സബർമതി തീരത്ത് ഇന്ത്യയുടെ കണ്ണീർ
ക്രിക്കറ്റിൽ കഴിഞ്ഞുപോയ കളികളുടെ കണക്കുകളല്ല, അന്നത്തെ കളിയാണ് കാര്യം. ബാറ്റും ബോളും തമ്മിലുള്ള യുദ്ധത്തിൽ അന്നു നേടുന്നവരാകും വിജയികൾ. കലാശക്കളിയുടെയും ആരാധകപ്രതീക്ഷകളുടെയും സമ്മർദഭാരം മറികടക്കാനും കഴിയുകതന്നെ വേണം
രോഹിത് ശർമയുടെയും സഹതാരങ്ങളുടെയും കണ്ണീർ പൊള്ളിച്ചത് കോടിക്കണക്കായ ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളെയാണ്; അല്ല, രാജ്യത്തെത്തന്നെയാണ്. നമ്മളത്രമാത്രം പ്രതീക്ഷിച്ചിരുന്നു, അത്രമേൽ വിശ്വസിച്ചിരുന്നു; ഇക്കുറി ടീം ഇന്ത്യ നമുക്കൊരു വിശ്വവിജയം സമ്മാനിക്കുമെന്ന്. അത്രയ്ക്കും ആധികാരികമായിരുന്നു ടീം ഇന്ത്യയുടെ പതിമൂന്നാം ലോകകപ്പിലെ ജൈത്രയാത്ര; ഫൈനൽ വരെ.
എങ്കിലും... എങ്കിലും യാഥാർഥ്യം യാഥാർഥ്യം തന്നെയാണ്. ഇന്ത്യ തോറ്റു. സബർമതി നദീതീരത്തെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ത്യൻ താരങ്ങളുടെ കണ്ണീരു വീണു. രാജ്യമാകെയും ദുഃഖത്തിലാണ്; നിരാശയിലും. കാരണങ്ങളുടെ പട്ടിക തെരഞ്ഞിട്ട് ഇനി കാര്യമില്ല. പടിക്കൽ കലമുടച്ചെന്ന പതിവുപല്ലവി ചൊല്ലി നമ്മുടെ ടീമിനെ ചെറുതാക്കിക്കാണാനുമാവില്ല.
ക്രിക്കറ്റിൽ കഴിഞ്ഞുപോയ കളികളുടെ കണക്കുകളല്ല, അന്നത്തെ കളിയാണ് കാര്യം. ബാറ്റും ബോളും തമ്മിലുള്ള യുദ്ധത്തിൽ അന്നു നേടുന്നവരാകും വിജയികൾ. കലാശക്കളിയുടെയും ആരാധകപ്രതീക്ഷകളുടെയും സമ്മർദഭാരം മറികടക്കാനും കഴിയുകതന്നെ വേണം. ഇവിടെ വിജയം അവർക്കായിരുന്നു; തങ്ങളുടെ എട്ടാം ഫൈനൽ കളിച്ച്, ആറാം തവണ ലോകകിരീടം സ്വന്തമാക്കിയ ഓസ്ട്രേലിയയ്ക്ക്. ഇന്ത്യക്കായി ആർത്തിരന്പുന്ന ഗാലറികളെ നിശബ്ദരാക്കുമെന്ന് ഫൈനൽ തലേന്ന് ഓസീസ് നായകൻ പാറ്റ് കമ്മിൻസ് മുന്നറിയിപ്പു നൽകിയിരുന്നു; അതു സത്യമായി.
