ഈ തുറന്ന പട്ടിക്കൂട്ടിൽ ഇനിയെത്ര നരബലി?
Wednesday, April 30, 2025 12:00 AM IST
കെടുകാര്യസ്ഥതകൊണ്ട് സർക്കാർ സംരക്ഷിച്ച വേട്ടനായ്ക്കളിലൊന്നാണ് മലപ്പുറത്ത് പെൺകുഞ്ഞിന്റെ ജീവനെടുത്തത്. മരണകാരണമെന്തെന്ന് ഏതെങ്കിലും ഡോക്ടർ പറഞ്ഞാൽ മതി. ഇനിയെത്ര ‘നരബലി’യെന്നു സർക്കാർ പറയണം.
കാലഹരണപ്പെട്ട നിയമങ്ങളുടെയും മനുഷ്യവിരുദ്ധരായി മാറിയ കപട മൃഗസ്നേഹികളുടെയും തടവറയിലായ സർക്കാരിന്റെ പിടിപ്പുകേട് ഒരു കുഞ്ഞിന്റെകൂടി ജീവനെടുത്തു. വാക്സിനെടുത്തിട്ടും പേവിഷബാധയേറ്റ മലപ്പുറത്തെ പിഞ്ചുകുഞ്ഞിന്റെ ദാരുണാന്ത്യം അധികാരകേന്ദ്രങ്ങളുടെയും കോടതികളുടെയും കണ്ണു തുറപ്പിക്കുമോ? സാധ്യതയില്ല; ഇരകളിലേറെയും പാവപ്പെട്ടവരും സാധാരണക്കാരുമാണ്.
നായപ്രേമം ഹോബിയാക്കിയ പൊങ്ങച്ചക്കാരുടെ പാഴ്വാക്കു കേട്ടാണ്, സർക്കാർ പേവിഷബാധയേറ്റു മരിക്കുന്നവരുടെ എണ്ണത്തിൽ ഇന്ത്യയെ ലോകത്ത് ഒന്നാമതാക്കിയത്. സംസ്ഥാന സർക്കാരിന്റെ വീൺവാക്കുകൾ കേരളത്തിന്റെ തെരുവുകളെ തുറന്ന പട്ടിക്കൂടാക്കി മാറ്റി. സർക്കാർ സംരക്ഷിച്ച പേപ്പട്ടികളിലൊന്നാണ് മലപ്പുറത്തെ കുഞ്ഞിനെ കടിച്ചുകീറിയത്.
കഴിഞ്ഞ മാർച്ച് 29നാണ് മലപ്പുറം പെരുവള്ളൂരിൽ മിഠായി വാങ്ങാൻ പോയ സിയ എന്ന പെൺകുട്ടിയെ തെരുവുനായ കടിച്ചത്. ആറു വയസ് തികയാത്ത കുട്ടിക്ക് മൂന്നു മണിക്കൂറിനകം പ്രതിരോധ വാക്സിനെടുത്തു. പക്ഷേ, കഴിഞ്ഞിദിവസം കടുത്ത പനി ഉണ്ടായതിനെ തുടർന്ന് വീണ്ടും കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചപ്പോഴാണ് പേവിഷബാധയുണ്ടെന്നു സ്ഥിരീകരിച്ചത്. ഇന്നലെ പുലർച്ചെ മരിച്ചു.
തലയ്ക്കു കടിയേറ്റതുകൊണ്ടാണ് പ്രതിരോധ വാക്സിൻ ഫലിക്കാതെ പോയതെന്ന് ഡോക്ടർമാർ പറഞ്ഞു. വാക്സിന്റെ ഗുണനിലവാരത്തെക്കുറിച്ച് പരാതിയുണ്ടെങ്കിൽ അതും അന്വേഷിക്കുമെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞത്. മരണകാരണം വെളിപ്പെടുത്തലിനും ഇത്തരം അന്വേഷണ പ്രഹസനങ്ങൾക്കുമപ്പുറം തെരുവുനായ ശല്യത്തിൽനിന്ന് ഈ സംസ്ഥാനത്തെ രക്ഷിക്കാൻ എന്തെങ്കിലുമൊരു നടപടിയുണ്ടാകുമോ എന്നാണ് അറിയേണ്ടത്.
