വെട്ടൊന്ന് മുറി രണ്ട്
പരാതികളുടെ നീണ്ട നിരയുമായാണ് അയാൾ എന്നെ കാണാൻ വന്നത്. പരാതി മറ്റാരെയുംകുറിച്ചല്ല സ്വന്തം ഭാര്യയെക്കുറിച്ചുതന്നെയാണ്. അയാൾ ജോൺസൺ, മെഡിക്കൽ ഷോപ്പുടമയാണ്. കുഞ്ഞുമോളെന്ന അയാളുടെ ഭാര്യ, ഹൈറേഞ്ചിൽ കുടിയേറിപ്പാർക്കുകയും പിന്നീട് തൊഴിൽ മാർഗം കോട്ടയത്ത് വന്ന് സ്‌ഥിരതാമസമാക്കുകയും ചെയ്ത കുറ്റിക്കുഴിയിൽ മാത്യുവിന്റെ മൂന്നാമത്തെ മകളാണ്. ജോൺസൺ കുഞ്ഞുമോളെ വിവാഹം ചെയ്തത് രണ്ടായിരത്തി പതിമൂന്നിലാണ്. ജനുവരി പത്തിനായിരുന്നു വിവാഹം. പ്രതീക്ഷയോടെ തുടങ്ങിയ അവരുടെ വിവാഹ ജീവിതത്തിൽ അസ്വസ്ഥതകൾ പിറ്റേന്നുതന്നെ തുടങ്ങി. തന്റെ കാര്യങ്ങളിൽ ഇടപെടാൻ അവകാശം തന്റെ ഭർത്താവിന് മാത്രമേ ഉള്ളുവെന്നും അതിനാൽതന്നെ തനിക്ക് കടപ്പാട് ഭർതൃഗൃഹത്തിലെ മറ്റാരോടുമില്ലെന്നും കല്യാണപ്പിറ്റേന്നുതന്നെ കുഞ്ഞുമോൾ മേലുംകീഴും നോക്കാതെ തുറന്നടിച്ചു. ഇപ്രകാരമുള്ള ഒരു സാഹചര്യം സൃഷ്ടിച്ചതിനു പിന്നിൽ ജോൺസന്റെ രണ്ടാമത്തെ സഹോദരി ജോയിമ്മയുടെ ഇടപെടലും ഉണ്ടായിരുന്നു.

വിരുന്നിന് ജോയിമ്മയുടെ വീട്ടിലേക്ക് ജോൺസണേയും കുഞ്ഞുമോളെയും ക്ഷണിച്ചപ്പോൾ കുഞ്ഞുമോളുടെ ഭാഗത്തുനിന്നുണ്ടായ പ്രതികരണം ജോയിമ്മയെ വല്ലാതെ ചൊടിപ്പിച്ചു. വിരുന്നിന് പോകുന്നതിനെപ്പറ്റി തന്റെ മാതാപിതാക്കളോട് ആലോചിക്കണമെന്നും വിദേശത്ത് ജോലി ചെയ്യുന്ന ആന്റിമാരുടെയും മൂത്ത ചേച്ചിയുടെയും വീടുകളിൽ പോയശേഷം മാത്രമേ മറ്റുള്ള വീടുകളിൽ പോകാൻ തനിക്ക് സൗകര്യം ഉണ്ടാകുകയുള്ളുവെന്നും കുഞ്ഞുമോൾ പറഞ്ഞു. കുഞ്ഞുമോളുടെ ഭാഗത്തുനിന്നുണ്ടായ ഈ അപ്രതീക്ഷിത പ്രതികരണം ജോയിമ്മയെ മാത്രമല്ല ആ വീട്ടിൽ അപ്പോഴുണ്ടായിരുന്ന സർവ്വരേയും അത്ഭുതപ്പെടുത്തുകയും വിഷമവൃത്തത്തിലാക്കുകയും ചെയ്തു.

അന്നുരാത്രി കുഞ്ഞുമോളും ജോൺസണും തമ്മിൽ കോർത്തു. താനാണ് കുഞ്ഞുമോളെ കെട്ടിയതെന്നും ഭാര്യയുടെ ചൊൽപ്പടിക്ക് നിൽക്കുന്ന പെൺകോന്തനായി കഴിയാൻ തന്നെ കിട്ടില്ലെന്നും തന്റെയും തന്റെ കുടുംബാംഗങ്ങളുടെയും താൽപര്യങ്ങൾക്കാണ് തന്റെ ഭാര്യ ഒന്നാം സ്‌ഥാനം നൽകേണ്ടതെന്നും ജോൺസൺ കുഞ്ഞുമോളോട് പറഞ്ഞു. ഇക്കാര്യങ്ങളൊക്കെ ഫോൺചെയ്ത് തന്റെ മാതാപിതാക്കളെയും കുടുംബാംഗങ്ങളെയും അറിയിക്കാൻ കുഞ്ഞുമോൾ അധികം കാത്തുനിന്നില്ല. കുഞ്ഞുമോളുടെ ഭാഗം ചേർന്ന് കുറ്റിക്കുഴി കുടുംബാംഗങ്ങളും ജോൺസന്റെ പക്ഷം ചേർന്ന് അയാളുടെ കുടുംബാംഗങ്ങളും നിലയുറപ്പിച്ചു. മിത്രങ്ങളും സ്വന്തക്കാരുമായി മാറേണ്ട ഇരു കുടുംബങ്ങളും ശത്രുക്കളും വെറുതേക്കാരുമായി മാറിയത് പെട്ടെന്നാണ്. ഈ കോലാഹലങ്ങളുടെയൊക്കെ അന്ത്യത്തിൽ ജോൺസണുമായുള്ള വിവാഹബന്ധം പോലും ഉപേക്ഷിക്കാൻ തയ്യാറായി കുഞ്ഞുമോൾ കുറ്റിക്കുഴി വീട്ടിലേക്ക് അയാളുടെ അനുമതി വാങ്ങാൻപോലും മനസ് കാട്ടാതെ മടങ്ങിപ്പോയി.

ഒരു മാസത്തിനുശേഷം കുഞ്ഞുമോളുടെ രണ്ടാമത്തെ അമ്മാച്ചൻ വറീതുകുട്ടി ഈ പ്രശ്നത്തിൽ ഇടപെടുകയും പരിഹാരമാർഗങ്ങൾ നിർദേശിക്കുകയും ചെയ്തു. വറീതുകുട്ടി മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ പാലിക്കാൻ മനസില്ലാമനസോടെ ജോൺസണും കുടുംബാംഗങ്ങളും തയാറായി. അങ്ങനെയാണ് മെഡിക്കൽ ഷോപ്പിനടുത്തുള്ള വാടകവീട്ടിൽ ജോൺസണും കുഞ്ഞുമോളും താമസം തുടങ്ങിയത്. അന്ന് തുടങ്ങിയ അവരുടെ ഒരുമിച്ചുള്ള ജീവിതം തുടക്കത്തിൽ പ്രതീക്ഷയ്ക്ക് വക നൽകിയെങ്കിലും പൊരുത്തക്കേടുകൾ കൂടെക്കൂടെ ഇരുവരുടെയും ബന്ധത്തെ കൂടുതൽ വഷളാക്കിക്കൊണ്ടിരുന്നു. ഇതിനിടക്ക് ഭർതൃപീഡനത്തിന്റെ പേരിൽ കുഞ്ഞുമോൾ ജോൺസണെതിരേ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. വിവാഹം ചെയ്തതിന്റെ പേരിൽ തന്റെ മാതാപിതാക്കളോടും കൂടപ്പിറപ്പുകളോടും തനിക്ക് ശാരീരികവും മാനസികവുമായ അകൽച്ച പാലിക്കേണ്ടിവന്നെന്നും മാനസിക പീഡകൾ അതുമൂലം താൻ ഏറെ അനുഭവിച്ചെന്നും എന്നോട് പറഞ്ഞ ജോൺസൺ ആവശ്യപ്പെട്ടത് ഒരു പ്രശ്ന പരിഹാരമല്ല എന്നന്നേക്കുമായി ഈ ബന്ധത്തിൽനിന്നുമുള്ള വിടുതലാണ്.

