വിജയവഴിയിലെ പരാജയങ്ങൾ
കുടുംബനാഥയും മൂന്നു കുട്ടികളുടെ അമ്മയുമായ ആ സ്ത്രീയുടെ സംസാരം കേട്ടപ്പോൾ ഞാൻ ചിന്തിച്ചു, ഇതുപോലുള്ള അമ്മമാർ മക്കളെ പരിശീലിപ്പിച്ചാൽ അവരുടെ ഭാവി അവതാളത്തിലാകുമല്ലൊ. കൃഷി ഡിപ്പാർട്ടുമെന്റിലെ ഉദ്യോഗസ്‌ഥയാണാ സ്ത്രീ. വയസ് നാൽപത്തഞ്ചെങ്കിലും വരും. പേര് സൂസി. ഭർത്താവ് പോലീസിലാണ്. എസ്.ഐ ആയി ഉദ്യോഗക്കയറ്റംകിട്ടിയത് ഈയിടക്കാണ്. അയാൾ മാത്യു, സി. കെ. മാത്യു, ചേലോത്ത് കുര്യൻ മകൻ മാത്യു. കുട്ടികളുടെ പരിശീലനത്തെപ്പറ്റിയും വ്യക്‌തിത്വ രൂപീകരണത്തെ സംബന്ധിച്ചും അയാളും ആ സ്ത്രീയും രണ്ടു തട്ടിലാണ്. കർക്കശമായ നിലപാട് അവരുടെ വളർച്ചയോട് ബന്ധപ്പെട്ട ഒരു ഘട്ടത്തിലും പാടില്ലെന്ന അഭിപ്രായക്കാരനാണയാൾ. കുട്ടിക്കാലത്ത് കുട്ടികളെ ഓരോരുത്തരെയും വരച്ചവരയിൽ നിർത്താൻ അപ്പനമ്മമാർക്ക് കഴിയണമെന്ന അഭിപ്രായക്കാരിയാണവർ. തന്നെയും തന്റെ സഹോദരനെയും മിലിട്ടറി ഓഫീസറായിരുന്ന തങ്ങളുടെ പപ്പായും നഴ്സായിരുന്ന മമ്മിയും അത്തരത്തിൽതന്നെയാണ് വളർത്തിയതെന്നും സൂസൻ പറയുന്നു. . സൂസന് ഇപ്പോഴുള്ള പ്രശ്നം ഇളയ മകളായ അശ്വതിയോട് ബന്ധപ്പെട്ടാണ്. അവൾ പ്ലസ് വൺ വിദ്യാർഥിനിയാണ്. അശ്വതി സാമാന്യം ഭേദപ്പെട്ട വിധത്തിൽ പാടുകയും പ്രസംഗിക്കുകയും ചെയ്യുന്നവളാണ്. പോയ വർഷങ്ങളിൽ സ്കൂൾ കലോത്സവത്തിൽ പ്രസംഗത്തിന് എഗ്രേഡ് ലഭിച്ചിരുന്നെങ്കിലും ഇത്തവണ മാർക്കിട്ടവരുടെ പിഴവുമൂലം തന്റെ മകൾക്ക് അർഹതപ്പെട്ട സ്‌ഥാനം നഷ്ടപ്പെട്ടെന്നും മാർക്കിട്ടവരും അധ്യാപകരായ സംഘാടകരും ചേർന്ന് നടത്തിയ ഒത്തുകളിയാണ് ഇതിന് പിന്നിലെന്നും സൂസി ആരോപിക്കുന്നു.

ബോധപൂർവം തന്റെ മകളെ തരംതാഴ്ത്താനായി പ്രവർത്തിച്ച ആരെയും താൻ വെറുതേ വിടില്ലെന്നും നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരുമെന്നും അവർ പറയുന്നു. തന്റെ ഭാര്യക്ക് സ്‌ഥിരബോധം നഷ്ടപ്പെട്ടെന്നും അനാവശ്യമായ ഇത്തരം പിടിവാശികൾ കുട്ടികളെ വളർത്താനല്ല, തകർക്കാനേ ഉപകരിക്കൂ എന്നും അഭിപ്രായമുള്ള മാത്യു ഇക്കാര്യത്തോട് ബന്ധപ്പെട്ട് തന്റെ ഭാര്യയെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും സൂസി തെല്ലും വിട്ടുകൊടുക്കാൻ തയ്യാറാവാതെ നിൽക്കുകയാണ്. അമ്മയുടെ പിടിവാശി ഒട്ടുമേ കുറയാതെ മകൾക്കുമുണ്ടെന്നും അമ്മയിൽ നിന്നും കണ്ടു പഠിച്ചതല്ലേ അവൾക്ക് ചെയ്യാനാവൂ എന്നും മാത്യു മനോവിഷമത്തോടെ പറയുന്നു. മക്കളുടെ ഭാവിയെക്കുറിച്ച് സഗൗരവം ചിന്തിക്കുന്ന അയാൾക്ക് തന്റെ ഭാര്യയുടെ ഇത്തരത്തിലുള്ള നിഷേധാത്മക നിലപാടുകൾ അവരുടെ ഭാവി ജീവിതത്തിൽ പൊല്ലാപ്പുകൾ ഉണ്ടാക്കുമോ എന്ന കാര്യത്തിൽ ആശങ്കയുണ്ട്. പ്രശ്നമുണ്ടാക്കണ്ട എന്ന് കരുതി താൻ പല സന്ദർഭങ്ങളിലും പല കാര്യങ്ങളിലും ഇടപെടാതെ പോകുന്നത് തന്റെ ഭാര്യയുടെ നിലപാടുകളിൽ അവൾ ഉറയ്ക്കാൻ കാരണമാകുന്നുണ്ടോ എന്ന ബലമായ ശങ്കയും അയാൾക്കുണ്ട്.

