മുറപ്പെണ്ണ്
മുറപ്പെണ്ണ്
എംടി
കറന്റ് ബുക്സ്, തൃശൂർ
പേജ് 140, വില: 110
എം.ടി. വാസുദേവൻ നായരുടെ ആദ്യത്തെ തിരക്കഥ. സിനിമ ഇറങ്ങിയിട്ട് 50 വർഷം തികയുന്നതിന്റെ ഭാഗമായാണ് പുതിയ പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്. അതിനാൽ തന്നെ ചരിത്രത്തിന്റെ ഭാഗമായും ഈ തിരക്കഥയ്ക്കു സ്‌ഥാനമുണ്ട്. മലയാള സിനിമാ ചരിത്രത്തിൽ വഴിത്തിരിവായി മാറിയ മുറപ്പെണ്ണിനെ ഒരിക്കൽകൂടി കാണുമ്പോൾ സിനിമാ–സാഹിത്യപ്രേമികൾക്ക് ഗൃഹാതുരത്വമുണർത്തുമെന്ന കാര്യത്തിൽ സംശയമില്ല. എംടിയുടെ ഭാഷയും ഭാവനയും തന്നെയാണ് ഇതിന്റെയും മുതൽക്കൂട്ട്.

എഡ്വിൻ പോൾ
സി.വി. ബാലകൃഷ്ണൻ
കറന്റ് ബുക്സ്, തൃശൂർ
പേജ് 102, വില: 85
അതിമനോഹരമായ 16 കഥകളുടെ സമാഹാരം. സ്നേഹത്തെയും അനിശ്ചിതത്വത്തെയും വിഹ്വലതയെയും വേദനയെയുമൊക്കെ തീവ്രമായി അനുഭവിപ്പിക്കാൻ ഈ കഥകൾ ധാരാളം.
വാക്കുകൾ ജീവനുള്ളവയാകുന്നു.

സ്മരണകളുടെ പൂമുഖം
മിത്രൻ നമ്പൂതിരിപ്പാട്
കറന്റ് ബുക്സ്, തൃശൂർ
പേജ് 280, വില: 250
അധ്യാപകനും കേന്ദ്ര–സംസ്‌ഥാന വിദ്യാഭ്യാസ സമിതി അംഗവുമായിരുന്ന ഗ്രന്ഥകാരന്റെ ആത്മകഥ. സ്വന്തം ജീവിതത്തെക്കുറിച്ചു മാത്രമല്ല, നാടിനെക്കുറിച്ചും സമകാലികരെക്കുറിച്ചും നടത്തിയിട്ടുള്ള യാത്രകളെക്കുറിച്ചു മൊക്കെ വിശദീകരിക്കുന്നുണ്ട്. ഈ ആത്മകഥ നാടിന്റേതുകൂടിയാണ്.

നിരന്തര ജനനം
മൃണാൾ സെൻ
വിവർത്തനം: കെ.എം. ഷാജി
കറന്റ് ബുക്സ്, തൃശൂർ
പേജ് 272, വില 240
ഇന്ത്യൻ സിനിമയിലെ അതികായനായ ബംഗാളി സംവിധായകന്റെ ആത്മകഥ. കോൽക്കത്ത നഗരത്തെ മനസിലാക്കാൻ, ഇന്ത്യൻ സിനിമയെയും സാഹിത്യത്തെയും മനസിലാക്കാൻ, ഇന്ത്യൻ രാഷ്ട്രീയത്തെ തിരിച്ചറിയാൻ സഹായകമാണ് ഈ ലേഖനങ്ങൾ. കാലത്തിന്റെ ഇന്ത്യൻ പനോരമ. ഉജ്വല ഭാഷ.

