അവധിക്കാലത്ത് കുട്ടികൾ വീട്ടിൽ തനിച്ചാണോ
ഒരു മധ്യവേനൽ അവധിക്കാലമായിരുന്നു അത്. കുട്ടികൾ ഇരുവരും സ്പോക്കണ്‍ ഇംഗ്ലീഷ് ക്ലാസിന് പോകുന്നുണ്ടായിരുന്നു. രാവിലെ ഒൻപത് മുതൽ പതിനൊന്നുവരെയായിരുന്നു ക്ലാസ്. മൂത്തത് ആണ്‍കുട്ടിയാണ്. അവൻ സെവൻതിലും, ഇളയവൾ ഫിഫ്ത്തിലുമായിരുന്നു. സിബിഎസ്ഇ സ്കൂളിലായിരുന്നു ഇരുവരുടെയും പഠനം. സ്പോക്കണ്‍ ഇംഗ്ലീഷ് ക്ലാസിന് പോയിരുന്നത് ടൗണിലെ ഒരു പ്രൈവറ്റ് ഇൻസ്റ്റിറ്റ്യൂട്ടിലായിരുന്നു. മൂത്തവൻ അരുണ്‍ ഉച്ചകഴിഞ്ഞ് മ്യൂസിക് ക്ലാസിനും പോകുന്നുണ്ടായിരുന്നു. ആ സമയം ഇളയവൾ അനിറ്റ് വീട്ടിൽ തനിച്ചായിരുന്നു. കുട്ടികൾ ഇരുവരുടെയും മാതാപിതാക്കൾ ബാങ്കുദ്യോഗസ്ഥരാണ്. അമ്മയായ ലൗലിയാണ് പ്രശ്നം എൻറെ ശ്രദ്ധയിൽപ്പെടുത്തിയത്. കുറെ നാളായി അനിറ്റിൻറെ പെരുമാറ്റത്തിലും മുഖഭാവത്തിലും വല്ലാത്തൊരു മാറ്റം. ആഹാരം കഴിക്കുന്ന കാര്യത്തിലും അവൾക്ക് താൽപര്യം കുറഞ്ഞിരിക്കുന്നു.

വീടിനടുത്തുള്ള സമപ്രായക്കാരായ കുട്ടികളുമായി വൈകുന്നേരങ്ങളിൽ കൂട്ടുകൂടാൻ പോയിരുന്ന അവൾ അവർ നിർബന്ധിച്ചാൽ പോലും ഇപ്പോൾ പോകാതെയായിരിക്കുന്നു. പഠനത്തിൻറെ കാര്യത്തിലും അവൾക്ക് ശ്രദ്ധ കുറഞ്ഞിരിക്കുന്നു. യാത്രകൾക്കൊക്കെ പോകാൻ ഏറെ താൽപര്യമുണ്ടായിരുന്ന അനിറ്റിന് അക്കാര്യത്തിലൊന്നും ഇപ്പോൾ തീരെ താൽപര്യമില്ല. എന്ത് പറ്റിയെന്ന് മാതാപിതാക്കളിരുവരും മാറിമാറി അവളോട് ചോദിച്ചെങ്കിലും ഒന്നുമില്ല എന്ന് പറഞ്ഞ് അവൾ അവരിൽനിന്ന് ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. വഴക്കും ശിക്ഷകളുമൊന്നും അവളുടെ കാര്യത്തിൽ വിലപ്പോകില്ലന്നും കാര്യങ്ങൾ ഓരോ ദിവസവും മുന്നോട്ടുപോകുന്പോൾ കൂടുതൽ വഷളാകുകയാണെന്നും കണ്ടതിനാലാണ് കുട്ടിയുമായി അവളുടെ അമ്മ എൻറെ അടുത്ത് വന്നത്.

ആദ്യമൊന്നും എൻറെ മുന്പിൽ തൻറെ മനസ് തുറക്കാൻ അനിറ്റ് തയ്യാറായില്ലങ്കിലും സംസാരമദ്ധ്യേ അവളിൽനിന്നും പെട്ടെന്നുണ്ടായ ഏങ്ങലടിച്ചുള്ള കരച്ചിൽ എല്ലാം തുറന്നു പറയുന്നതിനുള്ള വാതായനമായി. പിന്നീട് എൻറെ നിർദ്ദേശാനുസൃതവും അവളുടെ സമ്മതത്താലും എന്നോട് മാത്രമായി ആ കുട്ടി ചില കാര്യങ്ങൾ തുറന്നുപറഞ്ഞു. ഞാൻ സംശയിച്ചതുപോലെതന്നെയായിരുന്നു കാര്യങ്ങൾ. ഉച്ചകഴിഞ്ഞ് അനിറ്റ് മാത്രം വീട്ടിലുണ്ടായിരുന്ന ഒരു ദിവസം ഗാർഡനിൽ പുല്ല് വെട്ടാനും മറ്റുമായി വന്ന ഒരു ജോലിക്കാരനുണ്ടായിരുന്നു. തണുത്ത വെള്ളം എടുക്കാനെന്ന വ്യാജേന അയാൾ അനിറ്റിനെക്കൊണ്ട് അടുക്കളയുടെ കതക് തുറപ്പിക്കുകയും അവളോട് അരുതാത്ത രീതിയിൽ പെരുമാറുകയും ചെയ്തു. ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാൽ അതിൻറെ കുഴപ്പം തനിക്കല്ലെന്നും അനിറ്റിനാണെന്നും പറഞ്ഞ് കുട്ടിയെ അയാൾ ഭീഷണിപ്പെടുത്തുകയും ചെയ്തു. മാതാപിതാക്കളോടുപോലും ഇക്കാര്യങ്ങൾ തുറന്ന് പറയാൻ കഴിയാതെ അവൾ വിഷമിക്കുകയായിരുന്നു. വേറൊരു കുട്ടിക്കും ഇത്തരത്തിലുളള ഒരനുന്ധവം ഉണ്ടാകാൻ പാടില്ല എന്ന നിശ്ചയദാർഢ്യത്തോടെ ബന്ധപ്പെട്ട ആളിനെതിരേ ബാലപീഡന നീയമപ്രകാരം അനറ്റിൻറെ പപ്പ മാത്യൂസാണ് കേസ് നൽകിയത്.