വന്ധ്യംകരണമാണ് പരിഹാരമെന്ന നുണയിൽ ചുട്ടെടുത്ത എബിസി (ആനിമൽ ബർത് കൺട്രോൾ) നിയമത്തിലൂടെ സർക്കാരുകൾ പാഴാക്കിയതു കാൽ നൂറ്റാണ്ടാണ്. ഈ നിയമമാണ് തെരുവുനായ ആക്രമണം പ്രതിരോധിക്കാനുള്ള ഏറ്റവും വലിയ തടസം. ഓരോ മരണവും സംഭവിക്കുന്പോൾ നിയമത്തിന്റെ ചുവടുപിടിച്ച് കുറെ ഔദ്യോഗിക പ്രസ്താവനകളിറക്കും.
ഒന്നും സംഭവിക്കില്ല. 2001ൽ എബിസി നിയമം പ്രാബല്യത്തിൽ വന്നെങ്കിലും, നായ്ക്കൾക്ക് അഴിഞ്ഞാടാൻ അവസരവും മൃഗസ്നേഹികളുടെ അപ്രായോഗിക വായാടിത്തങ്ങൾക്കു നിയമപ്രാബല്യവും ലഭിച്ചതും കോടികൾ മുടിപ്പിച്ചതുമൊഴിച്ചാൽ നാടിനൊരു ഗുണവുമുണ്ടായിട്ടില്ല. തെരുവുനായകളെ സംരക്ഷിക്കാൻ താത്പര്യമുള്ള വ്യക്തികള്‍ക്ക് അതിനുള്ള ലൈസന്‍സ് അനുവദിക്കാൻ 2024 മാർച്ചിൽ ഹൈക്കോടതി സർക്കാരിനോടു നിർദേശിച്ചിരുന്നു.
തെരുവുനായകൾക്കെതിരേ എന്തെങ്കിലും നടപടി എടുത്താൽ നായപ്രേമികൾ രംഗത്തുവരുമെന്നും തെരുവുനായകളേക്കാൾ മനുഷ്യർക്ക് പരിഗണന നൽകണമെന്നാണ് തന്റെ അഭിപ്രായമെന്നും ജഡ്ജി പറയുകയും ചെയ്തു. ഫലമൊന്നുമുണ്ടായില്ല. 1960ലെ, മൃഗങ്ങൾക്കെതിരായ ക്രൂരത തടയൽ നിയമത്തിന്റെ സെക്ഷൻ 38ലെ ഉപവകുപ്പ് (1) ഉം (2) ഉം നൽകുന്ന അധികാരങ്ങൾ വിനിയോഗിച്ചാണ് എബിസി നടപ്പാക്കിയത്.
കേരളത്തിലുൾപ്പെടെ ഒരൊറ്റ സംസ്ഥാനത്തുപോലും തെരുവുനായശല്യം കുറഞ്ഞില്ലെന്നു മാത്രമല്ല, നായ്ക്കളുടെ കടിയേൽക്കുന്ന മനുഷ്യരുടെ എണ്ണം വർധിക്കുകയും ചെയ്തു. ഫലത്തിൽ, മൃഗങ്ങളോടുള്ള ക്രൂരത തടയാനുള്ള നിയമം മനുഷ്യരോടുള്ള ക്രൂരതയായി മാറി. പേവിഷബാധയേറ്റു ലോകത്താകെ ഏകദേശം 60,000 പേർ വർഷം തോറും മരിക്കുന്പോൾ അതിൽ 20,000 ഇന്ത്യയില്‍. ആഗോള പേവിഷമരണങ്ങളുടെ 36 ശതമാനം.
