പിഴവു കൂടാതെ കൈമാറേണ്ട പിതൃസ്വത്ത്
അയാളുടെ അപ്പൻ വറീത് കുടുംബവിഹിതമായി അയാൾക്ക് നൽകിയ ഒരേക്കർ ഭൂമിയിൽ ഇപ്പോൾ അവശേഷിക്കുന്ന നാൽപത് സെൻറ് സ്ഥലത്താണ് അയാളുടെ മക്കൾ മൂന്നുപേരും വീടുവച്ച് കുടുംബസമേതം താമസിക്കുന്നത്. വറീത് നല്ലൊരു കർഷകനായിരുന്നു. സ്വന്തം സ്ഥലത്തെ കൃഷി കൂടാതെ പാട്ടഭൂമിയിലും അയാൾക്ക് വിവിധങ്ങളായ കൃഷികളുണ്ടായിരുന്നു. കൃഷിക്കാര്യങ്ങളിൽ മക്കൾ അഞ്ചുപേരെയും പങ്കുചേർക്കുന്നതിലും കൃഷിക്കാര്യങ്ങൾ അവരെ പരിശീലിപ്പിക്കുന്നതിലും അയാൾ ബദ്ധശ്രദ്ധനായിരുന്നു. അയാൾ മാത്തൂട്ടി മക്കളിൽ മൂന്നാമൻ, ഇലക്ട്രിസിറ്റി ബോർഡിലെ ജീവനക്കാരനായിരുന്നു. റിട്ടയർ ചെയ്തിട്ട് രണ്ട് വർഷമായി. അയാളുടെ നാല് സഹോദരങ്ങളിൽ ഏറ്റവും മൂത്ത ആൾ കുടുംബസമേതം മുംബൈയിൽ സ്ഥിരതാമസമാണ്. ബാക്കി മൂന്നുപേരും അയാൾക്കൊപ്പം നാട്ടിൽത്തന്നെയുണ്ട്. മുംബൈയിലുള്ള ആൾ സ്കൂൾ അധ്യാപകനായിരുന്നു. അയാളുടെ ഭാര്യ പോസ്റ്റൽ ഡിപ്പാർട്ട്മെൻറിലെ ജോലിക്കാരിയായിരുന്നു.

കുഞ്ഞച്ചനെന്ന അയാൾ കുടുംബവിഹിതമായി കിട്ടിയ നാട്ടിലെ ഭൂമി തൻറെ ഇളയ സഹോദരനായ സാബുവിന് നാമമാത്ര വിലയ്ക്ക് നൽകിയത് സഹോദരങ്ങളായ മറ്റെല്ലാവരുടെയും അറിവോടെയായിരുന്നു. ഇളയവൻ ജോയി കൃഷിക്കാരനായിരുന്നതുകൊണ്ടും സാന്പത്തികമായി മറ്റെല്ലാവരെയുംകാൾ പിന്നോക്കമാണന്ന് കണ്ടതുകൊണ്ടുമാണ് കുഞ്ഞച്ചൻ അത്തരമൊരു തീരുമാനത്തിന് മുതിർന്നത്. പക്ഷേ, മദ്യപാനിയായ കുഞ്ഞച്ചൻ അധ്വാനിച്ച് ജീവിക്കുന്നതിൽ ശ്രദ്ധിക്കാതെ കൈവശം കിട്ടിയ മുതലെല്ലാം വിറ്റുകളഞ്ഞതിൽ സഹോദരരായ മറ്റ് നാലുപേർക്കും പരിഭവമുണ്ട്. അയാളുടെ മക്കൾ രണ്ടുപേരെയും പഠിപ്പിക്കുന്ന ചെലവുകൾ ഇപ്പോൾ വഹിക്കുന്നത് അയാളുടെ ഭാര്യയുടെ ആങ്ങള ന്യൂസിലൻഡിലുള്ള ജോർജാണ്. മാത്തൂട്ടിയും കുഞ്ഞച്ചനും ഒഴിച്ച് ബാക്കി മൂന്നുപേരും അപ്പൻ തങ്ങൾക്ക് നൽകിയ ഭൂസ്വത്ത് നഷ്ടമാക്കിയില്ല എന്നത് അവർ മൂവരെയും അവരുടെ കുടുംബാംഗങ്ങളെയും സംബന്ധിച്ചിടത്തോളം അഭിമാനകരമായ കാര്യമാണ്. ജോയി തൻറെ കൈവശമുണ്ടായിരുന്ന ഭൂമി മുഴുവൻ വിറ്റിട്ട് ഇപ്പോൾ ഒരു വാടകവീട്ടിലാണ് താമസിക്കുന്നത്. ഇക്കാര്യത്തിൽ ജോയിയെക്കാൾ മെച്ചമാണ് മാത്തൂട്ടിയെന്നത് സത്യമാണ്. കാരണം അപ്പൻ അയാൾക്ക് കൊടുത്ത ഒരേക്കറിൽ നാല്പത് സെൻറ് സ്ഥലം അയാൾ നഷ്ടപ്പെടുത്തിയില്ലെന്ന് മാത്രമല്ല, തൻറെ മൂന്ന് മക്കൾക്കുമായി വീതിച്ച് കൊടുക്കുകയും ചെയ്തു.