ജയിക്കാൻ മാത്രം ജനിച്ചവളാണെന്ന വിചാരത്തോടെ പഠന വഴികളിലൂടെ പുസ്തകപ്പുഴുവായി പോയി ജീവിതത്തിൽ പരാജിതയായ ഒരു പെൺകുട്ടിയെ ഞാൻ ഓർക്കുന്നു. അവളെ കുറ്റപ്പെടുത്താൻ എനിക്കാവില്ല. പിഴവുകളെല്ലാം ആ അപ്പനമ്മമാരുടെ ഭാഗത്തുതന്നെയായിരുന്നു. വലിയ ഭാവിയുണ്ടായിരുന്ന ആ പെണ്ണിനെ മാനസികരോഗിയാക്കിയതിന് പിന്നിൽ മറ്റാരും ആയിരുന്നില്ല, അവളുടെ മാതാപിതാക്കൾതന്നെയായിരുന്നു. ശ്വാസം വിടാതെയും വേണ്ടവിധം ഭക്ഷണംപോലും കഴിക്കാതെയും പഠിച്ചവളായിരുന്നു അവൾ. അവൾ ജസിന്റെ, മാതാപിതാക്കൾ വർക്കിയും മേരിയും. മേരി ഹൗസ് വൈഫും അയാൾ ഫാർമസിസ്റ്റുമായിരുന്നു. മിടുക്കിയായൽ പോരാ മിടുമിടുക്കിയാവണമെന്നും പഠന കാര്യത്തിൽ മുന്നിൽ കയറാൻ മറ്റാരെയും അനുവദിക്കരുതെന്നും മകൾക്ക് നിരന്തരം ഉപദേശം നൽകിയിരുന്ന ആ അപ്പനമ്മമാർ അന്ന് ഒട്ടും വിചാരിച്ചിട്ടുണ്ടാവില്ല ശിക്ഷണവഴിയിലെ തങ്ങളുടെ തെറ്റായ നീക്കങ്ങൾ തങ്ങളുടെ മകളെ കൊണ്ടുചെന്നെത്തിക്കുന്നത് മാനസികരോഗ ചികിൽസാ കേന്ദ്രത്തിലായിരിക്കുമെന്ന്.

കുട്ടികൾ ജയിക്കാൻ വേണ്ടി പഠിക്കുകയും പരിശീലിക്കുകയും വേണം. എന്നാൽ തന്റെ ജയവഴിയിൽ തനിക്കൊപ്പം ആരും ഉണ്ടാവരുതെന്നും തനിക്ക് മുന്നിൽ കടക്കാൻ ആരെയും താൻ അനുവദിക്കുകയില്ലെന്നുമുള്ള മനോഭാവം തെറ്റാണ്. അത് കുട്ടികളുടെ നല്ല വളർച്ചയ്ക്ക് തെല്ലും ഗുണകരമാകില്ല. മൽസരപ്പരീക്ഷകൾക്കും ഇതര മൽസരങ്ങൾക്കും വിജയിച്ചിട്ട് ജീവിതത്തിൽ പരാജയപ്പെടാൻ ഇടവന്നാൽ പഠനവഴികളിലെ അധ്വാനംകൊണ്ട് എന്ത് പ്രയോജനം. അനാരോഗ്യകരമായ മാൽസര്യബുദ്ധി കുട്ടികളിൽ ഉളവാക്കി അതുവഴി വലുതാകാൻ ശ്രമിക്കുന്ന മാതാപിതാക്കൾ മക്കളുടെ ഭാവിജീവിതത്തിന്റെ കടയ്ക്കലാണ് കോടാലി വയ്ക്കുന്നതെന്ന കാര്യം വിസ്മരിക്കരുത്. താൻ വിജയിക്കുന്നതിനൊപ്പം തനിക്കൊപ്പമുള്ളവരും വിജയിക്കണമെന്നും അവരും മുന്നിലേക്ക് കടന്നുവരാൻ താൻ ആഗ്രഹിക്കണമെന്നും അതിന് അവസരം ഒരുക്കണമെന്നുമുള്ള മനോഭാവമാണ് കുട്ടികളിൽ രൂപപ്പെടേണ്ടത്. വിജയിക്കാനായി പഠിക്കാം, അന്യരെ പരാജയപ്പെടുത്താനായി പഠിക്കണമോ? ജയവഴിയിലൂടെ മാത്രമേ പോകൂ എന്ന് നിർബന്ധം പിടിക്കുന്ന കുട്ടികൾ അപ്രതീക്ഷിതമായി ഉണ്ടാകുന്ന പരാജയങ്ങളെക്കൂടി സ്വീകരിക്കാൻ സന്നദ്ധരാകണം. മാനസികമായി അതിനായി അവർ ഒരുക്കപ്പെടുകയും വേണം. അങ്ങനെയെങ്കിൽ ഭാവിയിൽ തങ്ങളുടെ ജീവിതവഴികളിലെ പരാജയങ്ങളെ വിജയവഴികളാക്കാൻ അവർക്കാകും.

സിറിയക് കോട്ടയിൽ