താഴെ വെച്ചാൽ ഉറുമ്പരിക്കും തലേൽ വെച്ചാൽ പേനരിക്കും
മാത്യു എന്ന് പേരുള്ള മത്തായിച്ചനും അയാളുടെ ഭാര്യ സൂസമ്മയും എന്നെ കാണാൻ വന്നത് അവരിരുവരുടെയും വലിയൊരു വേദന എന്നോട് പങ്കുവയ്ക്കാനാണ്. നാലു മക്കളാണവർക്ക്, രണ്ടാണും രണ്ടു പെണ്ണും. ഏറ്റവും മൂത്തതും ഏറ്റവും ഇളയതും പെൺമക്കളാണ്. മൂത്തവൾ റ്റിനിയുടെയും ആൺ മക്കളിൽ മൂത്തവനായ റ്റോജോയുടെയും കല്ല്യാണം കഴിഞ്ഞു. റ്റിനി ഭർത്താവിനും മക്കൾക്കുമൊപ്പം അടിമാലിയിലാണ് താമസിക്കുന്നത്. റ്റോജോ ഇലക്ട്രീഷ്യനാണ്. ഇലക്ട്രിക് ജോലികൾ ഏറ്റെടുത്ത് ചെയ്യുന്ന റ്റോജോയുടെ കീഴിൽ നാലു പണിക്കാരുണ്ട്. റ്റോജോയും കുടുംബവും തറവാട്ടുവീട്ടിൽ തന്നെയാണ് താമസിക്കുന്നത്. ആൺമക്കളിൽ രണ്ടാമനായ റിജോ അബുദാബിയിലാണ്. അവിവാഹിതനായ അയാൾ അവിടെ നാട്ടുകാരനായ നെൽപുരയിടത്തിൽ ജോയിയുടെ റസ്റ്ററന്റിലെ ഷെഫാണ്. മക്കളിൽ ഇളയവൾ കുഞ്ഞുമോളെന്ന് അപ്പനും അമ്മയും വിളിക്കുന്ന ഷെറിൻ എംസിഎക്കാരിയാണ്.

മൂത്ത മൂന്നു മക്കളിൽനിന്നും പെരുമാറ്റംകൊണ്ടും പ്രകൃതംകൊണ്ടും തീർത്തും വ്യത്യസ്തയാണ് ഷെറിൻ. ഇതു പറയുന്നത് നാട്ടുകാരല്ല ഷെറിന്റെ അപ്പനും അമ്മയുമാണ്. തന്റെ മൂത്ത മക്കളാരും തന്നോട് തർക്കുത്തരം പറയാറില്ലന്നും തന്റെ വാക്കുകൾ അവർക്കു വേദവാക്യങ്ങളാണെന്നും പറയുന്ന മാത്യു ഇടറിയ കണ്ഠത്തോടെയാണ് തന്റെ ഇളയ മകളെപ്പറ്റി അവളുടെ പോക്കു ശരിയല്ലന്ന് പറയുന്നത്. പട്ടണത്തിലെ കോളജിലാണ് ഷെറിൻ പഠിച്ചത്. പളളിയോടു ചേർന്നുളള നാട്ടുംപ്രദേശത്തെ സ്കൂളിൽ പഠിച്ചിരുന്ന കാലത്ത് ഷെറിൻ മാതാപിതാക്കൾക്കും കുടുംബാംഗങ്ങൾക്കും