ആദ്യ രണ്ടു മത്സരങ്ങളിലെ തോൽവിക്കുശേഷം തുടർവിജയങ്ങളുമായി ഫീനിക്സ് പക്ഷിയെപ്പോലെ പറന്നുയർന്നാണ് കംഗാരു നാട്ടുകാരുടെ കിരീടവിജയം. ഫൈനലടക്കം തുടർച്ചയായ ഒന്പതു വിജയങ്ങളുമായി അവർ ലോകകിരീടം റാഞ്ചുന്പോൾ കാഴ്ചക്കാരാവാനേ ഇന്ത്യൻ താരങ്ങൾക്കായുള്ളൂ. ലീഗ് റൗണ്ടിൽ തങ്ങളെ തകർത്ത ഇന്ത്യയുടെ ചങ്കുതകർത്ത വിജയവുമായി ഫൈനൽ കടന്പ കടക്കാൻ അവർക്കായി. പ്രതീക്ഷയിലും പ്രതിഭയിലും കണക്കുകളിലും ഇന്ത്യക്കുണ്ടായിരുന്ന മുൻതൂക്കമൊന്നും ഓസീസിന്റെ പോരാട്ടവീര്യത്തിനും പ്രഫഷണലിസത്തിനും മുന്പിൽ ഇന്നലെ വിലപ്പോയില്ല.
ലോകകിരീടത്തോടു മുഖാമുഖം നിന്ന 2003ൽ, ഇന്ത്യയുടെ കിരീടമോഹം ഫൈനലിൽ തച്ചുടച്ചതും ഓസ്ട്രേലിയയാണ്. ആറു വിക്കറ്റിനായിരുന്നു അന്നും അവരുടെ വിജയം. അന്ന് ഗ്രൂപ്പ് മത്സരത്തിലും ഓസീസ് ഇന്ത്യയെ വീഴ്ത്തിയിരുന്നു.
52 വർഷം നീണ്ട ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ ഇന്ത്യയുടെ ഫൈനൽപ്രവേശം ഇതു നാലാംതവണ മാത്രമായിരുന്നു. 1975ൽ ആദ്യ ലോകകപ്പ് തുടങ്ങുന്പോൾ ഇന്ത്യ ക്രീസിലെ ശിശുക്കളായിരുന്നു. 1979ലെ ലോകകപ്പിൽ ഒറ്റക്കളിപോലും ജയിക്കാനാവാതിരുന്ന ഇന്ത്യ, 1983ൽ ലോർഡ്സിൽ ഒരു വിസ്മയകഥ രചിച്ചു. അന്നത്തെ മുടിചൂടാമന്നന്മാരായിരുന്ന വെസ്റ്റ് ഇൻഡീസിനെ ഫൈനലിൽ വീഴ്ത്തി, “കപിലിന്റെ ചെകുത്താന്മാർ’’ എന്നു പേരുവീണ, കപിൽദേവ് ക്യാപ്റ്റനായുള്ള ഇന്ത്യൻ സംഘം ലോകകിരീടവുമായി തലയുയർത്തി മടങ്ങി. ലോകക്രിക്കറ്റിനെ ഞെട്ടിച്ച ആ അദ്ഭുതമാവാം പിന്നീട് നമ്മുടെ രാജ്യത്ത് ക്രിക്കറ്റ് ഇത്രമാത്രം തഴച്ചുവളരാൻ കാരണമായതുതന്നെ.
ബിഷൻസിംഗ് ബേദി, കപിൽ ദേവ്, സുനിൽ ഗാവസ്കർ, വെംഗ് സാർക്കർ, സൗരവ് ഗാംഗുലി, രാഹുൽ ദ്രാവിഡ്, വീരേന്ദർ സെവാഗ്, യുവരാജ് സിംഗ്, മഹേന്ദ്രസിംഗ് ധോണി തുടങ്ങി ഒട്ടേറെ മികവുറ്റ താരങ്ങളും സച്ചിൻ തെണ്ടുൽക്കർ എന്ന ഇതിഹാസതാരവും വരെ പാഡണിഞ്ഞിട്ടും 28 വർഷംകൂടി ഇന്ത്യ കാത്തിരിക്കേണ്ടിവന്നു, അടുത്ത ലോകകിരീടം സ്വന്തമാവാൻ. 2011ലായിരുന്നു മഹേന്ദ്രസിംഗ് ധോണി നയിച്ച ടീം ഇന്ത്യയുടെ ആ രണ്ടാം മഹാവിജയം. സച്ചിൻ തെണ്ടുൽക്കറിന്റെ ക്രീസിലെ അസ്തമനകാലത്തു നേടിയ ആ വിജയം, സച്ചിനുള്ള സമർപ്പണമായിക്കൂടിയാണ് താരങ്ങളും ആരാധകരും കണ്ടത്. സച്ചിനായി ലോകകിരീടം നേടുമെന്നു പ്രതിജ്ഞയെടുത്തിരുന്ന ടീം, സച്ചിനെ തോളിലേറ്റി ദേശീയപതാകയുമായി ഗ്രൗണ്ടിൽ നടത്തിയ വിജയയാത്രയുടെ മനോഹരദൃശ്യം ഇനിയും മനസിൽനിന്നു മാഞ്ഞിട്ടില്ല.
