പെൺമക്കളുടെ പ്രസവം മൂലം കടക്കെണിയിലാകുന്ന അപ്പന്മാർ
അയാൾക്ക് വയസ് അറുപതായി, കൂലിപ്പണിക്കാരനാണ്, പേര് രാജൻ. വളവുകാട്ടിൽ പോത്തച്ചന്റെയും അന്നക്കുട്ടിയുടെയും മകൻ. രാജന്റെ ഭാര്യ സുനി കുട്ടനാട്ടുകാരിയാണ്. രാജനും സുനിക്കും മൂന്ന് പെൺമക്കളാണുള്ളത്. മൂന്നുപേരെയും കെട്ടിച്ചയച്ചു. മൂത്തവൾ രഞ്ജിനിയെ വിവാഹം ചെയ്തത് ആലപ്പുഴക്കാരൻ മാത്തുക്കുട്ടിയാണ്. അയാളും കുടുംബവും ഇപ്പോൾ കൽക്കട്ടയിലാണ്. മാത്തുക്കുട്ടി അവിടെയുളള കോൺവെന്റ് സ്കൂളിലെ നോൺ ടീച്ചിംഗ് സ്റ്റാഫാണ്. രഞ്ജിനിയും അവിടെതന്നെയാണ് ജോലി ചെയ്യുന്നത്. രണ്ടാമത്തവൾ രജനി നഴ്സാണ്. നാട്ടിൽ തന്നെയുളള ഒരു പ്രൈവറ്റ് മാനേജ്മെന്റ് ഹോസ്പിറ്റലിൽ ജോലി നോക്കുന്ന രജനിയുടെ ഭർത്താവ് സുമേഷ് പട്ടാളത്തിലാണ്. മൂന്നാമത്തവൾ സൂസമ്മയുടെ വിവാഹം നടന്നത് രണ്ടുവർഷം മുമ്പാണ്. സൂസമ്മയുടെ ഭർത്താവ് മെക്കാനിക്കാണ്. അയൽപക്കക്കാരനായ പോളക്കാട്ടിൽ തങ്കച്ചന്റെ ഉടമസ്‌ഥതയിലുളള വർക്ക്ഷോപ്പിലെ ജോലിക്കാരനാണയാൾ. സൂസമ്മ ഗർഭിണിയാണ്. ആദ്യത്തെ കുട്ടിയുടെ പ്രസവത്തോട് ബന്ധപ്പെട്ട കാര്യങ്ങളെല്ലാം മുറപോലെ നടത്തിയതിന്റെ സാമ്പത്തികക്ഷീണം തീരുംമുമ്പ് മകൾ വീണ്ടും ഗർഭിണിയായത് രാജനെ അസ്വസ്‌ഥനാക്കുന്നുണ്ട്. മൂന്നുമാസം കഴിയുമ്പോൾ സൂസമ്മയെ പ്രസവത്തിനായി വളവുകാട്ടിലെ വീട്ടിൽ കൊണ്ടാക്കുമെന്ന് അവളുടെ അമ്മായിയപ്പനും അമ്മായിയമ്മയും രാജനെ അറിയിച്ചതിൻപ്രകാരം അയാൾ ആശുപത്രി ചെലവിനും അനുബന്ധ ചെലവുകൾക്കുമായി പണം ഉണ്ടാക്കാനുള്ള നെട്ടോട്ടത്തിലാണിപ്പോൾ. മൂത്ത മക്കൾ രണ്ടുപേരുടെയും ആദ്യ പ്രസവത്തോട് ബന്ധപ്പെട്ടുണ്ടായ സാമ്പത്തിക ഞെരുക്കത്തിലിരിക്കുന്ന സമയത്താണ് രാജൻ ഇളയവൾ സൂസമ്മയുടെ വിവാഹം നടത്തിയത്. ലോണെടുത്തും കടംവാങ്ങിയും ബന്ധുക്കളായ ചിലരുടെയൊക്കെ സഹായത്താലുമാണ് അയാൾക്ക് അന്നാ വിവാഹം നടത്താനായത്. പ്രസവ ചെലവും തള്ളയുടെ പ്രസവാനന്തര ചികിൽസാ ചെലവുകളും കുട്ടിയുടെ മാമ്മോദീസായുടെ ചെലവുംകൂടി ചേർത്തു വയ്ക്കുമ്പോൾ ഒരു കല്യാണത്തിന്റെ ചെ ലവുതന്നെ ഉണ്ടാകുന്നുണ്ട് എന്ന് പറയുമ്പോൾ മൂന്ന് പെൺമക്കളുള്ള പ്രാരാബ്ധക്കാരനായ ഒരു കുടൂംബനാഥന്റെ എല്ലാ വികാരങ്ങളും രാജന്റെ മുഖത്ത് പ്രകടമാകുന്നുണ്ട്. തന്റെ മക്കൾക്ക് കൂടുതൽ കുഞ്ഞുങ്ങൾ ഉണ്ടാകണമെന്നാണ് രാജന്റെ ആഗ്രഹമെങ്കിലും അവരുടെ പ്രസവാനന്തര ചെലവുകൾ ഇല്ലായ്മക്കാരനായ താൻ തന്നെയാണല്ലോ വഹിക്കേണ്ടിവരുന്നത് എന്നോർക്കുമ്പോൾ അക്കാര്യത്തെ സംബന്ധിച്ച് അയാൾ മൗനം പാലിക്കുകയാണ്.

ആദ്യത്തെ കുട്ടിയുടെ പ്രസവം മാത്രമാണല്ലൊ സാധാരണ അമ്മവീട്ടിൽ നടക്കാറുള്ളത്, എന്ന് രാജനോട് ചോദിക്കുമ്പോൾ പ്രസവത്തിനായി സ്വന്തം മകളെ അവളുടെ ഭർത്താവും കൂട്ടരുംകൂടി വീട്ടിൽ കൊണ്ടാക്കുമ്പോൾ ഇറക്കിവിടാനോ തിരസ്കരിക്കാനോ തന്നെപ്പോലുളള ഒരപ്പന് കഴിയുമോ എന്നാണ് രാജന്റെ ചോദ്യം.

ഇല്ലായ്മക്കാരായ അപ്പനമ്മമാർ നുളളിപ്പെറുക്കി കൂട്ടിവയ്ക്കുന്ന പണംകൊണ്ട് തങ്ങളുടെ പെൺമക്കളെ കെട്ടിച്ചുവിട്ടതുകൊണ്ടു മാത്രം അവരോട് ബന്ധപ്പെട്ട ഉത്തരവാദിത്വഭാരം തങ്ങൾക്ക് ഇറക്കിവയ്ക്കാനാവില്ലന്നും അവരുടെ പ്രസവ പ്രസവാനന്തര ചെലവുകളുടെയും അനുബന്ധ ചെലവുകളുടെയും ഉത്തരവാദിത്വവും തങ്ങളുടെ ചുമലിൽതന്നെയാണെന്നുമുള്ള വിചാരം പേടിപ്പെടുത്തുന്ന അനുഭവമാണ് അവർക്ക് സമ്മാനിക്കുന്നത്. ഇത്തരത്തിലുള്ള ദുരനുഭവത്തിലൂടെ കടന്നുപോകുന്ന അപ്പനമ്മമാർ ആരെങ്കിലും തങ്ങൾക്കോ തങ്ങളുടെ മക്കൾക്കോ പെൺമക്കൾ ജനിക്കണമെന്നാഗ്രഹിക്കുമോ? പെൺകുട്ടിയെ കുടുംബവിഹിതം നൽകിയും ഒരുപക്ഷേ, വീടും പറമ്പും പണയംവച്ചും അത് വിറ്റും, ലോണെടുത്തുമൊക്കെ കെട്ടിച്ചയയ്ക്കുന്ന രാജനെപ്പോലുള്ള ഇല്ലായ്മക്കാരെ തീ തീറ്റിക്കാൻ ആരാണാവോ കുട്ടിയുടെ തള്ളയുടെ വീട്ടിൽതന്നെ പ്രസവവും അനുബന്ധ കാര്യങ്ങളും നടക്കണമെന്ന മാമൂലിന്റെ തുടക്കകാരൻ. പണ്ടത്തെ അവസ്‌ഥയല്ലല്ലോ ഇന്ന്. സ്വാഭാവിക പ്രസവമായാലും സിസേറിയനായാലും ആശുപത്രി ചെലവുകളും അതിന് മുമ്പും പിമ്പുമുള്ള ചിലവുകളുംകൂടി തള്ളയുടെ അപ്പനോ അവളുടെ ഉത്തരവാദിത്വപ്പെട്ടവരോ കരുതേണ്ട തുക നിസാരമല്ലല്ലൊ. കുട്ടിയുടെ അപ്പനും അയാളുടെ മാതാപിതാക്കളും ഇക്കാര്യത്തിൽ കാട്ടുന്ന അലംഭാവം അന്യായം തന്നെയാണ്. കൈ കഴുകിയും കണ്ണുപൂട്ടിയും ഇന്നാട്ടുകാരല്ല എന്ന ഭാവത്തോടെ മേൽപറഞ്ഞവർ അയൽപക്കക്കാരൻ കാട്ടുന്ന അനുകമ്പ പോലും കാട്ടാതെ അകന്നുമാറി നിൽക്കുന്നതിനെ മനുഷ്യത്വരഹിത മനോഭാവമെന്നും അധാർമ്മികമെന്നുമേ വിശേഷിപ്പിക്കാനാവൂ. ആദ്യത്തെ കുട്ടിയുടെ കാര്യം കഴിയുമ്പോൾ പിന്നാലെ ജനിക്കുന്ന കുട്ടികളുടെ ജനനത്തോട് ബന്ധപ്പെട്ട ഉത്തരവാദിത്വങ്ങളും ഭാര്യവീട്ടുകാരുടെമേൽ തന്നെ കെട്ടിവയ്ക്കുന്ന ഭർത്താക്കന്മാരെ വിരുതന്മാർ എന്ന് വിളിച്ചാൽ പോരല്ലൊ.
അവരെ വിളിക്കാൻ വായനക്കാർതന്നെ ഉചിതമായ ഒരു പേര് കണ്ടുപിടിച്ചോളൂ. സ്വന്തം കുട്ടിയുടെ പിതൃത്വത്തിൽ അഭിമാനിക്കുന്ന അപ്പൻ തന്റെ കുട്ടിയുടെ ജനനത്തോട് ബന്ധപ്പെട്ട സാമ്പത്തിക ഉത്തരവാദിത്വങ്ങളും ഏറ്റെടുക്കാൻ കടപ്പെട്ടവനല്ലേ? കുറഞ്ഞ പക്ഷം അക്കാര്യത്തിൽ ആകാവുന്ന പിൻതുണയെങ്കിലും ഭാര്യവീട്ടുകാർക്ക് നൽകിക്കൂടെ? ആറാം മാസം തുടങ്ങി തള്ളയെ കരുതുന്നതു മുതൽ കുട്ടിയുടെ മാമ്മോദീസാ ചെലവ് ഉൾപ്പെടെയുള്ള സാമ്പത്തിക ചെലവുകൾ മൂലം നട്ടെല്ലൊടിയുന്ന സാധാരണക്കാരായ അപ്പൻമാർക്ക് ആശ്വാസം പകരാൻ എന്റെ ഈ കുറിപ്പ് ഗുണകരമായി തീർന്നിരുന്നെങ്കിൽ......

സിറിയക് കോട്ടയിൽ