മാത്തൂട്ടിയും ഭാര്യ കുഞ്ഞമ്മയും തങ്ങളുടെ ഇളയ മകൻ ചാക്കപ്പനൊപ്പമാണ് ഇപ്പോൾ താമസിക്കുന്നത്. അയാൾ തൻറെ മക്കളെക്കുറിച്ചും മരുമക്കളെക്കുറിച്ചും പ്രത്യേകിച്ച് ചാക്കപ്പനെക്കുറിച്ചും അതൃപ്തനാണ്. കാര്യശേഷി തെല്ലും ഇല്ലാത്തവരാണ് തൻറെ മക്കളെന്നും കാലത്തിനൊത്ത് നോക്കീം കണ്ടും ജീവിക്കാൻ അവർക്കറിയില്ലന്നും അയാൾ പറയുന്നു. കാര്യശേഷിയെപ്പറ്റി ചാച്ചൻ തങ്ങളെ പഠിപ്പിക്കേണ്ടെന്നും തങ്ങളുടെ വല്യപ്പൻ ചാച്ചന് കെടുത്ത ഭൂസ്വത്തിൽ മുച്ചൂടും വിറ്റ് കളഞ്ഞതിനെപ്പറ്റി തങ്ങൾക്ക് വലിയ പരിഭവമുണ്ടെന്നും അവർ ഖേദത്തോടെ പറയുന്നു. തൻറെ അപ്പൻ തനിക്ക് കുടുംബവിഹിതമായി തന്ന മുതൽ തൻറെ മാത്രം അവകാശമായിരുന്നെന്നും അത് തൻറെ ഇഷ്ടംപോലെ വിനിയോഗിക്കാൻ തനിക്ക് അധികാരമുണ്ടെന്നും, മക്കൾ ഓരോരുത്തരുടെയും പേരിൽ താൻ എഴുതിക്കൊടുത്ത സ്ഥലം തൻറെ പേരിൽ തിരിച്ചെഴുതി തരാൻ ആവശ്യപ്പെട്ടാൽ അപ്രകാരം അവർ ചെയ്യേണ്ടിവരുമെന്നും തനിക്കങ്ങനെയൊക്കെ അവരെക്കൊണ്ട് ചെയ്യിക്കാൻ അറിയാമെന്നും വെല്ലുവിളി കലർന്ന സ്വരത്തിൽ അവരോട് മാത്തൂട്ടി പറഞ്ഞത് അവർ മൂവരെയും മരുമക്കളെയും ചൊടിപ്പിക്കാൻ കാരണമായി.

കുടുംബസ്വത്തിനോട് ബന്ധപ്പെട്ട് ഇന്ന് കുടുംബങ്ങളിൽ ഒട്ടേറെ മാനസിക സംഘർഷങ്ങൾ നിലനിൽക്കുന്നുണ്ട് എന്നത് വാസ്തവമാണ്. അമൂല്യമായ കുടുംബബന്ധങ്ങൾ ഭൂസ്വത്തിനോട് ബന്ധപ്പെട്ട തർക്കങ്ങളും വഴക്കുകളും കേസുകളുംമൂലം എന്നേക്കുമായി നഷ്ടമായ എത്രയോ അനുഭവങ്ങൾ വായനക്കാർക്ക് പങ്കുവയ്ക്കാനുണ്ടാകും. കുടുംബസ്വത്തിനെ സംബന്ധിച്ച് കൈമാറി നൽകേണ്ടതും വിനിയോഗം ചെയ്യാവുന്നവയുമായവ ഉണ്ടെന്ന് പറയാം. കൈമാറ്റം നടക്കേണ്ടത് മുഖ്യമായും ഭൂസ്വത്തിനോട് ബന്ധപ്പെട്ടുതന്നെയാണ്. ഭൂമിയും ഭവനവുമൊക്കെ തലമുറകളിൽനിന്ന് തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടേണ്ടവയാണ്. അവ താത്കാലികമായ ആവശ്യങ്ങൾക്കായി ഈടുവയ്ക്കുകയോ വിൽക്കുകയോ ചെയ്യുന്നവരുണ്ട്. മക്കൾക്കും ചെറുമക്കൾക്കും കേറിക്കിടക്കാൻ ഒരു കൂരപോലും ഇല്ലാത്ത ദയനീയാവസ്ഥയിലേക്ക് ഇതെത്തിച്ചെന്നുവരാം .