മാത്രമല്ല സ്കൂളിലെ അധ്യാപകർക്കും സഹപാഠികൾക്കുമൊക്കെ പ്രിയപ്പെട്ടവളും സ്വീകാര്യയുമായിരുന്നു. വഴിവിട്ട സൗഹൃദവും കോളജ് യൂണിയൻ പ്രവർത്തനങ്ങളുമാണ് ഷെറിനെ വഴിതെറ്റിച്ചതെന്നാണ് അവളുടെ മാതാപിതാക്കളുടെയും അവളെ അടുത്തറിയാവുന്നവരുടെയും അഭിപ്രായം. തങ്ങൾ നൽകിയ സ്വാതന്ത്ര്യം തങ്ങളുടെ മകൾ ദുരുപയോഗിക്കില്ലന്ന് കരുതിയ തങ്ങൾക്ക് തെറ്റുപറ്റിയെന്ന് മാത്യുവും സൂസമ്മയും സമ്മതിക്കുന്നു. പട്ടണത്തിലെ കോളജ് പഠനകാലത്ത് തങ്ങളുടെ മകളുടെ പോക്കിനെപ്പറ്റി തങ്ങളുടെ നിരീക്ഷണത്തിന്റെയും പലരുടെയും വെളിപ്പെടുത്തലിന്റെയും വെളിച്ചത്തിൽ തങ്ങൾക്ക് സംശയം തോന്നിയിരുന്നെന്നും അന്നൊക്കെ കള്ളം പറഞ്ഞ് പല കാര്യങ്ങളും തങ്ങളെ അവൾ തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്നും ഷെറിന്റെ മാതാപിതാക്കൾ വലിയ വേദനയോടെ പറയുന്നു. വിശ്വസനീയനായ ഒരാൾവഴി അവർക്ക് അറിയാൻ കഴിഞ്ഞത് അവിശുദ്ധം എന്നു പറയാവുന്ന തരത്തിലുള്ള ഒരു ബന്ധം അവളുടെ സീനിയറായി പഠിച്ച ഒരു ക്രൈസ്തവേതര യുവാവു മായി അവൾക്കുണ്ടെന്നാണ്. ആ ബന്ധവും പരിചയവും ജീവിതം തന്നെ തകർക്കാൻ കാരണമാകുമെന്നുള്ള അവളുടെ മാതാപിതാക്കളുടെ വാക്കുകളോട് അവൾ പ്രതികരിച്ചത് അങ്ങനെയൊരാളെ തനിക്കറിയുകപോലുമില്ല എന്നു പറഞ്ഞാണ.് പിന്നീടുള്ള അവരുടെ അന്വേഷണത്തിൽനിന്നും അവർക്ക് മനസിലായി തങ്ങളുടെ മകൾ പറഞ്ഞതെല്ലാം പച്ചക്കള്ളമാ യിരുന്നെന്ന.് തങ്ങളുടെ മകൾ ഇത്രയും നാളും തങ്ങളെ വിഢികളാക്കുകയായിരുന്നുവെന്ന സത്യം മനസിലാക്കിയപ്പോൾ തന്റെ നെഞ്ചുപൊട്ടിപ്പോയി എന്നാണ് മാത്യു എന്നോടു പറഞ്ഞത്.