അക്ക മഹാദേവിയുടെ വചനങ്ങൾ
വിനയ ചൈതന്യ
കറന്റ് ബുക്സ്, തൃശൂർ
പേജ് 70, വില 70
കർണാടകത്തിലെ മധ്യകാല കവയിത്രിയും മിസ്റ്റിക്കുമായിരുന്ന അക്ക മഹാദേവിയുടെ കവിതകളുടെ പരിഭാഷ. കവിത എന്നതിലുപരി തത്ത്വചിന്തകളെന്നോ ഭക്‌തി ചിന്തകളെന്നോ പറയാവുന്ന വചനങ്ങൾ. 248 ഭാഗങ്ങളായുള്ള പദ്യങ്ങൾ അത്രയും വിഷയങ്ങളെ സ്പർശിക്കുന്നു. വായനക്കാരന്റെ ചിന്തകളെ ഉദ്ദീപിപ്പിക്കും. നടരാജഗുരുവിന്റെയും ഗുരു നിത്യചൈതന്യ യതിയുടെയും ശിഷ്യനാണ് പരിഭാഷകൻ.

കഥകൾ
വൈശാഖൻ
കറന്റ് ബുക്സ്, തൃശൂർ
പേജ് 363, വില: 300
വിവിധ കാലങ്ങളിലെഴുതിയ മികച്ച കഥകളുടെ സമാഹാരം. ജീവിതത്തിന്റെ വ്യത്യസ്ത ഭാവങ്ങൾ കാലത്തെ അതിജീവിക്കുന്ന ഭാഷയിൽ രേഖപ്പെടുത്തിയിരിക്കുന്നു. പറഞ്ഞുതുടങ്ങുമ്പോഴും തുടരുമ്പോഴും വായനക്കാർക്ക് കഥാപാത്രങ്ങളെ കാണാം. അവസാനിക്കുമ്പോഴാകട്ടെ കഥയെന്ന അനുഭവം മാത്രം.


അത്തിപ്പാറ
ശ്രീധരൻ ചമ്പാട്
കറന്റ് ബുക്സ്, തൃശൂർ
പേജ് 312, വില 250
ഗ്രാമീണജീവിതത്തിന്റെ പശ്ചാത്തലത്തിൽ എഴുതപ്പെട്ട നോവൽ. മനുഷ്യരുടെ കഥയോടൊപ്പം പ്രകൃതിയുടെ മുഴങ്ങുന്ന താളവും വായനക്കാർക്ക് അടുത്തറിയാം. കഥാപാത്രങ്ങളുടെ വാക്കുകളിലൂടെയും സ്വഭാവസവിശേഷതകളിലൂടെയും ജീവിതത്തിന്റെ രഹസ്യങ്ങൾ നാട്ടുവർത്തമാനങ്ങൾപോലെ പറഞ്ഞുതരുന്നു. മലനാടിന്റെയും പാവപ്പെട്ട മനുഷ്യരുടെ കഠിനമായ ജീവിതാവസ്‌ഥകളുടെയും നേർച്ചിത്രം.

കാശ്മീരപഥങ്ങളിലൂടെ
കെ.പി. മൈക്കിൾ
പായൽ ബുക്സ്, കണ്ണൂർ
ഫോൺ: 9995285403, 9809863785
പേജ് 96, വില: 120
നാഷണൽ യൂത്ത് പ്രോജക്റ്റിന്റെ സൗഹൃദസന്ദേശ യാത്രയുടെ ഭാഗമായി കാഷ്മീരിലേക്കു നടത്തിയ യാത്രയുടെ വിവരണം. ജമ്മുവിന്റെയും ശ്രീനഗറിന്റെയും സൗന്ദര്യം മാത്രമല്ല, അവിടത്തെ മനുഷ്യരുടെ സൗന്ദര്യവും ആശങ്കകളും നേരിട്ടു കാണുന്ന അനുഭവം. കാഷ്മീർ കാണാൻ വായനക്കാ രനെ പ്രേരിപ്പിക്കും. ലളിതം, ഹൃദ്യം.