വിവാഹ പിറ്റേന്നോ വിവാഹം ചെയ്ത് നാളുകൾ കഴിഞ്ഞോ പരസ്പരം വേർപിരിയണം എന്ന കണക്കുകൂട്ടലുകളോടെ വിവാഹബന്ധത്തിൽ ഏർപ്പെടുന്ന ആരും ഉണ്ടാവില്ലല്ലോ. വിവാഹബന്ധം സിമന്റും ഇഷ്ടികയും പരസ്പരം ചേർക്കുംപോലെ ചേരേണ്ട ഒന്നല്ലല്ലൊ. മനസും വികാരങ്ങളുമുള്ള മനുഷ്യർ വിവാഹബന്ധത്തിൽ ഏർപ്പെടുമ്പോൾ അന്യോന്യം മൃദുല സമീപനങ്ങൾ പുലർത്തേണ്ടുന്ന തലങ്ങളിൽ കഠിന സമീപനങ്ങൾ പുലർത്തുന്നതും പിടിവാശി കാട്ടുന്നതും വിവാഹബന്ധത്തിന്റെ ഇഴചേരലിനും ഫലം ചൂടലിനും തെല്ലും സഹായിക്കില്ല. അഭിപ്രായസ്വാതന്ത്ര്യം വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന ഇരുവർക്കും ഉണ്ടെങ്കിലും അത് പ്രകടിപ്പിക്കുന്ന രീതി പക്വതയാർന്നതാവേണ്ടതാണ്. സമയവും സാഹചര്യവും അക്കാര്യത്തിൽ മുഖ്യമാണ്. നയപരമായ സമീപനം ഇക്കാര്യത്തിൽ ഏറെ ഗുണം ചെയ്യും. വിചാരമില്ലാത്ത വികാരപ്രകടനങ്ങൾ അന്യോന്യം മുറിപ്പെടുത്താൻ ഇടയാക്കുമെന്നത് വിവാഹ വീഥിയിലൂടെ ഏറെ ദൂരം യാത്രചെയ്ത അനേകരുടെ സാക്ഷ്യമാണ്.

ബന്ധങ്ങൾക്ക് പരിഗണന നൽകാതെ വെട്ടൊന്ന് മുറി രണ്ട് എന്ന രീതിയിൽ അഭിപ്രായപ്രകടനങ്ങൾ നടത്തുന്നതും വിവാഹജീവിതത്തോട് ബന്ധപ്പെട്ട തീരുമാനങ്ങൾ കൈക്കൊള്ളുന്നതും അവ നടപ്പിലാക്കാൻ ബലം പിടിക്കുന്നതും അരുതാത്തതാണ്. ലോലമാണ് ഭാര്യാഭർതൃബന്ധവും ഇതര കുടുംബ ബന്ധങ്ങളും. കാട്ടിലൂടെ സർവവും ചവിട്ടിമെതിച്ചു പോകുന്ന കാട്ടാനയുടെ ഭാവത്തോടെ കുടുംബ ബന്ധങ്ങളുടെ വഴിയിലൂടെ അശ്രദ്ധയോടെയും അഹന്തയോടെയും പോയാൽ ചവിട്ടേൽക്കുന്നവരും ഞെരിഞ്ഞമരുന്നവരും ആ വഴിയിൽ ഏറെയുണ്ടാകും. മനുഷ്യരായതിനാൽ പിന്നീട് അവസരം വരുമ്പോൾ അവർ അതിനോട് പ്രതികരിക്കുമെന്നതിനാൽ അതും പിന്നീട് ആ കുടുംബജീവിത വഴിയിൽ വലിയ സംഘർഷത്തിന് വഴിയൊരുക്കും.

സിറിയക് കോട്ടയിൽ