ചില കുടുംബനാഥ·ാരുടെയും മക്കളുടെയും ആലോചനയില്ലാത്തതും അവിവേകപൂർണവുമായ പ്രവൃത്തികൾമൂലം കുടുംബസ്വത്ത് മുഴുവൻ അന്യാധീനപ്പെട്ട് പോകുന്ന അവസ്ഥകളുണ്ട്. മദ്യപാനം പോലുള്ള സുഖാസക്തികളുടെ പിന്നാലെ കുടുംബനാഥനോ മകനോ പോയതുമൂലം തലമുറകൾക്ക് അവകാശപ്പെട്ട ഭൂസ്വത്തും തറവാട്ടു വീടുമൊക്കെ കൈവിട്ടുപോകുന്ന എത്രയോ സംഭവങ്ങൾ നമ്മുടെ സ്മരണയിലുണ്ട്. വരവ് അറിയാതെ ചെലവ് ചെയ്യുന്ന ഭാര്യമാർമൂലം കടക്കെണിയിലായി തലമുറകളിലേക്ക് കൈമാറി നൽകേണ്ട പലതും വിൽക്കേണ്ടിവന്നിട്ടുള്ള ചുരുക്കം ചില സാഹചര്യങ്ങളും നമ്മുടെ കുടുംബങ്ങളിലുണ്ട്. അധ്വാനിച്ച് ഭക്ഷണം കഴിക്കുക എന്ന ചൊല്ല് ഇവിടെ പ്രസക്തമാണെന്ന് എനിക്ക് തോന്നുന്നു. ഭക്ഷണം എന്ന പദത്തെ അതിൻറെ വിശാലമായ അർഥത്തിൽ നാം എടുക്കണമെന്ന് മാത്രം.

പഠനം ഉൾപ്പെടെയുള്ള ജീവിതാവശ്യങ്ങൾക്കായി ഇന്ന് മക്കൾ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ അത്യധ്വാനം ചെയ്തേ മതിയാകൂ. ഇതിന് നേതൃത്വം നൽകാനുള്ള മുഖ്യമായ ഉത്തരവാദിത്വം കുടുംബനാഥന് തന്നെയാണ്. കൈമാറി കിട്ടിയ മുതലിനോട് കുടുംബാംഗങ്ങളുടെ അധ്വാനഫലമായവകൂടി കൂട്ടിച്ചേർക്കാൻ കഴിയാതെ സർവ്വവും നഷ്ടമാക്കി തെരുവിലേക്കിറങ്ങേണ്ട അവസ്ഥ ഉണ്ടാകുന്നതിന് കാരണം കുടുംബാംഗങ്ങളുടെ അലസതയും അമിത ചെലവുശീലങ്ങളും തന്നെയാണ്. ഭൂസ്വത്ത് ഈടുവച്ചും മറ്റും മക്കളുടെ പഠനത്തിനോ അവരുടെ വിവാഹാവശ്യത്തിനോ കുടുംബാംഗങ്ങളുടെ ചികിൽസയ്ക്കോ പണം കടമായി എടുക്കുന്നവരുണ്ട്. അധ്വാനിക്കാൻ മടിയില്ലാത്തവരും കണക്കുകൂട്ടലോടെ തിരിച്ചടവ് കൃത്യമായി നടത്തുന്നവരുമാണെങ്കിൽ ഇത്തരം തീരുമാനങ്ങളെയും നീക്കങ്ങളെയും ആർക്കും ഒരിക്കലും തള്ളിക്കളയാനാവില്ല.