യഥാസമയം വാക്സിനെടുത്താലും മരിക്കാൻ സാധ്യതയുണ്ടെന്നറിഞ്ഞിട്ടും കാഴ്ചക്കാരായി നിൽക്കുകയാണ് സർക്കാർ. പെറ്റുപെരുകി നാട്ടിലിറങ്ങുന്ന വന്യജീവികളെയും അക്രമികളായ തെരുവുനായകളെയും കൊന്നുനിയന്ത്രിക്കണമെന്ന പ്രായോഗികവാദത്തിനു പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. പല ലോകരാജ്യങ്ങളും നടപ്പാക്കുകയും ചെയ്തു. അമേരിക്കയില്‍ വർഷത്തിൽ ഏകദേശം 27 ലക്ഷം നായ്ക്കളെയും പൂച്ചകളെയും ദയാവധം നടത്തുന്നുണ്ട്.
പേവിഷബാധ മുക്തമായ ജപ്പാനിൽ പ്രാദേശിക മൃഗസംരക്ഷണ കേന്ദ്രങ്ങളിലും മൃഗസംരക്ഷണ ഷെല്‍ട്ടറുകളിലുമായി ഏകദേശം 50,000 നായ്ക്കളെയും പൂച്ചകളെയും കൊല്ലുന്നുണ്ട്. ഇവിടെ ‘അയ്യോ ക്രൂരത’ എന്നു വിലപിക്കുന്നവർക്ക്, കൊല്ലപ്പെടുകയും ജീവച്ഛവമായി മാറുകയും ചെയ്യുന്ന പതിനായിരക്കണക്കിനു മനുഷ്യരെയും അവരുടെ കുടുംബങ്ങളെയും നിർവികാരതയോടെ അവഗണിക്കാനുമറിയാം.
വാഹനാപകടങ്ങളും കടിയേൽക്കുന്ന വളർത്തുമൃഗങ്ങളും വേറെ. എന്തൊരു കാപട്യമാണിത്! നമ്മുടെ നിയമങ്ങൾ എന്നാണ് ജനോപകാരപ്രദമാകുന്നത്? 2023ലെ കണക്കനുസരിച്ച് നായ്ക്കളിൽനിന്നുള്ള പേവിഷബാധയിലൂടെ ഉണ്ടാകുന്ന ആഗോള സാന്പത്തിക ബാധ്യത 73,000 കോടിയിൽപരം രൂപയുടേതാണ്. 2022ലെ കണക്കനുസരിച്ച് 10,000 കോടി രൂപയുടെ വാക്സിനാണ് വിറ്റഴിഞ്ഞത്.
ഓരോ വർഷവും കുതിച്ചുയരുന്ന കച്ചവടമാണിത്. നായ്ക്കളുടെ കടിയേറ്റ് കഴിഞ്ഞ വർഷം 3.16 ലക്ഷം പേർ കേരളത്തിൽ ചികിത്സ തേടി. ഗുരുതരമായി കടിയേറ്റവർക്ക് നൽകുന്ന ഇമ്യൂണോ ഗ്ലോബുലിന്‍ 3400 മുതൽ 6000 രൂപവരെ വിലയുണ്ട്. തെരുവുനായ്ക്കളില്ലെങ്കിൽ ഇതൊന്നും ആവശ്യമില്ല. ജനങ്ങളോടു കൂറും ഇച്ഛാശക്തിയുമുള്ള ഒരു സർക്കാർ നിലവിൽ വരുന്ന അന്നു തീരും എബിസിയും വനം-വന്യജീവി സംരക്ഷണവുംപോലുള്ള മനുഷ്യവിരുദ്ധ നിയമങ്ങൾ.
മലപ്പുറത്തെ കുഞ്ഞിനു വാക്സിൻ ഫലിക്കാതെ പോയതും മരണകാരണവുമൊക്കെ ഏതെങ്കിലും ഡോക്ടർ പറഞ്ഞാൽ മതി. പക്ഷേ, കെടുകാര്യസ്ഥതയുടെ ബലിക്കല്ലിൽ എബിസി മന്ത്രങ്ങളുരുവിട്ട് ഇനിയെത്ര മനുഷ്യരെ കിടത്തുമെന്നു സർക്കാരുകൾ പറയണം.