വീണ്ടുമൊരു പന്ത്രണ്ടു വർഷത്തെ കാത്തിരിപ്പിനുശേഷമാണ് അത്തരമൊരു സമ്മോഹന മുഹൂർത്തത്തിനരികെ ഇന്ത്യ എത്തിയത്; കപ്പിനും ചുണ്ടിനുമിടയിൽ അതു നഷ്ടമായെങ്കിലും.
കഴിഞ്ഞ രണ്ടുതവണയും സെമിഫൈനലിൽ വീണ കുതിപ്പ് ഇക്കുറി കപ്പിലെത്തിക്കാൻ ടീമംഗങ്ങൾ ഓൾറൗണ്ട് മികവുമായി, ഒറ്റമനസോടെ പൊരുതുകയായിരുന്നു. രോഹിത് ശർമ നയിച്ച ടീമിലെ ഓരോരുത്തരും മികച്ച സംഭാവനകളുമായി ഒത്തുപിടിച്ചു. ഓരോ മത്സരത്തിലും തുടക്കം നന്നാക്കി ആത്മവിശ്വാസം പകർന്ന നായകനും, സെഞ്ചുറികളിൽ അർധസെഞ്ചുറിയെന്ന വിസ്മയനേട്ടം സ്വന്തമാക്കി ചരിത്രത്താളുകളിലേക്കു നടന്നുകയറിയ വിരാട് കോഹ്ലി മുതൽ ശുഭ്മാൻ ഗില്ലും ശ്രേയസ് അയ്യരും കെ.എൽ. രാഹുലുമൊക്കെ ബാറ്റിംഗ് ഭദ്രമാക്കിയപ്പോൾ, മുഹമ്മദ് ഷമി മുതൽ ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജുമൊക്കെ ഇന്ത്യ കണ്ട ഏറ്റവും മികച്ച ബൗളിംഗ് ആക്രമണവുമായി കിരീടക്കുതിപ്പിനു കരുത്തായി. ചാരുതയാർന്ന ഇന്നിംഗ്സുകളും എതിരാളികളെ തച്ചുതകർത്ത ബൗളിംഗ് മികവുമൊക്കെ പലകുറി കണ്ട് ആരാധകർ ആഹ്ലാദചിത്തരായി. ഒടുവിൽ വിശ്വവിജയത്തിലേക്കുള്ള ചുവടുവയ്പുകൾ. സെമിയിൽ ന്യൂസിലൻഡിന്റെ പോരാട്ടവീര്യത്തെ മറികടന്ന ഷമി മാജിക്, ഒപ്പം കോഹ്ലിയുടെ ഇതിഹാസനേട്ടം. ആവേശക്കൊടുമുടിയിലായിരുന്നു 140 കോടിയിലേറെ വരുന്ന ഇന്ത്യൻ ജനത. ഇന്നലെവരെ; കലാശപ്പോരിലെ വൻവീഴ്ചവരെ.
വിജയപരാജയങ്ങളുടെ അനിശ്ചിതത്വമാണ് ഏകദിന ക്രിക്കറ്റിന്റെ ചാരുത തന്നെ. എങ്കിലും, ഈ തോൽവി ആരാധകരുടെ മനസിനേല്പിച്ച മുറിവുണക്കാൻ സമയമെടുക്കും. കാലം മുറിവുണക്കട്ടെ. സ്വപ്നദൂരം താണ്ടാൻ ഇനി നാലുവർഷത്തെ കാത്തിരിപ്പ്. ക്രിക്കറ്റ് ഗാലറികളിൽ പടർന്നുകത്തിയ ആവേശം ഇന്ത്യൻ കായികരംഗത്തിനാകെ പുത്തനുണർവേകട്ടെ എന്നാശിക്കാം.