കുട്ടിയുടെ ഭാവിയെ കേസിൻറെ കാര്യങ്ങളൊന്നും ദോഷകരമായി ബാധിക്കരുതെന്ന് മാത്യൂസ് പോലീസ് അധികാരികളോട് പറഞ്ഞതിനാൽ അവരും കാര്യങ്ങൾ രഹസ്യമായും പക്വമായുമാണ് കൈകാര്യം ചെയ്തത്. അനറ്റിന് യാതൊന്നും സംഭവിച്ചിട്ടില്ലെന്നും പഴയതുപോലെതന്നെ എല്ലാ കാര്യങ്ങളിലും മിടുക്കിയായി ഇടപെടണമെന്നും മറ്റും പറഞ്ഞ് അവളെ കാര്യങ്ങൾ ധരിപ്പിക്കാൻ എനിക്ക് ഏറെ പണിപ്പെടേണ്ടി വന്നു. നമ്മുടെ കുട്ടികളെക്കുറിച്ച് നമുക്കുള്ളത് വലിയ സ്വപ്നങ്ങളാണ്. അവരെ ഓരോരുത്തരേയും അമൂല്യമായാണ് നാം കാണുന്നതും. പക്ഷേ അവരുടെ വളർച്ചയിൽ ജാഗ്രത പാലിക്കാതെ വന്നാൽ അവരുടെ ജീവിതം തകർന്നടിഞ്ഞ് പോകാൻ സാധ്യതയുണ്ടെന്ന് നാം അറിയണം.

പ്രായത്തിനൊത്ത തിരിച്ചറിവും വിവേകവും അവർക്കുണ്ടാകാൻ തക്കവിധം മാതാപിതാക്കളുടെ നിർദ്ദേശങ്ങളും ഇടപഴകലുകളും വളരെ പ്രധാനപ്പെട്ടതാണ്. കുട്ടികളുടെ സംരക്ഷണത്തിന് വിലങ്ങുതടിയാകുന്ന സാഹചര്യങ്ങൾ വീടിനുള്ളിലോ വീടിൻറെ പരിസരങ്ങളിലോ ഇല്ലെന്ന് ഉറപ്പു വരുത്താനുള്ള മുഖ്യമായ ഉത്തരവാദിത്വം മാതാപിതാക്കൾക്കാണ്. അപരിചിതരും സ്വഭാവദൂഷ്യമുള്ളവരുമായ ആളുകളെ വീടിൻറെ പരിസരങ്ങളിലോ വീടിനുള്ളിലോ സ്വൈരവിഹാരം നടത്താൻ ഒരിക്കലും അനുവദിച്ചുകൂടാ. പ്രത്യേകിച്ച് വീട്ടിൽ കുട്ടികൾ തനിച്ചായിരിക്കുന്പോൾ.

അവധിക്കാലത്തും അവധി ദിനങ്ങളിലും കുട്ടികൾ മാത്രം വീട്ടിൽ ഉള്ളപ്പോൾ അവർക്ക് മാതാപിതാക്കൾ കൃത്യമായ ജാഗ്രതാ നിർദേശങ്ങൾ നൽകേണ്ടതാണ്. വീടിനുള്ളിൽ കുട്ടികൾ സുരക്ഷിതരാണെന്ന് മാതാപിതാക്കൾ ഉറപ്പ് വരുത്തേണ്ടതുമാണ്. മുതിർന്ന കുട്ടികൾ ചെറിയ കുട്ടികളെ വീട്ടിൽ തനിച്ചാക്കീട്ട് പോകുന്നതും ഉചിതമല്ല. അവരെയും അത്തരം അവസരങ്ങളിൽ അവർക്കൊപ്പം കൂട്ടാൻ തടസമില്ലങ്കിൽ ഉചിതം അതാണെന്ന് തോന്നുന്നു.

അകത്തുനിന്ന് ഗെയിറ്റും വാതിലുമൊക്കെ അടയ്ക്കാൻ കുട്ടികൾക്ക് നിർദേശം നൽകുകയും ആ നിർദ്ദേശങ്ങൾ അവർ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യേണ്ടതാണ്. അപകടകരമോ സംശയകരമോ ആയ സാഹചര്യങ്ങളിൽ തങ്ങളെ ഫോണ്‍ വിളിക്കാൻ കുട്ടികൾക്ക് മാതാപിതാക്കൾ നിർദേശം നൽകുകയും വേണം. നല്ല അയൽപക്ക ബന്ധങ്ങൾ ഉണ്ടാക്കുക എന്നത് ഇക്കാര്യത്തിൽ പ്രധാനപ്പെട്ടതാണ്.