ങളുടെ മതവിശ്വാസത്തിൽ നിന്നുകൊണ്ടുതന്നെ വിവാഹം നടത്തിയാൽ പോരെ എന്നാണ് അവരെന്നോട് ആദ്യം ചോദിച്ചത്. കാരണം രാധയ്ക്ക് ക്രിസ്തീയ വിശ്വാസത്തിലേക്ക് വരാൻ സമ്മതമായിരുന്നെങ്കിലും അവളുടെ മാതാപിതാക്കൾ മതം മാറി വിവാഹം ചെയ്യുന്നതിന് എതിരായിരുന്നു. മതവ്യത്യാസമുള്ളവർ തമ്മിൽ സഭയുടെ നിയമപ്രകാരം സാധാരണ രീതിയിൽ വിവാഹം സാധ്യമല്ലെന്നും, പ്രത്യേക അനുവാദത്തോടെ അതിന് സാധ്യത ഉണ്ടെങ്കിലും ഭാര്യാഭർതൃജീവിതവും മക്കളുടെ രൂപീകരണവും അത്തരം ഒരു സാഹചര്യത്തിൽ പിന്നീട് ദുഷ്കരമാകുമെന്നുമുള്ള എന്റെ വാക്കുകൾ അവരെ ദുർഘടസന്ധിയിലാക്കി. എന്റെ നിർദേശപ്രകാരം പിന്നീട് രാധയും അവളുടെ മാതാപിതാക്കളും എബിനോടും അവന്റെ മാതാപിതാക്കളോടുമൊപ്പം എന്നെ കണ്ട് സംസാരിക്കാൻ വന്നു. മതവ്യത്യാസത്തിൽ നിന്നുകൊണ്ടുതന്നെ ഇരുവരും വിവാഹിതരാകുമ്പോൾ അവരുടെ ജീവിതത്തിൽ പിന്നീടുണ്ടാകാൻ സാധ്യതയുള്ള ബുദ്ധിമുട്ടുകളെ സംബന്ധിച്ച് ഇരുവരുടെയും മാതാപിതാക്കളോടും അവരിരുവരോടും ഞാൻ സംസാരിച്ചതിന്റെയും അവർക്ക് കാര്യങ്ങൾ ബോധ്യപ്പെട്ടതിന്റെയും വെളിച്ചത്തിലാണ് രാധ ക്രിസ്തീയ വിശ്വാസത്തിലേക്ക് പ്രവേശിച്ച് എബിനുമായുള്ള വിവാഹബന്ധത്തിന് തയാറായത്.

പ്രേമബദ്ധരാകുന്നവർക്കും ജീവിതത്തെപ്പറ്റി വീണ്ടുവിചാരമില്ലാത്തവർക്കും തത്ത്വം പറയാൻ എളുപ്പമാണ്. വിവാഹം തുടങ്ങുന്നിടത്ത് തന്നെ അവസാനിക്കുന്നതല്ലല്ലൊ. വലിയ ഒരു തുടർച്ചയുടെയും വളർച്ചയുടെയും ആരംഭമല്ലേ അത്. ഭാര്യാഭർതൃബന്ധത്തിന്റെ വിവിധ തലങ്ങളെ സംബന്ധിച്ചും മക്കളുടെ രൂപീകരണത്തെ സംബന്ധിച്ചും വരുന്നിടത്തുവെച്ചു കാണാം എന്ന നിലപാട് ശരിയല്ല. മതജീവിതം ഒരു വ്യക്‌തിയുടെയും കുടുംബത്തിന്റെതന്നെയും ആഭിമുഖ്യങ്ങളെയും മനോഭാവങ്ങളെയും പെരുമാറ്റരീതികളെയും നിശ്ചയിക്കുന്നതാണെങ്കിൽ അക്കാര്യത്തിലുള്ള കുടുംബാംഗങ്ങളുടെ വ്യത്യസ്ത നിലപാടുകൾ കുടുംബജീവിതത്തിന്റെ ദിശതന്നെ മാറ്റിമറിക്കുമെന്നാണ് എന്റെ അഭിപ്രായം. ഇത്തരം സമീപനങ്ങളും നിലപാടുകളും ഭാര്യാഭർതൃബന്ധത്തെക്കാൾ കുട്ടികളുടെ രൂപീകരണത്തെയായിരിക്കും ഏറെ ദോഷകരമായി ബാധിക്കുക. വിവാഹബന്ധം വ്യക്‌തികൾ തമ്മിലുളള ബന്ധം എന്നതുപോലെതന്നെ കുടുംബങ്ങൾ തമ്മിലുള്ള ബന്ധവുമാണല്ലൊ. മതവ്യത്യാസം ഉള്ള വ്യക്‌തികൾ തമ്മിലുള്ള വിവാഹബന്ധം അവർ അംഗങ്ങളായിരിക്കുന്ന കുടുംബങ്ങൾ തമ്മിലുള്ള ആഴമായ ബന്ധത്തിന് എത്രകണ്ട് സഹായിക്കും എന്ന കാര്യത്തിൽ എനിക്ക് ബലമായ സംശയമുണ്ട്. മിശ്രവിവാഹങ്ങളെക്കുറിച്ച് തത്ത്വം പറയാൻ എളുപ്പമാണ്, കാര്യത്തോടടുക്കുമ്പോഴും വിവാഹിതരാകുന്നവരുടെ ഭാവിജീവിതത്തെക്കുറിച്ച് ചിന്തിക്കുമ്പോഴും ഇത്തരം തീരുമാനങ്ങൾ കാര്യങ്ങൾ ദുഷ്കരമാക്കുകയേ ഉള്ളൂ എന്നത് ജീവിതാനുഭവങ്ങൾ ഉള്ള ആർക്കാണ് അറിയാത്തത്.

സിറിയക് കോട്ടയിൽ