ഗൗരവമായ കാര്യങ്ങളെ സംബന്ധിച്ച് കള്ളങ്ങൾ പറഞ്ഞ് തങ്ങളുടെ അപ്പനമ്മമാരെ കബളിപ്പിക്കുകയും വിഢികളാക്കുകയും ചെയ്യുന്ന മക്കൾ ഇന്ന് നമ്മുടെ കുടുംബങ്ങളിലുണ്ട് എന്നുള്ള വസ്തുത മാത്യുവും സൂസമ്മയും തങ്ങളുടെ ജീവിതാനുഭവത്തിന്റെ പിൻബലത്തോടെ വെളിപ്പെടുത്തുന്നു. ഇത്തരത്തിൽ പലരെയും കബളിപ്പിച്ച് അവസാനം കെണിയിൽ അകപ്പെട്ടിട്ടുള്ള എത്രയോ മക്കളുടെ ദുരനുഭവങ്ങളുടെ സാക്ഷ്യങ്ങൾ എന്റെ കാതുകൾ കേട്ടിട്ടുണ്ട് എന്നത് ഞാനും ഓർമിക്കുന്നു. വായനക്കാർക്കും ഇതിന് സമാനമായുള്ള എത്രയോ സംഭവങ്ങൾ കണ്ടും കേട്ടും അനുഭവമുണ്ടാകും. താഴെവച്ചാൽ ഉറുമ്പരിക്കും തലേൽവച്ചാൽ പേനരിക്കും എന്ന വിചാരത്തോടെ മക്കൾ ഓരോരുത്തരുടെയും വളർച്ചയുടെ ഘട്ടങ്ങൾ നോക്കിക്കാണുകയും തങ്ങളുടെ സുഖസൗകര്യങ്ങൾ നോക്കാതെ അവർക്കായി ജീവിക്കുകയും ചെയ്ത മാതാപിതാക്കളുടെ മനസുകൾക്ക് ഇതുപോലെയുള്ള മക്കളുടെ അവിശ്വസ്തയുടെയും ആത്മാർഥത ഇല്ലായ്മയുടെയും ആഘാതങ്ങൾ ഏൽക്കാൻ ശക്‌തി ഉണ്ടാകുമോ? പലരും പറയുംപോലെ ഷെറിനെപ്പോലുള്ള മക്കൾക്ക് ഇത്തരം ദുരനുഭവങ്ങളിലൂടെ കടന്നുപോകുന്ന സ്വന്തം അപ്പനമ്മമാരുടെ നെഞ്ചിന്റെ നീറ്റൽ അറിയാൻ ഇടയാകണമെന്നുണ്ടെങ്കിൽ അവർക്കും തങ്ങളുടെ അപ്പനമ്മമാരുടേതിന് സമാനമായ ഇതുപോലൊരു കാലം വരണം.

എന്തേ നമ്മുടെ മക്കളിൽ ചിലർക്കൊക്കെ മേൽക്കണ്ടതുപോലെ തങ്ങളുടെ മാതാപിതാക്കളോടും കുടുംബത്തോടും ആത്മാർഥതയും സ്നേഹവുമില്ലാതെ പോകുന്നു? തങ്ങൾക്കുവേണ്ടി ചോര നീരാക്കുന്ന തങ്ങളുടെ മതാപിതാക്കളുടെ അധ്വാനത്തിന്റെ നൊമ്പരങ്ങളെ എന്തേ അവർ തിരിച്ചറിയാതെ പോകുന്നു? മക്കൾക്കുവേണ്ടി ജീവിക്കുന്ന അപ്പനമ്മമാർക്ക് തങ്ങളുടെ മക്കളുടെ ഹൃദയങ്ങളെ തൊടാൻ ആവുന്നില്ലേ? കുറ്റപ്പെടുത്താൻ ഞാൻ ആളല്ല. നമ്മുടെ രക്ഷാകർതൃത്വത്തിന്റെ വഴികളെ നാം പുന:പരിശോധിക്കണമെന്ന് തോന്നുന്നു. നാം നോക്കി നിൽക്കെത്തന്നെ നിശാശലഭങ്ങളെപ്പോലെ നമ്മുടെ മക്കൾ നിത്യനാശാഗ്നിയിലേക്ക് അവിവേകത്തോടെ എടുത്തുചാടാതിരിക്കാൻ നാം കൈക്കൊള്ളേണ്ടുന്ന മുൻകരുതലുകൾ ജാഗ്രതയോടെ അവരുടെ ചെറുപ്പകാലം മുതൽ തന്നെ നമുക്ക് കൈക്കൊള്ളാം. ഷെറിനോട് ഒരുവാക്ക്, ഞാൻ പറയേണ്ടതല്ല, അവളുടെ അപ്പനമ്മമാർ പറയാൻ ആഗ്രഹിച്ചതാണ്, മകളേ, ഇതിത്തിരി കടന്ന കൈയായിപോയി.

സിറിയക് കോട്ടയിൽ